പരിവർത്തനം - ധർമ്മോപദേശ കഥ

(പരിവർത്തനം - വി.വി. എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പരിവർത്തനം - ധർമ്മോപദേശ കഥ

രചന:വി.വി. അബ്ദുല്ല സാഹിബ്
വി.വി. അബ്ദുല്ല സാഹിബിന്റെ പരിവർത്തനം എന്ന ഗ്രന്ഥം

അവതാരിക  തിരുത്തുക

അല്ലാഹുവിന്‌ ഇബാദത്ത്‌ ചെയ്യുവാനല്ലാതെ മനുഷ്യനെ സൃഷ്ടിച്ചിട്ടില്ലെന്നാണ്‌ ഖുർആൻ പറയുന്നത്‌. ഇതെങ്ങിനെ കഴിയും; ഒരു മനുഷ്യന്റെ ജനനം മുതൽ മരണം വരെയും പുലർക്കാലം മുതൽ പാതിരാവിൽ ഉറങ്ങുന്നത്‌ വരെയും-(അല്ല ഉറങ്ങുന്നത്‌ പോലും)- സോദ്ദേശത്തോടെ ചെയ്യുന്ന സകല പ്രവൃത്തികളും ഇബാദത്തായിരിക്കുമെന്ന്‌ ചുരുക്കം.

ഇസ്ലാം സുന്ദരമാണ്‌. ഇസ്ലാമിക ജീവിതം ലളിതമാണ്‌; ആരാധനകൾ സമയബന്ധിതമാണ്‌; അടുക്കും ചിട്ടയുമുളളതാണ്‌. ഖുർആൻ നിർദ്ദേശിച്ചതുപോലെയും, നബി (സ) തങ്ങൾ അനുവർത്തിക്കുകയും കാണിച്ചു തരികയും ചെയ്തതുപോലെയുംതന്നെയാണ്‌, എല്ലാ മുസ്ലീംകളും അത്‌ ചെയ്യേണ്ടത്‌. അല്ലാത്തവ ഒരു തരത്തിലും ഇബാദത്തായി അല്ലാഹു പരിഗണിക്കുകയില്ല. പ്രവാചകന്റെ വിയോഗ ശേഷം ഇസ്‌ലാമിന്റെ ചൈതന്യം ചോർത്തിക്കളയാൻ ഏതോ തരത്തിൽ ചരടുവലികൾ നടന്നിട്ടുണ്ട്‌. കാലക്രമത്തിൽ ബിദ്‌അത്തുകളും അന്ധവിശ്വാസങ്ങളും സമൂഹത്തിൽ പടരുകയും നിലനിൽക്കുകയും ചെയ്തുപോന്നു. തദ്വാര ഇസ്ലാമിന്റെ ചൈതന്യമുഖം കരുവാളിച്ച്‌ വികൃതമാവുകയും ചെയ്യുന്നു. അറിഞ്ഞും, അറിയാതെയും ചില “പണ്ഡിതന്മാർ” തങ്ങളുടെ കാര്യലാഭത്തിനും ഉദര പൂരണത്തിനുമായി ബിദ്‌അത്തുകളുടെ വിത്തുകൾ പാകി വെളളവും വളവും നൽകി വളർത്തിയപ്പോൾ പാമരന്മാരായ സാമാന്യജനം അതിൽ അഭയം പ്രാപിക്കുകയും ചെയ്തുപോന്നു. അല്ലാഹു സുബ്ഹാനഹു വതആല ഒരിക്കലും പൊറുക്കാത്തതും, ഇസ്ലാം അംഗീകരിക്കാത്തതുമായ ഏതൊക്കെയോ കാട്ടിക്കൂട്ടലുകൾ ഇബാദത്തുകളാണെന്ന വ്യാജേന ചെയ്യുന്നത് മൂലം മോക്ഷ പ്രാപ്തിക്ക്‌ പകരം പാപപങ്കിലമായി ജീവിക്കേണ്ടിവരികയും അവസാനം അല്ലാഹുവിങ്കൽ കടുത്ത ശിക്ഷകൾക്ക്‌ വിധേയമാവുകയും ചെയ്യേണ്ടിവരുന്നു.

ഇങ്ങനെയുളള ഒരു സാമൂഹ്യാന്തരീക്ഷത്തിൽ മനസ്സ്‌ നീറിക്കഴിയുന്ന, ഇസ്ലാമിക ബോധമുളള ബുർഹാൻ കുട്ടി മാസ്റ്ററുടെ മനോവൃഥയും, സ്ഥലം പള്ളി ഇമാമായ ഹഖുദ്ധീൻ മൗലവിയുടെയും മഹല്ല്‌ (പസിഡണ്ട്‌ ഹുസ്‌നുദ്ദിൻ സാഹിബിന്റെയും ആശീർവാദത്തോടെ മഹല്ലിലെ സാധാരണക്കാർ തങ്ങളുടെ അന്ധവിശ്വാസങ്ങളും, അനാചാരങ്ങളും സമൂഹത്തിൽ വേരുറപ്പിക്കുവാൻ ചെയ്തുകൂട്ടുന്ന തന്ത്രങ്ങളും അടവുകളും ഗ്രന്ഥകാരൻ പച്ചയായി തുറന്നു കാട്ടുന്നുണ്ട്‌.

മഹല്ല്ഖത്തീബും, ,(പസിഡണ്ടും, കമ്മറ്റി മെമ്പർന്മാരും കൂടിച്ചേർന്ന്‌ ഒരുക്കിയ കെണിയിൽ നിന്ന്‌ ബുർഹാൻകുട്ടി മാസ്റ്റർ അനായാസം രക്ഷപ്പെടുകയും അദ്ദേഹത്തിന്റെ കൂർത്ത മൂർച്ചയുളള ചോദ്യങ്ങൾക്കു മുമ്പിൽ അവർ ചൂളിപ്പോകുന്നതും, ഇക്കാലമത്രയും അവർ ചെയ്തുകൂട്ടിയ അനാവശ്യ ആചാരങ്ങൾ പുറത്തായതിലുളള ജാള്യത മറക്കാൻ പാടുപെടുകയും ചെയ്യുന്നതും, അവസാനം ബുർഹാൻകുട്ടി മാസ്റ്ററുടെ അഭിപ്രായങ്ങളാണ്‌ യഥാർത്ഥത്തിൽ ഖുർആനും സുന്നത്തിനും യോജിച്ചതെന്ന്‌ ഐക്യകണ്ഠേന അംഗീകരിക്കുകയും ചെയ്യുന്ന രസകരമായ സംഭവങ്ങൾ ഗ്രന്ഥകാരൻ വി.വി. അബ്ദുളള സാഹിബ്‌, അദ്ദേഹത്തിന്റെ വശ്യമായ ശൈലിയിൽ ഭംഗിയായി അവതരിപ്പിക്കുന്നുണ്ട്‌.

ഇസ്‌ലാമിൽ കടത്തിക്കൂട്ടിയിട്ടുളള വൈകൃതാചാരങ്ങളും, അന്ധവിശ്വാസങ്ങളും തിരിച്ചറിയുന്നതിനും തുറന്ന മനസ്സുകൾക്ക്‌ നേരായ- ശരിയായ- മാർഗ്ഗം കണ്ടെത്തുന്നതിനും ഈ കൊച്ചുകൃതി സഹായിക്കുമെന്ന കാര്യത്തിൽ സംശയമില്ല. ഇതിന്റെ രചയിതാവിനും, ഇത്‌ പ്രസിദ്ധീകരിക്കാൻ സാമ്പത്തികമായി സഹായിച്ച സന്മനസ്സുകൾക്കും അല്ലാഹു അർഹമായ പ്രതിഫലം നൽകുമാറാകട്ടെ. '

കെ.കെ. ജമാലുദ്ദീൻ

കൊടുങ്ങല്ലൂർ

പരിവർത്തനം തിരുത്തുക

മതിപേരാപുരം മഹല്ലിലാണ്‌ സംഭവം അരങ്ങേറുന്നത്‌. അവിടത്തെ ജനങ്ങൾ സാംസ്കാരികമായി മെച്ചപ്പെട്ടെങ്കിലും വിദ്യാഭ്യാസപരമായി വലിയ പുരോഗമനം സിദ്ധിച്ചവരല്ല.

അടുത്തകാലത്തായി ആ മഹല്ലിൽ ചാർജെജടുത്ത ഖത്വീബ്‌ മദ്ധ്യവയസ്കനാണെങ്കിലും യുവത്വത്തിന്റെ പ്രസരിപ്പ്‌ മുഴുവൻ നഷ്ടപ്പെടാത്ത നിലയിലായിരുന്നു. വാഗ്മിയാണ്‌. സംസാരത്തിൽ വീര്യവും ശൗര്യവും എരിവും കാരവും വേണ്ട അളവിൽ ചേരുന്നതുകൊണ്ട്‌ പുതിയ ഇമാമിൽ ജനങ്ങൾക്ക്‌ വലിയ സംതൃപ്തിയാണ്‌. അതിനാൽ ഒരേകാധിപതിയെപ്പോലെ എന്തും കല്പിക്കും; ഏത്‌ കല്പനയും ജനം ശിരസാവഹിക്കുകയും ചെയ്യും.

പുതിയ ഇമാമിന്റെ മേൽനോട്ടത്തിൽ നടന്ന “ആണ്ടുകൾ” സാധരാണത്തേക്കാൾ കൂടുതൽ വിജയകരമായിരുന്നു. ദിഖ്‌റ്‌, ഹദ്ദാദ്‌, യാഖുത്ബ, ബദർ എല്ലാം ഇക്കൊല്ലം ഗംഭീരമായിരുന്നു. ആബാലവൃദ്ധം മഹല്ല്‌ നിവാസികൾക്കും ഖത്തീബ്‌ പ്രിയങ്കരനായിരുന്നു എന്ന്‌ പറയാം.

ഒരിക്കൽ ചിലർക്ക്‌ ഒരു മിന്നൽപിണർപ്പ്‌ അനുഭവപ്പെട്ടു. ഒരു പുതിയ പ്ലാൻ മനസ്സിലുദിച്ചു. ബുർഹാൻ കുട്ടി മാസ്റ്ററെ ഒന്നിരുത്തണമെന്നതാണ്‌ അവരുടെ പ്ലാൻ. എന്നുവച്ചാൽ മാസ്റ്ററെ വാഗ്വാദത്തിൽ ഒന്ന്‌ തോൽപ്പിക്കണം. വാഗ്മിയും യുക്തിമാനുമായ പുതിയ ഖത്തീബിനെ ഒന്ന്‌ മാസ്റ്ററു മായി നേരിട്ട്‌ ഏറ്റുമുട്ടിച്ചാൽ മതവിഷയത്തിൽ ഏതായാലും ഖത്തീബ്‌ തോൽക്കാൻ ഇടയില്ലാത്ത സാഹചര്യത്തിൽ മാസ്റ്ററുടെ പതനം തീർച്ച, ഈ ആശയം ഒരു പള്ളിക്കമ്മിറ്റി മെമ്പറുടെ പരാജിത ഹൃദയത്തിലാണ്‌ ആദ്യം കാണുന്നത്‌. പ്രസിഡണ്ടിനോട്‌ ഈ ആശയം പ്രകടിപ്പിച്ചപ്പോൾ അദ്ദേഹം അങ്ങേയറ്റം ആനന്ദപുളകിതനായിത്തീർന്നു. ആശയം പരസ്യമായപ്പോൾ എല്ലാവർക്കും അക്കാര്യത്തിൽ താത്പര്യമുള്ളതായി തീർന്നിട്ടുണ്ട്‌. കാരണം എല്ലാവരുടേയും കണ്ണിൽ കരടാണ്‌ ബുർഹാൻകുട്ടി മാസ്റ്റർ. ഒഴുക്കിനെതിരെ നീന്തുന്ന സാഹസികൻ.

അറബി ഭാഷയിൽ ആവശ്യമായ അളവിൽ പരിജ്ഞാനമുണ്ട്‌. ഖുർആൻ, ഹദീസ്‌, ആവശ്യത്തിന്‌ അദ്ദേഹം ഉദ്ധരിക്കുകയും ചെയ്യും. അറബി ഗ്രന്ഥങ്ങൾ കർമ്മശാസ്ത്രപരമായും തസവ്വുഫും വ്യാകരണവും അങ്ങിനെ ചിലതൊക്കെ പൂർവ്വിക പൈതൃകമായി കൈവശമുണ്ട്‌. അതെല്ലാം ഉപയോഗിക്കുകയും ചെയ്യും. കാഴ്ചപ്പണ്ടമല്ല. മാസ്റ്ററുടെ ചെറുപ്രായത്തിലെ തുടങ്ങി ഒരു മതപണ്ഡിതന്റെ ഉപയോഗം നടന്നിരുന്നു. പള്ളിയിൽ മുസ്ല്യാക്കൾ ഇല്ലാത്ത അവസരത്തിൽ ഏറ്റക്കുറവ്‌ നികത്തിയിരുന്നത്‌ മാസ്റ്റർ തന്നെയായിരുന്നു. കാലക്രമത്തിൽ ചില നിറമാറ്റം സംഭവിച്ച ആളാണ്‌ ബുർഹാൻകുട്ടി മാസ്റ്റർ. അടുത്തൂൺ പറ്റിയ അദ്ധ്യാപകനാണ്‌ അദ്ദേഹം. ഉൽപതിഷ്ണുവാണ്‌. അറിവിനെ ലയിപ്പിച്ച്‌ രക്തത്തിൽ കലർത്തും. ചിന്തകനാണ്‌. ഭക്തനും മതാചാരങ്ങളിൽ നിഷ്ടയുളളവനുമാണ്‌..യാഥാസ്ഥികത്വം അങ്ങേയറ്റം വെറുക്കുന്നു. മതവിദ്യാഭ്യാസം ചെറുപ്പകാലത്ത്‌ ദർസിൽ ഓതികിട്ടിയതു തന്നെ. പിന്നെ സ്വയം വായനകൊണ്ട്‌ വേണ്ടതൊക്കെ ഒരളവിൽ മനസ്സിലാക്കിയിട്ടുണ്ട്‌. നാട്ടുകാർ മാസ്റ്ററുടെ മുമ്പിൽ തോറ്റിരിക്കുകയാണ്‌. മാസ്റ്ററുടെ ചിന്താഗതി ഒന്നു വേറെതന്നെയാണ്‌. അതിനോട്‌ യോജിക്കാൻ നാട്ടുകാർ സന്നദ്ധരല്ല. നാട്ടുകാരുടെ പോക്ക്‌ മാസ്റ്റർ അനുകൂലിക്കുകയുമില്ല. പക്ഷെ മാസ്റ്റർ ശ്രദ്ധാപൂർവ്വം ഒന്നു ചെയ്യും; ഒന്നിനെയും നിന്ദിക്കാറില്ല. തന്റെ പ്രതിഷേധക്കുറിപ്പ്‌ പരസ്യമായി ഏവരുടെയും മുമ്പിൽ വെക്കും. അനാവശ്യത്തോട്‌ നിസ്സഹകരിക്കും അത്രമാത്രം.

മഹല്ല്പ്രസിഡണ്ട്‌ തോട്ടമതിലിൽ ഹുസ്‌നുദ്ദീനും കമ്മറ്റിയംഗങ്ങളും മാസ്റ്ററുമായി പലപ്പോഴും ഏറ്റുമുട്ടി നിരാശപ്പെട്ടുകഴിയുകയാണ്‌. സാമൂഹ്യ തലത്തിൽ മാസ്റ്റർ എല്ലാവരുമായി ഇഴുകിച്ചേർന്നിട്ടുണ്ടെങ്കിലും മഹല്ലിലെ സമൂഹ്യനാചാരങ്ങളിൽ പങ്കുചേരാത്തതിൽ ഏവർക്കും അമർഷമുണ്ട്‌. മതപരമായി മാസ്റ്ററെ തോൽപ്പിക്കാനുള്ള മതവിജ്ഞാനം അവർക്കില്ല. ലൗകീകമായ വാദവിവാദങ്ങളിലും മാസ്റ്ററെക്കാൾ മെച്ചക്കാരല്ല അവർ.

മാസ്റ്ററുടെ ന്യായത്തെ തോൽപ്പിക്കാൻ അവരുടെ കയ്യിൽ കോപ്പില്ല എന്നാൽ അത്‌ സമ്മതിച്ചു കൊടുക്കാൻ വൈകാരികമായി അവർക്ക്‌ കഴിയുന്നുമില്ല. പ്രസിഡൻറ്‌ ഹുസ്‌നുദ്ദീനും കൂട്ടുകാരും പലപ്പോഴും ബുർഹാൻകുട്ടിമാസ്റ്റുടെ മുമ്പിൽ ഉത്തരം മുട്ടി നിന്നിട്ടുണ്ട്‌. നിത്യേന നടക്കുന്ന ഹദ്ദാദിലും ആഴ്ചതോറും നടക്കുന്ന ദിക്റിലും മാസംതോറും നടക്കുന്ന യാഖുത്ബയിലും ഇവയുടെ ആണ്ടുകളിലും ബദർആണ്ടിലും റബീഉൽഅവ്വൽ മൗലീദിലും മാസ്റ്റർ പങ്കുചേരുകയില്ല. വീട്ടുകാർ സംഭാവന ചെയ്യുന്നതിനെ മുടക്കാറുമില്ല. ഇതാണ്‌ ബുർഹാൻകുട്ടിമാസ്റ്റർ.

മാസ്റ്ററും മഹല്ല് ഭരണാധികാരികളും തമ്മിൽ പലപ്പോഴും വാഗ്വാദങ്ങളുണ്ടായിട്ടുണ്ട്‌. അവരുടെ വക്താവായ “തോട്ടമതിൽ” ന്യായവും യുക്തിയും കാണാതെ പരക്കം പാഞ്ഞിട്ടുണ്ട്. മാസ്റ്റർ ചോദിക്കും: ഹദ്ദാദിന്‌ ഇസ്‌ലാമിക ശരീഅത്തിലോ അമലീയ്യാത്തിലോ ഉളള സ്ഥാനമെന്താണ്‌? പല മഹാൻന്മാരും പല ശൈഖുമാരും,ഖോജാക്കളും, സൂഫികളും പലതും ചൊല്ലി നടന്നിട്ടുണ്ട്. പല ദിനചർച്ചകളും അവർ സ്വീകരിച്ചിട്ടുണ്ട്‌. വ്രതാനുഷ്ഠാനം, തസ്‌ബീഹ്‌, ദുആകൾ, സുന്നത്ത്‌ നമസ്‌കാരം, സ്വലാത്ത്‌, ഔറാദ്‌, എന്നിങ്ങനെ പല യോഗിവര്യൻന്മാരും പല അനുഷ്ഠാനമുറകളും സ്വീകരിച്ചിട്ടുണ്ട്‌. മുസ്ലീം പൊതു ജനങ്ങളുടെ ദൈനംദിന ജീവിതത്തിൽ അവയ്ക്ക്‌ വല്ല സ്ഥാനവുമുണ്ടോ? അതു കണ്ട്‌ നാം അവരുടെ പിന്നാലെ പോകേണ്ടതുണ്ടോ? അവർ നമുക്ക്‌ മാതൃകയാണോ;? അവർ ചെയ്യുന്നത്‌ അനുകരിക്കണമെന്ന്‌ നമുക്ക്‌ വല്ല നിർദ്ദേശവുമുണ്ടോ? ഖുർആനും സുന്നത്തുമാണ്‌ നമ്മുടെ ഭരണഘടന. റസൂലുളളയാണ്‌ നമുക്ക്‌ മാതൃക. നാലു ഖലീഫമാരുടെ പ്രവർത്തനങ്ങളും നമുക്ക്‌ സ്വീകരിച്ച്‌ ആചരിക്കാം. അതിനുശേഷം ആരായാലും; എത്ര വലിയ ആളായാലും നമ്മുടെ ഇസ്ലാമികജീവിതത്തിൽ കടന്നുകൂടാൻ അവരെ അനുവദിക്കരുത്‌. അവർ ഖുർആനും സുന്നത്തുമനുസരിച്ച്‌, തൗഹീദിന്റെ അടിത്തറയിൽ, ഭയഭക്തിയോടെ അല്ലാഹുവിനെ ആരാധിക്കുകയും അല്ലാഹുവിന്റെയും റസൂലിന്റെയും കൽപ്പനകൾ യഥായോഗ്യം ജീവിതത്തിൽ പാലിക്കുകയും ചെയ്തതിന്റെ പേരിൽ അവർ ആദ്ധ്യാത്മികമായി ഉയർന്നിട്ടുണ്ടാകാം. അല്ലാഹുവും അവരുമായുള്ള രഹസ്യമാണത്‌. നമ്മളും യഥാർത്ഥ മുസ്‌ലിംകളായി ജീവിച്ച്‌ മുഅ്മിനായി വളർന്ന്‌ അല്ലാഹുവിന്റെ തൃപ്തി സമ്പാദിക്കണം. അല്ലാതെ അവരുടെ ബൈത്തും, ദുആയും ഉരുവിട്ടതുകൊണ്ട്‌ കാര്യമില്ല. എത്രയോ ശൈഖന്മാരുണ്ട്‌. എന്തൊക്കെയോ അവർ ചെയ്തിട്ടുണ്ട്‌. അതൊക്കെ അതുപേലെചെയ്യാൻ നാം ബാദ്ധ്യസ്ഥരാണോ? അല്ലേ യല്ല. സംഗതി അങ്ങിനെയായിരിക്കെ ഈ ഹദ്ദാദ്‌ ശൈഖിനെ മാത്രം കൂട്ടത്തിൽനിന്ന്‌ ഒറ്റപ്പെടുത്തി, അദ്ദേഹത്തിന്റെ റാത്തീബ്‌ മാത്രം എല്ലാവരും ഒന്നിച്ചിരുന്ന്‌ ചൊല്ലുന്നതിന്റെ യുക്തിയും ഇസ്ലാമിക പ്രാധാന്യവും എന്താണ്‌ എന്നൊന്ന്‌ പറഞ്ഞുതന്നാൽ കൊളളാം. ഇതാണ്‌ മാസ്റ്ററുടെ വെല്ലുവിളി.

ഹുസ്‌നുദ്ദീൻ പല ന്യായങ്ങളും പറഞ്ഞ്‌ മാസ്റ്റർക്ക്‌ മറുപടി കൊടുത്തു എന്ന്‌ വരുത്തിക്കൂട്ടാൻ (ശമിക്കുമായിരുന്നു. ഹദ്ദാദ്‌ റാത്തീബിലുളളതൊക്കെ നല്ല കാര്യങ്ങളല്ലേ; ദിക്റും, സ്വലാത്തും, തസ്ബീഹും - നല്ലതല്ലേ? ഇങ്ങനെ റാത്തീബിന്റെ ഉള്ളടക്കത്തിന്റെ പോരിശയെടുത്തു കാണിക്കുന്നതിൽ കവിഞ്ഞു ഒന്നും തന്നെ പറയാൻ അദ്ദേഹത്തിന്റെ ബുദ്ധിലായത്തിലില്ലായിരുന്നു.

ഇത്തരം മഹത്വങ്ങൾ കേൾക്കുമ്പോൾ മാസ്റ്റർക്ക്‌ ഹാലിളകും, അദ്ദേഹം പറയും: ഞാൻ ദിക്റ്‌, സ്വലാത്ത്‌ തസ്ബീഹുകളെ ആദരിക്കുന്ന ഒരാളാണ്‌. നാമത്‌ നിത്യജീവിതത്തിൽ സൗകര്യം പോലെ ഒഴിവുനേരത്ത്‌ ഉരുവിടേണ്ടതുമാണ്‌. അവയുടെ മഹത്വം എന്നെ പറഞ്ഞു പഠിപ്പി ക്കേണ്ടതില്ല. നമ്മുടെ വിഷയം ഹദ്ദാദ്‌ റാത്തീബാണ്‌. ഹദ്ദാദ്‌ ശൈഖും, റാത്തീബും, നമുക്കുമായുളള ബന്ധമാണ്‌ വിഷയം.ലക്ഷത്തി ഇരുപത്തിനാലായിരം അമ്പിയാ മുർസലുകളുണ്ട്‌. നമ്മൾ പറയാറില്ലേ, അല്ലെങ്കിൽ കേൾക്കാറില്ലേ? ഔലിയാ ഇലാഹിന്ത അലാമിൻ മശാരിഖിൻ അർളി ഇലാമഗാരിബിഹാ.” ഭൂമിയുടെ കിഴക്കുകൾ മുതൽ അതിന്റെ പടിഞ്ഞാറുകൾ വരെയുളള ഔലിയാക്കൾ-എന്നെല്ലാം അവർക്കിടയിൽ നിന്നാണ്‌ ഈ ഒരാളെ പിടികൂടിയിരിക്കുന്നത്‌. മുഹമ്മദിബ്നു അലീബാ അലവി എന്നിവരും അബ്ദുല്ലാഹിബ്നുആലവിൽ ഹദ്ദാദ്‌ എന്നിവരും മുസ്ലീം ബഹുജനങ്ങളുമായി പ്രത്യേകമായി ബന്ധപ്പെട്ടിരിക്കുന്നത്‌ എങ്ങിനെയെന്ന്‌ നിങ്ങൾ വിശദമാക്കണം, റാത്തീബിൽ അവരുടെ പൂർവ്വികർക്കും പിൻതലമുറകൾക്കും പ്രത്യേകമായി പ്രാർത്ഥിക്കുന്നുമുണ്ട്‌. ഈ രണ്ടു മഹാന്മാരും പൊതു മുസ്ലീകളുടെ ഉസ്താദന്മാരാണോ? അല്ലെങ്കിൽ അവരുടെ ത്വരീഖത്തിൽ ബഹുജനങ്ങൾ അംഗങ്ങളാണോ? അല്ലെങ്കിൽ അവരിൽ നിന്ന്‌ പൊതുജനങ്ങൾ വല്ല ഇജാസത്തും എടുത്ത കാരണത്താൽ ഇവർ രണ്ടുപേരും അവരുടെ ശൈഖന്മാരാണോ; ഏതുനിലക്കാണ്‌ ഈ റാത്തീബിനെ പരിഗണിക്കേണ്ടത്‌? എന്തിനാണ്‌ ഈ നാട്ടിലെ മുസ്ലീം ബഹുജനങ്ങളെ വിളിച്ചുകൂട്ടി വലിയ ആരാധന എന്ന നിലക്ക്‌ ഈ റാത്തീബ്‌ എല്ലാവരും കൂടി ചൊല്ലുന്നത്‌? “എട്ടും പൊട്ടും” തിരിയാത്ത ബഹുജനങ്ങൾ മുസ്ല്യാരുടെ നിർദ്ദേശത്തിന്‌ വഴങ്ങി, വളഞ്ഞിരുന്ന്‌ ഇതൊക്കെ ചൊല്ലും. അവർക്കറിയുമോ ഇതെന്താണ്‌, ഇതെന്തിനാണ്‌ എന്നൊക്കെ; പരലോകത്തിൽ പുണ്യംകിട്ടുന്ന ഒരു “വിശിഷ്ട ഇബാദത്ത്‌" എന്ന വിശ്വാസത്തിലാണ്‌ ബഹുജനങ്ങൾ ഇതിൽ ഓടിക്കൂടുന്നത്‌. അതിൽ കവിഞ്ഞൊരു ധാരണയും ഇക്കാരൃത്തിലില്ല. ഖത്വീബും, പ്രസിഡണ്ടും, കമ്മറ്റിയുമാണ്‌ ഇതിന്റെ സംഘാടകർ. നിങ്ങളാണ്‌ ഇതിനെക്കുറിച്ച്‌ ബോധവാന്മാരാകേണ്ടവരും, മേൽ സംശയങ്ങൾക്ക്‌ മറുപടിതരേണ്ടതും. ഇസ്‌ലാമിക ജീവിതത്തിൽ കർമ്മരംഗത്തെ ഒരു പ്രധാന ഉപാധിയാണ്‌ “നിയ്യത്ത്‌" -താനെന്ത്‌ ചെയ്യുന്നു എന്ന ബോധം. ഖുർആന്റെ നിർദ്ദേശമെന്താണ്‌? “ലാതഖും മാ ലൈസ ലക്ക ബിഹീ ഇൽമുൻ”-നിനക്ക്‌ അറിയാത്ത ഒരുകാര്യം നീ ചെയ്യരുത്‌. നാം എന്ത്‌ ചെയ്യുമ്പോഴും എന്താണ്‌ ചെയ്യുന്നതെന്നും എന്തിനാണ്‌ ചെയ്യുന്നതെന്നും മറ്റും സമഗ്രമായി മനസ്സിലാക്കി ഇത്‌ അല്ലാഹുവിന്റെ കൽപ്പനപ്രകാരമുളളതാണോ അവന്റെ പൊരുത്തം ഇതിലുണ്ടോ എന്നും ഈ കൽപ്പന സ്വാലിഹായഅമലായി അംഗീകരിക്കപ്പെടാവുന്നതാണോ എന്നും ഉത്തമബോദ്ധ്യം വന്നിട്ടുണ്ടായിരിക്കണം. സത്കർമമാണ്‌ ചെയ്യുന്നതെന്ന ബോധ്യം ഉണ്ടായിരിക്കണം എന്നർത്ഥം. ഒരാളെന്തെങ്കിലും ചെയ്യുന്നതു കണ്ടു അതുപോലെ നമ്മളും ചെയ്താൽ അതു ശരിയാവുകയില്ല. അപ്രകാരം ഒരാളെന്തെങ്കിലും പറയുമ്പോഴേക്കും വിഷയം പഠിക്കാതെ ആ നടപടിയെ അംഗീകരിച്ചു പ്രവർത്തിക്കയുമരുത്‌. അതിന്റെ ആവശ്യകതയെക്കുറിച്ച്‌ നമുക്ക്‌ ബോധ്യമാകൽ അത്യന്താപേക്ഷിതമാണ്‌. ർആൻ പറയുന്നത്‌ നോക്കൂ. “വല്ലദീന ഇദാ ദുക്കിറൂ ബിആയാത്തി റബ്ബിഹിം ലംയകിർറൂ അലൈഹാ സുമ്മൻ വഉംയാനാ”- തങ്ങളുടെ രക്ഷിതാവിന്റെ ദൃഷ്ടാന്തങ്ങൾ അവരെ ഓർമ്മപ്പെടുത്തുമ്പോൾ ബധിരന്മാരും അന്ധന്മാരുമായി അവരുടെമേൽ ചെന്നു വീഴുന്നവരും- എന്ന വർണ്ണനയിൽ അടങ്ങിയ തത്വം എന്താണ്‌? ഇസ്‌ലാമികമായ എല്ലാ കാര്യങ്ങളും കാര്യകാരണസഹിതം ആലോചിച്ചു വിശ്വസിച്ചു ഉറപ്പിച്ചു അവയെകൊണ്ടുളള നേട്ടങ്ങളും കോട്ടങ്ങളും മനസ്സിലാക്കിവേണം അനുഷ്ഠാനത്തിൽ കൊണ്ടുവരാൻ. അല്ലാതെ ചെകിടനായും കുരുടനായും കേൾക്കുന്നതെല്ലാം അപ്പടിയേ എടുത്ത്‌ വിഴുങ്ങരുത്‌ എന്നാണ്‌ ഖുർആൻ ഉപദേശിക്കുന്നത്‌. ഇതിന്റെ വെളിച്ചത്തിൽ ഹദ്ദാദിന്‌ ഇസ്‌ലാം ശരീഅത്തിലുള്ള സ്ഥാനം എന്തെന്ന്‌ നിങ്ങൾ വ്യക്തമാക്കിത്തരണം.

ഹദ്ദാദ്‌ റാത്തീബ്‌ മാത്രമല്ല എല്ലാ റാത്തീബുകളെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്‌. റസൂലിനോ, ഖലീഫമാർക്കോ, സഹാബികൾക്കോ, ആർക്കെങ്കിലും റാത്തീബുണ്ടോ? ആർക്കും ഇല്ല. പിന്നെ ഈ മുഹിയുദ്ദീൻ ശൈഖ്‌, രിഫാഈ ശൈഖ്‌ എന്നിവരുടെ പേരിൽ പറയപ്പെടുന്ന റാത്തീബുകൾ ഉരുവിടുവാൻ മുസ്ലീംകൾക്കുളള ബാധ്യതയെന്ത്‌? റാത്തീബ്‌ മാത്രമല്ല മൗലീദ്‌ മാലകളുടെ സ്ഥിതിയും ഇതുതന്നെ. എന്തുമാത്രം മൗലീദുകളും മാലകളുമാണ്‌ നമ്മുടെയിടയിലുളളത്‌ വല്ലസാഹിത്യകാരന്മാരും കവികളും തങ്ങളുടെ ഭാവന കലർത്തി മെനഞ്ഞുണ്ടാക്കുന്ന രചനകൾ നമ്മളേറ്റെടുത്ത്‌ മതകർമമായി ചൊല്ലിനടക്കേണ്ട കാര്യമെന്ത്‌? എന്റെ ചങ്ങാതിമാരെ, നിങ്ങൾ ആലോചിക്കുന്നില്ലേ? ഉദാഹരണത്തിന്‌ നാം ഭക്തിയോടു കൂടി ഓതുന്ന ഈ മങ്കൂസ്‌ മൗലീദ്തന്നെ എടുത്ത്‌ പരിശോധിച്ചുനോക്കൂ. അത്‌ റസൂലിന്റെ മദ്ഹാണെന്നും അത്‌ വായിക്കുന്നതും പാടുന്നതും പുണ്യകർമമാണെന്നുമാണ്‌ പൊതുമുസ്‌ലീംകളുടെ വിശ്വാസം. നമ്മുടെ "ചില പണ്ഡിതന്മാരാണ്‌” ആ വിശ്വാസം സൃഷ്ടിക്കുന്നതും ഉറപ്പിച്ച്‌ നിലനിർത്തുന്നതും. എന്നാൽ സത്യം അതല്ല. മങ്കൂസ്‌ അബദ്ധപൂർണ്ണമാണ്‌. റസൂലിന്റെ മദ്ഹിനെ ഞാൻ എതിർ ക്കുന്നുവെന്നോ റസൂലിനോടു എനിക്ക്‌ സ്നേഹാദരങ്ങളില്ലെന്നോ നിങ്ങൾ ആരോപിച്ചേക്കും വാസ്തവം അങ്ങിനെയല്ല. നമ്മളൊക്കെ റസൂലിനെ സ്നേഹിക്കാൻ ബാധ്യസ്ഥരാണ്‌. “ലാ യുഅമിനു അഹ്ദക്കും ഹത്താ ആ അക്കൂന അഹബ്ബ ഇലൈഹി മിൻ വാലിദിഹീ വവലദിഹീ വന്നാസി അജ്മഈൻ” എന്ന്‌ തിരുമേനി അരുളിയിട്ടുണ്ട്‌. ഒരുവൻ തന്റെ മാതാപിതാക്കളേയും സന്താനങ്ങളേയും മുഴുവൻ ജനങ്ങളേയും സ്നേഹിക്കുന്നതിനേക്കാൾ കൂടുതലായി നബിയെ സ്നേഹിക്കുന്നതുവരെ അവൻ വിശ്വാസി ആകുന്നില്ല എന്നാണിതിന്റെ അർത്ഥം. മാത്രമല്ല “അന്നബിയ്യു ഔലാബിൽ മുഅമിനീന മിൻ അൻഫുസിഹിം” എന്‌ അല്ലാഹു (ത) ഖുർആനിൽ പറയുന്നു. പ്രവാചകൻ സത്യവിശ്വാസികൾക്ക്‌ സ്വദേഹങ്ങളേക്കാളും അടുത്ത ആളാകുന്നു എന്ന്‌ വേറെയും ഇത്തരത്തിലുള്ള ആജ്ഞാപനങ്ങളുണ്ട്‌. അല്ലാഹുവും റസൂലും ദൈവികമാർഗ്ഗത്തിലുളള പരിശ്രമവും -ഈ മൂന്നുകാര്യങ്ങളും ആയിരിക്കണം ഒരു മുസ്ലിമിന്‌ തന്റെ കുടുംബത്തേക്കാളും കൂടൂതൽ സ്നേഹമുളളത്‌ എന്ന്‌ ഖുർആൻ ചൂണ്ടിക്കാട്ടുന്നു. അപ്പോൾ നാം എങ്ങിനെ നബിയെ സ്നേഹിക്കാതിരിക്കും?യഥാർത്ഥത്തിൽ നബിയോടുളള സ്നേഹം കൊണ്ടാണ്‌ ഈ മങ്കൂസ്‌ ഓതരുതെന്ന്‌ ഞാൻ പറയുന്നത്‌. കാരണം അതിൽ നബിയെ ബഹുമാനിക്കുന്നു എന്ന വ്യാജേന നബിയെ അവഹേളിക്കുകയാണ്‌ ചെയ്യുന്നത്‌. ഒരു സവിസ്തരമായ പ്രതിപാദനത്തിന്‌ ഞാൻ ഇപ്പോൾ ഒരുങ്ങുന്നില്ല. ചിലസൂചകങ്ങൾ മാത്രം.

ഒന്നാമത്‌, മൗലീദ്‌ ഒരു ബിദ്‌അത്താണ്‌. നബിയെ സ്വജീവനേക്കാളധികം ബഹുമാനിച്ചിരുന്ന സഹാബികളും അവരെ തുടർന്നുളളവരാരും ഇങ്ങനെ ഒരു മൗലീദ്‌ നടത്തിയിട്ടില്ല. ഇതൊരു സ്നേഹപ്രകടനമല്ല. ഇപ്പോൾ സൈക്കിൾ റാലിയും ഘോഷയാത്രയും മുദ്രാവാകൃവുമൊക്കെ നബിയോടുള്ള സ്നേഹപ്രകടനമായി അരങ്ങുതകർക്കുന്ന വിഷയം വേറെ. അതിരിക്കട്ടെ. നമുക്കറിയാം, മതത്തിലില്ലാത്തത്‌ കടത്തിക്കൂട്ടുന്നത്‌ ബിദ്‌അത്താണെന്നും എല്ലാ ബിദ്‌അത്തും ദുർമാർഗ്ഗമാണെന്നും എല്ലാ ദുർമാർഗ്ഗങ്ങളും നരകത്തിലാണെന്നും നബി തിരുമേനി താക്കീത്‌ നൽകിയിട്ടുണ്ട്‌. കൂടാതെ ഈ മങ്കൂസിൽ കുറെ കളള പ്രസ്താവനകളും അടങ്ങിയിട്ടുണ്ട്‌. അതിരുവിട്ട്‌ നബിയെ പ്രശംസിക്കരുതെന്ന്‌ നബി ഉപദേശിച്ചിട്ടുണ്ട്‌. നബിയെ ചിലർ സയ്യിദുനാ എന്ന്‌ സംബോധന ചെയ്തപ്പോൾ സയ്യിദ്‌ അല്ലാഹുവാണ്‌ എന്നായിരുന്നു നബി തിരുമേനിയുടെ പ്രതികരണം. ഒരു സദസ്സിൽ പെൺകുട്ടികൾ പാട്ടുപാടികൊണ്ടിരിക്കേ “ഫീനാ നബിയ്യുൻ യഅലമു മാ ഫി ഗദീ” (നാളെ നടക്കാൻ പോകുന്നകാര്യം അറിയുന്ന നബി ഞങ്ങളുടെ ഇടയിലുണ്ട്‌) എന്നുപാടിയപ്പോൾ നബി അങ്ങിനെ പാടരുതെന്ന്‌ അവരെ വിലക്കുകയുണ്ടായി. ഈ നിർദ്ദേശത്തിനെതിരാണ്‌ മങ്കൂസ്‌. നബിയെ വർണ്ണിച്ച്‌ വർണ്ണിച്ച്‌ അല്ലാഹുവിന്റെ പദവിയിലേക്ക്‌ ഉയർത്തുകയാണ്‌ മൗലീദ്കാരൻ ചെയ്യുന്നത്‌. അർത്ഥമറിയാതെ നാമതൊക്കെപ്പാടുന്നു. അതിൽ നബിയോടുളള പ്രാർത്ഥനയുണ്ട്‌. അത്‌ ശിർക്കാണ്‌, അല്ലാഹു പൊറുക്കാത്ത കുറ്റമാണ്‌. അതിൽ അനുചിതമായ വർണ്ണനയുണ്ട്‌. ജൂതന്മാരെയും ക്രിസ്ത്യാനികളെയും ചാണിന്‌ ചാണായും മുഴത്തിന്‌ മുഴമായും മുസ്ലിംകൾ അനുകരിക്കുമെന്ന്‌ നബി പ്രവചിച്ചിട്ടുണ്ട്‌. അവർ പുരോഹിതന്മാരെ ദൈവമാക്കി.ഏകദേശം അതുപോലെ നമ്മളും. ദൈവമെന്ന്‌ പറയാതെ ദൈവീകഗുണങ്ങൾ ആരോപിക്കുകയാണ്‌ നാം, അങ്ങിനെ നബിയുടെ പ്രവചനം പുലരുകയാണ്‌.

മങ്കൂസിന്റെ രചയിതാവ്‌ ആരാണെന്ന്‌ കണിശമായും അറിയില്ല. ഒരു മുസ്‌ലിമല്ലെന്ന്‌ കരുതണം. മുസ്ലീം ഗ്രന്ഥകാരന്മാരുടെ ശൈലി ഇതിനില്ല. പ്രാരംഭത്തിൽ ഹംദും. സ്വലാത്തും, മറ്റും കാണുന്നില്ല. ഒരു മുസ്‌ലീം വിരോധി ആയിരിക്കണമെന്നൂഹിക്കാം. എപ്പോഴാണ്‌ ഇത്‌ എഴുതിയതെന്ന്‌ അറിയില്ല. മൂന്നുനൂറ്റാണ്ടു കഴിഞ്ഞിട്ടാണെന്നതിൽ സംശയമില്ല. കാരണം അതിനുമുമ്പ്‌ ഇങ്ങനെയൊരു ജന്മദിനാഘോഷത്തെക്കുറിച്ച്‌ ഒരു രേഖയും ഇല്ല. കൊല്ലത്തിൽ ഒരു പ്രത്യേക മാസത്തിൽ ഒരു പ്രത്യേക ദിവസത്തിൽ നടത്തപ്പെടുന്ന മൗലീദ്‌ പാരായണത്തിന്‌ എന്തടിസ്ഥാനമാണെന്നറിയില്ല. ഇപ്പോൾ ഒരു പുതുമയും കൂടിയുണ്ട്‌. ആ പ്രത്യേക ദിവസം പ്രഭാതത്തിന്‌ മുമ്പ്‌ ഒരു മൗലീദ്‌. എല്ലാവരും പളളിയിൽകൂടി ഇങ്ങനെ ഒരു ചടങ്ങ്‌. അത്‌ നാലഞ്ചുവർഷമായി ഇപ്പോൾ തുടങ്ങിയതാണ്‌. ഇനി എന്തൊക്കെ ഉണ്ടാക്കുമോ, ഉണ്ടാകുമോ എന്ന്‌ കാലം തെളിയിക്കും. നബിയുടെ ജന്മദിനം തന്നെ ഏതെന്ന കാര്യത്തിൽ അഭിപ്രായവ്യത്യാസം ഉണ്ട്‌. “മങ്കൂസ്‌” പോലെയുളള മൗലീദുകളാണ്‌ “ശർറഫൽ അനാമും" “ജഅല മുഹമ്മദും" ഈ മൂന്നിലേയും ആശയം പരസ്പരം യോജിക്കുന്നില്ല. കവികളുടെ ഭാവനകൾ ഒരുപോലെയാവില്ലല്ലോ. നമ്മളെന്തിന്‌ ഈ സാഹിത്യകൃതികൾ ഭക്തിയോടെ പേറിനടക്കുന്ന. മാലകളെപ്പറ്റി ഞാനി പ്പോളൊന്നും പറയുന്നില്ല. എങ്കിലും ഒരു ഗീതത്തെപ്പറ്റി പറയട്ടെ. “ഖുത്തുബിയത്ത്‌" എന്ന ഒരു കൃതിയുണ്ടല്ലോ. ഒരു ക്ഷുദ്രകൃതി. മുഹിയുദ്ദീൻ ശൈഖില്ലെങ്കിൽ അല്ലാഹുവിന്‌ ഈ പ്രപഞ്ചം പരിപാലിക്കാൻ സാധിക്കില്ലെന്ന്‌ തോന്നിപോകും. അത്‌ അർത്ഥമറിഞ്ഞ്‌ ചൊല്ലിയാൽ. അതിലൊരു ഭയങ്കരതയുണ്ട്‌. 12 റക്ക്‌അത്ത്‌ നിസ്‌കാരം. ആ നിസ്‌കാരം ഫർളല്ല. കാരണം ഫർള്‌ (നിർബന്ധം) ഏതൊക്കെയെന്ന്‌ നമുക്കറിയാം. ദിനംപ്രതി 5 നേരവും, മയ്യിത്ത്‌ നിസ്‌കാരവും. എന്നാൽപിന്നെ ആ പന്ത്രണ്ട്‌ റക്‌അത്ത്‌ സുന്നത്താണോ? അതുമല്ല. സുന്നത്ത്‌ നിസ്കാരങ്ങളുടെ വിവരണങ്ങൾ ഫിഖ്ഹ്‌ ഗ്രന്ഥങ്ങളിലുണ്ട്‌. ആ കൂട്ടത്തിൽ ഖുത്തുബിയ്യത്ത്‌ നിസ്‌കാരം എന്നൊന്നില്ല. പിന്നെ ഇതെന്ത്‌ കുന്തമാണെന്ന്‌ ഹുസ്‌നുദ്ദീൻ പറഞ്ഞു തരണം. നിങ്ങളൊക്കെ ഇത്‌ നിസ്‌ക്കരിക്കാറുണ്ടല്ലോ. എങ്ങനെയാണിതിന്റെ നിയ്യത്ത്‌? അത്‌ അല്ലാഹുതആലാക്കോ മുഹ്‌യിദ്ദീൻ ശൈഖിനോ? അല്ലാഹുവിനല്ല. കാരണം അത്‌ അല്ലാഹു കൽപിച്ചിട്ടില്ല. പിന്നെ? മുഹ്‌യിദ്ദീൻ ശൈഖ്‌ കൽപിച്ചതാണോ? ആ മഹാൻ നിരപരാധിയാണ്‌. ഖുതുബിയത്തിൽ പറയുന്ന എല്ലാ അബദ്ധങ്ങളും ഏതോ കാപ്പിരി കെട്ടിച്ചമച്ചുണ്ടാക്കിയതാണ്‌. അദ്ദേഹം നിസ്ക്കരിക്കാൻ കൽപിച്ചാൽ മുസ്ലീംകൾ അതനുസരിക്കണോ? അല്ലാഹുവിന്റെ ദാസന്മാരായ മുസ്ലീംകൾക്ക്‌ എന്തുപറ്റി? നമ്മുടെ ബുദ്ധിയൊക്കെ ഏവിടെ പോയി? ഇതാണോ നമ്മുടെ പരിപാവനമായ ഇസ്‌ലാം? നാം അല്ലാഹുവിനെയും റസൂലിനെയും അനുസരിക്കണോ, അല്ല ഈ കവിതകളെയും മുസ്‌ലിയാക്കളെയും അനുസരിക്കണോ അല്ലാഹുവും റസൂലും കൽപിച്ചിട്ടില്ലാത്ത ഈ നിസ്‌ക്കാരം നിർവ്വഹിക്കുന്ന നിങ്ങൾക്ക്‌ നാളെ പരലോകത്ത്‌ ഇതിനുള്ള പ്രതിഫലം എന്തായിരിക്കും? നിങ്ങൾ യഥാർത്ഥ മുസ്ലീംകൾ ആണെങ്കിൽ ഈ ബിദ്‌അത്തുകൾ ഇബാദത്താണെന്നും പറഞ്ഞ്‌ പള്ളിയിൽ വച്ച്‌ കൂട്ടായി പ്രവർത്തിക്കുമോ? നിങ്ങളും നിങ്ങളെ നയിക്കുന്ന മുസ്‌ലിയാക്കന്മാരും ചിന്തിക്കട്ടെ."ഇന്നസ്സംഅ വൽ ബസ്വറ വൽ ഫു ആദ കുല്ലുൻ ഉലാഇക്ക കാന അൻഹു മസ്ഊലാ..” നിങ്ങളുടെ കാതും കണ്ണും ഹൃദയവും അതായത്‌ ബുദ്ധിയും എല്ലാം (അവയുടെ പ്രവർത്തനങ്ങളെ പറ്റി) ചോദ്യം ചെയ്യപ്പെടുന്നതാണെന്ന്‌ അല്ലാഹു താക്കീത്‌ നൽകിയിട്ടുണ്ട്‌. ഗോജയും, ശൈഖും, മുസ്ലിയാരും ആരായാലും എന്തു പറഞ്ഞാലും അന്ധമായി അതുകേട്ട്‌ അനുസരിച്ച്‌ നടക്കരുത്‌. ബുദ്ധിക്ക്‌ സ്വീകാര്യമായി തോന്നണം. പക്ഷേ എനിക്കത്ഭുതം നിങ്ങളുടെ ബുദ്ധിയെപറ്റിയാണ്‌. അതിന്‌ പകരമായി ഒന്നുമില്ല. “ഇയ്യാക നഉബുദു വഇയ്യാക്കനസ്തഈൻ" നിന്നെ മാത്രം ഞങ്ങൾ ആരാധിക്കുന്നു. നിന്നോട്‌ മാത്രം ഞങ്ങൾ സഹായം തേടുന്നു; എന്ന്‌ 12 പ്രാവശ്യം പറഞ്ഞ്‌ നിസ്‌ക്കരിച്ചിട്ട്‌ ഇങ്ങോട്ട്‌ തിരിഞ്ഞിരുന്ന്‌ മുഹ്‌യിദ്ദീൻ ശൈഖിനെ വിളിച്ച്‌ സഹായം തേടുന്ന നിങ്ങൾ എന്തൊരു പമ്പര വിഡ്ഢികളാണ്‌! നിങ്ങളോട്‌ ഒരഭ്യർത്ഥന എനിക്കുണ്ട്‌. നിങ്ങൾ ദയവായി ഈ മഹല്ല് നിവാസികളായ ഞങ്ങളെ ഈ കുഫ്‌രിയത്ത്‌ ചെയ്യാൻ നിർബന്ധിക്കാതെ ഞങ്ങളെ പാട്ടിന്‌ വിട്ടേക്കണം. ഞങ്ങളെ വഴികേടിലേക്ക്‌ വലിച്ചിഴക്കാതെ സ്വതന്ത്രമായി അല്ലാഹുവിനെ മാത്രം ആരാധിക്കാനുള്ള സൗകര്യം ഞങ്ങൾക്ക്‌ നൽകേണമേ എന്ന്‌ അപേക്ഷിക്കുന്നു.

തോട്ടമതിലിന്‌ ഈ ന്യായങ്ങൾ കേൾക്കുമ്പോൾ ഉള്ളിൽ ചഞ്ചലപ്പ്‌ അനുഭവപ്പെടാറുണ്ട്‌. വമ്പൻ സംസാരത്തിലും സംസാരത്തിന്റെ വളച്ചുകെട്ടിലും മുനയില്ലായ്മയിലും ആ ചഞ്ചലിപ്പ്‌ വ്യക്തമാവാറുണ്ട്‌. എന്നിരുന്നാലും കൂട്ടുകാരുടെ മുമ്പിൽ നാവിറങ്ങാതെ എന്തെങ്കിലും പറഞ്ഞു പിടിച്ചുനിൽക്കാൻ പരമാവധി ശ്രമിക്കും. ആകെക്കൂടി ഒരു സംഗതി തിരിച്ചും മറിച്ചും ആവർത്തിക്കും. “അല്ലാഹു ബഹുമാനിച്ചവരെ നാമും ബഹുമാനിക്കണം”. ഈ രക്ഷാകവചം പലവിധ വാചകഘടനകളിലൂടെ ഹുസ്നുദ്ദീൻ പ്രയോഗിക്കും. " ബുർഹാൻകുട്ടിമാസ്റ്ററുണ്ടോ വിടുന്നു. അദ്ദേഹത്തിന്റെ ആയുധപ്പുര നിറഞ്ഞുകിടക്കുകയാണ്‌. ”അല്ലാഹു ബഹുമാനിച്ചവരെ ബഹുമാനിക്കുക" എന്ന ആശയം പലപ്പോഴും പ്രസിഡണ്ടിന്റെ വായിൽക്കൂടി പുറത്ത്‌ വരാറുണ്ടെങ്കിലും ഒരിക്കൽ മാസ്റ്റർ അതിനെ പിടിച്ചു നന്നായൊന്നു കുടഞ്ഞു. മാസ്റ്റർ ഏകദേശം ഇങ്ങനെ പറഞ്ഞു.

“നാം വഞ്ചിക്കപ്പെടരുത്‌; സ്വയം വിഡ്ഢിവേഷം കെട്ടുകയുമരുത്‌. അല്ലാഹു ബഹുമാനിച്ചവരെ ബഹുമാനിക്കുക എന്ന ആശയം ഈ മുസ്ല്യാക്കൾ ബഹുജനങ്ങളെ ഒതുക്കാനും അടക്കാനും കീഴ്പ്പെടുത്താനുമുപയോഗിക്കുന്ന ഒരു ആയുധമാണ്‌. ഈ തന്ത്രങ്ങളിൽ അഞ്ജരായ മുസ്ലീംകൾ അടി പണിയുമെന്ന്‌ അവർക്കറിയാം. അല്ലാഹുവിനെ ആദരിച്ചവരെന്ന്‌ കേൾക്കുമ്പോഴേക്കും ഞാൻ മുമ്പേ സൂചിപ്പിച്ചത്‌ പോലെ "സ്വുമ്മൻ വ ഉംയാനാ"-ചകിടനും കുരുടനുമായി അവർ അതിന്മേൽ ചെന്ന്‌ വീഴും. കൂടുതൽ ചിന്തിക്കാനുള്ള വിവേകമോ വിജ്ഞാനമോ അവർക്കില്ല. ആദരവും ബഹുമാനവും കാണിക്കുക എന്നതിന്റെ പേരിൽ നാമെന്താണ്‌ ചെയ്യുന്നത്‌? ആ മഹാന്മാരെ മദ്ഹ്‌ ചെയ്യുന്നു, അവരെ പുകഴ്ത്തുന്നു; ഉയർത്തുന്നു, ആത്മീയ ശക്തിയെ വർണ്ണിക്കുന്നു, ഇത്‌ മൂത്തു മൂത്ത്‌ ബഹുമാനം ഭക്തിയായി, പിന്നെ ധ്യാനമായി, പിന്നെ സഹായാഭ്യർത്ഥനയായി, രക്ഷതേടലായി ഒടുവിൽ അല്ലാഹുവിന്റെ പ്രത്യേക സിഫത്തുകൾ (ഗുണങ്ങൾ) ആ മഹാനിൽ ആരോപിച്ച്‌ നാം മുശ്‌രികീങ്ങളായി തരം താഴുകയായി. അറബി ഭാഷ അറിയാത്ത ബഹുജനങ്ങൾ അറബിയിൽ നടത്തുന്ന ഈ ചടങ്ങുകളിൽ ഒളിഞ്ഞുകിടക്കുന്ന അപകടങ്ങളെക്കുറിച്ച്‌ ബോധവാന്മാരല്ല. അല്ലാഹു പൊറുത്തുകൊടുക്കാത്ത പാപമാണ്‌ ശിർക്‌.അങ്ങനെയുള്ള മഹാപാപമാണ്‌ ഒരുകൂട്ടം മുസ്ലിംകൾ ഒന്നിച്ച്‌ ചെയുന്നത്‌!ഒരു ആലിമിന്റെ മേൽനോട്ടത്തിൽ! സുബ്ഹാനള്ളാ! ഞാനും നിങ്ങളെപ്പോലെ ഒരു മുസ്ലീമാണ്‌. സൽകർമ്മം ചെയ്യുന്നതിനെ ഞാൻ വിരോധിക്കുകയില്ലെന്ന്‌ നിങ്ങൾ വിശ്വസിക്കാമെന്ന്‌ ഞാൻവിശ്വസിക്കുന്നു. അല്ലാഹു ബഹുമാനിച്ചവൻ എന്ന്‌ ഇവർ പറയുന്നുണ്ടല്ലൊ. അല്ലാഹു ബഹുമാനിച്ചവരുടെ പേർവിവരം ഇവർക്കുണ്ടോ? ആ രഹസ്യം അറിയാൻ ഇവർക്കു കഴിവുണ്ടോ? ബഹുജനങ്ങളെ പോക്കറ്റിലാക്കാൻ അങ്ങനെ പറയുന്നതാണ്‌. അല്ലാഹു ബഹുമാനിച്ച അമ്പിയാക്കളുടെ കൂറേ നാമ ങ്ങൾ ഖുർആനിലുണ്ട്‌. അവരെ ബഹുമാനിക്കാൻ നാം കൂടുതൽ കടപ്പെട്ടവരാണ്‌. അങ്ങനെയുള്ള കുറെ നബിമാരുടെ പേരുകൾ പറഞ്ഞിട്ട്‌ അല്ലാഹു ഖുർആനിൽ വൃക്തമാക്കുന്നു” ഇവരെ ലോകത്തിലെ മനുഷ്യരിൽ വെച്ചു നാം ഉൽകൃഷ്ടരാക്കിയിരിക്കുന്നു. ഇവരുടെ പിതാക്കളിലും സന്താനങ്ങളിലും സഹോദരങ്ങളിലും പലരേയും നാം ഉൽകൃഷ്ടരായി തെരഞ്ഞെടുക്കുകയും നേർമാർഗ്ഗത്തിലേക്ക്‌ വഴി കാണിക്കുകയും ചെയ്തിട്ടുണ്ട്‌. എന്നിട്ടും അല്ലാഹു തുടർന്നും ഉൽബോധിപ്പിക്കുന്നു.“ഉലാഇക്കല്ലദീന ഹദള്ളാഹു ഫബീ ഹുദാഹു മുഖ്തദിഹ്‌*” ഇവർക്കാണ്‌ അല്ലാഹു മാർഗ്ഗദർശനം നൽകിയിട്ടുളളത്‌. അതുകൊണ്ട്‌ അവരുടെ മാർഗ്ഗദർശനം പിന്തുടരുക” ഈ പ്രവാചക ശൃംഖലയിലെ അവസാന കണ്ണിയാണ്‌ മുഹമ്മദ്‌ നബി(സ) അശ്റഫുൽഖൽഖിനേക്കാൾ കൂടുതൽ ബഹുമാന്യരായ ഒരാളും മുസ്സീംകൾക്ക്‌ ഇല്ല. ബഹുമാന്യരായ ഈ പ്രാമാണികന്മാർ അല്ലാഹുവിനാൽ വൃക്തമാക്കപ്പെട്ടിരിക്കെ, അവരെയെല്ലാം അവഗണിച്ച്‌ നബിയുടെ ഉമ്മത്തിൽപ്പെട്ട സ്വാലിഹായ സജ്ജനങ്ങളെ നമ്മൾ പ്രത്യേക തരത്തിൽ നിരന്തരമായ അനുകരണത്തിന്‌ പാത്രമാക്കുന്നതിലെ യുക്തിയാണ്‌ എനിക്ക്‌ മനസ്സിലാവാത്തത്‌. ആരുടെ നിർദ്ദേശമാണത്‌.

“ഔലിയാക്കളും ഖോജാക്കളും ശൈഖന്മാരും കുറച്ചൊന്നുമല്ല നമുക്കുള്ളത്‌. മുഹ്‌യദ്ദീൻ അബ്ദുൽഖാദിർ ജീലാനി, അഹ്മദ്കബീറുർറരിഫാഈ, അഹ്മദുൽ ബദവി, അഹ്മദിബ്നു ഉൽവാൻ, അബ്ദുൽവഹ്ഹാബുശഗ്ശിഅ്റാനീ, ശംസുദ്ദീൻ അബുൽഹസൻ ശാദുലീ, മുഹ്‌യദ്ദീൻ ഇബ്നുഅറബി, ഉത്ബത്തുൽ ഗുലാം, ഇബ്നുൽമുഅ്തമിർ, ഇബ്നുഅബീജുംറ, സുഫ്‌യാനുത്തൗരീമഅ്റൂഫുൽകർകി, ജുനൈദുൽബഗ്ദാദി, നാഗൂർ മീരാൻഔലിയാ, കായൽപട്ടണം ഖോജാഔലിയാ, അജ്മീർ മുഈനുദ്ധീൻഖോജ, അബൂസുലൈമാനുദ്ദാറാനീ,അബ്ദു അബ്ദുല്ലാ മുഹമ്മദിബ്നു സുലൈമാനുൽ ജസൂലി,പരീദ് ഔലിയാ, ബീരാൻ ഔലിയാ, റമളാൻ ഔലിയാ, മടവൂർ അബൂബക്കർ മുസ്ലിയാർ, കക്കിടിപ്പുറം അബൂബക്കർ മുസ്ലിയാർ, പുതിയകാവ്‌ സഫർ ശഹീദ്ഉപ്പൂപ്പാ, കൊച്ചി സെയ്തു മുഹമ്മദ്മൌലാന, പെരിഞ്ഞനം ഉണ്ണിമുഹ്‌യദ്ദീൻനക്ശാബന്തീ, പനങ്ങാട്‌ മുനവ്വർഷാ സാഹിബ്‌ ഉപ്പൂപ്പാ, കൈയ്പമംഗലം കമാലുദ്ദീൻ ശൈഖ്‌, മതിലകം ബാപ്പൂട്ടി മുസ്ലിയാർ, കാളത്തോട്‌ കമ്മുക്കുട്ടി മുസ്ലിയാർ, വട്ടേക്കാട്‌ ബർദാൻ തങ്ങൾ, പെരുമ്പടപ്പ്‌ കുഞ്ഞിമുഹമ്മദ്‌ മുസ്ലിയാർ,പാപ്പനങ്ങാടി ബാപ്പുമുസ്ലിയാർ, മരത്താംകോട്‌, സുൽത്താൻ കുഞ്ഞീമുട്ടിസ്താൻ, മമ്പുറം സെയ്തലവി തങ്ങൾ, കണിയാപുരം അബ്ദുർറസ്സാഖ്‌ മസ്താൻ, ആലുവ അബൂബക്കർ മുസ്ലിയാർ, അയിലക്കാട്‌ സെയ്തു മുസ്ലിയാർ, സുലൈമാൻ മുസ്ലിയാർ, കീളക്കര ഔലിയാ, വെളിയങ്കോട്‌ ഉമർഖാളി, പാലത്തുംകര ഔലിയാ, ഖാളിയാറോഡ്‌ ശൈഖ്‌, ഹുസൈനിബ്നു മൻസൂർ, ദുന്തൂൻ മിസ്‌രി, ശൈഖ്‌ ശിഹാബുദ്ദീൻ സുഹ്‌റവർദി, ഉവൈസുൽഖർനീ, ഇബ്രാഹീംഇബ്നു അദ്ഹം, റാബിഅത്തൂൽ അദവിയ്യ, ഹസൻബസരി എന്നിങ്ങനെ ആഗോളസപ്രശസ്തരും പ്രാദേശിക പ്രസിദ്ധരുമായ മേൽ കാണിച്ച ഒട്ടനവധി വിശിഷ്ഠാത്മാക്കൾ തുടങ്ങി എത്രയ്രെത! “അല്ലാഹു ബഹുമാനിച്ചവർ'” എന്നു വർണ്ണിക്കപ്പെടുന്ന ഈ അദ്ധ്യാത്മിക ജ്യോതിസ്സുകൾ, യഥാർത്ഥ തൗഹീദിൽ അടിയുറച്ച "പൂർണ്ണ മുഅ്മിനുകൾ" ആയിരുന്നു. അതിനാലാണ്‌ അവർ യശ:ശരീരികളായത്‌. ഇവരിൽ പലർക്കും അവരുടെ സ്വന്തം നിർമ്മിതിയായ സ്വലാത്ത്‌, ബൈത്ത്‌, തസ്ബീഹ്‌, റാത്തീബ്‌, ദുആ, ഔറാദ്‌ എന്നിവകളൊക്കെയുണ്ട്‌.


ബഹുഭൂരിപക്ഷം കൃതികളും ഉയർന്ന സാഹിത്യമാണ്‌. അഗാധമായ ആശയം ഉൾക്കൊളളുന്നവയുമാണ്‌. സാഹിത്യമേന്മതന്നെ അതുരുവിടുവാൻ നമ്മെ പ്രേരിപ്പിക്കും. ഭക്തിയും വിശ്വാസവും കൂടിച്ചേർന്നതാകുമ്പോൾ അവയുടെ മേന്മയെകുറിച്ച്‌ പിന്നെ പറയേണ്ടതുമില്ല. പലതും നമ്മളാരും, അറിഞ്ഞിട്ടില്ല, കേട്ടിട്ടില്ല, ഉരുവിട്ടിട്ടുമില്ല. നിങ്ങൾക്ക്‌ അതിശയം തോന്നും. ഞാൻ ചിലത്‌ ചൂണ്ടിക്കാണിക്കാം ആദ്യമായി ദുആകൾ നോക്കിക്കോളൂ.

ദുആഉൽ ഉക്കാശ്‌ തമീമുദ്ദാറിന്റെ ദുആ അജാഇബുൽ ഇസ്തിഗ്ഫാർ സൈനിബ്നുഹാരിദിന്റെ ദുആ ദുആദുആഉൽ അർശ്‌ മുഹ്യദ്ദീൻ ശൈഖിന്റെ ദുആ ദുആഉ സൈഫ് രിഫാഈ ശൈഖിന്റെ ദുആ സുൽത്വാനുൽ അരിഫീൽ സുഫിയാനിത്തൗരീ ദുആ അസ്ബഹ്‌നാ ഇമാം അബൂഹനീഫയുടെ ദുആ കഞ്ചുൽ അർശ്‌ ഇമാം ശാഫിയുടെ ദുആ നൂറുൽ ഈമാൻ അബുൽഹസൻ ശാദലിയുടെ ദുആ മുഹിമ്മാത്തുൽ മുസ്ലിമീൻ ഹിസ്ബുൽ മുദാഫിഅത്ത്‌ ദുആ ദുആ തസ്ബീഹ്‌ ഇബ്നു അറബിയുടെ ദുആ സലാമത്തുൽ ഈമാൻ ബാഗ്ദാദ്‌ കാദിയുടെ ദുആ

                                  അയ്യാമുൽ ബീള് ദുആ

ഇവകൂടാതെ ഖിളറ്‌ നബി (അ), ഇബ്രാഹിം നബി (അ), ഈസാ നബി (അ), മുഹമ്മദ്‌ നബി(സ), അബൂബക്കർ (റ), അലി (ക.വ), ആഇശ (റ), ഫാത്തിമബീവി (റ),ദാനിയാൽ നബി (അ), മൂസാ നബി (അ), ഇസ്മാഇൽ നബി(അ), യൂസഫ്‌ നബി (അ), യൂനസ്‌ നബി (അ), ദാവൂദ്‌ നബി(അ), എന്നിവർക്കും മറ്റു പലർക്കും ഉടമപ്പെട്ട വിശേഷപ്പെട്ട ദുആകൾ ഉണ്ട്‌. അവയെല്ലാം അംഗീകാര്യങ്ങളാണ്‌. ഇതുകൂടാതെ, സ്വർഗ്ഗം, പ്രവേശിക്കാനുള്ള ഈമാൻ ദുആ, അബൂഹനീഫ സ്വപ്നത്തിൽ പഠിച്ച ദുആ, 70 വർഷത്തെ പാപം പൊറുക്കുന്നതും 40 ഹജ്ജിന്റെ കൂലി സമ്പാദിക്കുന്നതുമായ ദുആ, ഒരു പ്രാവശ്യം ഓതിയാൽ 20 വർഷത്തേയും 2 പ്രാവശ്യം ഓതിയാൽ 40 വർഷത്തേയും 3 പ്രാവശ്യം ഓതിയാൽ 70 വർഷത്തേയും 4 പ്രാവശ്യം ഓതിയാൽ കിയാമം പ്രളയകാലം) വരെയുള്ള പാപങ്ങളുടെ ശിക്ഷയിൽ നിന്നും വിടുതൽ ലഭിക്കുന്ന ദുആ ഇവയെല്ലാം നമുക്ക്‌ സ്വീകാര്യങ്ങളാണോ? ഇവ ഉപയോഗിച്ചു അല്ലാഹുവിനോട്‌ പ്രാർത്ഥിക്കാനും മനസ്സിനെ ആശ്വസിപ്പിക്കാനും കഴിയുമായിരിക്കും. (ചെറിയ പണിക്ക്‌ വലിയ കൂലികിട്ടുന്ന ഒന്നും നമ്മൾ വിശ്വസിക്കരുതെന്ന്‌ ഞാൻ താക്കീത്‌ ചെയ്യുന്നു. ഇതൊന്നും പാപം ചെയ്യാൻ നമ്മെ പ്രേരിപ്പിക്കാതിരിക്കട്ടെ, ജാഗ്രത).

ഇനി കുറേ വിശിഷ്ടമായ കവിതകൾ, എല്ലാം പ്രാർത്ഥനാ നിർദ്ധരമായവ, ഭക്തിദ്യോതകമായവ. ഭാഷ അറിയുന്നവർക്ക്‌ അവയൊക്കെ ചൊല്ലി സാഹിതൃഭംഗി ആസ്വദിക്കാം, ആശയ ഗാംഭീര്യം അനുഭവപ്പെടാം വിശ്വാസവും ഭക്തിയും വർദ്ധിപ്പിക്കാം. ഭാഷയറിയാത്തവർക്ക്‌ പുണ്യം കിട്ടുമെന്ന്‌ കരുതി, താളത്തിലും സ്വരത്തിലും മധുരമായി ചൊല്ലി ഹൃദയം ഭക്തികൊണ്ട്‌ നിറക്കാം.”

ഇലാഹീ ലസ്തു ബൈത്ത്‌

ബൂസിരിയുടെ മുത്ത്‌രീയത്ത്

സല്ലൽ ഇലാഹീ ബൈത്ത്‌

അഖ്സാം ബൈത്ത്‌

സല്ലാ അലൈക്ക

ശബീഹുക്ക (ഹസ്സാൻ)

ജ്ജദ് ബിലുത്ഫിക്ക (അബൂബക്കർ)

യാസ്യ്യിദീ യാ റസൂലല്ലാഹി

വകം ലില്ലാഹി

ഇലൈക്ക യാറബ്ബീ (അലിയുടെ)

ബദ് രിയത്തുൽ മങ്കൂസിയ്യ:

“ഇവയേക്കാൾ പ്രധാനപ്പെട്ടവയെന്ന്‌ പറഞ്ഞുകൂടെങ്കിലും വിശ്വാസിയുടെ ഹൃദയത്തെ ആത്മീയമായി സ്വാധീനിക്കുവാൻ കൂടുതൽ ശക്തമായവയാണ്‌ സ്വലാത്ത്‌, തസ്ബീഹ്‌ മുതലായവ. ആ ഇനത്തിലും അസംഖ്യമുണ്ട്‌. ചിലത്‌ കേൾക്കുക.”

അഹ്മദുൽ ബദവിയുടെ സ്വലാത്ത്‌

ദലാഇലുൽ ലഖൈറാത്തിന്‌ തുല്യമായ സ്വലാത്ത്‌

ദലാഇലുനാൽപ്പത് വട്ടം ഓതുന്നതിന്‌ തുല്യമായ സ്വലാത്ത്‌.

അന്തർ റബ്ബ്‌

സിറാജുദ്ദീൻ ബുൽഖീനി

വിർദുല്ലത്വീഫ്‌

നവവീഇമാമിന്റെ വിർദ്‌

നഫ്ഹത്തുൽ ഖുദ്സിയ്യ: സ്വലാത്ത്‌

തിർയാഖുൽ അഅളം

ശിഫാഉൽ അംറാള്

ദഖീറത്തുൽ ഖൈറ്‌ സ്വലാത്ത്‌

ഉമ്മൂസ്സ്വലാത്ത്‌

കിബ്റിയത്തുൽ അഹ്മർ

കീമിയാഉസ്സ ആദ

ഇരുപത്തൊന്ന്‌ സ്വലാത്ത്‌

ജിബ്‌രീൽ തസ്ബീഹ്

തഹ്‌ലീമുൽ ഖുർആൻ

ഹിസ്‌ബുൽബഹർ

ഹിസ്ബുദൗറുൽ അഅലാ (ഇബ്നു അറബി)

== ഭാഗം രണ്ട് == 

====ഭാഗം രണ്ട് 

ഇസ്മുൽ അളം

കൻസുൽ അളം

ഹിസ്ബുൽ ബർറ്‌

ദലാഇലുൽ ഖൈറാത്ത്‌

ഹിസ്ബുന്നസ്വർ

ധാരാളം ഖുർആൻ വാക്യങ്ങളും തഹ്‌ലീലും തസ്ബീഹുകളുംകൊണ്ട്‌ മുറ്റിയതും റസൂൽ (സ)ന്റെ പേരിൽ സ്വലാത്തും അടങ്ങിയതുമായ ഈ ദുആകളും വിർദുകളും ഓറാദും നമ്മുടെ കൈവശമിരിക്കേ അതും തഹീദുപരമായും സാഹിത്യപരമായും ആശയപരമായും എല്ലാ വിശിഷ്ടതകളും തികഞ്ഞവയായിരിക്കെ- അതെല്ലാവയേക്കാളും മുൻഗണന ഈ ഹദ്ദാദിന്‌ കൽപ്പിക്കാനുള്ള പ്രത്യേക പ്രാധാന്യം എന്തെന്ന്‌ വ്യക്തമാക്കാൻ ഞാൻ കേണപേക്ഷിക്കുന്നു. അനന്തരം എന്നെ ഹദ്ദാദ്‌ ചൊല്ലാൻ ഉപദേശിക്കുക; പ്രേരിപ്പിക്കുക; നിർബന്ധിക്കുക.

തലക്ക്‌ ഇടികൊണ്ടമാതിരി നിന്ന്‌ വിയർക്കുകയല്ലാതെ, ഒരക്ഷരമുരിയാടാൻ കഴിയാതെ ഹുസ്‌നുദ്ദീനും കൂട്ടുകാരും പഞ്ചപുച്ഛമടക്കി ബുർഹാൻ കുട്ടിമാസ്റ്ററുടെ വായിൽ നോക്കിനിൽക്കുകതന്നെ. എന്നിരുന്നാലും അവർ തമ്മിൽ വഴക്കോ പിണക്കമോ ഉണ്ടാകാറില്ല എന്നത്‌ അതിശയമാണ്‌. മാസ്റ്ററുടെ നിലപാടിൽ എന്തോ കുഴപ്പമുണ്ടെന്ന ഒരു തോന്നൽ അവരിൽ മുന്നിച്ചുകാണും. ഒരു പിരിവിന്റെ ഘട്ടം വന്നാൽ മാസ്റ്ററുടെ അടി കൊള്ളുമെന്ന അറിവോടും പ്രതീക്ഷയോടും കൂടിത്തന്നെ അദ്ദേഹത്തിന്റെ വീട്ടിലെത്തുകയും ചെയ്യും.

ദിക്റിന്റെ ആണ്ട്‌ പിരിവിനായി മാസ്റ്ററുടെ വീട്ടിൽ കമ്മിറ്റിക്കാർ എത്തിയ ദിവസം മാസ്റ്റർ നന്നായൊന്നു പൊട്ടിത്തെറിച്ചു. ഹുസ്‌നുദ്ദീന്റെ നാവ്‌ ഇറങ്ങിയത്‌ അന്നാണ്‌. കമ്മറ്റിക്കാർക്ക്‌ ആശയ ദാരിദ്യവും ലക്ഷ്യപരാജയവും തോന്നിയതും അന്നാണ്‌. മാസ്റ്റർ പുഞ്ചിരിച്ചുകൊണ്ട്‌ നേരിയ സ്വരത്തിൽ ചോദിച്ചു : ദിക്റ്‌ ചൊല്ലുന്നതിന്‌ എന്തിനാടോ പൈസ.

"വരുന്നവർക്ക്‌ എന്തെങ്കിലും കൊടുക്കണ്ടേ? ദൂരെനിന്ന്‌ വന്ന്‌ ഉറക്കമൊഴിച്ച്‌ ഇതിലൊക്കെ സഹകരിച്ച്‌ ബുദ്ധിമുട്ടുന്നവരെ നാം തീരെ അവഗണി ക്കരുത്"

മാസ്റ്റർ രസത്തിൽ പിന്നെയും ഒന്നുപൊട്ടിച്ചു : ദിക്റ്‌ ചൊല്ലാൻ അവരുടെ നാടുകളിലെ പള്ളികളിൽ സ്ഥലമില്ലേ?

മതിപേരാപുരം മഹല്ലിലെ പതിവ്‌ എന്തെന്നുവച്ചാൽ-മിക്കവാറും ദിക്റ്‌ ഹൽഖയുള്ളയിടത്തെല്ലായിടത്തും പതിവ്‌ ഇതുതന്നെ ആയിരിക്കും- ആണ്ടുകൊണ്ടാടുന്നതിനും കുറിയിട്ടു കഴിഞ്ഞാൽ നോട്ടീസിറക്കും. ദിക്റിന്റെ പോരിശകളും ദിക്റ്‌ സദസ്സിന്റെ മഹാത്മൃവും കഴിവും സൂചിപ്പിക്കുന്ന നോട്ടീസിൽ ആഗ്രഹസാഫല്യം, രോഗശമനം മുതലായ കാര്യങ്ങൾക്ക്‌ പ്രത്യേക പ്രാർത്ഥനകൾ നടത്തുന്ന കാര്യവും സൂചിപ്പിച്ചിരിക്കും. വെറും സംഭാവന പിരിവ്‌ കൂടാതെ പ്രത്യേക പ്രാർത്ഥനകളും വിശിഷ്ട സംഭാവനകളും നേർച്ചകളും, കൂടാതെ ആട്‌, കോഴി, തേങ്ങ എന്നീ സംഭാവനകളും കമ്മറ്റിക്ക്‌ ലഭിക്കുന്നതാണ്‌. ഹൽഖ സ്ഥാപിച്ച മുസ്ലിയാരെ കൂടാതെ ദിക്റിന്റെ ആശാന്മാരായ പണ്ഡിതന്മാരെയും അയൽ മഹല്ലുകളിലെ ഖത്തീബുമാരെയും പത്തു പേരറിയുന്ന കുറെ “ദിവ്യ"ന്മാരെയും ആണ്ടിൽ പങ്കെടുക്കാൻ കാലേ കൂട്ടി ക്ഷണിക്കും. അവർക്കൊക്കെ “കൈമടക്കം" ലഭിക്കുന്നതാണ്‌. സ്ഥാപകപണ്ഡിതൻ നന്നായൊന്ന്‌ പ്രസംഗിക്കും. അനന്തരം സദാത്തീങ്ങളും, നാട്ടുകാരും കൂടി ദിക്റ്‌ പരിപാടി നടത്തിക്കൂട്ടും. പിന്നെ സ്ഥാപകനും ഒരു "സഞ്ചി" സമർപ്പിക്കും തുടർന്ന്‌ എല്ലാ പണ്ഡിതന്മാർക്കും നിലപാടും നിലവാരവും അനുസരിച്ചുള്ള “കൈമടക്കുകൾ" നടക്കും. വിഭവസമൃദ്ധമായ ഭോജനത്തോടെ പരിപാടി അവസാനിക്കും.

ഹുസ്നുദ്ദീൻ ഒരു പുറംചിരി അഭിനയിച്ചുകൊണ്ട്‌ പറയും “നമ്മുടെ ആലിമീങ്ങൾ നമുക്ക്‌ വേണ്ടി വന്ന്‌ പ്രാർത്ഥന നിർവ്വഹിക്കുന്നു. നാം നന്ദി കാണിക്കണ്ടേ എന്തെങ്കിലും ഒന്ന്‌ പറഞ്ഞുവെന്ന്‌ വരുത്താൻവേണ്ടി ഇതുപറയുന്നു എന്നെല്ലാതെ, അതുകൊണ്ട്‌ മാസ്റ്ററുടെ മുമ്പിൽനിന്നും പരുക്കേൽക്കാതെ രക്ഷപ്പെടാൻ കഴിയുമെന്നയാതൊരു ബോധ്യവുമുണ്ടായിട്ടല്ല. സത്യത്തിൽ മാസ്റ്റർക്ക്‌ പുറംകാണിക്കാൻ തയ്യാറായി തന്നെയാണ്‌ കമ്മറ്റിക്കാർ മാസ്റ്ററുടെ വീട്ടിലെത്തിയതുതന്നെ.

പിന്നെ മാസ്റ്ററുടെ കൂട്ടവെടിയാണ്‌ അവടെ നടക്കുക. ഏതാണ്ട്‌ താഴെ കാണും പ്രകാരമുള്ള ഒരു “മെതി"യാണ്‌ മാസ്റ്റർ നടത്തിയത്‌.

ദിക്റ്‌ ചെല്ലുന്നത്‌ നല്ലതാണ്‌. ഒന്നിച്ചിരുന്ന്‌ ചൊല്ലുന്നതും ഒരുപക്ഷേ നല്ലതായിരിക്കാം. അല്ലാഹുവിനോട്‌ പ്രാർത്ഥിക്കൽ അത്യാവശ്യവുമാണ്‌ സജ്ജനങ്ങൾ ഒന്നിച്ചിരുന്ന്‌ ആരാധനകൾ നടത്തി ഭക്തിനിർഭരരായ അന്തരീക്ഷത്തിൽ അല്ലാഹുവിനോട്‌ അകമഴിഞ്ഞ്‌ പ്രാർത്ഥിക്കുന്നത്‌ ആത്മശാന്തിക്ക്‌ കാരണമാണ്‌. എല്ലാം നല്ലതുതന്നെ. അതൊരു സ്വർണ്ണ തളികയാണ്‌. അതിന്റെ ഓട്ടകാണാൻ നമ്മുടെ "മനോദൃഷ്ട്ടി“കൾക്ക്‌ കണ്ണടവേണം. അകം കണ്ണുകുരുടായാൽ “കർണ്ണക്കോല്" കുത്തുന്നത്‌ അസ്ഥാനത്തായിരിക്കുകയും ചെയ്യും.

"നിങ്ങൾ മുഷിയരുത്‌ ഇതെല്ലാം ഞാൻ ഇഷ്ടപ്പെടുന്നതോടുകൂടി, നിങ്ങളേയും ഇഷ്ടപ്പെടുന്നതിനാൽ സ്വന്തം അനുഭവവും അറിവും ഞാൻ തുറന്നു പറയുന്നത്‌ നിങ്ങൾ ഇഷ്ടപ്പെടുമെന്ന്‌ വിശ്വസിക്കുന്നു".

നിങ്ങൾ എല്ലാവരും എല്ലാ ഞായറാഴ്ചയും നമ്മുടെ പള്ളിയിൽ ദിക്റ്‌ ചൊല്ലാൻ കൂടുന്നുണ്ട്‌ എന്ന്‌ എനിക്കറിയാം. നിങ്ങളാരെങ്കിലും പുറത്തുനിന്ന്‌ ഈ ദിക്റ്‌ കേട്ടിട്ടുണ്ടോ? ഒരു ഞായറാഴ്ച പള്ളിയിൽ മുറ്റത്തിന്റെ ഒരു മൂലയിൽ നിന്നുകൊണ്ട്‌ അവിടെ നടക്കുന്ന ദിക്റിന്റെ ആരവം ഒന്ന്‌ ശ്രദ്ധിക്കുക. അപ്പോൾ അത്‌ മനസ്സിലാകും. ഞാൻ എല്ലാ ദിക്റ്‌ നാളും കുറച്ചുനേരം ദിക്റ്‌ കേട്ട്‌ മുറ്റത്ത്‌ നിൽക്കാറുണ്ട്‌. ചിലപ്പോൾ ഞാൻ ഭാര്യയെ വിളിച്ചുണർത്തി അൽപനേരം അത്‌ കേൾപ്പിക്കുകയും ചെയ്യും. കേട്ട്‌ ആനന്ദിക്കാനും ആസ്വദിക്കാനുമല്ല; മറിച്ച്‌ വേദനിക്കാനും വിഷമിക്കാനും. അവിടെ നിന്നും പുറപ്പെടുന്ന ഇരമ്പൽ, തേങ്ങൽ, ഓരിയിടൽ, കൂവൽ, പൊട്ടിത്തെറികൾ, അട്ടഹാസങ്ങൾ, അപശബ്ദങ്ങൾ എല്ലാംകൂടി എന്തൊരു ബഹളം. പറയുന്ന ഒരു പദവും വ്യക്തമല്ല. ഓരോ വ്യക്തിയും പദം വ്യക്തമായി ഉച്ചരിക്കുന്നില്ലെന്ന്‌ മാത്രമല്ല പദത്തിന്റെ ചില അക്ഷരത്തിന്മേൽ കദിന വെച്ചു പൊട്ടിക്കുന്നു. പലരും പല തരത്തിലായിരിക്കും കതിന ഫിറ്റ്‌ ചെയ്തിട്ടുണ്ടാകുക. പല അപശബ്ദങ്ങളും പലരും പുറപ്പെടുവിക്കുന്നു. ഇതെല്ലാം പുറത്തുനിന്ന്‌ ശ്രദ്ധിക്കുന്ന ഒരു ശ്രോദ്ധാവിന്റെ ഹൃദയത്തിൽ സൃഷ്ടിക്കുന്ന വികാരം എന്തായിരിക്കും; ഭജനയോ, കീർത്തനമോ, നാമോച്ഛാരണമോ ആരാധനയോ ഒന്നും ഹീന പദങ്ങൾകൊണ്ടു വർണ്ണിക്കപ്പെടുന്ന ശബ്ദകോലാഹലം. പെന്തക്കോസ്ത്‌ കൃസ്ത്യാനികൾക്ക്‌ പ്രാർത്ഥനയുടെ അന്തൃഘട്ടത്തിൽ “പരിശുദ്ധാത്മാവ്‌” ദേഹത്തിൽ കയറുമത്രേ. പിന്നെ ആർക്കും അറിയാത്ത ഭാഷയിൽ, എല്ലാവരും എന്തൊക്കെയോ പറഞ്ഞു തുടങ്ങും. എന്തോ ബഹളമാണെന്ന്‌ തെറ്റിദ്ധരിച്ച്‌ ഞാൻ അതിന്റെ ഉറവിടസ്ഥാനത്തേക്ക്‌ ഓടിയെത്തേണ്ടി വന്നിട്ടുണ്ട്‌ . ഏതാണ്ട്‌ അതിനോട്‌ കിടപിടിക്കുന്ന ശബ്ദധോരണിയാണ്‌ നമ്മുടെ ദാക്കിരീങ്ങളുണ്ടാക്കുന്നത്‌.

മര്യാദക്ക്‌ ദിക്റ്‌ ചൊല്ലുന്നവരുണ്ടാകാം. ഞാൻ ഒരിക്കൽ ഈ സദസ്സിനെ പള്ളിമുറ്റത്ത്‌ നിന്ന്‌ വീക്ഷിക്കയുണ്ടായി. അധികം ആളുകൾക്കും ഹാലിളകിയമാതിരിയാണ്‌. അത്യധികം ഉച്ചത്തിൽ ശബ്ദിക്കുന്നതോടൊപ്പം ദേഹം കൊണ്ട്‌ എന്തൊക്കെ കോപ്രായങ്ങളാണ്‌ കാണിച്ചുകൂട്ടുന്നത്‌.?പതുക്കെയുള്ള ആട്ടം ഒരു സുഖമാണ്‌. ഉടലും, തലയും, കയ്യും എല്ലാം അർത്ഥശുന്യമായി അങ്ങോട്ടും ഇങ്ങോട്ടും ഉലക്കുന്നതോടൊപ്പം ഒരു തരം കുതിപ്പും ചാട്ടവും! ചിലപ്പോൾ കിഴക്കോട്ട്‌ തിരിഞ്ഞിരുന്നിരുന്ന ആൾ തെക്കോട്ട്‌ തിരിഞ്ഞിരിക്കുന്നുണ്ടാകും. ശാരീരിക ചലനത്തിന്റെ സ്വഭാവം ഇതിൽ നിന്നും ഊഹിക്കാം. ഇത്തരം വേഷംകെട്ട്‌ ദിക്റ്‌ അനുവദനീയമോ, ആശ്വാസമോ, അനുകരണീയമോ ആദരണീയമോ ആണോ? ശരീരവസ്ത്രവും ശരീരപ്രകൃതിയനുസരിച്ച്‌ ക്രമപ്രകാരം മുറപ്രകാരം ശാസ്സ്വോച്ഛാസം ചെയ്യാതെ വീർപ്പുമുട്ടികൊണ്ട്‌ തുടർച്ചയായ ശരീരചലനവും ഉച്ചസ്ഥായിയായുളള ഒച്ചപ്പാടും എല്ലാം കൂടി ഈ ഭക്തന്മാരെ കാലക്രമത്തിൽ ഹൃദ്രോഗികളോ ശ്വാസകോശ രോഗികളോ ആക്കിത്തീർക്കുമെന്ന്‌ ഭയപ്പെടേണ്ടിയിരിക്കുന്നു. ഒരാണ്ട്‌ രാവിന്റെ ഭജന-ഭക്ഷണാദികളുടെ മൊത്തം ഗുണഫലമായി ഒരു ഭക്തൻ രണ്ടാഴ്ച കിടപ്പിലായ വിവരം എനിക്കറിയാം. അതിന്റെ മരുന്നും ഡോക്ടർ ഫീസും ദിക്റിലേക്ക് സംഭാവനയും നേർച്ചയും എല്ലാംകൂടി ഒരു മാസത്തെ തേങ്ങാപിരിവ്‌ പോയതറിഞ്ഞില്ല. എന്ന്‌ അദ്ദേഹം വേദനിച്ച്‌ ഫലിതമായി പറയുകയുണ്ടായി.

“ഇനി ഒരുവശമുളളത്‌, ഇത്ര ഉച്ചത്തിൽ തസ്‌ബീഹ്‌ ചൊല്ലേണ്ടതുണ്ടോ എന്നാണ്‌. ഉച്ചത്തിൽ ചൊല്ലാൻ പാടുണ്ടോ എന്നാണ്‌ ചിന്തിക്കേണ്ടത്‌. അല്ലാഹുതആല ബധിരനല്ലല്ലോ. ആര്‌ കേൾക്കാൻ വേണ്ടിയാണ്‌ ഈ അമിതസ്വരം? അധികസ്വരം? സ്വരബാഹുല്യം? സ്വരബഹളം? അല്ലാഹു പറയുന്നു.” “വനഹ്നു അഖ്റബുഇലൈഹി മിൻ ഹബ് ലിൽവരീദ്‌" മനുഷ്യന്റെ കണ്ഠത്തിലെ രക്തധമനിയേക്കാൾ കൂടുതൽ അവനോടു അടുത്തിട്ടാണ്‌ നാം നിലകൊളളുന്നത്‌. വീണ്ടും അല്ലാഹു പറയുന്നു. “ഉദ്‌ഊ റബ്ബക്കും തളർറുഅൻ വഖുഫ്യതൻ” (സങ്കടപ്പെട്ടുകൊണ്ടും രഹസ്യമായും നിങ്ങളുടെ റബ്ബിനെ വിളിച്ച്‌ പ്രാർത്ഥിക്കുക) ഇനിയും അല്ലാഹുവിന്റെ വചനങ്ങൾ കേൾക്കുക. “കുൽ, ഇൻ തുഖ്ഫൂ മാ ഫീ സ്വുദൂരിക്കും ഓ തുബ്ദൂഹൂ യഅലംഹുളളാഹു (ഓ നബി, ജനങ്ങളോട്‌ പറയുക നിങ്ങളുടെ ഹൃദയങ്ങളിലുള്ളത്‌ നിങ്ങൾ മറച്ചുവെച്ചാലും വെളിപ്പെടുത്തിയാലും അല്ലാഹു അറിയും) " വഹുവള്ളാഹൂ ഫിസ്സമാവാത്തി വഫിൽ അർളി യഅലമു സിർറക്കും വളുഹ്റക്കും വയഅലമു മാതക്സിബൂൻ” (ആകാശങ്ങളിലും ഭൂമിയിലും അവൻ തന്നെയാണ്‌ അല്ലാഹു. അവൻ നിങ്ങളുടെ രഹസ്യവും പരസ്യവും അറിയുന്നു. നിങ്ങൾ എന്തെല്ലാം സമ്പാദിക്കുന്നുണ്ടോ അതും അവനറിയുന്നു.

"സവാഉൻ മിൻകും മൻ അസർറൽ ഖൗല വമൻ ജഹറ ബിഹി വമൻ ഹുവ മുസ്തഖ്‌ ഫിൻ ബില്ലൈലി വസാരിബുൻ ബിന്നഹാർ” (നിങ്ങളുടെ കൂട്ടത്തിൽ രഹസ്യമായി സംസാരിക്കുന്നവനും പരസ്യമായി സംസാരിക്കുന്നവനും രാവിന്റെ കൂരിരുട്ടിൽ മറഞ്ഞിരിക്കുന്നവനും പകൽ പുറത്തിറങ്ങി സഞ്ചരിക്കുന്നവനുമെല്ലാം അവന്റെ ദൃഷ്ടിയിൽ ഒരേ തരക്കാരാകുന്നു.

“യഅലമു മാഫിസ്സമാവാത്തി വൽ അർളി വയഅലമു മാ തുസിർറൂന വമാതുഅലി നൂൻ. വളളാഹു അലീമുൻ ബിദാത്തിസ്വുദൂർ” (ആകാശ ഭൂമിയിലുള്ള എല്ലാ കാര്യങ്ങളും അവൻ അറിയുന്നുണ്ട്‌. നിങ്ങൾ രഹസ്യമായി വെക്കുന്നതും പരസ്യമാക്കുന്നതുമെല്ലാം അവൻ അറിയുന്നു. ഹൃദയങ്ങളിലുളള വിചാരങ്ങൾ പോലും നല്ലപോലെ അറിയുന്നവനാണ്‌ അല്ലാഹു.

അല്ലാഹുവിന്റെ ഈ സിഫത്തുകളെ കുറിച്ചു ബോധവാന്മാരായ നിങ്ങളാണോ ഈ ശബ്ദകോലാഹലം സൃഷ്ടിച്ചുകൊണ്ട്‌ അല്ലാഹുവിനെ സ്മരിക്കുന്നത്‌. ഇതിനേക്കാൾ കൂടുതൽ അത്ഭുതകരമായ വല്ല അത്ഭുതവും ഈ ദുനിയാവിലുണ്ടോ? നിങ്ങളുടെ കാര്യത്തിൽ വിശ്വാസത്തിൽ ഞാൻ അതിശയിക്കുകയും സഹതപിക്കുകയും ചെയ്യുന്നു. അല്ലാഹു തആല ബധിരനല്ല എന്ന്‌ വിശ്വസിക്കുക.

ഇനിയൊരുകാര്യംം ഇവിടെ ഹൽഖ സ്ഥാപിച്ചത്‌ ആലിമുൽ അല്ലാമ ഇബ്നുഅലി കുത്തുബുദ്ദീൻ ഫിലൂസി എന്ന പണ്ഡിതനാണ്‌. ഇവിടെ പിരിയുന്ന സംഖ്യയിൽനിന്ന്‌ ഭീമമായ ഒരു ഭാഗം അദ്ദേഹത്തിന്‌ കൊടുക്കുന്നുണ്ട്‌. അതിന്റെ ആവശ്യമെന്ത്‌? അദ്ദേഹത്തിന്‌ അതിനുളള അവകാശമോ അർഹതയോ എന്ത്‌? സ്ഥാപകനെന്ന നിലയിലോ? അല്ലാഹുവിന്റെ തസ്‌ബീഫ്‌ ചൊല്ലുന്നതിന്‌ അദ്ദേഹത്തിന്റെ സ്ഥാപിക്കലോ അനുവദിക്കലോ ആവശ്യമുണ്ടോ? നാം ദിക്റ്‌ചൊല്ലാൻ അദ്ദേഹത്തിന്റെ ലൈസൻസ്‌ വാങ്ങണോ? അദ്ദേഹത്തിന്‌ ഫീസ്‌ കൊടുക്കണോ; അല്ലാഹു കൽപ്പിച്ചതും റസൂൽ പഠിപ്പിച്ചതുമാണ്‌ ദിക്റ്‌, സ്വലാത്ത്‌ മുതലായ ഉച്ചാരണാരാധനകൾ. അവിടെ അദ്ദേഹത്തിനുള്ള സ്ഥാനമെന്ത്‌? ദിക്റിന്റെ സോൾ ഏജന്റോ, മൊത്തം കോൺട്രാക്‌റോ ആണോ അദ്ദേഹം? അദ്ദേഹം ഹൽഖ സ്ഥാപിച്ചില്ലെങ്കിൽ നമുക്ക്‌ ആർക്കും തനിച്ചോ കൂട്ടായോ അല്ലാഹുവിന്‌ തസ്ബീഹ്‌ ചെയ്യാൻ പാടില്ലെന്നുണ്ടോ? നിങ്ങളുത്തരം പറയണം.”

ഈ പണ്ഡിതന്മാരെല്ലാം ഇത്രയും ശാരീരിക ക്ലേശം സഹിച്ച്‌ ഇവിടെ വന്നിരുന്ന്‌ ഉറക്കം വെടിഞ്ഞ്‌ ഇതിലൊക്കെ പങ്കെടക്കുന്നത്‌ അല്ലാഹുവിൽ നിന്നുളള പുണ്യത്തിന്‌ വേണ്ടിയോ അതല്ല ഹുസ്നുദ്ദീൻ കൊടുക്കുന്ന പൊതിക്ക്‌ വേണ്ടിയൊ? ഈ പൊതിയും മേന്മയുള്ള ഭക്ഷണവുമില്ലെങ്കിൽ ആ “സാദാത്തു”ക്കളുടെ പൊടി ഇവിടെ കാണുമോ? ഞാനവരെ അപഹസിക്കുകയല്ല. ഒരു പക്ഷേ അവരുടെ പരിതസ്ഥിതി ഇതിനവരെ പ്രേരിപ്പിക്കുകയുണ്ടാകും. അല്ലാതെ തസ്ബീഹ്‌ ചെയ്ത പുണ്യം നേടാൻ ഇത പ്രയാസപ്പെട്ടു അന്യനാട്ടിലെ പളളിയിലേക്ക്‌ ഒരു “സാദാത്തും" യാത്ര പോകയില്ല. മക്കത്തും മദീനത്തും പളളികളിലേപോലെ ചോദ്യത്തിനുത്തരം കിട്ടുന്ന (പത്യേകസ്ഥാനമൊന്നും നമ്മുടെ പളളികൾക്കില്ലല്ലോ? ഇവിടെയുള്ളത്‌ പൊതി വിതരണം നടത്തുന്ന കമ്മറ്റി മാത്രമാണ്‌.

അല്ലാഹു എല്ലാ ചരാചരങ്ങളുടെയും അന്ന ദാതാവാണ്‌. ഓരോരുത്തർക്കും അല്ലാഹു ഓരോ മാർഗ്ഗങ്ങൾ സാകര്യപ്പെടുത്തി കൊടുക്കുന്നു. വ്യക്തികളുടെ ധനാഗമ മാർഗ്ഗങ്ങളെപ്പറ്റിയോ ജീവിതസന്ധാരണത്തെപ്പറ്റിയോ ചിന്തിക്കയാണെങ്കിൽ അത്‌ തൗഹീദിന്റെ വിജ്ഞാനമേഘലയിൽ നമ്മെ സഞ്ചരിപ്പിക്കും. നമ്മുടെ ഫുലൂസി മുസ്ല്യാരുടെ ജീവിത വരുമാനം നോക്കൂ. അല്ലാഹു പല മഹല്ലുകളിലും ഹുസ്‌നുദ്ദീൻ പോലെയുളള പ്രസിഡണ്ടുമാരെ ആക്കിയിട്ടുണ്ട്‌. അവരെല്ലാം തന്നെ വർഷം തോറും ദിക്റിന്റെ കമ്മീഷനായോ, ദൈവസ്മരണാനുവാദ ലൈസൻസിന്റെ ഫീസായോ നല്ലൊരു തുക അദ്ദേഹത്തിന്‌ ചെലുത്തുന്നു. മറ്റു തൊഴിലെടുത്ത്‌ സമ്പാദിക്കാൻ ശീലിച്ചിട്ടില്ലാത്ത അദ്ദേഹം ജീവിക്കുന്നു. ഈ പ്രസിഡണ്ടുമാരും മഹല്ല്‌ നിവാസികളും, ബുദ്ധിപൂർവ്വം, യുക്തിപൂർവ്വം ചിന്തിക്കാൻ തുടങ്ങിയാൽ പിന്നെ ഹൽഖയുണ്ടോ? സ്ഥാപകരുണ്ടോ? ദിക്റ്ഉണ്ടോ? സാദാത്തിങ്ങളുണ്ടോ? സാലിഹീങ്ങളുണ്ടോ?

ഒരു പണ്ഡിതൻ പറഞ്ഞത്‌ നിങ്ങൾ കേട്ടിട്ടുണ്ടോ? വത്ത്വൈറു ഫീ ജവ്വിസ്സമാഇ ബിരിസ്ഖിഹീ വൽഹൂത്തു വസ്ത്വൽ ബഹ്രി മാ യൻസാഹു വകദാലിക്കൽ വഹ്ശുൽ മുശർറദു ഫിൽ ഫലാ യസ്‌ആ ഇലൈഹിർരിസ്ഖു നഹ്വ ഫലാഹു.

ആകാശത്തിത്തിൽ വിഹരിക്കുന്ന പറവകളും ആഴക്കടലിൽ കഴിഞ്ഞുകൂടുന്ന ജലജീവികളും പാഴ്ഭൂമിയിൽ അലഞ്ഞു തിരിയുന്ന ജന്തുക്കളും അല്ലാഹു നൽകുന്ന അന്നംകൊണ്ട്‌ ജീവിക്കുന്നു. അല്ലാഹു ഒരു ജീവിയേയും മറക്കുകയില്ല. ആ ജീവികൾക്കുളള ഇര അവരുടെ അടുത്തേക്ക്‌ പാഞ്ഞെത്തുന്നതാണ്‌.

യഅദ്ദീ ഇലൈക്ക വലാ

ഫീജബ്ഹത്തിൽ അസദീ.

നിനക്കുള്ള ഭക്ഷണം, നീ സിംഹപ്പുറത്ത്‌ ഇരിക്കുകയാണെങ്കിൽ തന്നെ, നിന്റെ അടുത്തേക്ക്‌ വന്നുചേരുന്നതാണ്‌. നമ്മളൊക്കെ കഴിച്ചുകൂട്ടുന്ന മാർഗ്ഗം ചിന്തിച്ച്‌ നോക്കിയാൽ അത്ഭുതം തന്നെയാണ്‌. അല്ലാഹുവിന്‌ സ്തുതി.

“എനിക്ക്‌ മന:ക്ലേശത്തിന്‌ ഹേതുവാക്കുന്ന മറ്റൊരു വശമുണ്ട്‌. നമ്മളൊക്കെ ഈ നാട്ടുകാരാണ്‌. ഈ നാട്ടിലെ ജനങ്ങളേയും അവരുടെ ചുറ്റുപാടുകളും നമുക്കറിയാം. അവശതയിൽ കഴിയുന്ന എത്രയോ മുസ്‌ലീം സഹോദരന്മാർ ജീവിക്കുന്ന ഒരു പ്രദേശമാണിത്‌. സന്താനങ്ങളില്ലാതെ, വരുമാന മാർഗ്ഗമില്ലാതെ, സ്വജനങ്ങളേയും മറ്റു മുസ്ലീംകളേയും മാത്രം ആധാരമാക്കി ദിവസങ്ങൾ തള്ളിനീക്കുന്ന എത്ര വൃദ്ധദമ്പതിമാരുണ്ട്‌. വിവാഹ പ്രായമെത്തിയ മൂന്നും നാലും പെൺസന്തതികളുള്ള നിർദ്ധനരായ കുടുംബനാഥന്മാരുമുണ്ട്‌. ചികിത്സക്ക്‌ ആവശ്യമായ പണമില്ലാതെ ക്ലേശിച്ചു കഴിയുന്ന നിത്യരോഗികളുമുണ്ട്‌. ഇത്‌ കൂടാതെ മറ്റു ദുരിതങ്ങളുടെ പേരിലും ജനസഹായം അർഹിക്കുന്ന എത്രയോ സഹോദരന്മാരുണ്ട്‌. ഇവരോട്‌ തൊട്ടുരുമ്മിത്തന്നെ ക്ഷേമത്തിലും ഐശ്വര്യത്തിലും കഴിയുന്ന ധനികരും ഗൾഫ്‌ ജീവനക്കാരും കഴിഞ്ഞുകൂടുന്നു. ഈ നാട്ടുകാരുടെ ധനശേഷി ഉപയോഗപ്പെടുത്തി ഈ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗത്തെ സംരക്ഷിക്കണമെന്ന തോന്നൽ കമ്മറ്റിയിൽ ആർക്കും ഉണ്ടാവാത്തത്‌ അത്ഭുതം തന്നെ. ആതുരശുശ്രൂഷാപരമായ അനേകം അടിയന്തിര സേവനങ്ങൾ ചെയ്യാനുള്ള രംഗങ്ങൾ ഇവിടെ അവഗണനയിൽ കിടക്കുമ്പോൾ അതിന്‌ വിനിയോഗിക്കേണ്ടുന്ന ധനശേഖരം ഈ ദിക്റിന്റെ പേരിൽ കുറച്ചു സദാത്തുക്കൾക്ക്‌ വീതിച്ചു കൊടുക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്‌ ? ഏത്‌ കാര്യത്തിനാണ്‌ മുൻഗണന കല്പിക്കേണ്ടതെന്നറിയാതെ ഈ നാട്ടുകാരുടെ ധനശേഷി ഇങ്ങനെ വഴിവിട്ടു ഒഴുക്കി കളയുന്ന നിങ്ങളുടെ ഈ ആസൂത്രണം ന്യായീകരിക്കാൻ കഴിയുമോ? നിങ്ങളുടെ ഈ അദ്ധ്വാനം പാവങ്ങളെ സംരക്ഷിക്കുന്നതിന്‌ വിനിയോഗിക്കയാണെങ്കിൽ അതായിരിക്കും അല്ലാഹുവിങ്കൽ കൂടുതൽ പുണ്യകരമായ ദൈവസ്മരണയെന്നാണ്‌ എന്റെ വിനീതമായ അഭിപ്രായം. പാത്രമറിഞ്ഞു ദാനം ചെയ്യണം. സദഖ അർഹിക്കുന്നവർക്ക്‌ കൊടുക്കണം. ധനികന്‌ വിളമ്പുന്നത്‌ വിരുന്നാണ്‌.”

ഇത്പോലെ കഠിന കഠോരങ്ങളായ എത്രയോ വിമർശനങ്ങൾ കേട്ടുതഴമ്പിച്ച കർണ്ണപുടങ്ങളുടെ ഉടമകളായ കമ്മറ്റിക്കാർ ഒന്ന് ഉരിയാടാനില്ലാതെ വിളറിയ മുഖവുമായി മാസ്റ്റരുടെ അടുത്ത വാചകവും പ്രതീക്ഷിച്ച്‌ നിർജ്ജീവരായി നിൽക്കുകയേയുള്ളൂ. മാസ്റ്റരുടെ “കലി "യിറങ്ങി വായ അടങ്ങി എന്ന്‌ കണ്ടാൽ മാത്രം ഹുസ്‌നുദ്ദിന്റെ കാലാടുകയായി. പിന്നാലെ കൂട്ടുകാരും.

ബുർഹാൻകുട്ടിമാസ്റ്റർ അക്ഷരാർത്ഥത്തിൽ പൊട്ടിത്തെറിച്ചത്‌ “യാകുത്വബ” ആണ്ടിൻെറ പിരിവിന്‌ കമ്മിറ്റിക്കാർ മാസ്റ്റരുടെ വീട്ടിലെത്തിയപ്പോഴാണ്‌. പൊട്ടിത്തെറിച്ചത്‌ മാസ്റ്റരാണെങ്കിലും ഇടിഞ്ഞുപൊളിഞ്ഞ്‌ തകർന്നു തരിപ്പണമായത്‌ ആഘാതമേറ്റ കമ്മറ്റിയാണ്‌. “അല്ലയോ മുശ്രികീങ്ങളേ വരുവിൻ” എന്ന സംബോധനയോടെ മാസ്റ്റരുടെ ബോംബുവർഷം ആരംഭിച്ചപ്പോൾ തന്നെ കമ്മറ്റിക്കാരുടെ ജീവൻപോയി. കൊലപാതകത്തിനിരയാവാൻ തയ്യാറെടുത്തു കൊണ്ടു തന്നെ അവർ ഉപവിഷ്ടരായി.

“ഹദ്ദാദിശൈഖിൻെറ മുരീദന്മാരായ നിങ്ങൾക്ക്‌ വേറൊരു ശൈഖും കൂടി സംരക്ഷണത്തിന്‌ ആവശ്യമുണ്ടോ?" എന്ന്‌ മാസ്റ്റർ ചോദിച്ചപ്പോൾ തോൽവി സമ്മതിച്ച ഭാവത്തിൽ പതുങ്ങിയ സ്വരത്തിൽ ഹുസ്‌നുദ്ദീൻ പറഞ്ഞു.

“നമ്മുടെ പതിവ്‌ ചടങ്ങല്ലേ? അതിന്‌ നമ്മൾ മുടക്കം നിന്ന്‌ എന്ന്‌ ജനങ്ങളെകൊണ്ട്‌ പുരാതി പറയിപ്പിക്കണ്ട. ഇങ്ങനെ ഓരോ കേറോഫിൽ നാട്ടുകാർ പള്ളിയിൽ ഒന്നിച്ച്‌ സമ്മേളിച്ച്‌ നല്ലതെന്തെങ്കിലും ചൊല്ലിപ്പറഞ്ഞു ഒരു പന്തി ഭോജനവും നടത്തിയാൽ നാട്ടുകാർ തമ്മിലുള്ള സൗഹൃദം ഒന്നു പുതുക്കി കിട്ടുമല്ലൊ?

ഹുസ്നുദ്ദീൻ പ്ലാനിട്ടുതന്നെയാണ്‌ ഈ മൂർച്ചയില്ലാത്ത മറുപടി പറഞ്ഞത്‌.മുശ്‌രിക്ക്‌ എന്നുവിളിച്ചതിനും ശൈഖിന്റെ സംരക്ഷണം എന്ന്‌ സൂചിപ്പിച്ചതിനും പ്രതികരിക്കാതെ ഒഴിഞ്ഞത്‌ മാസ്റ്റർ സ്വയം അടങ്ങികൊള്ളട്ടെ എന്ന്‌ കരുതിയുംകൊണ്ടാണ്‌. മാസ്റ്ററാവട്ടെ വികാരമർദ്ദത്തിന്റെ പാരമ്യത്തിൽ വിസ്‌ഫോടനം സംഭവിക്കാതിരിക്കാൻ അമിതാവേശങ്ങളിൽ തുടിച്ചുനിൽക്കുകയാണ്‌. മാസ്റ്ററിട്ട കൊളുത്തിൽ ശരിക്കും കുരുങ്ങാതെ ഹുസ്നുദ്ദീൻ മാറുന്നത്‌ മാസ്സ്റർ മനസ്സിലാക്കി. എര കൊത്തിക്കാതെ ചൂണ്ടൽ നീക്കാൻ മാസ്റ്റർ ഏതായാലും ഒരുക്കമല്ല. മാസ്റ്റർ ഏറ്റുപിടിച്ചു.

“എടോ ഹുസ്‌നുദ്ദിനേ, പരമ്പര പരമ്പരയായി, തലമുറ തലമുറയായി ഗോത്രപക വെച്ചുപുലർത്തി, നിരന്തരം യുദ്ധവും കലഹവും നടത്തി, അന്യോന്യം നിതൃശത്രുത നിലനിർത്തിപോന്ന ഔസ്‌, ഖസ്റജ്‌ ഗോത്രങ്ങളെ നബി (സ) ചേർത്തിണക്കി രഞ്ജിപ്പിച്ച്‌ സഹോദരന്മാരാക്കി പരിവർത്തിച്ചു. അതിന്‌ എത്ര ഖോജാക്കളുടെ സ്വാധീനവും ശക്തിയും വേണ്ടിവന്നു എന്നറിയാമോ? ഇവിടെ ഈ കൊച്ചുപ്രദേശത്ത്‌ ശാന്തരായിക്കഴിയുന്നതിന്‌ അല്പം വ്യക്തികളുടെ സൗഹൃദം വളർത്തിയെടുക്കാൻ - പുതുക്കാൻ- ദൈവതുല്യനായ ഒരു ശൈഖും രുചികരമായ ഒരു സദ്യയും അനുപേക്ഷണീയമായിതീർന്നിരിക്കുന്നു! ശൈഖിനോ സദ്യക്കോ കൂടുതൽ മഹത്വം.”

ഹുസ്നുദ്ദിനും കൂട്ടുകാരും ഒരു വിഡ്ഡിച്ചിരി ചിരിച്ചു. ഹുസ്നുദ്ദീൻ പറഞ്ഞു.

“എന്ത്‌ ചെയ്യാനാണ്‌ മാസ്റ്ററേ, പണ്ഡിതൻന്മാരുടെ അനുവാദത്തോടെയും ആശീർവാദത്തോടെയും അവലോകനത്തോടെയും നടത്തപ്പെടുന്നതല്ലേ "യാകുത്ത്ബ" മുഹിയുദ്ദീൻ ശൈഖിന്റെ അമാനുഷിക ശക്തികളും കഴിവുകളും വർണ്ണിച്ച്‌ , വിവരിച്ച്‌, ശൈഖ്‌ അവറുകളുടെ തണലും തുണയും തേടുന്ന അനുഗ്രഹീതമായ പുണ്യകർമമാണ്‌ "യാകുത്ത്ബ" എന്ന്‌ ഈ ആലിമീങ്ങൾ പറയുമ്പോൾ നമ്മൾ എങ്ങിനെ അതിന്‌ വഴിപ്പെടാതിരിക്കും? പൊതുമുസ്‌ലിംങ്ങൾക്ക്‌ താത്പര്യമുളള വിഷയത്തിൽ എങ്ങിനെ സഹകരിക്കാതിരിക്കും

ബുർഹാൻ കുട്ടി മാസ്റ്ററുടെ "ഫ്യൂസ്‌" ഇപ്പോൾ ശരിക്കും പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ സ്ഫോടനം, വികാര വിക്ഷോഭം, ഏതാണ്ടിങ്ങനെയായിരുന്നു.

"സുബഹാനള്ളാ, എന്റെ പ്രിയപ്പെട്ട സഹോദരാ ആലിമീങ്ങൾ പഠിപ്പിച്ചത്‌ പൊതുമുസ്ലിംകളുടെ താല്പര്യം എന്നൊക്കെ ഈ ലോകത്തിൽ ജനങ്ങളോട്‌ എന്നല്ല, എന്നെപ്പോലെയുളള ദോഷൈകതൃക്കുകളോടു പറഞ്ഞുനിൽക്കാൻ നിങ്ങൾക്ക്‌ ഉപകരിക്കും. എന്നാൽ അല്ലാഹുവിൻെറ മുമ്പിൽ ഇവയൊന്നും നിങ്ങൾക്ക്‌ കവചങ്ങളായി ഉപയോഗപ്പെടുകയില്ല. വിശേഷ ബുദ്ധിയോടുകൂടി പടക്കപ്പെട്ട നിങ്ങൾ നിങ്ങളുടെ പ്രവൃത്തികൾക്ക്‌ ഉത്തരം പറയേണ്ടിവരും. നിങ്ങൾ ചെയ്യുന്ന അബദ്ധം എന്താണെന്ന്‌ നിങ്ങൾക്കറിയില്ല. യാകുത്വബയുടെ അർത്ഥം അറിയാൻ മാത്രം അറബിഭാഷാപരിജ്ഞാനം നിങ്ങൾക്കാർക്കും ഇല്ലെന്ന്‌ എനിക്കറിയാം. മുഹ്യദ്ദീൻ മാല നിങ്ങൾ പാടി ഉണ്ടാക്കും. അതിൻെറ അർത്ഥം അറിയില്ലെന്ന്‌ നിങ്ങൾക്ക്‌ പറഞ്ഞൊഴിയാൻ പററുകയില്ല. അതേ സ്വഭാവത്തിൽ അറബി ഭാഷയിലുള്ള മാലയാണ്‌ യാകുത്വബ. മുഹ്‌യുദ്ദീൻ ശൈഖിൽ അമാനുഷിക (ദൈവീക) ശക്തികൾ ആരോപിക്കുന്നതാണ്‌ മാലപ്പാട്ട്‌. അത്തന്നെയാണ് ബൈത്തിലും കടുകട്ടി ശിർക്കാണ്‌ രണ്ടിലും. നിങ്ങൾ മുഖം ചുളിക്കണ്ട. ഞാൻ മുസ്ലിയാരല്ലാത്തതിനാൽ എൻെറ വാക്ക്‌ നിങ്ങൾക്ക്‌ സ്വീകാര്യമാകയില്ലെന്ന്‌ എനിക്കറിയാം. എങ്കിലും കാര്യങ്ങളെല്ലാം കേൾക്കുകയും പറ്റിയത്‌ സ്വീകരിക്കുകയും ചെയ്യണമെന്നാണല്ലൊ ഖുർആന്റെ നിർദേശം ശ്രദ്ധിക്കാൻ നിങ്ങൾ ബാധ്യസ്ഥരാണ്‌”.

അല്ലാഹുവിൻെറ മാത്രം അനുഗ്രഹവും സംരക്ഷണവും നിങ്ങൾക്ക്‌ പോരാ. അതിലെ പോരായ്മ പരിഹരിക്കാൻ മുഹ്യുദ്ദീൻ ശൈഖിന്റെ അനു ഗ്രഹവും കാവലുംകൂടി വേണമെന്ന്‌ നിങ്ങൾ ആഗ്രഹിക്കുന്നു. അല്ലെങ്കിൽ ശൈഖിൻെറ അമാനുഷികതയിൽ മുസ്ലീംകൾ വിശ്വസിക്കണമെന്നും ശൈഖിൻെറ സംരക്ഷണം മുസ്ലീംകൾക്ക്‌ അനുപേക്ഷണീയമാണെന്നും "പണ്ഡിതന്മാർ" നിങ്ങളെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നു. നിങ്ങൾ നിർവിശങ്കം അങ്ങനെ വിശ്വസിക്കുകയും അതനുസരിച്ച്‌ പ്രവർത്തിക്കുകയുംചെയ്യുന്നു. ഒരു വെടിക്ക്‌ രണ്ടുപക്ഷി; ഇരട്ട ശിർക്ക്‌.

“ആദിയ്യിബ്നു ഹാജിയുമായി നബി(സ) നടത്തിയ സംഭാഷണം നിങ്ങൾ അറിഞ്ഞിരിക്കും.“ഇത്തഖദുഅഹ്ബാറക്കും വറുഹ്ബാനക്കും അർബാബൻ മിൻദൂനില്ലാഹി....." എന്നാണ്‌ ഖുർആനിൽ ആ വസ്തുത രേഖപ്പെടുത്തിയിരിക്കുന്നത്‌.ജൂതന്മാരും ക്രിസ്താനികളും അവരുടെ പുരോഹിതന്മാരേയും സന്യാസിമാരേയും ആരാധിക്കുന്നുണ്ടെന്ന്‌ നബി(സ) ഖുർആൻെറ വെളിച്ചത്തിൽ അവരെ കുറ്റപ്പെടുത്തി അവർ അത്‌ നിഷേധിച്ചു. അപ്പോൾ നബി(സ)ചോദിച്ചു: പുരോഹിതന്മാർ ഹലാലാക്കിയതിനെ നിങ്ങൾ ഹലാലാക്കുകയും അവർ ഹറാമാക്കുന്നതിനെ നിങ്ങൾ ഹറാമാക്കുകയും ചെയ്യുന്നില്ലേ എന്ന്‌. അങ്ങിനെ ചെയ്യാറുണ്ടെന്ന്‌ അവർ സമ്മതിച്ചു. അത്‌ തന്നെയാണ്‌ പുരോഹിതന്മാരെ ആരാധിക്കുകയെന്നതിൻെറ അർത്ഥമെന്ന്‌ തിരുമേനി അവരെ മനസ്സിലാക്കി. ഈ രണ്ടു വേദക്കാരും സ്വീകരിച്ച ദുർമാർഗ്ഗങ്ങളെല്ലാം പിൽക്കാലത്ത്‌ മുസ്‌ലിംകളും സ്വീകരിക്കുമെന്ന്‌ നബി (സ) പ്രവചിച്ചിട്ടുണ്ട്‌. അതിൻെറ പുലർച്ച കണ്ടുതുടങ്ങിയിട്ട്‌ കാലം ഏറെയായി നിങ്ങൾ നമ്മുടെ മുമ്പിലെ പ്രത്യക്ഷോദാഹരണം. പണ്ഡിതന്മാരുടെ ഉപദേശം സ്വീകരിച്ചു മുൻകഴിഞ്ഞുപോയ സജ്ജനങ്ങളെ വിളിച്ചു പ്രാർത്ഥിക്കുന്നവരാണ്‌ നിങ്ങൾ. പഴയ ജന്മത്തെ ക്രിസ്ത്യാനികൾ ചെയ്തതുപോലെ നിങ്ങളും കാര്യങ്ങളുടെ യാഥാർത്ഥ്യം മനസ്സിലാക്കാതെ, ചിന്തിക്കാതെ, പണ്ഡിതന്മാർ ഹലാക്കാക്കിയ ബലത്തിൽ നിങ്ങൾ ഹലാലെന്ന്‌ കരുതി പ്രവർത്തിക്കുകയാണ്‌. അത്‌ ശിർക്ക്‌ നമ്പർ വൺ.

ശിർക്ക്‌ നമ്പർ ടു പറയാനുണ്ടോ? ഒരു വാട്ടവും തട്ടാത്ത പച്ച ശിർക്ക്‌. ഒരുപടപ്പിനെ പടച്ചോനാക്കല്‌ തന്നെ. അല്ലാഹു ഒരു സാഹചര്യത്തിലും പൊറുത്തുതരികയില്ലെന്ന്‌ വ്യക്തമാക്കിയ ഒരേ ഒരു പാപമാണ്‌ ശിർക്ക്‌. ഇന്നള്ളാഹ ലായഗ്ഫിറു അൻയുശ്റക്ക ബിഹീ വയഗ്ഫിറു മാ ദൂന ദാലിക്ക ലിമൻ യശാഉ- ശിർക്ക്‌ അള്ളാഹു പൊറുത്തുതരികയില്ല മറ്റുപാപങ്ങളെല്ലാം "ഇച്ഛിച്ചവർക്ക്‌ അവൻ മാപ്പാക്കിയേക്കും.”

മൗനം ഭഞ്ജിച്ചുകൊണ്ടു ഹുസ്‌നുദ്ദീൻ ഇടയിൽ കേറി പറഞ്ഞു; ഞങ്ങളാരേയും പടച്ചോനാക്കുന്നില്ല. വലായത്തിനെ അംഗീകരിക്കാത്തവരുടെ ആരോപണമാണത്‌.

“ഹുസ്നുദ്ദീനേ,” മാസ്റ്റർ തുടർന്നു.നമ്മളൊക്കെ ഒന്നിച്ച്‌ ഒരിടത്ത്‌ മുളച്ചു വളർന്നവരാണ്‌ ചില കൊല്ലങ്ങളുടെ വ്യത്യാസമുണ്ടാവാം താൻ എന്നെപ്പോലെ മാസ്റ്ററായില്ലെങ്കിലും കുറെ പഠിച്ചിട്ടുണ്ടല്ലോ? തോട്ടമതിലിൽ എന്ന തൻെറ വീട്ടുപേര്‌ വളരെ അർത്ഥവത്താണ്‌. മതിലിലെ തോട്ട (ഓട്ട)യിൽക്കൂടി കുറച്ച്‌ വെളിച്ചം അകായിൽ പ്രവേശിച്ചാൽ അല്പം അന്ധകാരം കുറഞ്ഞുകിട്ടും. അതുപോലെ തൻെറ തലയോട്ടിൽ ഒരു തോട്ടയുണ്ടായിരുന്നെങ്കിൽ കുറച്ചു വിജ്ഞാന (പകാശം തലച്ചോറിൽ കടന്നുകൂടുമായിരുന്നു അല്ലാഹുത്തആലാ നമുക്ക്‌ കനിഞ്ഞരുളിയ ശക്തികൾ നാം വേണ്ടതുപോലെ ഉപയോഗപ്പെടുത്തണം. ഇന്നസ്സംഅ വൽബസ്വറ വൽ ഫു ആദ കുല്ലുൻ ഉലാഇക്ക കാന അൻഹു മസ്‌ഊലാ- കേൾവി, കാഴ്ച,ചിന്താശക്തി ഇവയെക്കുറിച്ചെല്ലാം നാം പരലോകത്ത്‌ ചോദ്യം ചെയ്യപ്പെടും എന്ന്‌ അല്ലാഹു നമുക്ക്‌ താക്കീത്‌ നൽകിയിട്ടുണ്ട്‌. മതപണ്ഡിതന്മാർ നമ്മുടെ രക്ഷക്കെത്തുകയില്ല. അവർ അജ്ഞരായ നമ്മെ വശപ്പെടുത്താനുപയോഗിക്കുന്ന ഒരു തുരുപ്പുശീട്ടാണ്‌ “വിലായത്ത്‌” വിലായത്ത്‌ ആരും നിഷേധിക്കുന്നില്ല. വിലായത്തിനെപ്പറ്റി ഖുർആനിൽ പരാമർശമുണ്ട്‌. വിലായത്തിനെ അംഗീകരിക്കുകയെന്നതിൻെറ അർത്ഥം സ്രഷ്ടാവിന്‌ പ്രത്യേകമായിട്ടുള്ള ഗുണവിശേഷങ്ങൾ സൃഷ്ടിയിൽ ആരോപിക്കലല്ല. നിങ്ങൾ എന്താണ്‌ ചെയ്യുന്നതെന്ന്‌ നിർഭാഗ്യവശാൽ നിങ്ങൾ അറിയുന്നില്ല. യാഖുതുബ അറബിയിലായതു കൊണ്ട്‌, എന്തൊക്കെയാണ്‌ നിങ്ങൾ പറയുന്നതെന്ന്‌ നിങ്ങൾക്കറിയില്ല. മുഹ്‌യദ്ധീൻമാല പണ്ടൊക്കെ നാം പാടിയിട്ടുണ്ടല്ലോ. അതിലെന്താണുള്ളതെന്ന്‌ നിങ്ങൾക്കറിയാം.

“വല്ലെതലത്തീന്നും എന്നെവിളിച്ചോർക്ക്‌ വായ്കൂടാ ഉത്തിരം ചെയ്യും ഞാനെന്നോവർ. എന്നെപ്പിടിച്ചോവർ ഏതും പേടിക്കേണ്ട എന്നെപ്പിടിച്ചോർക്ക്‌ ഞാൻ കാവൽ എന്നോവർ.”

ഇതിനൊക്കെ ഒരു സൃഷ്ടിക്കു കഴിയുമോ? മുഹ്യുദ്ദീൻശൈഖിന്‌ കഴിയുമോ? ശൈഖ്‌ അല്ലാഹുവിൻെറ വലിയാളാണെന്നും പറഞ്ഞ്‌ ശൈഖിന്‌ ഇതിനുള്ള കഴിവുണ്ടെന്ന്‌ നാം വിശ്വസിക്കണമോ? മുഹ്യുദ്ദിൻശൈഖ്‌ ഇങ്ങനെ പറഞ്ഞിട്ടുണ്ടെന്ന്‌ നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? യഥാർത്ഥ മുഅമിനും മഗ്ഫിറത്തിൻെറ അഹ്‌ലുകാരനുമായ ശൈഖ്‌ അവർകൾ ഒരിക്കലും അങ്ങനെ പറയുകയില്ല.

സർവ്വജ്ഞനും സർവ്വശക്തനും റബ്ബുൽ ആലമീനുമായ അല്ലാഹുവിലുള്ള വിശ്വാസത്തിന്‌ ഇണങ്ങാത്ത പലതും ആ മാലയിൽ ശൈഖവർകളിൽ വെച്ചുകെട്ടിയിട്ടുണ്ട്‌. അത്‌ പൂർണ്ണമായും അബദ്ധമാണ്‌, ശൈഖവർകൾ നിരപരാധിയാണ്‌. അവർ പറയാത്തതും അവർ ചെയ്യാത്തതും അവരിൽ ആരോ ആരോപിച്ചുകൊണ്ടു അദ്ദേഹത്തെ ദൈവതുല്യനായി ജനങ്ങളുടെ മുമ്പിൽ അവതരിപ്പിച്ചിരിക്കയാണ്‌ മുസ്ലീം സാമാന്യ ജനങ്ങളുടെ ഒരു ശത്രുവാണ്‌. ഈ കുത്സിതപ്രവൃത്തിയുടെ കർത്താവ്‌ മുസ്ലീംകളെ മുഴുവൻ മുശ്‌രിക്കാക്കി വഴിപിഴപ്പിക്കാനുള്ള ലക്ഷ്യം മനസ്സിൽ വെച്ചുകൊണ്ടാണ്‌ ഈ മാല കോർത്തിരിക്കുന്നത്‌. ഈ മാലയിൽപറയുന്നതെല്ലാം വിശ്വസിക്കയാണെങ്കിൽ നിശ്ചയമായും അവർ മുശ്‌രിക്കാണെന്ന്‌ പറയാം.(വളരെയധികം മുസ്ലീംകൾ ഈ രൂപത്തിൽ മുശ്‌രിക്കാവാനിടയുണ്ട്‌). കാരണം,അല്ലാഹുമാത്രം പോരാ, അവരുടെ സംരക്ഷണത്തിലും കാര്യസാധ്യത്തിനും കുറേ ഖോജാക്കളും കൂടി വേണം. ഇതിൽ അത്ഭുതപ്പെടാനില്ല. അല്ലാഹു (ത) ഖുർആനിൽ പറയുന്നുണ്ട്‌. ലാ യുഅ്മിനു അക്സറഹും ബില്ലാഹി ഇല്ലാവഹും മുശ്‌രികൂൻ -അധികം ജനങ്ങളും മുശ്‌രിക്കായി കൊണ്ടുതന്നെയാണ്‌ അല്ലാഹുവിൽ വിശ്വസിക്കുന്നത്‌. കൂടാതെ നബി(സ) തിരുമേനി സൂചിപ്പിച്ചതും ശ്രദ്ധേയമാണ്‌.അതഖവ്വഫു അലാ ഉമ്മത്തിയശ്ലിർക്ക്‌-എന്റെ ജനതയിൽ ശിർക്ക്‌ ഉണ്ടാവുന്നത്‌ ഞാൻ ഭയപ്പെടുന്നു. A.(P.34A)

"ചിന്തിക്കുക. ശിർക്ക്‌ ഇന്ന്‌ നിലനിൽക്കുന്നു. വളർന്നുകൊണ്ട്‌ വരുന്നു. അതിനെ സാധൂകരിക്കാനും പ്രചരിപ്പിക്കാനും “പണ്ഡിതന്മാർ'"തന്നെ രംഗത്ത്‌ വന്നിരിക്കുന്നു. എന്നല്ല ചില പണ്ഡിതന്മാർ ശിർക്കിനെ ലാഭകരമായ കൃഷിയാക്കിയിരിക്കുന്നു.അത്‌ പോലെയാണ്‌ ശിർക്ക്‌ ആരോഗ്യകരമായി നിലനിൽക്കണമെങ്കിൽ പണ്ഡിതന്മാരുടെ പ്രോത്സാഹനവും ഉത്തേജനവും ആവശ്യമാണ്‌. ഒരു വിഭാഗം പണ്ഡിതന്മാർ ഈ ശിർക്കിനെ എതിർക്കുമ്പോൾ, അവരോടുളള ശക്തമായ ഭിന്നത പ്രദർശിച്ചുകൊണ്ട്‌ വേറൊരു വിഭാഗം പണ്ഡിതന്മാർ ശിർക്കിന്‌ വെള്ളവും വളവും നൽകി പരിപോഷിപ്പിക്കുന്നു. സ്വാലിഹായ നല്ല മുസ്ലീംകൾ മരണപ്പെട്ടാൽ അവരെ ഔലിയാ പദവിയിലേക്കുയർത്തി, ജാറം കെട്ടിപ്പൊക്കി, കൊടികേറ്റി, പരോക്ഷമായ ആരാധന തുടങ്ങുകയായി. ഇപ്പോൾ ഒരു പടി കൂടി ഉയർന്നിരിക്കുന്നു. ജീവിച്ചിരിക്കുന്ന പച്ചമനുഷ്യനെ” തന്നെ ഇങ്ങനെ എഴുന്നുള്ളിച്ച്‌ കൊണ്ട്‌ നടക്കുന്നു.

നിങ്ങൾക്കറിയാമോ? എന്നാണ്‌ ഈ മാല കേരളത്തിലുണ്ടായതെന്ന്‌? കാസി മുഹമ്മദ്‌ എന്ന ഒരു പണ്ഡിതൻ കൊല്ലവർഷം 782ൽ രചിച്ചതാണിത്‌. അതായത്‌ ക്രിസ്ത്വാബ്ദം 160ൽ. 390 കൊല്ലമായി, നാലു നൂറ്റണ്ടുകാലമായി നമ്മൾ ഈ മുഹ്യുദ്ദീൻ ശൈഖിന്റെ സംരക്ഷണം ആവശ്യപ്പെടാൻ തുടങ്ങിയിട്ട്‌. നബിയുടെ കാലശേഷം 13.5 നൂറ്റാണ്ട്‌ കഴിഞ്ഞു. 9.5 നൂറ്റാണ്ടുകാലം ഇങ്ങനെ ഒരു ശൈഖിനെ ആരും സഹായത്തിനു വേണ്ടി സമീപിച്ചിട്ടില്ല. ആ കാലഘട്ടത്തിലും മുസ്‌ലീംകൾ ജീവിച്ചുപോന്നു. അന്നു ജീവിച്ചിരുന്നവരേക്കാൾ ഉന്നതമായ നിലവാരത്തിലാണ്‌ ഇന്നുളളവർ ജീവിക്കുന്നതെന്ന്‌ പറയാൻ ഞാൻ തയ്യാറല്ല. ശൈഖിന്‌ അപേക്ഷ സമർപ്പിക്കുന്ന നിങ്ങളേക്കാൾ താഴ്‌ന്ന പടിയിലാണ്‌ അപേക്ഷ സമർപ്പിക്കാത്ത ഞാൻ നിലകൊളളുന്നതെന്ന്‌ സമ്മതിക്കാൻ ഞാൻ തയ്യാറല്ല. നബി(സ) തിരുമേനിയുടെ വഫാത്തിന്‌ ശേഷം ഏകദേശം അഞ്ചു നൂറ്റാണ്ടു കഴിഞ്ഞിട്ടാണ്‌ ശൈഖ്‌ അവർകളുടെ ജീവിതകാലം (A.1) 11-ആം നൂറ്റാണ്ടിന്റെ അന്ത്യവും 12-ആം നൂറ്റാണ്ടിന്റെ ആദ്യവും പിന്നെയും അഞ്ച്‌ നൂറ്റാണ്ടുകൾക്ക്‌ ശേഷമാണ്‌ മാലയുടെ അവതരണം. ശൈഖ്‌ അവർകളുടെ ജന്മത്തിനു മുമ്പ്‌, നൂറ്റാണ്ടുകളോളം മുസ്ലീംകൾ ജീവിച്ചു.ശൈഖിന്റെ കാലശേഷം മാല രചനയ്ക്കു മുമ്പും നൂറ്റാണ്ടുകളോളം മുസ്ലീംകൾ ജീവിച്ചിരുന്നു. മാല രചനക്ക്‌ ശേഷമുളള ഇക്കാലത്ത്‌ ശൈഖിനോടുളള ഇടതേട്ടം കൂടിയേകഴിയു എന്ന നിർവചനമോ നിബന്ധനയോ ആവിർഭവിച്ചതിൽ വല്ല യുക്തിയും ഇസ്ലാമിക പിന്തുണയും ഉണ്ടോ? ശൈഖുനാ, സയ്യിദ്ദുനാ, ഉപ്പാപ്പ എന്നൊക്കെ അഭിസംബോധന ചെയ്ത്‌ അവർക്ക്‌ ഇപ്പോഴേ ദൈവിക പ്രഭാവം നൽകി, ഭാവിയിലെ ദർഗ്ഗകൾക്ക്‌ അടിത്തറ പാവുന്നു!

അഹങ്കാരം മൂലം ദൈവകൽപ്പനയെ നിഷേധിക്കുകയും തന്മൂലം ദൈവത്താൽ സ്വർഗ്ഗത്തിൽനിന്ന്‌ ആട്ടിയോടിക്കപ്പെടുകയും ചെയ്ത ഇബ്‌ലീസ്സാണ്‌ ശിർക്കിന്റെയും തിന്മയുടെയും നെടുംതൂണും പ്രധാന സന്ദേശവാഹകനും പ്രചാരകനും. അവനെ സഹായിക്കാൻ ഒരു “പട്ടാളം” തന്നെയുണ്ട്‌. നാം അവന്റെ ചതിയിൽ വീഴാതിരിക്കാനും തൗഹീദിന്റെ അടിസ്ഥാനത്തിലുളള സത്യവിശ്വാസത്തിനും സന്മാർഗ്ഗ ജീവിതത്തിനും ഹാനിപറ്റാതിരിക്കാനും വേണ്ടി, ആ ആന്തരികസംഭവങ്ങൾ പ്രതീകാത്മകമായി ഖുർആൻ വർണ്ണിച്ചിട്ടുണ്ട്‌. നാം പഠിക്കാൻ വേണ്ടിയാണിത്‌. ആ മൗലീകമായ പാഠം നാം ഉൾക്കൊള്ളുന്നില്ലെങ്കിൽ അനന്തരഫലം നാം അനുഭവിക്കേണ്ടിവരും.

ഇബ്‌ലീസിനെസിനെ സ്വർഗ്ഗത്തിൽ നിന്നും പുറത്താക്കിയപ്പോൾ അവന്റെ അപേക്ഷപ്രകാരം അല്ലാഹു(ത) അവൻ കാലാവസാനം വരെ പ്രവർത്തന സ്വാതന്ത്ര്യം നൽകി. അന്ന്‌ ഇബ്‌ലീസ്‌ ഒരു ശപഥം ചെയ്തു. “ലഉസയ്യിനന്ന ലഹും ഫിൽ അർളിവലഉഗ്വിയന്നഹും അജ്മഈൻ” (15-37) മനുഷ്യർക്ക്‌ ഭൂമിയിൽ പലതും ഞാൻ ഭംഗിയുള്ളതാക്കി കാണിച്ചുകൊടുക്കും: അവരെ മുഴുവനും ഞാൻ വഴിപിഴപ്പിക്കുകയും ചെയ്യും. നേർമാർഗ്ഗത്തിൽ നിന്ന്‌ മനുഷ്യനെ തെറ്റിക്കാൻ ഞാൻ കാത്തിരിക്കും. അവരുടെ മുമ്പിലൂടെയും, പിമ്പിലൂടെയും, വലതുഭാഗത്ത്‌ കൂടിയും, ഇടത്‌ ഭാഗത്ത്‌ കൂടിയും അവരുടെ അടുക്കൽ ചെല്ലും. അവരിൽ അധികം പേരും നിന്നോട്‌ കൃതജ്ഞതയുളളവരായിരിക്കയില്ല.(17:86:17)

അല്ലാഹു (ത) പറഞ്ഞു: ലഅംലഅന്ന ജഹന്നമ മിൻക്ക വമിമ്മൻ തബിഅക്കമിൻഹും അജ്മഈൻ. (38.75) നിന്നെക്കൊണ്ടും മനുഷ്യരിൽ നിന്നും നിന്നെ പിന്തുടരുന്നവരെകൊണ്ടും നിശ്ചയമായും ഞാൻ നരകത്തെ നിറക്കുന്നതാണ്‌.

അല്ലാഹു (ത) പറഞ്ഞു: നിന്റെ ശബ്ദം കേൾപ്പിച്ച്‌ അവരിൽ നിനക്ക്‌ വഴിപിഴപ്പിക്കാൻ കഴിവുളളവരെയെല്ലാം നീ ഇളക്കി വിട്ടു വഴിപിഴപ്പിച്ചു കൊളളുക. നിന്റെ കുതിരപ്പടയെയും കാലാൾപ്പടയെയും കൊണ്ട്‌ അവരെ ആക്രമിക്കുക. ധനത്തിലും സ നത്തിലും നീ അവരോടൊപ്പം പങ്കുചേരുക.(17-64)

അല്ലാഹു (ത) കൂട്ടിച്ചേർത്തു: ഇന്ന ഇബാദീ ലൈസ ലക൦ അലൈഹിം സുൽത്വാനനൻ-എന്റെ ദാസന്മാരുടെമേൽ നിന്നക്ക്‌ യാതൊരു അധികാരവും ചെലുത്താൻ കഴിയുന്നതല്ല. (15-40)

ഇബ്‌ലീസ്‌(ല.അ) അത്‌ ശരിവെക്കുകയും ചെയ്തിട്ടുണ്ട്‌. അവൻ പറഞ്ഞു. ഇല്ലാ ഇബാദക്കു മിൻഹുമുൽ മുഖ്‌ലിസ്വീൻ - മനുഷ്യരിലുള്ള നിന്റെ നിഷ്കളങ്കരായ ദാസന്മാരൊഴികെ. (15-40)

ഭൗതീകലോകത്തെ, അദൃശ്യലോകത്തെ മാനസിക; ബൗദ്ധിക, വൈകാരിക പ്രവർത്തന പ്രകിയയിലെ അബദ്ധ സുബദ്ധങ്ങളുടെ ഭൗതിക രൂപ ചിത്രീകരണമാണ്‌ ഈ സംവാദം. അവർണ്ണ നിയങ്ങളായ കാര്യങ്ങൾ ഇങ്ങനെയേ-നമ്മെ- മനുഷ്യരെ മനസ്സിലാക്കിക്കൊടുക്കാൻ നിർവാഹമുളളൂ. അക്ഷരാർത്ഥത്തിൽ ഇതിൽ നിന്നും ചിന്തിക്കുന്നവർക്ക്‌ പലതും പഠിക്കാനുണ്ട്‌. ബാഹ്യപ്രേരണയോ പ്രചോദനമോ മൂലം നേർമാർഗ്ഗം കൈവെടിയേണ്ടുന്ന സാഹചര്യം അഭിമുഖീകരിക്കുമ്പോൾ ഈ ഖുർആൻ വിവരണങ്ങൾ അക്ഷരാർത്ഥത്തിൽ മനസ്സിലാക്കുന്നതും നല്ലതാണ്‌. ഇബ്‌ലീസിന്റെ പട്ടാളക്കാർ നാടുനിറയെ ആക്രമണം അഴിച്ചുവിട്ടു കൊണ്ടിരിക്കുകയാണ്‌. ഓരോരത്തരും ആത്മരക്ഷ കരുതിയിരുന്നു കൊള്ളട്ടെ.

മുഹിയുദ്ദീൻ മാലപോലെ, മുഹിയുദ്ദീൻ ശൈഖിനെ കരുവാക്കികൊണ്ട്‌ ശിർക്ക്‌ നിറച്ചിട്ടുള്ള കവിതകളാണ്‌ യാകുതുബയും. അതിലെ ചിലവരികൾ ശ്രദ്ധിച്ചു മനസ്സിലാക്കിയാൽ നമുക്ക്‌ എളുപ്പം ബോധ്യമാകും അത്‌ ഒരു ഏകദൈവ വിശ്വാസിക്ക്‌ ഉച്ചരിക്കാൻ യോഗ്യമല്ലെന്ന്‌. മുഹിയുദ്ദീൻ ശൈഖിനെ സംബോധനചെയ്യുന്ന രീതി പ്രതിഷേധാർഹമാണ്‌. ആകാശ ഭൂമികളിലുളള എല്ലാവരുടെയും സഹായമാണ്‌ ശൈഖവർകൾ! എല്ലാ മുരീദന്മാരേയും രക്ഷപ്പെടുത്തിയിട്ടുണ്ടത്രേ! ആരെങ്കിലും സ്വസ്ഥാനത്തിരുന്ന്‌ കൊണ്ട്‌ ആയിരം പ്രാവശ്യം ശൈഖവറുകളുടെ പേർ ഉച്ചരിക്കുകയാണെങ്കിൽ സത്വരമായി ശൈഖവർകൾ അവിടെ ഹാജരായി അയാളുടെ ആഗ്രഹം സഫലമാക്കി കൊടുക്കുന്നതാണ്‌!

ഇതൊന്നും ശിർക്കല്ലെങ്കിൽ പിന്നെ എന്താണ്‌ ശിർക്ക്‌? ശിർക്കിന്റെ വിസ്തൃതമായ അർത്ഥം നിൽക്കട്ടെ. പ്രത്യക്ഷത്തിൽ തന്നെ ശിർക്കെന്ന്‌ നിസംശയം ബോദ്ധ്യപ്പെടുന്ന പരിമിത രൂപത്തിലുള്ള ശിർക്കെന്താണെന്നെങ്കിലും നാം അറിഞ്ഞിരിക്കേണ്ടതല്ലേ? ഒരിക്കൽ നബി (സ) പറയുകയുണ്ടായി. “അലാ, ലാ യസ്ജുദൂന ശംസൻ വലാഖമറൻ വലാ ഹജറൻ വലാ വസനാ- അറിയുക, അവർ സൂര്യനെയും, ചന്ദ്രനേയും, ശിലകളെയും, വിഗ്രഹങ്ങളെയും സാഷ്ടാങ്കം വണങ്ങുകയില്ല.” ഭാവിയിൽ നബിസയുടെ ഉമ്മത്തിൽ രൂപം കൊള്ളുന്ന വർണ്ണനയാണിത്‌. പ്രണാമം കൂടാതെ ശിർക്കിന്‌ മറ്റുപല രൂപങ്ങളുമുണ്ട്‌ എന്ന്‌ ചൂണ്ടിക്കാണിക്കുകയാണ്‌. “അൽ ജുനുന ഫുആന" ഭ്രാന്ത്‌ പലമാതിരിയുണ്ട്‌. നാം ഈ ഔലിയാക്കളുടെ പേരും പറഞ്ഞ്‌ കാട്ടികൂട്ടുന്നതെല്ലാം ശുദ്ധ ശിർക്കാണ്‌. പക്ഷേ അത്‌ മുസ്ലിയാർ പറഞ്ഞാലേ നിങ്ങൾക്ക്‌ ശിർക്കാവുകയുളളൂ, ഞാൻ പറഞ്ഞാൽ നിങ്ങൾ സമ്മതിക്കില്ല. നമ്മളൊക്കൈ “ചാണകതലയന്മാരാണ്‌ "ഇയ്യാക്ക നഅബുദു വഇയ്യാക്കനസ്തഈൻ” ഞങ്ങൾ നിന്നെ മാത്രം ആരാധിക്കുന്നു, നിന്നോട് മാത്രം സഹായം അഭ്യർത്ഥിക്കുന്നു-എന്ന്‌ ചുരുങ്ങിയത്‌ പതിനേഴ് പ്രാവശ്യമെങ്കിലും നാം ദിനംപ്രതി അല്ലാഹുവിനോട്‌ അഭിമുഖമായി പ്രതിജ്ഞ ചെയ്യുന്നുണ്ട്‌. എന്നിട്ടോ, നമസ്കാരം കഴിഞ്ഞ്‌ ഇങ്ങ്‌ തിരിഞ്ഞാൽ ഉടനെ അല്ലാഹുവിന്റെ സൃഷ്ടികളെ വിളിച്ചു സഹായം തേടുന്നു. ഇഹത്തിലും പരത്തിലും, ഖബറിലും മഹ്‌ശറയിലും സിറാത്വിലും,സകലസമയത്തും ചോദ്യത്തിലും, ഹിസാബിലും ഇഹത്തിൽ ഭവിക്കാവുന്ന സകല സാഹചര്യത്തിലും രക്ഷിക്കണേ, രക്ഷിക്കണേ എന്നു പറഞ്ഞു അവരുടെ പേര്‌ വിളിച്ച്‌ കേഴുന്നു. നാം കപടവിശ്വാസികൾ, കഴുതകൾ, പൊളളതലയന്മാർ പരലോകത്തിൽ ഓരോ യുക്തിയും തന്റേതായ അനിശ്ചിത ഭാഗധേയത്തിൽ അതീവ വ്യാകുലതയോടെ പരിഭ്രമിച്ച്‌ വിഷമിക്കുമ്പോൾ, നാം സൃഷ്ടിച്ച നമ്മുടെ “ദൈവങ്ങൾ” നമ്മുടെ രക്ഷക്കെത്തുമെന്ന്‌ വിശ്വസിക്കുന്നതിനേക്കാൾ വലിയ വിഡ്ഢിത്തവും അന്ധവിശ്വാസവും ഉണ്ടോ? അല്ലാഹുവിന്റെ തണലല്ലാതെ മറ്റൊരു തണലുമില്ലാത്ത ആ രംഗങ്ങളിൽ, ആരുടെ തണലാണ്‌ നമ്മുടെ തലക്കു മുകളിൽ ഉണ്ടായിരിക്കുക? ഇബ്‌ലീസും, ഇബ്‌ലീസിന്റെ പട്ടാളക്കാരും പട്ടാളത്തലവന്മാരും, അവരുടെ ഏജന്റുമാരും ഇന്ന്‌ നമ്മോടൊപ്പമുളള ആരും അന്നുകൂടെയുണ്ടായിരിക്കയില്ലെന്ന്‌ ഓർത്തു കൊളളുക.

ഞാൻ മുമ്പൊരു ദിവസം കുറേ സലാത്തും- തസ്ബീഹുകളെ പറ്റി പറഞ്ഞത്‌ ഓർക്കുന്നുണ്ടോ? തദ്‌കീറ്‌, തസ്‌ബീഹ്‌. തഖ്ദീസ്‌, തഹ്മീദ്‌, തംജീദ്‌ തക്‌ബീറ്‌ തഹ്‌ലീല്‌, മുതലായവ അടങ്ങിയിട്ടുള്ള കുറേ കൃതികൾ. ഉദാഹരണം, ഉമ്മുസ്വലാത്ത്‌,കിബ്‌രിയത്തുൽ അഹ്മൽ, തഹ്‌ലീഫുൽ ഖുർആൻ, ഹിസ്‌ബുൽബഹർ, ഹിസ്ബുന്നസ്വർ, വിർദുല്ലത്വിഫ്‌, അൻതറബ്ബ്‌ ദഖീറത്തുൽ ഖൈറ്‌, ഇവകൂടാതെ ചില ബൈത്തുകൾ, ദുആകൾ, ഇതിനെ പറ്റി ഞാൻ ഒരിക്കൽ പറഞ്ഞിട്ടുണ്ട്‌. അവയെല്ലാം ഓതി നോക്ക്‌, ചൊല്ലിനോക്ക്‌, ഭാഷ അറിയുന്നവരെ കാണിച്ച്‌ അഭിപ്രായം ചോദിക്ക്‌. എത്രവിശിഷ്ടവും മഹത്തരവുമാണ്‌ ആ സ്തോത്രങ്ങളും ഭജനകളും കീർത്തനങ്ങളുമൊക്കെ; ശിർക്കിന്റെ അംശം ലവലേശം അവയിൽ കാണുകയില്ല. അതിന്റെ രചയിതാക്കൾ യഥാർത്ഥ മുഅമിനുകളാണ്‌. തൗഹീദിൽ അടിയുറച്ചവരാണ്‌. അല്ലാഹുവിനോടല്ലാതെ ഒരു പടപ്പിനോടും അവർ ഒന്നും പറയുന്നില്ല, ആവശ്യപ്പെടുന്നില്ല. അല്ലാഹുത്ര)വിന്റെ സിഫത്തുകൾ വർണ്ണിച്ചു, അവന്റെ ഉലൂഹിയത്തിനെ സ്ഥാപിക്കുന്ന ആ രചനകൾ ഈമാൻ ശക്തിപ്പെടാനും തൗഹീദിൽ അടിയുറക്കാനും ഏറെ പ്രയോജനപ്പെടും. (A.P.42A) മുസ്‌ലീകൾക്ക്‌ പാരായണം ചെയ്യാൻ ഏറ്റവും അനുയോജ്യമായ നല്ലനല്ല പ്രാർത്ഥാനാരൂപങ്ങൾ നമ്മുടെ മുമ്പിലിരിക്കെ, അവയെല്ലാം തട്ടി ദൂരത്താക്കിക്കൊണ്ട്‌, ഈ പച്ച ശിർക്കുമായി മുസ്ല്യാക്കളും പ്രസിഡണ്ടുമാരും കമ്മറ്റിക്കാരും കൂടെ ബഹുജനങ്ങളും പാടുപെടുന്നത്‌ കാണുമ്പോൾ ഇബ്‌ലീസിന്റെ പട്ടാളം എത്ര ശക്തമാണെന്ന്‌ നമുക്ക്‌ മനസ്സിലാക്കാം. ഈ ശിർക്ക്‌ പ്രചരണത്തിൽ ഒരു മയക്കുമരുന്നുണ്ട്‌. അതൊരു വല്ലാത്ത കെണിയാണ്‌. ഔലിയാക്കളുടെ പേര്‌ പറഞ്ഞു നിർത്തുന്നില്ല, അവരുടെ ജാഹ്‌കൊണ്ട്‌, ഫള്‌ലുകൊണ്ട്‌, ഇഹ്സാൻകൊണ്ട്‌, കറമ്‌കൊണ്ട്‌, കശ്ഫ്‌കൊണ്ട്‌, ജൂദ്‌കൊണ്ട്‌ ഇസ്സ്‌കൊണ്ട്‌, ശറഫ്‌കൊണ്ട്‌, ഹുർമത്ത്‌കൊണ്ട്‌, അസ്‌റാറ്‌കൊണ്ട്‌ ബഹജത്ത്‌കൊണ്ട്‌. മക്കാമ്‌കൊണ്ട്‌,അൻവാർകൊണ്ട്‌ എന്നിങ്ങനെ അവയെല്ലാം മുഹമ്മദ്‌ നബി (സ)യുടെ ഉമ്മത്തുകളിൽപെട്ട ആബിദീങ്ങളുടെ സൃഷ്ടികളാണ്‌. അവരെന്തുകൊണ്ട്‌ ശൈഖന്മാരെയും, ഖോജാക്കളെയും “അല്ലാഹു ബഹുമാനിച്ച" മറ്റു പലരേയും സഹായത്തിന്‌ വിളിച്ചുകൂട്ടി, അവരെക്കൊണ്ട്‌ അല്ലാഹുവിലേക്ക്‌ പാലംപണിതില്ല. അവരെ പ്രാർത്ഥനക്ക്‌ കൂട്ടുപിടിക്കൽ അനുവദനീയമായിരുന്നുവെങ്കിൽ അവർ അങ്ങിനെ ചെയ്യുമായിരുന്നു. അത്‌ ശിർക്കാണെന്ന്‌ അറിയുന്ന അവർ അല്ലാഹുവിനെ മാത്രം വിളിച്ചു പ്രാർത്ഥിക്കുകയാണ്‌ ചെയ്തത്‌. ശിർക്കില്ലാത്ത ഈ പ്രാർത്ഥനകളിൽ അരിശംകൊണ്ട്‌ ഏതോ ഇസ്ലാം വിരോധികളാണ്‌ ഈ ശിർക്ക്‌ നിറച്ച കുതുബിയ്യത്തും മറ്റുമാലകളും നൂലാമാലകളും സൃഷ്ടിച്ചതും പചരിപ്പിച്ചതും. വേണ്ടാത്തരങ്ങൾക്ക്‌ വേഗത്തിൽ പ്രചരണം കിട്ടും അതിന്‌ ശീക്രം അനുയായികളെ കിട്ടും. ഇബ്‌ലീസിന്റെ പട്ടാളനായകന്മാർ ശുഷ്‌കാന്തിയോടെ പ്രയത്നിക്കും. വിജയം എളുപ്പത്തിൽ കൈവരിക്കും. അതാണ്‌ നാം ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്‌. അർത്ഥം മനസ്സിലാവാത്ത കുറെ അറബി പദങ്ങളും അകമ്പടിയായുണ്ടാകും. ഈ പദങ്ങൾകേട്ടാൽ ജാഹിലീങ്ങൾക്ക്‌ ഉടനെ ബോധക്കേടുണ്ടാകും. മുമ്പ് ഞാൻ ചൂണ്ടികാണിച്ചപോലെ "സുമ്മൻ വഉംയാനാ” ചെകിടനും കുരുടനുമായി അതിന്മേൽ കെട്ടിമറിഞ്ഞുവീഴും. അതുകൊണ്ട്‌ ഇസ്ലാമിന്‌ യോജിക്കാൻ പറ്റാത്ത ഈ യാകുത്വുബയുമായി അജ്ഞരായ മുസ്ലീം ജനങ്ങളെ ശിർക്കിലേക്ക്‌ ആവാഹിക്കുന്ന ഈ അനിസ്ലാമിക പരിപാടിയിൽ നിന്നും ഒഴിഞ്ഞ്‌- “ഖുഅൻഫുസക്കും” -സ്വന്തം തടി രക്ഷിക്കാൻ നോക്കിക്കോളൂ. “നിന്റെ (ഇബ്‌ലീസിന്റെ) അധികാരം ചെലുത്താൻ കഴിയാത്ത എന്റെ ദാസന്മാർ" എന്ന്‌ അല്ലാഹു(ത) വർണ്ണിച്ച ആ ന്യൂനപക്ഷത്തോടു ചേരാൻ ശ്രമിച്ചോളൂ.ഇബ്‌ലീസിന്റെ പട്ടാളത്തിൽ നിന്നും രാജിവെച്ചൊഴിഞ്ഞോളൂ. സ്നേഹനിലക്ക്‌ നിങ്ങൾക്കു ഞാൻ തരുന്ന ഉപദേശമാണിത്‌. ഞാൻ പറഞ്ഞതൊന്നും മുസ്ല്യാരോട്‌ പറയണ്ട; അദ്ദേഹം എന്നെ കാഫിറാക്കികളയും. ഇതാ, എന്റെ ഭാര്യയുടെ വക സംഭാവന.”

സപ്ത നാഡികളും തളർന്നു കമ്മിറ്റി കിട്ടിയതും വാങ്ങിസ്ഥലം വിട്ടു. ഇങ്ങനെ പലപ്പോഴും തോറ്റ്‌ തുന്നംപാടി ഇതികർത്തവ്യഥാമൂഡരായി കഴിയുന്ന നിരാശാന്തരീക്ഷത്തിലാണ്‌ ഖത്തീബും മാസ്റ്ററുമായി ഒരു ദ്വന്ദയുദ്ധം നടത്താൻ അവർ വേദിയൊരുക്കിയത്‌.

ഈമാനും ശിർക്കും തമ്മിൽ നടന്ന പല യുദ്ധങ്ങളിലും തോൽവിയടഞ്ഞു മനഃക്ലേശം പേറിനടന്നിരുന്ന ഹുസ്നുദ്ദീനും കൂട്ടരും പെട്ടെന്നാണ്‌ ഈ ആശയത്തിൽ കടന്നുപിടിച്ചത്. അവർ ആസൂത്രണം ചെയ്ത പ്ലാനനുസരിച്ച്‌ കമ്മറ്റിയംഗമായ ശരീഫ്‌ ഖത്വീബായ ഹഖുദ്ദീൻ മൗലവിയെ സമീപിച്ചു.

ശരീഫ്‌: നമ്മുടെ ബുർഹാൻകുട്ടി മാസ്റ്ററെ അറിയില്ലെ മൗലവി സാഹിബ്‌? അദ്ദേഹത്തെ പരിചയമില്ലേ?

ഖത്വീബ്‌: ആളെ അറിയാം, വഖ്ത്തിന്‌ നിസ്‌കരിക്കാനെത്താറുണ്ട്‌. അഭിമുഖസംഭാഷണത്തിലേർപ്പെട്ടിട്ടില്ല. വല്ലപ്പോഴും നേരിൽക്കണ്ടാൽ അന്യോന്യം പുഞ്ചിരിക്കും പരസ്പരം അറിയും എന്ന കാര്യം സ്ഥിരപ്പെടുത്തും. അത്രമാത്രം. എന്താകാര്യം? |

ശ: കാര്യം ഒന്നുമില്ല. ആൾ വലിയ വാശിയാണ്‌. എന്തു കാര്യമായാലും അതിനൊക്കെ എതിരഭിപ്രായവും എതിർന്യയവും മൂപ്പരുടെ കൈവശം ഉണ്ടാകും.

ഖ: ആൾ പഠിച്ചിട്ടുളള ആളാണോ?

ശ: സ്കൂൾമാസ്റ്ററായിരുന്നു. ആൾ മോശമല്ല.

ഖ: പഠിപ്പുളളവരാകുമ്പോൾ പഠിപ്പിന്റെ പ്രത്യേകത അവരുടെ ജീവിതത്തിൽ കാണുമല്ലോ.

ശ:എന്നല്ല ഒരു സംഗതിയിലും നന്മകാണാത്ത ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്‌. ബഹുജനങ്ങളോട്‌ സഹകരിക്കില്ല.

ഖ:ബഹുജനങ്ങൾ അധികവും പഠിപ്പില്ലാത്തവരാണ്‌. പഠിപ്പുളളവൻ അവരിൽ നിന്നും വ്യത്യസ്ഥരായിനിലകൊളളും. അത്‌ നിസ്സഹകരണമായി കാണരുത്‌.

ശ: അത്‌ ശരി, സമ്മതിച്ചു. പക്ഷെ, മൗലവി സാഹിബ്‌ ഒന്നു ചിന്തിക്കൂ, ഇവിടെ നമ്മളെല്ലാവരും നിത്യേനെ ഹദ്ദാദ്‌ ചൊല്ലുന്നു. ജമാഅത്തിന്‌ വരുന്നവരിൽ അല്പം ചിലരൊഴികെ എല്ലാവരും അതിൽ പങ്കുചേരുന്നു. എന്നാൽ ഈ മനുഷ്യൻ ഒരു ദിവസമെങ്കിലും അതിൽ പങ്കെടുത്തതായി കണ്ടിട്ടുണ്ടോ?

ഖ: അതൊരു കുറ്റവും ദോഷവുമായി കാണാൻ പാടില്ല. എല്ലാവരും ഹദ്ദാദ്‌ ചൊല്ലിക്കോളണമെന്ന നിബന്ധനയൊന്നുമില്ലല്ലോ.

ശ: അതിൽ പങ്കെടുക്കാറില്ലെന്ന്‌ മാത്രമല്ല അത്‌ അനാവശ്യമാണെന്ന്‌ കൂടി പറഞ്ഞ്‌ അതിനെ തരം താഴ്ത്തിക്കളയുന്ന സ്വഭാവംകൂടിയുണ്ട്‌ മാസ്റ്റർക്ക്‌.

ഖ: ഓരോരുത്തരും ചെയ്യാത്തത്‌ മറ്റുളളവർ ചെയ്യുമ്പേൾ, അതിന്റെ പ്രാധാന്യത്തെ ചെറുതാക്കി കാണിക്കാൻ തോന്നും. അത്‌ ഗൗനിക്കേണ്ടതില്ല. നിസ്‌കരിക്കുന്ന മനുഷ്യനല്ലേ, അത്‌ വിട്ടേക്കൂ,

ശ:അത്‌ മാത്രമല്ല മൗലവിസാഹിബ്‌, ആൾ ഒരു പുതിയ ചിന്താഗതിക്കാരനാണ്‌. കാരണം പറയാം ആഴ്ചതോറും ഇവിടെ ദിക്റ്‌ നടക്കുന്നു. അത്‌ തുടങ്ങിയിട്ട്‌ കൂറേ കൊല്ലങ്ങളായി. ഇതുവരെ അദ്ദേഹം അതിൽ പങ്കാളിയായിട്ടില്ല.

ഖ: അതുകൊണ്ട്‌ അയാൾ എന്താണെന്നാണ്‌ ശരീഫ്‌ പറയുന്നത്‌?

ശ: സാധാരണക്കാരിൽ നിന്ന്‌ വ്യത്യസ്ഥനെന്ന്‌ ചുണ്ടികാണിക്കുകയാണ്‌.

ഖ: അങ്ങിനെ എത്രയോ പേരുണ്ടല്ലോ. ഈ മഹല്ല്‌ നിവാസികൾ എല്ലാവരും ദിക്റിന്‌ വരുന്നുണ്ടോ? അടുത്ത്‌ താമസിക്കുന്ന കുറച്ച്‌ ആളുകളല്ലെ വരുന്നുള്ളൂ.

ശ: പക്ഷെ ഈ ദിക്‌റിൽ അങ്ങിനെ എത്രയോ പേർപങ്കെടുത്തു. കൊല്ലത്തിൽ ഒരു ദിവസമെങ്കിലും അല്ലാഹുവിനെ തസ്ബീഹ്‌ ചെയ്യാൻ അദ്ദേഹം എത്തിയില്ലല്ലോ; ദിക്റിന്റെ വിരോധിയാണ്‌ കക്ഷി.

ഖ: അങ്ങിനെ സംഭവിക്കില്ല. അറിവുള്ള ആളാണ്‌ മാസ്റ്റർ എന്ന്‌ നിങ്ങൾ പറയുന്നുണ്ടല്ലോ. നിസ്കാരത്തിന്‌ മുടങ്ങാതെ ജമാഅത്തിന്‌ വന്നു ചേരുന്നു. അങ്ങിനെയുളള ആൾ ദിക്റ്‌ വിരോധിയാകുന്നതെങ്ങിനെ?

ശ: മൗലവി, പുറംകാഴ്ച കണ്ടിട്ടുള്ള തോന്നലാണത്‌. ഞങ്ങൾ ഒന്നിച്ചു കഴിയുന്നവരല്ലേ? മാസ്റ്ററും ഞങ്ങളുമായി പലപ്പോഴും ഈ വക കാര്യങ്ങൾ സംസാരിക്കാറുണ്ട്‌. അയാളുടെ ഉള്ളിലിരിപ്പ്‌ ഞങ്ങൾക്കറിയാം. ഇത്തരം ഇബാദത്തുകളെ പുച്ഛിക്കുന്ന ഒരു സ്വഭാവം അദ്ദേഹത്തിനുണ്ട്‌.

ഖ:എന്തോ, എനിക്കത്‌ വിശ്വസിക്കാനാകുന്നില്ല. അല്ലാഹുവിന്‌ ദിക്റ്‌ ചെയ്യുക എന്നത്‌ ഖുർആനിന്റെ നിർദ്ദേശം കൂടിയാണ്‌. ഒരു അറിവുള്ള മുസൽമാൻ അതിന്റെ പ്രാധാന്യം നിഷേധിക്കുകയില്ല.

ശ: മൗലവി ശ്രദ്ധിച്ചിട്ടുണ്ടോ. സലാം വീട്ടികഴിഞ്ഞാൽ ഉടനെ അദ്ദേഹം സഫ്ഫിൽനിന്ന്‌ എഴുന്നേറ്റ്‌ പോകും. മറ്റു തസ്ബീഹ്‌, ദിക്റ്‌, ദുആ. എന്നിതുകൾക്കൊന്നും അദ്ദേഹം പങ്കെടുക്കാറില്ലല്ലോ. ദിക്റിനോടുളള വെറുപ്പാണത്‌.

ഖ: മിക്കപ്പോഴും മാസ്റ്റർ മസ്ബൂക്കാവലാണ്‌. നേരം വൈകിയേ എത്തുകയുള്ളൂ. അതിനാൽ പതിവ്‌ സമ്പ്രദായം എന്താണെന്നെനിക്കറിയില്ല, ദുആക്ക്‌ മുമ്പേ എഴുന്നേറ്റ്‌ പോകുന്നത്‌ ഞാൻ കണ്ടിട്ടുണ്ട്‌. പക്ഷെ അത്‌ പതിവാണെന്ന്‌ തോന്നത്തക്കവിധം ധാരാളമായ അനുഭവം എനിക്കറിയില്ല.

ശ: സത്യാവസ്ഥ ഞാൻ പറഞ്ഞതാണ്‌. ഞങ്ങളൊക്കെ പലതവണ സംവാദം നടത്തിയിട്ടുണ്ട്‌. പുതിയ ആശയമാണ്‌ മാസ്റ്റർ വെച്ചുപുലർത്തുന്നത്‌. നാം ചെയ്യുന്നതൊക്കെ മൂപ്പരുടെ നോട്ടത്തിൽ തെറ്റാണ്‌. അതിനുളള ന്യായങ്ങളും പറയും.

ഖ: അതെങ്ങിനെയാണ്‌? നല്ലകാര്യങ്ങൾ തെറ്റാണെന്ന്‌ സ്ഥാപിക്കാൻ ന്യായങ്ങൾ എവിടുന്നാണ്‌?

ശ: അത്‌, എന്നെങ്കിലും മാസ്റ്ററുമായി സംസാരിക്കുമ്പോഴേ തനിനിറം വ്യക്തമാകൂ. മൗലവി സാഹിബ്‌ ഒരു ദിവസം സംസാരിച്ച്‌ നോക്കൂ. കള്ളി അറിയാം.

ഖ: എങ്ങനെ സംസാരിക്കും? എന്താണ്‌ വിഷയം?

ശ:സംസാരിക്കാൻ സന്ദർഭം ഞാൻ ഒരുക്കിതരാം വിഷയം ദിക്റ്‌, തസ്ബീഹ്‌തന്നെ ആവട്ടെ. നമസ്‌കാരാനന്തരം ഇതിലൊന്നിലും ചേരാതെ എഴുന്നേറ്റ്‌ പോകുമ്പോൾ അന്ന്‌ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ മൗലവിക്ക്‌ സംസാരിക്കാം.അതൊരു ഹേതു. ഞാൻ കൂട്ടിമുട്ടിക്കാം. എന്താ അഭിപ്രായം?

ഖ: ആയിക്കോട്ടെ, പക്ഷെ ആസൂത്രണം ചെയ്തു തയ്യാറാക്കിയ ഒരു പരിപാടിയായി മാസ്റ്റർക്ക്‌ തോന്നരുത്‌. ആ നിലക്കായിരിക്കണം വേദി തയ്യാറാക്കുന്നത്‌.

ശ: ശരി, അത്‌ സൂക്ഷിക്കാം, ശ്രദ്ധിക്കാം.

ശരീഫ്‌ ഹഖുദ്ദീൻ മൗലവിയുമായുണ്ടായ സംഭാഷണച്ചുരുക്കം, പ്രസിഡണ്ട്‌ ഹുസ്‌നുദ്ദീനെയും, കമ്മറ്റിയംഗങ്ങളെയും അറിയിച്ചു. അവർ ആലോചന തുടങ്ങി.എങ്ങിനെയാണ്‌ ഇവരെ ബന്ധിപ്പിക്കുക. സാധാരണ സംഭവഗതിയിലൂടെ, ഒരു വിധ സംശയത്തിനും ഇടം കൊടുക്കാതെ, ആ രംഗസംവിധാനം സാധ്യമാക്കണം. അതെങ്ങിനെയായിരിക്കണം എന്ന പദ്ധതി ആസൂത്രണം ചെയ്യാൻ ഓരോ വ്യക്തിയും ഏറ്റുകൊണ്ട്‌ അവർ പിരിഞ്ഞു.

ഒരാഴ്ചകഴിഞ്ഞു, ആരുടെ മസ്തിഷ്കത്തിലും “മിന്നലാട്ട"മുണ്ടായില്ല, അപ്പോൾ ഹുസ്‌നുദ്ദീന്റെ മണ്ടയിൽ ഒരു തീയാളിച്ചയുണ്ടായി. കമ്മറ്റി വിളിച്ചു കൂട്ടി. തന്റെ പ്ലാൻ പ്രസിഡണ്ട്‌ അവതരിപ്പിച്ചു മറ്റാരുടെ കയ്യിലും ഒരു രൂപരേഖയില്ലാത്തതിനാലും വേറെ സുഗമമായ മാർഗ്ഗം കണ്ടെത്താൻ കഴിയാത്തതിനാലും ഹുസ്‌നുദ്ദിന്റെ പരിപാടി അംഗീകരിക്കപ്പെട്ടു. അതിന്റെ വിശദാംശങ്ങൾ ഖത്വീബ്‌ ഹഖ്ഹുദ്ദീൻ മൗലവിയെ പറഞ്ഞു മനസ്സിലാക്കി. എല്ലാവരും അതനുസരിച്ച്‌ തങ്ങളുടെ ഭാഗം അഭിനയിക്കാൻ ശട്ടം കെട്ടി, ദിവസവും നിശ്ചയിച്ച്‌ പിരിഞ്ഞു.

നിശ്ചിത ദിവസത്തിൻെറ തലേ ദിവസം ഹുസ്‌നുദ്ദീൻ ബുർഹാൻ കൂട്ടിമാസ്റ്ററെ സന്ദർശിച്ചു. സാധാരണ സുഹൃത്തുക്കൾ കാണുമ്പോഴുള്ള ഉപചാരങ്ങളെല്ലഠം നിറവേറ്റിയ ശേഷം സന്ദർശനോദ്ദേശത്തെ പറ്റി മാസ്റ്റർ അന്വേഷിച്ചു. ഹുസ്‌നുദ്ദിൻ വിഷയം ഇപ്രകാരം അവതരിപ്പിച്ചു.

ഒരു പ്രത്യേക വിഷയം അറിയിക്കാനാണ്‌ ഞാൻ വന്നത്‌. ഈ മഹല്ലിലെ യുവതലമുറക്ക്‌ നമസ്‌കാരാദി ഇബാദത്തുകളിൽ വേണ്ട്രത ഔത്സുക്യം കാണുന്നില്ല എന്നാണ്‌ നമ്മുടെ ഖത്തീബിൻെറ അഭിപ്രായം അതിനാൽ ഇസ്ലാമികാചാരാനുഷ്ഠാനങ്ങളിൽ അവർക്ക്‌ ശുഷ്കാന്തിയുണ്ടാവാനായി അവർക്ക്‌ വേണ്ടി ക്ലാസ്‌ സംഘടിപ്പിക്കുകയും ഇസ്ലാമിനെ അതിൽ ശാസ്രതീയമായിത്തന്നെ അവതരിപ്പിച്ച്‌ അവർക്ക്‌ മതകാര്യങ്ങളിൽ താല്പര്യം ജനിപ്പിക്കുകയും ചെയ്യണമെന്ന്‌ ഖത്വീബിന്‌ ഒരാഗ്രഹം. അത്‌ നമ്മുടെ കടമയും കൂടിയാണല്ലൊ. ആ പരിപാടിയോടു ഞാൻ യോജിച്ചു. ആ ക്ലാസ്സ്‌ ഏത്‌ രൂപത്തിൽ, എങ്ങനെ നടത്തണം എന്ന വിശദാംശങ്ങൾ നമ്മളെല്ലാവരും കൂടി ആലോചിച്ച്‌ തീരുമാനിക്കണം. മാസ്റ്റരുടെ സഹകരണം കൂടിയേ കഴിയു എന്ന്‌ ഞങ്ങളെപ്പോലെ ഖത്തീബിനും നിർബന്ധമാണ്‌.ഇന്നലെ അവർ നമസ്കാരശേഷം അവിടെ കൂടിയവരോട്‌ ഈ വിഷയം പറയാൻ ഖത്വീബ്‌ ഉദ്ദേശിച്ചിരുന്നു. പക്ഷെ ദുആകഴിയുന്നതിന്‌ മുൻപ്‌ മാസ്റ്റർ പോന്നല്ലോ. മാസ്റ്റർ സ്ഥലത്തില്ലാത്തതിനാൽ ഖത്തീബ്‌ ഇക്കാര്യം പറഞ്ഞില്ല. ഇന്ന്‌ അക്കാര്യം പറയുന്നതാണ്‌. മാസ്റ്റർ ദയവായി അൽപ്പം കാക്കണം. മൗലവിമാരുടെ പഴയ സമ്പ്രദായം അഭ്യസ്ഥവിദ്യരായ പുതിയ തലമുറയിൽ വേണ്ടത്ര പ്രചോദനം കൊടുത്തെന്നുവരില്ല. അത്‌ അദ്ദേഹത്തിനറിയാം, അതുകൊണ്ടാണ്‌ മാസ്റ്ററുടെ സാന്നിധ്യവും

=== തിരുത്തുക

== ഭാഗം മൂന്ന്


സഹകരണവും കൂടിയെ കഴിയൂ എന്ന അഭിപ്രായം ഉയർന്നത്‌. ഈ വിഷയത്തിൽ മാസ്റ്ററുടെ സഹകരണം ഉണ്ടാകുമെന്ന്‌ ഞാൻ ഖത്വീബിനോട്‌ പറയാൻ എന്നെ അനുവദിക്കുകയില്ലേ?

വീണുകിട്ടിയ നിധിപോലെ മാസ്റ്റർ ഈ സുവർണ്ണ സന്ദർഭം ഉപയോഗപ്പെടുത്താൻ തീരുമാനിച്ചു. ഖുറാഫാത്തിനെ ഒന്നിളക്കി മറിക്കാനും എന്നാൽ വിശ്വാസങ്ങളെ അടിയുറപ്പിക്കാനും ഇസ്ലാമിന്റെ ജീവിതരീതി മാസ്റ്ററുടെ വീക്ഷണത്തിലൂടെ യുവതലമുറക്ക്‌ പകർന്നുകൊടുക്കാനും ഒരവസരം വന്നു ചേർന്നിരിക്കുന്നു എന്നു മാസ്റ്റർ മനസ്സിലാക്കി. അക്കാര്യത്തിൽ ഒരു യാഥാസ്ഥിതിക പണ്ഡിതന്റെ പിന്തുണ പരോക്ഷമായി ലഭ്യമായിരിക്കയാൽ വിജയ സാധ്യത വളരെ വ്യക്തമായി മാസ്റ്റർ കണ്ടു. അന്തർഗതമായി ഈ ആശയങ്ങൾ അടക്കി വെച്ചുകൊണ്ടു തന്നെ, ആശയപ്പൊരുത്തമില്ലാത്ത "അവരുമായി സഹകരിക്കാൻ താൻ തയ്യാറാണെന്ന്‌ മഹാമനസ്കതയോടെ മാസ്റ്റർ സന്തോഷപൂർവ്വം പറഞ്ഞു.എന്റെ സഹകരണം എപ്പോഴും ഇക്കാര്യത്തിലുണ്ടാകും എന്ന്‌ മൗലവി സാഹിബിനോട്‌ പറഞ്ഞോളു. അസർക്ക്‌ ഞാൻ അവിടെ താമസിക്കാം. മൗലവി ഉദ്ദേശിച്ച പ്രഖ്യാപനം നടത്തിക്കൊള്ളട്ടെ.”

ഹുസ്നുദ്ദീൻ തന്റെ ദൗത്യവിജയത്തിൽ സന്തുഷ്ടനായികൊണ്ടു സ്ഥലം വിട്ടു. നേരെ പോയത്‌ ഹഖുദ്ദീൻ മൗലവിയുടെ അടുത്തേക്കാണ്‌. മാസ്റ്ററുമായുണ്ടായ സംഭാഷണവും ഫലവും മൗലവിയെ ധരിപ്പിച്ച ശേഷം അസർക്ക്‌ പ്രഖ്യാപനം നടത്താനുള്ള മുൻ തീരുമാനം സ്ഥിരപ്പെട്ടവിവരം ചില മെമ്പർന്മാരെ അറിയിക്കുകയും ചെയ്തു.

അസർ നമസ്കാരത്തിൽ പതിവുപോലെ ബുർഹാൻ കുട്ടിമാസ്റ്റർ പങ്കെടുത്തു. പക്ഷെ പതിവുപോലെ എഴുന്നേറ്റ്‌ പോയില്ല. തസ്ബീഹുകളും, ദുആയും കഴിഞ്ഞ ഉടൻ, മൗലവി തിരിഞ്ഞിരുന്നു മഅമൂമിങ്ങളോട്‌ പറഞ്ഞു.

“നാം മുസ്ലീംകൾ വളരെപേർ ഇവിടെ ഉണ്ടെങ്കിലും ഇസ്ലാമിക കർമ്മാനുഷ്ഠാനങ്ങളിൽ കൃത്യനിഷ്ഠയും നിർബന്ധവും ഉളളവർ വളരെ കുറവാണെന്ന്‌ നമുക്ക്‌ അനുഭവമാണല്ലോ. മുതിർന്നവരിലും ചെറുപ്പക്കാരിലും ഈ ഭക്തിമാന്ദ്യം കാണുന്നുണ്ട്‌.അതു മാറ്റിയെടുക്കണം. വഅള്‌ കൊണ്ട്‌ മാത്രം അക്കാര്യം നിറവേറുകയില്ല. നൂറ്റാണ്ടുകളായി വഅള്‌ ദുനിയാവ്‌ മുഴുവൻ നടന്നുകൊണ്ടിരിക്കുന്നു. എന്നിട്ടും സമുദായം ദിനംപ്രതി പിന്നോട്ടല്ലാതെ മുന്നോട്ട്‌ നീങ്ങുന്നതായി കാണുന്നില്ല. അതുകൊണ്ട്‌ വ്യക്തിഗതമായി ഉൽബോധനം നടത്തിയാലെ നാം ഉദ്ദേശിച്ച ഫലം സിദ്ധിക്കുകയുളളൂ. ഈ അടിസ്ഥാനത്തിൽ പുതുയൊരു പ്രബോധനരീതി സ്വീകരിക്കാൻ ഞാൻ ഉദ്ദേശിക്കുന്നു, അതിന്‌ നിങ്ങളുടെ സഹകരണം പ്രതീക്ഷിക്കുന്നു. മഹല്ല്‌ കമ്മറ്റി ശ്രദ്ധിച്ചാൽ ഈ പരിപാടി വിജയിക്കുമെന്ന്‌ എനിക്കുറപ്പുണ്ട്‌. ഒരു ക്ലാസ്സ്‌ സംഘടിപ്പിക്കുക. പ്രായവ്യത്യാസം കൂടാതെ ആർക്കും പങ്കെടുക്കാം. അതിനെ പറ്റി ഒരാലോചന നടത്താനും ഒരു പ്രവർത്തന രീതി ആവിഷ്കരിക്കാനും നാളെ അസർ നമസ്കാരശേഷം ഇവിടെ വെച്ചു ഒരു യോഗംചേരണം. നിങ്ങളെല്ലാവരും ഹാജരുണ്ടായിരിക്കുന്നതിനു പുറമെ ഓരോരുത്തരും കഴിയുന്നത്ര ആളുകളെ കൂട്ടികൊണ്ടു വരികയും വേണം.”

ഇത്രപറഞ്ഞു ഖത്വീബ്‌ ഹഖുദ്ദീൻ തന്റെ ഭാഷണം അവസാനിപ്പിച്ചു. യോഗം പിരിച്ചുവിട്ടതായി പ്രഖ്യാപിച്ചു. എല്ലാവരും സദസ്സിൽ നിന്നെഴുന്നേറ്റു.

ഖത്വീബ്‌ തത്സമയം ബുർഹാൻകുട്ടി മാസ്റ്ററെ പേരെടുത്ത്‌ വിളിച്ചു സമീപിച്ചു, കൈപിടിച്ചു, ഒരു ഭാഗത്തേക്ക്‌ മാറിനിന്നു പറഞ്ഞു. “മാഷേ, ഞാൻ താങ്കളെ പ്രത്യേകം ക്ഷണിക്കാൻ ആളെ ഏർപ്പാടു ചെയ്തതായിരുന്നു. ഇൻശാഅല്ലാഹ്‌, നാളെ നമുക്ക്‌ ഇവിടെ ഒന്നു കൂടിച്ചേർന്ന്‌ ചില പരിപാടികളെല്ലാം ആസൂത്രണം ചെയ്യണം. മാഷ്‌ അകമഴിഞ്ഞ്‌ അക്കാര്യത്തിൽ വേണ്ട സഹായം ചെയ്യണം.”

മാഷ്‌: തീർച്ചയായും ഞാൻ ഉണ്ടാകും. ഇൻശാ അല്ലാഹ്‌, ഈ വക കാര്യങ്ങളിൽ എന്റെ സഹകരണം എപ്പോഴും മൗലവി ഉറപ്പാക്കിക്കോളൂ. മുന്നറിയിപ്പൊന്നും ആവശ്യമില്ല.

ആരിൽ നിന്നും ഒരു പ്രതികരണവും ഉണ്ടായില്ല. എല്ലാവരും പിരിഞ്ഞ്‌ പോയി. ബുർഹാൻകുട്ടിമാസ്റ്ററുടെ സാന്നിദ്ധ്യം എല്ലാവരും ശ്രദ്ധിക്കപ്പെട്ടു. തങ്ങളുടെ വിജയം സുനിശ്ചിതമാണെന്ന്‌ കമ്മറ്റി അംഗങ്ങൾ ആശ്വസിക്കുകയും ചെയ്തു. അവർ അന്യോന്യം കണ്ടുമുട്ടി സംസാരിക്കുകയും ഓരോരുത്തരുടെയും അഭിനയ ഭാഗം ഓർമ്മപ്പെടുത്തുകയും ചെയ്തു. അവരുടെ അഭിനയ ചാതുരികൊണ്ടുമാത്രമേ "ദ്വന്ദയുദ്ധ” ത്തിന്‌ വെടി പൊട്ടുകയുളളൂ. യുദ്ധം ആരംഭിച്ചു കഴിഞ്ഞാൽ പിന്നെ ഹഖ്ഹുദ്ദീൻ മൗലവി നോക്കിക്കോളുമെന്നും മാസ്റ്ററുടെ പതനം തീർച്ചയാണെന്നും അവർക്കറിയാമായിരുന്നു. അടുത്ത ദിവസം അസർ നമസ്കാരത്തിന്‌ പതിവിലധികം ആളുകളുണ്ടായിരുന്നു. കുറേ വിദ്യാത്ഥികളും അന്ന്‌ പ്രത്യേകമായി ഹാജറുണ്ടായിരുന്നു. തങ്ങളെ ബാധിക്കുന്ന എന്തോ ഒന്ന്‌ അവിടെ നടക്കാൻ പോകുന്നു എന്ന്‌ അവർ പറഞ്ഞു കേട്ടിരുന്നു. യഥാർത്ഥത്തിൽ ഒരാലോചനാ യോഗം കൂടുന്നു എന്നു മാത്രമേ പ്രഖ്യാപിച്ചിട്ടുള്ളൂ. നമസ്കാരശേഷം ഖത്വീബിന്റെ നിർദ്ദേശ പ്രകാരം എല്ലാവരും പുറത്തെ ഹാളിൽ സമ്മേളിച്ചു. ഖത്വീബ്‌, [പസിഡണ്ട്‌, കമ്മറ്റിയംഗങ്ങൾ എല്ലാവരും, സാധാരണ കൂട്ടത്തിൽ കൂടാറില്ലാത്ത ബുർഹാൻകുട്ടി മാസ്റ്റർ, പരിസര വാസികളായ കുറേ മുതിർന്നവർ, പതിവുളള കുറേ വിദ്യാർത്ഥികൾ,സമീപസ്ഥരല്ലാത്ത കുറേ വിദ്യാർത്ഥികൾ. അങ്ങിനെ നല്ലൊരു കൂട്ടം തന്നെയിരുന്നു അത്‌.

ഖത്വീബിന്റെ പ്രാരംഭം:-

ഇതൊരു കൂടിയാലോചനാ യോഗമാണ്‌. മുസ്‌ലിം ബഹുജനങ്ങളിൽ പ്രത്യേകിച്ച്‌ വളർന്നുവരുന്ന തലമുറയിൽ, ഭക്തിപ്രധാനമായ മതാചാര അനുഷ്ഠാനങ്ങളോട്‌ താത്പര്യം ജനിപ്പിക്കുവാൻ വേണ്ടി ഒരു ക്ലാസ്സ്‌ സംഘടിപ്പിക്കുക എന്നതാണ്‌ വിഷയം.അൽപ്പദിവസം മുമ്പേ ഈ പരിപാടി ആരംഭിക്കേണ്ടതായിരുന്നു. ആ ഉദ്ദേശം ജനങ്ങളോട്‌ പറയാൻ രി ഒരു വ്യക്തിയുടെ അഭാവം എന്നെ തടയുകയായിരുന്നു. ബുർഹാൻകുട്ടി മാസ്റ്റർ നമ്മുടെ പരിപാടി വിജയിപ്പിക്കാൻ അനുപേക്ഷനീയനാണ്‌. അദ്ദേഹത്തെ കാണാഞ്ഞ കാരണം കൊണ്ടാണ്‌ ഇത്‌ നടപ്പിൽ വരുത്താൻ താമസിച്ചത്‌.

കമ്മറ്റിയംഗം: മാസ്റ്ററെ കാണാൻ കിട്ടുകയില്ലെന്ന്‌ മുസ്ല്യാർക്ക്‌ അറിയില്ലേ?

ഖത്വിബ്‌: നമസ്കരിക്കാനുണ്ടാകാറുണ്ട്‌ അതുകഴിഞ്ഞപ്പോൾ കണ്ടില്ല.

ക.അംഗം: അല്ലെങ്കിലും മുസ്ലിയാർ വല്ലപ്പോഴും മാസ്റ്ററെ കണ്ടിട്ടുണ്ടോ?

മറ്റൊരംഗം: എന്നും അങ്ങിനെയാണ്‌. സലാം വീട്ടിയാൽ പിന്നെ മാസ്റ്ററുടെ അഡ്രസ്സുണ്ടാവില്ല.

വേറൊരാൾ: ഓ, നമ്മുടെ മാസ്റ്റർ സലാമിനു ശേഷമുളള മറ്റു തസ്ബീഹുകളിൽ പങ്കെടുക്കാറില്ലെന്നോ?

കൂട്ടത്തിലൊരാൾ: വല്ലപ്പോഴും അത്യാവശ്യമായി പോയിട്ടുണ്ടാകും എപ്പോഴും മുടങ്ങാതെ അതിൽ പങ്കെടുത്തിരിക്കയില്ല.

ആദ്യത്തേയാൾ: അങ്ങിനെയല്ല. ആ പതിവ്‌ മാസ്സ്റർക്കില്ല. സലാം വീട്ടേണ്ട താമസം ഉടൻ സ്ഥലം വിടും.

കമ്മറ്റിയംഗം: അത്‌ ശരിയാണ്‌, മാസ്റ്റർ തസ്ബീഹിലും, ദിക്റിലും, ദുആയിലും നിർബന്ധമുള്ള ആളല്ല.

കൂട്ടത്തിലൊരാൾ : ഇങ്ങനെയുളള ആളെയാണോ ഖത്വീബ്‌ അനുപേക്ഷനീയനെന്ന്‌ വർണ്ണിച്ചത്‌. ജനങ്ങളിൽ മതഭക്തി നിവേശിപ്പിക്കാൻ ശ്രമിക്കുന്നത്‌ ഇത്തരം ഭക്തിയല്ലാത്തവരാണോ!

ഹുസ്നുദ്ദീൻ: നമ്മൾ കൂടിയ വിഷയം സംസാരിക്കാം. മാസ്റ്ററെ കേന്ദ്രബിന്ദുവാക്കി സംസാരിച്ച്‌ സമയം കളയുന്നതെന്തിന്‌?

കൂട്ടത്തിലൊരാൾ : ഭക്തിയുടെ ഒരു ഘടകമാണ്‌ തസ്‌ബീഹ്‌,തഹ്‌ലീല്, മുതലായവ. അതിലൊന്നിലും താത്പര്യമില്ലാത്ത ആൾ ഒരു ഭക്തനാണെന്ന്‌ പറയാൻ വയ്യ. നല്ല വിശ്വാസവും ഭക്തിയുമുളളവർ മാത്രമേ ഇത്തരം പ്രബോധന പ്രചാരണപ്രവർത്തനത്തിന്‌ പറ്റുകയുള്ളൂ. അതിന്‌ യോഗ്യനല്ലാത്ത ഒരാൾക്ക്‌ പ്രമുഖസ്ഥാനം കൊടുത്തതായി കാണുന്നു. അത്‌ പരിശോധിക്കേണ്ട വിഷയമാണ്‌.

ഖത്വീബ്‌: എല്ലാ വഖ്ത്തിലും ജമാഅത്തിനെത്തുന്ന ഒരാളെ അനുഷ്ഠാനനിഷ്ഠയും ഭക്തിയുമുള്ള ആളായിട്ടാണ്‌ കാണുക. മതോപദേശത്തിന്‌ അത്തരത്തിലുള്ള ആൾ യോഗ്യനാണ്‌. മാസ്റ്ററെ അങ്ങിനെ ഒരാളായിട്ടാണ്‌ ഞാൻ കണക്കാക്കിയിട്ടുള്ളത്‌.

കൂട്ടത്തിലൊരാൾ: മാസ്റ്റർ അങ്ങിനെയുളള ആളല്ലെന്ന്‌ തെളിഞ്ഞിരിക്കുന്നു. അത്‌ ആദ്യമായി പരിശോധിക്കണം. അത്തരം സ്വഭാവക്കാരെയും ആശയക്കാരെയും നേരിട്ടു പരിവർത്തിപ്പിച്ചെടുക്കലാണ്‌ നമ്മുടെ ആദ്യത്തെ ലക്ഷ്യം.

ആദ്യത്തെയാൾ; മാസ്റ്റർ സലാം വീട്ടിയ ഉടൻ എഴുന്നേറ്റു പോകുന്ന ആളാണ്‌. അതു പരിശോധിക്കുക തന്നെ വേണം. ഖത്വീബ്‌ നോക്കിയിട്ട്‌ ആൾക്കൂട്ടത്തിൽ കണ്ടില്ലന്നല്ലേ പറഞ്ഞത്‌.

ഖത്വീബ്‌: മാസ്റ്ററെപ്പറ്റി ഉന്നയിക്കപ്പെട്ട ആക്ഷേപം ശരിയാണെങ്കിൽ അത്‌ വളരെ ഗൗരവപ്പെട്ടതാണ്‌, പരിശോധനക്ക്‌ വിധേയമാക്കേണ്ടതു തന്നെയാണ്‌. നമസ്കാരം കഴിഞ്ഞ ഉടനെ ഓടിപ്പോകുന്ന സ്വഭാവക്കാരനായ ഒരു സഹാബിയെ നബി (സ) താക്കീത്‌ ചെയ്തതായി ചരിത്രത്തിലുണ്ട്‌.

കമ്മറ്റിയംഗം: അപ്പോൾ അങ്ങിനെ ചെയ്യുന്നതിന്റെ കാരണം ആരായേണ്ടതാണ്‌.

ഖത്വിബ്‌: നമസ്‌കാര ശേഷമുളള തസ്ബീഹുകളെ പറ്റി നാം ഗൗരവപൂർവ്വം ബോധവാന്മാരായിരിക്കേണ്ടതാണ്‌. ധനികന്മാർ ധനം"ധർമ്മ മാർഗ്ഗത്തിൽ ചിലവ്‌ ചെയ്തു പുണ്യം നേടുമ്പോൾ സാധുക്കളായവർക്ക്‌ പുണ്യം സമ്പാദിക്കാനൊരു മാർഗ്ഗവുമില്ലല്ലോയെന്ന്‌ ദരിദ്രരായ സഹാബികൾ നബി (സ)യോട്‌ സങ്കടം ഉണർത്തിയപ്പോൾ തിരുമേനി ഉപദേശിച്ചതാണ്‌ ഈ തസ്ബീഹുകൾ. നമസ്കാര ശേഷം സുബ്ഹാനല്ലാഹ്‌, അൽഹംദുലില്ലാഹ്‌, അല്ലാഹു അക്ബർ എന്നിവ മുപ്പത്തിമൂന്നുവട്ടം ചൊല്ലിയിട്ടു മറ്റൊരു നീണ്ട കലിമത്തുകൊണ്ട്‌ നൂറ്‌ തികക്കാൻ നബി (സ) ഉപദേശിച്ചതനുസരിച്ചാണ്‌ നാം അത്‌ ഇന്ന്‌ അനുവർത്തിച്ചുവരുന്നത്‌. ആകയാൽ ആ തസ്ബീഹ്‌ ചൊല്ലുന്നതിനെ അവഗണിക്കുന്നത്‌ അതൃന്തമായ അപരാധമായി കാണേണ്ടതാണ്‌.

കൂട്ടത്തിലൊരാൾ: സംഗതിക്ക്‌ ഗൗരവം കൂടി വരികയാണല്ലോ. കാലാകാലമായി തടസ്സവും മുടക്കവും കൂടാതെ ആചരിച്ചുപോരുന്ന ഒരു നടപടി മാസ്റ്റർ പറ്റെ ഉപേക്ഷിച്ചുപോരുന്നത്‌ കണ്ടില്ലെന്ന്‌ വെക്കാൻപാടില്ല. അറിവുകൊണ്ട്‌ മറ്റുളളവർക്ക്‌ മാതൃക കാണിക്കാൻ യോഗ്യനായ മനുഷ്യൻ ഇത്തരം വീഴ്ചകൾ തുടർച്ചയായി വരുത്തുന്നു എന്നത്‌ നിസ്സാരസംഗതിയല്ല.

ഖത്വീബ്‌: നമസ്കാര ശേഷമുളള സമയം ദുആക്ക്‌ ഉത്തരം കിട്ടുന്ന സമയമാണ്‌. ഈ തസ്ബീഹുകൾ കഴിഞ്ഞ്‌ ദുആ ചെയ്യുകയെന്നത്‌ വളരെ ശ്രേഷ്ഠകരമായ സുന്നത്താണ്‌. അത്‌ ഒഴിവാക്കുന്നത്‌ അപകടകരമാണ്‌. മനുഷ്യനോടു ചോദിച്ചാൽ അവന്‌ ദേഷ്യമാണ്‌. അല്ലാഹുവിനോട്‌ ചോദിക്കാതിരുന്നാൽ അവൻ ദേഷ്യമാണ്‌. എന്നുവെച്ചാൽ നമസ്‌കാരാനന്തരം ഇത്തരം കാര്യങ്ങൾ ഉപേക്ഷിക്കുന്നതു വഴി അല്ലാഹുവിന്റെ ക്രോധം സമ്പാദിക്കുകയാണ്‌ നാം ചെയ്യുന്നത്‌.

കമ്മിറ്റിയംഗം: സുബ്ഹാനല്ലാഹ്‌, സംഗതിയുടെ ഗൗരവം ഇപ്പോഴല്ലേ വ്യക്തമാകുന്നത്‌. മാസ്റ്റർ മൗനിയാണല്ലോ.

ഹുസ്‌നുദ്ദീൻ: മാസ്റ്റർ ഇതൊക്കെ കേൾക്കുന്നില്ലേ? ഒന്നും പറയാനില്ലേ മാസ്റ്റർക്ക്‌ ഞങ്ങളോട്‌?

മാസ്റ്റർ: എല്ലാവർക്കും പറയാനുളളത്‌ മുഴുവൻ പറഞ്ഞുതീരട്ടെ. ആക്ഷേപത്തിന്റെ ഘോഷയാത്ര തീരട്ടെ. എന്റെ പാപത്തിന്റെ ആഴം വ്യക്തമാകട്ടെ. എന്നിട്ടു പറയാം.

ഒരാൾ: ഇത്രയൊക്കെ പലരും പറഞ്ഞിട്ടും ആക്ഷേപം പൂർണ്ണമായിട്ടില്ലെന്നാണ്‌ മാസ്റ്റർ പറയുന്നത്‌. ദിക്റിനെപ്പറ്റി ഖത്വീബ്‌ തന്നെ അൽപ്പം കൂടി വിശദമാക്കിയാൽ കൊളളാം.

ഖത്വീബ്‌ : ഖുർആനിൽ ആവർത്തിച്ചാവർത്തിച്ചു വ്യക്തമാക്കിയിട്ടുളള സംഗതിയാണ്‌ തസ്‌ബീഹ്‌. തുസബ്ബിഹു ലഹുസ്സ മാവാത്തുസ്ല ബ്ഉ--- എന്നു തുടങ്ങുന്ന ഖുർആൻ വാക്യം പ്രത്യേകം ശ്രദ്ധേയമാണ്‌. ഏഴ്‌ ആകാശവും ഭൂമിയും അവയിലുളള എല്ലാമും അല്ലാഹുവിനെ പ്രകീർത്തിക്കുന്നു. അവന് സ്‌തോത്രം ചെയ്യാത്ത ഒരു വസ്തുവുമില്ല. പക്ഷെ അവയുടെ തസ്ബീഹുകൾ നിങ്ങൾക്കറിയാൻ കഴിയുകയില്ല. (17,44) മറ്റൊരു ഖുർആൻ വാക്യം ശ്രദ്ധിക്കുക. അലംതറ അന്നളളാഹ യുസബ്ബിഹുലഹഫുമൻഫിസ്സമാവാത്തി വൽ അർളി വത്ത്വറുസ്വാഫ്ഫാത്തീൻ---ആകാശത്തിലും ഭൂമിയിലുമുളളവരെല്ലാവരും, ചിറകുവിടർത്തിപ്പറക്കുന്ന പക്ഷികളും എല്ലാം അല്ലാഹുവിനെ സ്‌തോത്രം ചെയ്യുന്നു. ഇതു കൂടാതെ രാവിലെയും വൈകിയിട്ടും തസ്ബീഹ്‌ ചെയ്യണമെന്ന്‌ ഖുർആനിൽ പലഭാഗത്തും അല്ലാഹുവിന്റെ കൽപ്പന കാണാം. ധനവും സന്താനങ്ങളും അല്ലാഹുവിനെ ദിക്റ്‌ ചെയ്യുന്നതിൽ നിന്ന്‌ നിങ്ങളെ തടയാതിരിക്കട്ടെ എന്ന്‌ നമുക്ക്‌ താക്കീതും നൽകിയിട്ടുണ്ട്‌.

ഹുസ്നുദ്ദീൻ: ആക്ഷേപ ഘോഷയാത്രക്ക്‌ ഇപ്പോൾ ഒരുമാതിരി നീളം ആയില്ലേ മാസ്റ്ററേ? ഇനിയും നിളം കൂട്ടണമെന്ന്‌ നിർബന്ധമുണ്ടോ!

ഒരാൾ: ഖുർആനിലെ പ്രസ്താവനകൾക്ക്‌ എതിരായി മാസ്റ്റർ എന്ത്‌ പറയാനാണ്‌? സ്വയം വീഴ്ച്ച സമ്മതിക്കാൻ കുറച്ചുസമയം എടുക്കും, തെരക്കാക്കണ്ട.

മാസ്റ്റർ: എന്റെ മറുപടി കേൾക്കാനാണ്‌ നിങ്ങൾക്ക്‌ തിരക്ക്‌ എന്ന്‌ എനിക്കറിയാം. അതെന്നെ നല്ലവണ്ണം ചൂടാക്കാനാണ്‌ ഇതൊക്കെ പറയുന്നതെന്നും എനിക്കറിയാം. ദിക്റ്‌ തസ്ബീഹുകളുടെ മഹത്വം ഇവിടെ ഖത്വീബ്‌ അവർകൾ വർണ്ണിച്ചു. ഇതൊന്നും ഞാൻ നിഷേധിക്കുന്നില്ല. അതിനൊന്നിനും ഞാൻ മറുപടി പറയേണ്ടതില്ല. കാരണം, എന്നോട്‌ ഒരു ചോദ്യവും ഖത്വീബ്‌ ഉന്നയിച്ചിട്ടില്ല. മുസ്ലീമിന്‌ ചേരാത്ത വല്ല തെറ്റായ കർമ്മങ്ങളും ഞാൻ ചെയ്തിട്ടുണ്ടെന്ന്‌ നിങ്ങൾക്ക്‌ അഭിപ്രായമുണ്ടെങ്കിൽ അത്‌ ചൂണ്ടിക്കാണിക്കുക. അതിന്‌ ഞാൻ മറുപടി പറയാനും അല്ലെങ്കിൽ കുറ്റം സമ്മതിച്ചു തൗബചെയ്ത്‌ നേർമാർഗ്ഗത്തിലേക്ക്‌ വരാനും ഞാൻ ബാധ്യസ്ഥനാണ്‌.

കുറച്ച്‌ സെക്കന്റുകൾ നിശബ്ദത. നിശബ്ദത ഭംഞ്ജിക്കാൻ ആരും മുമ്പോട്ട്‌ വന്നില്ല. എല്ലാവരും മുഖം താഴ്തി ഇരിപ്പുറപ്പിച്ചിരിക്കുകയാണ്‌. മാസ്റ്ററാകട്ടെ അല്പം വിജയഭാവത്തിൽ ആളുകളെ മാറിമാറി നോക്കിക്കൊണ്ടിരുന്നു. വിദ്യാർത്ഥികൾ ചിലർ അന്യോന്യം വളരെ മൃദുസ്വരത്തിൽ കുശുകുശുക്കുന്നുണ്ട്‌. ഒടുവിൽ പ്രസിഡണ്ട്‌ ഹുസ്നുദ്ദീൻ ശബ്ദമുണ്ടാക്കി മൗനാന്തരീക്ഷം ഭേദിച്ചു.

ഹുസ്‌ നൂദ്ദീൻ: (അൽപ്പം കാർക്കശ്യത്തോടെ) ഖത്വീബെ. എന്താ ഒന്നും മിണ്ടാത്തത്‌? നിങ്ങളാണല്ലോ മാസ്റ്ററുടെ ന്യായവാദത്തിനും തടസ്സവാദത്തിനും മറൂപടി പറയേണ്ടത്‌? മാസ്റ്ററുടെ മേൽ നമ്മൾ ചുമത്തുന്ന ചാർജ്ജ് എന്താണെന്ന്‌ ചോദിച്ചിട്ടും മൗനം പാലിക്കുന്നത്‌ നമുക്ക്‌ തോൽവിയല്ലേ? ഇത്രയും സമയം ഖുർആനും, ഹദീസും നിരത്തി വാചാലമായി പ്രസംഗിച്ചിട്ടും മാസ്റ്ററുടെ ചോദ്യത്തിന്‌ ഖത്വീബ്‌ ഉത്തരം കൊടുക്കാത്തത്‌ ആശ്ചര്യകരം തന്നെ. മാസ്റ്റർക്ക്‌ വേണ്ടിഞാൻ ചോദ്യം ആവർത്തിക്കുന്നു. മാസ്റ്ററിൽ നാം കാണുന്ന കുറ്റമെന്താണ്‌? മാസ്റ്ററോട്‌ ഖത്വീബ്‌ പറയണം

ഖത്വീബ്‌: നമുക്കും മാസ്റ്റർക്കും അറിയാവുന്ന കാര്യം തന്നെ.

മാസ്റ്റർ: ഞാൻ ഒരു തെറ്റു കുറ്റവും ചെയ്യുന്നതായി എനിക്കു തോന്നിയിട്ടില്ല. അവനവന്റെ കുറ്റം അവനവൻ കാണുകയില്ല. എന്നിൽ സംഭവിച്ചതെന്താണെന്ന്‌ നിങ്ങൾ ചൂണ്ടിക്കാണിക്കണം.

ഖത്വീബ്‌: നമസ്കരിച്ചു തീർന്നാൽ നിങ്ങൾ ഉടനെ എഴുന്നേറ്റ്‌ പോകുന്നു. മറ്റു ദിക്റുകൾ, തസ്ബീഹുകൾ ചൊല്ലാതെ ദുആ ചെയ്യാൻ കൂടാതെ ഓടിപ്പോകുന്നു അതുതന്നെ കുറ്റം.

മാസ്റ്റർ: നിസ്‌കരിച്ചു തീർന്നാൽ ഞാനെന്തു ചെയ്യണമെന്നാണ്‌ നിങ്ങൾ പറയുന്നത്‌?

ഖത്വീബ്‌: നിങ്ങൾ മറ്റുളളവരെ പോലെ അവിടെയിരിക്കണം. ദുആ കഴിഞ്ഞ്‌ മറ്റുളളവരുടെയൊപ്പം നിങ്ങളും പോകണം. സലാം വീട്ടിയ ഉടനെ എഴുന്നേറ്റ്‌ പോകുന്നതാണ്‌ നിങ്ങളുടെ തെറ്റ്‌.

മാസ്റ്റർ: ഞാൻ മതപണ്ഡിതനല്ല. സാമാന്യഞ്ജാനമേ ഇസ്ലാം മതത്തെക്കുറിച്ച്‌ എനിക്കുളളു. ആലിമായ നിങ്ങളോട്‌ ഞാൽ ചില സംശയങ്ങൾ ചോദിക്കാം. സത്യമായ വിവരം എനിക്കും സദസ്യർക്കും താങ്കൾ തരുമെന്ന്‌ വിശ്വസിക്കുന്നു.

ഖത്വീബ്‌: നിശ്ചയമായും സത്യമായ വിവരങ്ങൾ പറയാം.

മാസ്റ്റർ: നമ്മളുടെ നിസ്‌കാരം എപ്പോൾ തുടങ്ങുന്നു, എപ്പോൾ അവസാനിക്കുന്നു.

ഖ: തക്ബീർ കൊണ്ട്‌ തുടങ്ങുന്നു; സലാം കൊണ്ട്‌ അവസാനിക്കുന്നു.

മാസ്റ്റർ: അതായത്‌ സലാം വീട്ടിയാൽ നമസ്‌കാരം കഴിഞ്ഞു എന്നർത്ഥം അല്ലേ?

ഖ: അതെ, അതുശരി

മാസ്റ്റർ: നമസ്‌കാരമല്ലേ ഇമാമും ജമാഅത്തുമായി ഇവിടെ നടക്കുന്നത്‌.

ഖത്വീബ്‌: അതെ.

മാസ്റ്റർ: അതായത്‌ നമസ്‌കാരം തീരുന്നതോടൊപ്പം ഇമാമും ജമാഅത്തും തീരുന്നു അല്ലേ.

ഖ: അതേ, അതുശരി.

മ: അതായത്‌ സലാം വീട്ടലോടുകൂടി ഇമാമത്തും, ജമാഅത്തും അവസാനിച്ചു.പിന്നെ മഅമൂമുകളുമായി ഒരു ബന്ധവുമില്ല. അതല്ലേ സ്ഥിതി?

ഖ: അതേ, അതാണ്‌ സ്ഥിതി.

മാ: മഅമൂമായ ഞാനും ഇമാമായ നിങ്ങളും തമ്മിൽ അന്യോന്യമുള്ള ബന്ധം അവസാനിച്ചു കഴിഞ്ഞാൽ പിന്നെ, ഞാൻ നിങ്ങളെയും വിട്ട്‌ എഴുന്നേറ്റ്‌പോകുന്നതിൽ എന്താണ്‌ തെറ്റ്‌?

(ഖത്വീബ്‌ അൽപം പരിഭ്രമപ്പെടുന്നു.) ഒന്നു ചുമച്ചു, ഉമിനീരിറക്കി, മറുപടിക്ക്‌ പ്രയാസപ്പെടുന്നതായി കാണികൾക്ക്‌ തോന്നുവാനിടയാകുന്നു. ഇടവും വലവും നോക്കുന്നു. വിദ്യാർത്ഥികൾ അൽപ്പം ശബ്ദത്തിൽ ചിരിച്ചു. ചിലർ കുശുശുത്തു.മുതിർന്നവരെല്ലാവരുടെയും ദൃഷ്ടി ഖത്വീബിൽ പതിഞ്ഞു കൊണ്ടിരിക്കുകയാണ്‌. പത്തിരുപത്‌ സെക്കന്റുകൾ അങ്ങിനെ കഴിഞ്ഞു. തുടരെ തുടരെ ഇടമുറിയാതെ ചോദ്യോത്തരരീതിയിൽ സംഭാഷണം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ 20 സെക്കന്റ്‌ സമയത്തെ നിശ്ശബ്ദത, വളരെ ദീർഘമായ മൗനം നിറയുകയാണ്‌. ഒരു നിർണ്ണായക പരിസ്ഥിതിയാണ്‌. ഖത്വീബിന്‌ പകുതി പരാജയം തന്നെ.

ഹുസ്നുദ്ദീൻ: (ഖത്വീബിനോട്‌) അതിൽ തെറ്റൊന്നുമില്ലെങ്കിൽ, ഇല്ലെന്ന്‌ പറയണം, എന്താണ്‌ നിങ്ങൾ നാവടക്കിയിരിക്കുന്നത്‌. വിജയപരാജയമല്ല ഇവിടെ പ്രശ്നം. ഇസ്ലാമിക ആചാരാനുഷ്ഠാനക്രമങ്ങളാണ്‌.

ഖത്വീബ്‌: സാധാരണ നടപടിക്രമങ്ങൾക്കെതിരെയാണ്‌ മാസ്റ്ററുടെ പ്രവൃത്തി.

മാസ്റ്റർ: നടപടിക്രമം ആരുണ്ടാക്കിയതാണ്‌? ഇസ്ലാമിക കർമ്മശാസ്ത്രത്തിലെ നിബന്ധനയാണോ? ആരെങ്കിലും സ്വേച്ഛയാ നിർമ്മിച്ചതാണോ?

ഖ: ആ നടപടി മാത്രം കർമ്മശാസ്ത്രത്തിനെതിരല്ല (കുട്ടികൾ ചിരിക്കുന്നു)

മാസ്റ്റർ: അങ്ങിനെ, തടുക്കുന്നതിനു പകരം ഒഴിഞ്ഞുമാറുന്ന തന്ത്രം പ്രയോഗിക്കരുത്‌. ചോദ്യം ഞാൻ മാറ്റിച്ചോദിക്കാം. കർമ്മ ശാസ്ത്രം എന്തുപറയുന്നു? സലാം വീട്ടി നമസ്‌കാരം കഴിഞ്ഞാൽ ഭക്തന്മാർ എന്ത്‌ വേണമെന്നാണ്‌ ഖുർആൻ നിർദ്ദേശിക്കുന്നത്‌?

ഖ: സുന്നത്തായ നടപടികളുണ്ട്‌. പലതും ഉരുവിടേണ്ടതുണ്ട്‌, ദുആക്ക്‌ ഉത്തരം കിട്ടുന്ന സമയമാണ്‌ നമസ്കാരാനന്തരമുള്ള സമയം. അല്ലാഹുവിനോട്‌ ദുആ ചെയ്യണം.

മാസ്റ്റർ: ഇതെല്ലാം ഓരോ വ്യക്തിയും സ്വന്തമായി ചെയ്യേണ്ടതാണോ അതല്ല നിർബന്ധമായും കൂട്ടായി ചെയ്യേണ്ടതാണോ?

ഖ:ഒറ്റക്കും കൂട്ടായും ആവാം.

മാസ്റ്റർ: എങ്കിൽ പിന്നെ എന്റെ പ്രവൃത്തിയിൽ കുറ്റകരമായതെന്താണ്‌?

ഖ: മറ്റുളളവരിൽ നിന്നും വ്യത്യസ്ഥമായി നിങ്ങൾ ചെയ്യുന്നു എന്നത്‌ തന്നെ.

മാസ്റ്റർ: മറ്റുളളവരോ നിങ്ങളോ ചെയ്യുന്നത്‌ പോലെയൊക്കെ ചെയ്യാൻ ഇസ്ലാമികമായി ഞാൻ ബാധ്യസ്ഥനാണോ?

ഖ: ബാദ്ധ്യസ്ഥനല്ല എങ്കിലും ആചാര നടപടി അങ്ങിനെയല്ലേ?

ഹുസ്‌നുദ്ദീൻ: നമ്മളെല്ലാവരും അവരുടെ സംഭാഷണം കേൾക്കുന്നുണ്ടല്ലോ. നിങ്ങൾക്കെന്ത്‌ തോന്നുന്നു?

ഒരാൾ: ഖത്വീബിന്റെ ഭാഗം ബലക്കുറവായി തോന്നുന്നു.

ഹുസ്‌നുദ്ദീൻ: എന്ന്‌ വെച്ചാൽ?

അയാൾ: ചാർജ്ജ്‌ ഷീറ്റ്‌ അവതരിപ്പിച്ചിട്ടില്ല.

ഹുസ്‌നുദ്ദിൻ: എന്നു വെച്ചാൽ? പച്ചയായി പറഞ്ഞോളൂ.

അയാൾ: മാസ്റ്ററുടെ പേരിൽ ഒരു കുറ്റവും ആരോപിച്ചിട്ടില്ല. മറിച്ച്‌ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്‌ ചെയ്തിരിക്കുന്നത്‌.

ഹുസ്നുദ്ദിൻ: ഫിഖ്ഹ്‌ മോന്തിക്കുടിച്ചവരാണ്‌ മതപണ്ഡിതന്മാൻ എന്നാണ്‌ പൊതുജന ധാരണ. ഇഷ്ടാനുസരണം വൃക്തികൾ ചെയ്യാനനുവദിച്ചിട്ടുളളതും കൂട്ടായി ചെയ്യാൻ നിർദ്ദേശമില്ലാത്തതുമായ ഈ ചടങ്ങുകൾക്ക്‌ നിർബന്ധത്തിന്റെ പരിവേഷം നൽകി, അവ മുടക്കവും വീഴ്ചയും കൂടാതെ നടത്തിപ്പോരുക വഴി അജ്ഞരായ സാധാരണ മുസ്ലീംകളെ തെറ്റിധരിപ്പിക്കുകയായിരുന്നു. നമസ്‌കാരത്തിന്റെ അവിഭാജ്യഘടകവും നിർബന്ധവുമാണ്‌ സലാം വീട്ടിയ ശേഷം ചെയ്യുന്ന കാര്യങ്ങളെല്ലാം എന്നാണ്‌ സാധാരണക്കാർ മനസ്സിലാക്കിയിട്ടുളളത്‌. സത്യാവസ്ഥ ഈ മതപണ്ഡിതന്മാർ പൊതുമുസ്ലീംകളെ ധരിപ്പിച്ചിട്ടില്ല. എന്നുമാത്രമല്ല ആ ഐച്ഛിക കർമ്മങ്ങൾ ചെയ്യാത്തവർ എന്തോ വമ്പിച്ച പാപകർമ്മം ചെയ്തവരാണെന്ന തെറ്റിധാരണ ജനങ്ങളിൽ സൃഷ്ടിക്കാനുതകുന്ന രീതിയിലാണ്‌ അത്തരക്കാരെ ഈ പണ്ഡിതന്മാർ പരാമർശിക്കുന്നത്‌. നമ്മുടെ മതനേതാക്കളുടെ വീഴ്‌ചയാണത്‌. ഹഖിനെ വ്യക്തമാക്കുന്നില്ല.

അയാൾ: മാസ്റ്ററെ നിരപരാധിയാക്കി പ്രഖ്യാപിക്കേണ്ടതല്ലേ?

ഹുസ്‌നുദ്ദീൻ: സംശയമെന്താ? മാസ്റ്റർ നിരപരാധിയെന്ന്‌ വൃക്തമായതിനോടൊപ്പം നമുക്ക്‌ ഈ കർമ്മങ്ങളുടെ ഇസ്ലാമിക ഗൗരവവും മനസ്സിലാക്കാൻ കഴിഞ്ഞു. എത ധൃതിയുള്ള അടിയന്തിര ഘട്ടങ്ങളിലാണെന്നറിയാമോ ചിലർ ഈ തസ്ബിഹിനും കൂട്ടു ദുആക്കും വേണ്ടി ഇമാമിന്റെ സന്മനസ്സും കാത്ത്‌ ഇരിക്കുന്നത്‌? ഇമാമിന്റെ ദുആക്ക്‌ ആമീൻ പറയുന്ന കർമ്മത്തോട്‌ കൂടിയേ നമസ്‌കാരം പൂർത്തിയാവുകയുള്ളൂ എന്ന്‌ ധരിച്ചിട്ടുളളവരാണ്‌ അധിക നിസ്‌കാരക്കാരും. ഞാനും അതിൽ നിന്നൊഴിവല്ല. അതുകൊണ്ടാണ്‌ ഇന്നത്തെ യോഗോദ്ദേശ്യകാര്യങ്ങൾ സംസാരിക്കാതെ ഇത്രയും സമയം ബുർഹാൻകുട്ടി മാസ്റ്ററെ വിശകലനം ചെയ്യാൻ ഞാൻ സമ്മതിച്ചത്‌. അതു വളരെ ഗുണകരമായി. ഈ പണ്ഡിതന്മാരുടെ തോലുലിച്ച്‌ തനിനിറം കാണാൻ കഴിഞ്ഞു.

മാസ്റ്റർ; ഇസ്‌ലാമിന്റെ ആരംഭദശയിൽ അനുഷ്ഠാനകർമ്മങ്ങൾ ജനങ്ങളെ പഠിപ്പിക്കുന്നതിന്‌ വേണ്ടി ചില പൊടിക്കൈകൾ അന്നത്തെ മതഗുരുക്കന്മാർ നടപ്പിലാക്കിയിട്ടുണ്ടാവും. എല്ലാം ഒരുവിധം പഠിച്ച്‌ പഴകിയ ഇക്കാലത്ത്‌ ആ നടപടി നമ്മുടെ മതാചാര്യന്മാർ കൈവിടുന്നില്ല. ഓരോന്നിന്റെയും ഉദ്ദേശ്യവും ലക്ഷ്യവും മനസ്സിലാക്കാതെ മുൻഗാമികൾ ചെയ്തത്‌ അപ്പടി പകർത്തുകയെന്ന ചവക്കാതെ വിഴുങ്ങുന്ന രീതി മാത്രമേ അവർക്കറിഞ്ഞുകൂടൂ എന്ന്‌ തോന്നുന്നു.

കൂട്ടത്തിലൊരാൾ: എന്താണ്‌ നമ്മുടെ മതഗുരുക്കന്മാരെ അങ്ങനെ അന്ധരാക്കി തരംതാഴ്ത്തുന്നത്‌?

മാസ്റ്റർ: അവർ അങ്ങിനെ ചെയ്യുന്നതുകൊണ്ട്‌. ഉദാ: നിസ്‌കരിച്ചുകഴിഞ്ഞാൽ ചൊല്ലേണ്ടതെല്ലാം നമുക്കറിയാം. എന്നാലും ഇമാം “സുബ്ഹാനല്ലാഹ്‌” “അൽഹംദുലില്ലാഹ്‌" എന്ന്‌ ഉറക്കെ പറഞ്ഞാൽ മാത്രമേ മഅമൂമുകൾ ആ തസ്ബീഹുകൾ ചൊല്ലുകയുള്ളൂ. അവർ കാത്തിരിക്കും. അതുപോലെ തന്നെ “അഫ്ളലു ദിക്‌ർ എന്ന ശബ്ദം കേൾക്കാതെ പത്ത്‌ ദിക്റ്‌ ചൊല്ലുകയില്ല. അങ്ങനെ നാം തത്തമ്മേ പൂച്ച സമൂഹമായിത്തീർന്നു. ഇത്ര കൊല്ലങ്ങളായി നാം നോമ്പനുഷ്ഠിക്കുന്നു. എന്നിട്ടും നിയ്യത്ത്‌ വെക്കാനറിയില്ല. അതും മുസ്ലിയാർ ചൊല്ലിത്തരാതെ. നവയ്തു, നവയ്തു സൗമഗദിൻ, സൗമഗദിൻ.--- എന്നിങ്ങനെ. ഒരു കാര്യത്തിലും നാം അറിവും ബുദ്ധിയും ചെലുത്തുന്നില്ല.

ഹുസ്നുദ്ദീൻ: സംഗതി വളരെ ശരിയാണ്‌. നാം ഒരു കുരങ്ങൻ സമുദായമായി ത്തീർന്നിരിക്കുകയാണ്‌. മാസ്റ്റർ പറഞ്ഞതു മുഴുവൻ ഞാൻ പിന്തുണയ്ക്കുന്നു. കുറേ കാര്യങ്ങൾ ഇന്ന്‌ മനസ്സിലാക്കാൻ കഴിഞ്ഞതിൽ നമുക്കെല്ലാവർക്കും സന്തോഷിക്കാം.

മാസ്റ്റർ: ഇനി എന്തെല്ലാം കിടക്കുന്നു!

ഹുസ്നുദ്ദിൻ: അതെന്താ മാസ്റ്ററേ? വല്ലതും ഉണ്ടെങ്കിൽ വെളിവാക്കണം. അതിനു പറ്റിയ സന്ദർഭമാണിത്‌. നാം ഏതായാലും ആരംഭിച്ചു പോയതല്ലേ.

മാസ്റ്റർ: ഖത്തീബ്‌ പറയട്ടെ. നമസ്കരിക്കുന്നിടത്ത്‌ വല്ല ശബ്ദവും ഉണ്ടാക്കാമോ?

ഖത്വീബ്‌: പാടില്ല എന്ന്‌ എല്ലാവർക്കും അറിയാമല്ലോ.

മാസ്റ്റർ: എന്താകാരണം?

ഖത്വീബ്‌: നമസ്കരിച്ചു കൊണ്ടിരിക്കുന്നവർക്ക്‌ അത്‌ ശല്യമായി തീരും. ഏകാഗ്രതക്ക്‌ ഭംഗം നേരിടും. അതുകൊണ്ടുതന്നെ.

മാസ്റ്റർ: പക്ഷെ ഖുർആൻ ഓാതിക്കൂടെ?

ഖത്വീബ്‌: അതും ശബ്ദുമല്ലേ? നമസ്കരിക്കുന്നവരുടെ സമീപത്ത്‌ ഖുർആനും ഉറക്കെ ഓതാൻ പാടില്ല.

മാസ്റ്റർ: ദിക്റും സ്വലാത്തും?

ഖത്വീബ്‌: ഒന്നും പാടില്ല, എല്ലാം ശബ്ദമാണല്ലോ. ഒന്നിനും ഒഴിവില്ല.

മാസ്റ്റർ: നമസ്കാരശേഷം എല്ലാവരും കൂടി ഉറക്കെ ദിക്റ്‌ ചൊല്ലുന്നതോ?

ഖത്വീബ്‌: സത്യത്തിൽ അതു പാടില്ലാത്തതാണ്‌.

മാസ്റ്റർ: ഇത്‌ നിങ്ങൾ കേൾക്കുന്നില്ലേ? ദിക്റ്‌ ഉറക്കെ ചൊല്ലുന്നത്‌ സത്യത്തിൽ അനുവദനീയമല്ല, അത്‌ നിസ്‌കരിക്കുന്നവർക്ക്‌ ശല്യമായിത്തീരുന്നതിനാൽ. നാം എന്താണ്‌ ചെയ്തു വരുന്നത്‌? മസ്‌ബൂക്കായ മഅ്‌മൂമുകൾ നമസ്‌കരിച്ചുകൊണ്ടിരിക്കെ, എല്ലാവരും ദിക്റ്‌ ഉച്ചത്തിൽ ചൊല്ലി അവർക്ക്‌ ശല്യമുണ്ടാക്കുന്നു. മറ്റു തസ്‌ബീഹുകൾ പതുക്കെ ചൊല്ലുന്നതുപോലെ ദിക്റ്‌ ചൊല്ലിയാൽ ഒരു തരക്കേടുമില്ല. എന്നിട്ടുമെന്താ മുസ്ലിയാരെ, അറിഞ്ഞുകൊണ്ട്‌ ഈ തെറ്റായ കർമ്മം നാം ചെയ്യുന്നത്‌?

ഖത്വീബ്‌: അത്‌ നമ്മുടെ പഴയകാലം മുതൽക്കുള്ള സമ്പ്രദായമായതുകൊണ്ട്‌.

മാസ്റ്റർ: വിരോധമുള്ള ഒരുകാര്യം നാം ആവർത്തിക്കാൻ പാടുണ്ടോ!

ഖത്വീബ്‌: പഴമക്കാരുടെ നടപടി തുടരുന്നു എന്നു മാത്രം.

മാസ്റ്റർ: പഴമക്കാരുടെ നടപടി തെറ്റാണെങ്കിൽ നാം അവരെ അനുകരിച്ചു ആ തെറ്റിനെ നിലനിർത്താമോ? തെറ്റായ നടപടിയെ മാറ്റുകയല്ലേ ചെയ്യേണ്ടത്‌?

ഖത്വീബ്‌: എന്താണ്‌ ചെയ്യേണ്ടത്‌?

വിദ്യാർത്ഥികൾ എല്ലാവരും ചിരിക്കുന്നു. സദസ്സിൽ പലരും പതുക്കെ എന്തൊക്കെയോ പറയുന്നു.

ഹുസ്‌നുദ്ദീൻ: എന്താ മുസ്ലിയാരെ, എന്താണ്‌ ചെയ്യേണ്ടതെന്നും ചെയ്യരുതാത്തതെന്നും നിങ്ങൾക്കറിയാം. പക്ഷെ അരുതാത്തത്‌ നിങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു! എന്താ ഹഖുദ്ദീൻമൗലവിസാഹിബ്‌ ഇങ്ങനെ?

ഖത്വീബ്‌: പഴയകാലം മുതലേ ചെയ്തുപോന്ന നടപടികൾ നമ്മളായിട്ടു മാറ്റാൻ പറ്റുമോ.

മാസ്റ്റർ: ആരെയാണ്‌ പിൻപറ്റേണ്ടത്‌. പണ്ടുളളവരെയാണൊ അതല്ല ഫുഖഹാക്കൾ രേഖപ്പെടുത്തിയ പോലെ സുന്നത്തായ നടപടിയോ.

ഖത്വീബ്‌: സംശയമില്ല, ഫുഖഹാക്കൾ രേഖപ്പെടുത്തിയ സുന്നത്തായ നടപടിതന്നെ.

മാസ്റ്റർ: ഖത്തീബ്‌ അറിഞ്ഞുകൊണ്ട്‌ തെറ്റുചെയ്യുന്നു, അജ്ഞരായ നമ്മെക്കൊണ്ടു തെറ്റു ചെയ്യിപ്പിക്കുന്നു അതാണ്‌ മതപണ്ഡിതന്മാർ ഇന്നു ചെയ്യുന്നത്‌.

ഹുസ്‌നുദ്ദീൻ: പഴമക്കാരുടെ നടപടികൾ മുഴുവനും ശരിയല്ലെന്ന്‌ തന്നെയല്ലേ ഇപ്പോൾ വ്യക്തമാകുന്നത്‌.

മാസ്റ്റർ: ദുആ ചെയ്യുന്നതോ? പിന്നിൽ നമസ്കരിക്കുന്നവർ ഉണ്ടെന്ന്‌ ഇവർ പരിഗണിക്കയില്ല. ഉറക്കെ ദുആചെയ്യുന്നു, എല്ലാവരും കേൾക്കണം, ആമീൻ പറയണം,ഹൃദിസ്ഥമാക്കിയിട്ടുളള നീണ്ട ദുആ ഉച്ചത്തിൽ നിർവ്വഹിച്ചുകൊണ്ട്‌ നിസ്‌കരിക്കുന്നവരെ ദ്രോഹിക്കാൻ നമ്മുടെ ഇമാമുകൾക്ക്‌ ഒരു സങ്കോചവുമില്ല. ഖുർആൻ പോലും നമസ്കരിക്കുന്നിടത്ത്‌ ഉറക്കെ ഓതരുതെന്ന്‌ അവർ പ്രസംഗിക്കുകയും ചെയ്യും.

ഹുസ്‌നുദ്ദീൻ: അതു വളരെ ശരിയാണ്‌. ഉൽപതിഷ്ണുക്കളായവർ നമസ്‌കരിച്ചുകഴിഞ്ഞാൽ ഒരു ശബ്ദവും ഉണ്ടാക്കുകയില്ല എല്ലാം ഒറ്റക്കൊറ്റക്ക്‌, ഇഷ്ടമുള്ളത്‌ വേണ്ടതെല്ലാം വേണ്ടഅളവിൽ ചെയ്തു കൊളളുക അതാണ്‌ ശരി. അവരുടെ ശരിയായ നിലക്കുള്ള ആ നടപടിയെ നമ്മുടെ മുസ്ലീം യുവാക്കൾ കുറ്റം പറയും. നാഴികക്ക്‌ 40 വട്ടം അങ്ങിനെയുളളവരെ പഴിപറയാൻ ഇവർ മടിക്കുകയുമില്ല. പക്ഷേ അവർചെയ്യുന്നതാണ്‌ ശരിയെന്ന്‌ ഇപ്പോൾ നമുക്ക്‌ ബോധ്യമായി.

ഒരാൾ: പുരോഗമന ആശയക്കാർ ദുആ പാടില്ലെന്നു പറയുന്നു, ദുആ ചെയ്യാത്തവരാണ്‌ അവർ എന്നൊക്കെയാണ്‌ ഇവർ നമ്മെ പറഞ്ഞു ധരിപ്പിച്ചിരിക്കുന്നത്‌.

വേറെ ഒരാൾ: ഇവർ ചെയ്യുന്നപോലെ ഒന്നിച്ച്‌ ഉറക്കെ ദുആ ചെയ്യ രുത്‌ എന്ന്‌ മാത്രമാണ്‌ അവർ പറയുന്നത്‌. അവരും ദുആ ചെയ്യുന്നുണ്ട്‌. അവരോട്‌ നമുക്ക്‌ വിരോധം തോന്നാൻ വേണ്ടി കള്ളപ്രചരണം ചെയ്യുന്നതാണ്‌ ഇതൊക്കെ.

ഹുസ്നുദ്ദീൻ: അപ്പോൾ നമ്മുടെ “ചില മതപണ്ഡിതന്മാർ” നമ്മെ നേർമാർഗ്ഗത്തിൽ നയിക്കുന്നതിനുപകരം തെറ്റായ കർമ്മ പദ്ധതികൾ നമ്മെ ശീലിപ്പിക്കുകയാണ് ചെയ്യുന്നത്‌. അക്കാര്യത്തിൽ എല്ലാ പണ്ഡിതന്മാരും യോജിച്ചുകാണുന്നത്‌ അത്ഭുതം തന്നെ.

ഒരാൾ: യാഥാസ്ഥികരുടെ ഒരേഒരു ലക്ഷ്യം വിവേകമുള്ളവർ പറയുന്നതിനെ എതിർക്കുക, അതിനെതിർ്‌ ചെയ്യുക, അതാണ്‌ അജ്ഞരായ പൊതുമുസ്ലീംകളെ പറഞ്ഞുധരിപ്പിക്കുക. അതായത് സുന്നത്തിനെ പഠിപ്പിക്കുന്നതിനു പകരം അനിസ്ലാമിക നടപടിയെ നിലനിർത്തുകയെന്ന ഉദ്ദേശമാണ്‌ സുന്നികളെന്നുപറയുന്ന സംഘടനക്കുള്ളത്‌.

ഹുസ്‌നുദ്ദീൻ: സുബ്ഹാനളളാ, നാം അങ്ങേയറ്റം അംഗീകരിച്ചും അനുകൂലിച്ചും പോന്ന പണ്ഡിതന്മാർ യഥാർത്ഥത്തിൽ മുഴുവനായി ഇസ്‌ലാമിക നടപടിയല്ല സ്വീകരിച്ചിരിക്കുന്നത്‌. മറിച്ച്‌ യാഥാസ്ഥിതികരുടെ വിജയത്തിനു വേണ്ടിയാണു പ്രയത്നിച്ചുകൊണ്ടിരിക്കുന്നത്‌ എന്ന്‌ ഇപ്പോൾ സംശയം കൂടാതെ തെളിഞ്ഞു കഴിഞ്ഞു.

മാസ്റ്റർ: ഇതു കൊണ്ടവസാനിച്ചില്ല. അളയിൽ വലിയത്‌ കിടപ്പുണ്ട്‌.

ഹുസ്‌നുദ്ദീൻ: എല്ലാം പറഞ്ഞോളു മാസ്റ്ററെ, ഇനിയൊന്നും നീക്കി വെക്കണ്ട. നിങ്ങളെ ഞങ്ങൾ പ്രതിയാക്കിയെങ്കിലും ഇപ്പോൾ അന്യായക്കാരൻ പ്രതിയായിരിക്കുകയാണ്‌.

മാസ്റ്റർ: ഹഖുദ്ദീൻ മൗലവിയോടു അടിസ്ഥാനപരമായ ഒരു സംഗതി ചോദിക്കാനുണ്ട്‌, സലാം വീട്ടലോടുകൂടി നമസ്‌കാരം കഴിഞ്ഞു എന്നുള്ളതാണ്‌ സത്യം. അനുബന്ധമായി നാം ചെയ്യുന്നതെല്ലം നമസ്‌കാരത്തിന്റെ ഭാഗമെന്ന്‌ നാം തെറ്റിധരിക്കുകയാണെന്നും വൃക്തിപരമായി ഇഷ്ടാനുസരണം സമയ സൗകര്യം പോലെ സ്വതന്ത്രമായി ചെയ്യേണ്ടവയാണെന്നും നാം ഖത്വീബിൽ നിന്നു തന്നെ പഠിച്ചുകഴിഞ്ഞു. നമുക്കറിയേണ്ടത്‌ സത്യത്തിൽ പരമ്പരയായി നമ്മുടെ പണ്ഡിതന്മാരും അവരെ പിൻപറ്റി നമ്മളും എന്തൊക്കെ ചെയ്യുന്നു, എന്തൊക്കെ ചെയ്യണം എന്നല്ല മറിച്ച്‌, കർമ്മശാസ്ത്രപണ്ഡിതന്മാർ അതായത്‌ ഫുഖഹാക്കൾ നമസ്കാരാനന്തരം എന്ത്‌ ചെയ്യണമെന്നാണ്‌ പറഞ്ഞിരിക്കുന്നത്‌ എന്ന സംഗതിയാണ്‌. ചോദ്യം:- സലാം വീട്ടിയാൽ ഇമാം എന്ത്‌ ചെയ്യണം?

ഖത്വീബ്‌: സലാം വീട്ടിയാൽ സ്വീകരിക്കാവുന്ന പല മാർഗ്ഗങ്ങളും ഉണ്ട്‌.

ഹുസ്നുദ്ദീൻ: അതലൊന്നാണോ ഇപ്പോൾ നാം നിത്യവും ചെയ്തു വരുന്നത്‌?

ഖ: തെറ്റല്ലാത്ത നടപടിയാണ്‌ നാം സ്വീകരിക്കപ്പെടുന്നത്‌.

ഹു: മൗലവി അങ്ങിനെ ഞങ്ങളെ വലയിലാക്കല്ലേ. ഇപ്പോൾ ചെയ്യുന്ന നടപടിക്രമങ്ങൾ തെറ്റാണോ അല്ലെയോ എന്നതല്ല ചോദ്യം. ഫുഖഹാക്കൾ ചൂണ്ടിക്കാണിച്ച,പഠിപ്പിച്ച,വിവിധ മാർഗ്ഗങ്ങളിൽ ഒന്നാണോ ഇത്‌? അതാണ്‌ ചോദ്യം.

ഖ: അങ്ങിനെയൊക്കെ അവർ സെക്കന്റ്‌ വെച്ച്‌ കാലാവസ്ഥ വിവരിച്ചിട്ടൊന്നുമില്ല.

മാസ്റ്റർ: മൗലവിസാഹിബ്‌ ഞങ്ങളെ വിഡ്ഢികളാക്കരുത്‌. സലാം വീട്ടിയാൽ ഇമാം എന്ത്‌ ചെയ്യണമെന്ന്‌ കണിശ്ശമായും നിബന്ധനയുണ്ട്‌. മൊല്ലാക്കമാർ സാധാരണ ഓതിപഠിപ്പിക്കാറുള്ള ഫിഖ്ഹ്‌ ഗ്രന്ഥങ്ങളിൽ അതൊക്കെയുണ്ട്‌. ഭയപ്പെടാതെ പറഞ്ഞോളൂ മുസ്ലിയാരെ. ഞങ്ങൾ മൊ ല്ലാക്കമാരല്ലെങ്കിലും അവർ പറയുന്നതു കേട്ടിട്ടുണ്ട്‌. പൊതു ജാഹിലീങ്ങളായ ഞങ്ങളും ചിലതെല്ലാം മനസ്സിലാക്കിയിട്ടുണ്ട്‌.മിണ്ടാതെ നടക്കുന്നതുകൊണ്ട്‌ ഒക്കെ ഹംക്കീങ്ങളാണെന്ന്‌ കരുതരുത്‌.

ഒരാൾ: എന്തോ കാര്യമായ രഹസ്യം ഉളളതുപോലെയുണ്ടല്ലോ മാസ്റ്ററുടെ സംസാരം കേട്ടാൽ

ഹുസ്‌: മൗലവി ഒളിച്ചു കളിക്കുന്നതുപോലെയുണ്ട്‌.

കുട്ടികളെല്ലാം ശബ്ദത്തിൽ ചിരിക്കുന്നു. ജനങ്ങൾ പിറുപിറുക്കുകയും അക്ഷമരാവുകയും ചെയ്യുന്നു. മൗലവി ആരെയെന്നില്ലാതെ എല്ലായിടത്തേക്കും കണ്ണോടിക്കുന്നു. ചുമക്കുന്നു. കണ്ഠശുദ്ധി വരുത്തുന്നു, ഒന്നും മിണ്ടുന്ന ഭാവമില്ല.

മറ്റൊരാൾ: മൗലവിക്ക്‌ അറിയാണ്ടോ പറയാണ്ടോ എന്നറിയില്ല. മാസ്റ്റർ തന്നെകാര്യം പറയുകയാണെങ്കിൽ ഞങ്ങൾക്ക്‌ കാര്യം മനസ്സിലാകും.

മറ്റൊരാൾ: മൗലവി തന്നെ പറയണമെന്നില്ല. അറിവുള്ള ആർക്കുംപറയാം.

ഒരാൾ: മാസ്റ്റർ തന്നെ പറയട്ടെ.

മാസ്റ്റർ: എനിക്ക്‌ വിഷയം അറിയാതെയല്ല. ഇതൊക്കെ എന്നേ ഞാൻ മനസ്സിലാക്കി വെച്ചിട്ടുണ്ട്‌. പക്ഷെ ഞാൻ മൗലവിയല്ല. മാസ്റ്ററായിപ്പോയി അതുകൊണ്ടാണ്‌ ഒന്നും പറയാതെ ഖത്വീബിനെ കൊണ്ട്‌ പറയിക്കുന്നത്‌.

ഒരാൾ: ഏട്ടിലപ്പടി, പാട്ടിലിപ്പടി എന്ന മാതിരി, മൗലവി ചെയ്യുന്നതല്ല പറയേണ്ടി വരിക; കാരണം, പറയേണ്ടതല്ല ചെയ്തുകൊണ്ടിരുന്നത്‌.

ഹുസ്‌: ജനങ്ങളുടെ സമയം വെറുതെ പോകുന്നു. മൗലവി മിണ്ടാതിരിക്കുന്നു. മാസ്റ്റർ പറയൂ.

മാസ്റ്റർ: എന്താ ഖത്വീബിന്‌ മിണ്ടിയാൽ? അദ്ദേഹം നമ്മെ കർമ്മങ്ങൾ പഠിപ്പിക്കാൻ ബാദ്ധ്യസ്ഥനാണ്‌, അദ്ദേഹം പറയണം.

ഖ: പറയാനറിയാതെയല്ല; നിങ്ങൾ പഠയുന്നതൊക്കെ കേൾക്കുകയായിരുന്നു

(കൂട്ടികൾ ഉറക്കെച്ചിരിക്കുന്നു)

സലാം വീട്ടിക്കഴിഞ്ഞാൽ ഇമാം അവിടെ നിന്നും എഴുന്നേറ്റ്‌ പോകണം.

അതാണ്‌ ശരിയായ നടപടി. അതിന്‌ കഴിയാത്ത പക്ഷം വലതുഭാഗത്തേക്ക്‌ തിരിഞ്ഞിരിക്കണം.

ഹുസ്‌ : സലാം വീട്ടിയാൻ ഉടനെ എല്ലാ ഇമാമുകൾക്കും വാതം പിടിക്കാറുണ്ടെന്ന്‌ തോന്നുന്നു. ആരും എഴുന്നേറ്റ്‌ പോകുന്നില്ലല്ലോ.

ഒരാൾ: വിവരമുള്ളവർക്ക്‌ വാതം പിടിക്കാറില്ല. അവർ എഴുന്നേറ്റ്‌ പോകും.

മറ്റൊരാൾ: നമസ്കാരാനന്തരവാതം ചിലരെ മാത്രം ബാധിക്കുന്ന “യാഥാസ്ഥിതിക” രോഗമാണെന്ന്‌ തോന്നുന്നു.

ഹുസ്‌ : മൗലവിസാഹിബ്‌, നിങ്ങളെന്തേ സലാം വീട്ടിയാൽ എഴുന്നേറ്റ്‌ പോകാത്തത്‌; പളളിയിൽ ഇടമില്ലാഞ്ഞിട്ടാണോ?

ഖ: നമ്മുടെ നടപടിക്രമം അങ്ങിനെയല്ലല്ലോ.

ഹു: ഇനി അത്‌ പറയണ്ട. കാര്യം മനസ്സിലായി.

ഫുഖഹാക്കൾ പഠിപ്പിച്ചതൊന്ന്‌; നിങ്ങൾ നടപ്പാക്കി നിർബന്ധമാക്കി, ആചരിച്ചു വരുന്നത്‌ മറ്റൊന്ന്‌. അനുഷ്ഠാന്രകമം കേൾക്കട്ടെ, അതാണ്‌ അറിയാത്തതും, അറിയേണ്ടതും.

ഖ: സത്യം പറഞ്ഞാൽ നമ്മൾ ചെയ്യുന്നതെല്ലാം തത്വങ്ങൾക്ക്‌ വിരുദ്ധമാണ്‌. തത്വപ്രകാരം കാര്യങ്ങൾ ചെയ്താലും പറഞ്ഞാലും നിങ്ങൾ എന്നെ ഇവിടെ നിർത്തുകയില്ല. എന്നെ സുന്നിയല്ലെന്നും പറഞ്ഞ്‌ പറഞ്ഞയക്കും. നാടോടുമ്പോൾ നടുവെ ഓടുക എന്ന തത്വമനുസരിച്ച്‌ ഞാനും പഴയ പാതയിൽ ചലിക്കുകയാണ്‌.

ഹു: നമുക്കും ഫുഖഹാക്കൾ കാണിച്ചുതന്ന അനുപാതത്തിൽ കൂടി നീങ്ങിയാലെന്താ മുസ്ലീയാരെ? സുന്നിയല്ലെങ്കിലും മുസ്ലീം അല്ലാതാകുമോ?

മാസ്റ്റർ: ആ കാര്യം എങ്ങിനെ എന്ന്‌ മൗലവി വിവരിച്ചാൽ കൊളളാം.

ഹു: ആര്‌! അതു പറഞ്ഞു തീർന്നില്ല.

ഖ: സലാം വീട്ടിയാൽ ഇമാം അവിടെനിന്നും എണീറ്റ്‌ പോകണം. വേറെ ഏതെങ്കിലും സ്ഥാനത്ത്‌ പോയി ഇരുന്നോ നടന്നോ മറ്റു കാര്യങ്ങൾ നിർവ്വഹിക്കണം.

ഹു: മഅമൂമുകളോ?

ഖ: അവർ ഇഷ്ടം പോലെ അവിടെയിരുന്നു ദുആ ചെയ്യണം. കാരണം ദുആക്ക്‌ ഉത്തരം കിട്ടുന്ന സമയമാണ്‌ നമസ്‌കാരത്തെ തുടർന്നുള്ള നേരം. സമയ സാകര്യം പോലെ തസ്ബീഹുകളോ മറ്റോ ഓരോരുത്തർക്കും ആവാം. നിർബന്ധമില്ല. ദുആ നാം നമ്മുടെ ഗുണത്തിനു നാം തന്നെ നിർവ്വഹിക്കണം. കല്യാണത്തിരക്കിൽ നിക്കാഹ്‌ മറക്കരുത്‌.

ഹു: പിന്നെ നിങ്ങൾ ഇടതടവില്ലാതെ, ഞങ്ങളെ പിടിച്ചിരുത്തി അരമണിക്കൂർ ദുആ ചയ്യുന്നുണ്ടല്ലോ. എന്താണ്‌ ചോദിക്കുന്നതെന്നറിയില്ലെങ്കിലും ഞങ്ങൾ ആമീൻ പറഞ്ഞുകൊണ്ടിരിക്കുകയും ചെയ്യുന്നു. അതിന്റെ ആവശ്യം?

ഖ: അങ്ങിനെ ചെയ്തില്ലെങ്കിൽ നിങ്ങൾ ചോദ്യം ചെയ്യും.

ഹു: അപ്പോൾ ഞങ്ങൾക്ക്‌ വേണ്ടി നിങ്ങൾ ദുആ ചെയ്യേണ്ട ആവശ്യമില്ലന്നല്ലേ അർത്ഥം?

ഖ: അതേ, നിങ്ങൾക്ക്‌ വേണ്ടി നിങ്ങൾതന്നെ ദുആ ചെയ്യണം. അതാണ്‌ ഏറ്റവും ഉത്തമം.

ഹു: ഞങ്ങൾ ഓരോ വഖ്ത്തിന്റെയും [പത്യേകം പ്രത്യേകം ദുആകൾ പഠിച്ചിട്ടില്ലെങ്കിലോ? അപ്പോൾ എങ്ങിനെ ദുആ ചെയ്യും?

കുട്ടികൾ ഉറക്കെ ചിരിക്കുന്നു.

ഖ: നിങ്ങൾക്ക്‌ ആവശ്യമുളളത്‌ അല്ലാഹുവിനോട്‌ ചോദിക്കാൻ പ്രത്യേകം പഠിക്കാനുണ്ടോ?

ഒരാൾ: പൊന്നാന്നിയിൽ അച്ചടിച്ച അറബിയിലുള്ള ആ ദുആ തന്നെ വേണ്ടേ; ഞങ്ങളൊക്കെ എത്ര ബുദ്ധിമുട്ടിയാണ്‌ ചെറുപ്പകാലത്ത്‌ ആ ദുആകളൊക്കെ മനഃപാഠമാക്കിയത്‌!

ഖ: അല്ലാഹുവിനു അറിയാത്ത ഭാഷയുണ്ടോ? ഏത്‌ ഭാഷയിലും ദുആ ചെയ്യാം. പക്ഷെ ആദ്യത്തിലും അവസാനത്തിലും ഹംദും സ്വലാത്തും അറബിയിൽ തന്നെ ആയിരിക്കണം. ബാക്കിയെല്ലാം പച്ചമലയാളത്തിൽ അല്ലാഹുവിനോട്‌ ചോദിക്കാം.

മാസ്റ്റർ: ദുആ സംബന്ധിച്ച നിബന്ധനകൾ എല്ലാം പറയണം. എന്നാലെ പഠനം സമഗ്രമാകയുള്ളൂ. മൗലവി കാണാതെ പഠിച്ചത്‌ നോൺസ്റ്റോപ്പ്‌ സ്റ്റൈലിൽ യന്ത്രംപോലെ ഉരുവിടും. ശ്വാസം നിർത്തുന്ന ഒഴിവിൽ മഅമൂമുകൾ “ആമീൻ” പറയും.ഇതാണല്ലോ നാം ചെയ്തുവരുന്നത്‌. അതിനെ നിയന്ത്രിക്കുന്ന നിയമം കൂടി പറഞ്ഞാൽ ആ വിഷയം പൂർത്തിയായി. അത്‌കൂടി പറഞ്ഞുകൊടുത്താൽ കൊളളാം. |

ഖ: ഇമാം ദുആ ചെയുന്നതിനെ നിയന്ത്രിക്കുന്ന ചിലനിബന്ധനകളുണ്ട്‌. തന്റെ ദുആയിൽ മഅമൂമുകൾ പങ്കെടുത്ത്‌ ആമീൻ പറയണമെന്ന്‌ ഇമാം ആഗ്രഹിക്കുന്ന പക്ഷം അങ്ങിനെ പൊതുവായി ഉച്ചത്തിൽ ദുആ ചെയ്യുവാൻ ഇമാമിന്‌ അനുവാദമുണ്ട്‌. ഇമാമിന്റെ ദുആ കേൾക്കുന്നവർ ആമീൻ പറയാൻ വിരോധമില്ല. കേൾക്കാത്തവർക്ക്‌ സ്വന്തം ദുആ തന്നെ.

ഹു: ഇതൊക്കെയാണ്‌ നമസ്കാരാനന്തര കർമ്മങ്ങൾ. നമുക്കത്‌ അതുപോലെ നിർവ്വഹിച്ചുകൂടെ?

മാസ്റ്റർ: സുന്നികളുടെ പളളിയാണിതെന്ന കാര്യം മറന്നുകൊണ്ടാണ്‌ പ്രസിഡണ്ട്‌ ഈ കാര്യം പറയുന്നത്‌.

ഒരാൾ: ഇങ്ങനെ ചെയ്താൽ സുന്നിയല്ലാതാകുമോ?

മാസ്റ്റർ: സംശയമുണ്ടോ? ഫുഖഹാക്കൾ പഠിപ്പിച്ച പോലെ, ഈ മുസ്ലിയാക്കൾ ഓതിപ്പഠിച്ചപോലെ, ആരെങ്കിലും ചെയ്താൽ അയാൾ മുജയോ ജമയോ ആയി. കൂട്ടായി ആളുകൾ അങ്ങിനെ ചെയ്താൽ മഹല്ല്‌ ജമാഅത്ത്‌ സുന്നിയല്ലാതാകും.

ഹു: ഹഖുദ്ദീൻ മൗലവി എന്ത്‌ പറയുന്നു? നമുക്ക്‌ സ്വതന്ത്രമായി ദുആയിലേക്ക്‌ നീങ്ങിക്കൂടേ?

മാസ്റ്റർ: ഓരോരുത്തരും നേരിട്ട്‌ അല്ലാഹുവിനോടു സ്വന്തം ആവലാതികളും ആവശ്യങ്ങളും ബോധിപ്പിക്കുന്ന യഥാർത്ഥ ഉബൂദിയ്യത്തും, ഉലൂഹിയ്യത്തും നടപ്പിലാക്കുന്നതും അല്ലാഹുവുമായി ഓരോരുത്തരും ഹൃദയം കൊണ്ടു ബന്ധപ്പെടുന്നതും മുസ്ല്യാക്കന്മാർ സമ്മതിക്കുമോ?

ഹു: എന്താ ഖത്വീബ്‌ ഒന്നും പറയാത്തത്‌?

ഖ: സമസ്തയുടെ കീഴിലുളള ജമാഅത്ത്‌ പളളി. സമസ്ത ബോർഡിന്റെ കീഴിലുള്ള മദ്രസ്സ. ഇതൊക്കെ ഇതെ നിലയിൽ നിർത്തികൊണ്ട്‌ യഥാർത്ഥ ഇസ്ലാമികാചാര സമ്പ്രദായം നാം സ്വീകരിക്കുന്നത്‌ അനുവദനീയമാണോ? പരമ്പരാഗത സമ്പ്രദായം ഉപേക്ഷിക്കാമോ?

ഹുസ്‌: ഒരു പണ്ഡിതനായ നിങ്ങളുടെ ഈ ചോദ്യവും സംശയവും എന്നെ അത്ഭുതപ്പെടുത്തുന്നു. ഇസ്ലാം മാർഗ്ഗപ്രകാരം ജീവിക്കുന്നതിന്‌ ആരാണ്‌ നമുക്ക്‌ ദുനിയാവിൽ അനുവാദം തരേണ്ടത്‌?

മാ: ഇത്രയും കാലം സുന്നിയായി ജീവിച്ചിട്ടും ഒരു സുന്നി മഹല്ലിന്റെ പസിഡണ്ടായി ഇത്രയും വർഷം ഭരണം നടത്തിയിട്ടും ഡസൻ കണക്കിന്‌ ആണ്ടുകൾ പൊടിപൊടിച്ചിട്ടും പതിനായിരക്കണക്കിന്‌ രൂപ സാദാത്തീങ്ങൾക്ക്‌ സദഖയായും ദാക്കിരീങ്ങൾക്ക്‌ നെയ്ച്ചോറായും നശിപ്പിച്ചിട്ടും (അല്ല തെറ്റായി പോയി) ദാനം ചെയ്തിട്ടും-എന്താ ഹുസ്‌നുദ്ദീൻ ഒന്നും അറിയാത്തമാതിരി ചോദിക്കുന്നു? ഈ ജനക്കൂട്ടത്തിൽ ആരോട്‌ ചോദിച്ചാലും സംശയനിവൃത്തി ഉണ്ടാക്കിത്തരും. സമസ്തയുടെ സർട്ടിഫിക്കറ്റില്ലാതെ നിങ്ങൾക്ക്‌ സ്വർഗ്ഗ പ്രവേശം കിട്ടില്ലെന്നാണോ നിങ്ങളുടെ ധാരണ? നഹാസാഹിബിന്റെ മയ്യിത്ത്‌ നമസ്‌കാരം എല്ലാ സുന്നി പളളികളിലും നിരോധിച്ചില്ലേ? അദ്ദേഹത്തിന്റെ പരലോകം എങ്ങിനെയോ അല്ലാഹു അഅലം. അല്ലാഹുവതആല അദ്ദേഹത്തിന്‌ മഗ്ഫിറത്തും മറ്ഹമത്തും നൽകുമാറാകട്ടെ!

കുട്ടികൾ എല്ലാവരും ഉറക്കെ ആമീൻ പറയുകയും എല്ലാവരും എഴുന്നേറ്റ്‌നിന്ന്‌ സംസാരിക്കുകയും, കുശുകുശുക്കുകയും, പൊട്ടിച്ചിരിക്കുകയും, പുഞ്ചിരിക്കുകയും ചെയ്യുന്നു. അതോടൊപ്പം ബഹുജനങ്ങളും എഴുന്നേറ്റുനിന്ന്‌ സഭാതലം വിടാനുള്ള താത്പര്യം പ്രകടിപ്പിക്കുന്നു.

ഹുസ്‌നുദ്ദീൻ ഈ ഘട്ടത്തിൽ എഴുന്നേറ്റ്‌ നിന്ന്‌ ഒരു ഉപസംഹാര പ്രസംഗത്തിന്റെ ശൈലിയിൽ എല്ലാവരോടുമായി ഇങ്ങനെ പറയുന്നു:

നാം കൂടിയത്‌ ജനങ്ങളെ ഇബാദത്തിലേക്ക്‌ ക്ഷണിക്കാനും ബുർഹാൻകുട്ടി മാസ്റ്ററെ കളിയാക്കാനുമാണ്‌. ഹഖൂദ്ദീൻ മൗലവിയുടെ സഹകരണത്താൽ അക്കാര്യം നിറവേറുമെന്ന്‌ നമുക്ക്‌ പരിപൂർണ്ണ ബോധ്യവുമായിരുന്നു. പക്ഷെ നടന്നത്‌ മാസ്റ്ററുടെ മേൽനോട്ടത്തിൽ മറ്റൊന്നാണ്‌. ഖത്വീബ്‌ ഹഖുദ്ദീൻ മൗലവിയെകൊണ്ട്‌ ഹഖ്ഖായും സുന്നത്തായ നടപടികൾ പറയിച്ചു. അത്‌ നന്നായി. അതിലും അധികം നന്നായത്‌ ഖത്വീബ്‌ അടക്കം നമ്മളെല്ലാം അല്ലാഹുവും റസൂലും കൽപ്പിച്ച യഥാർത്ഥ ഇസ്ലാമിലേക്ക്‌ വന്നു എന്നുളളതാണ്‌. അതിന്‌ മാസ്റ്റർക്ക്‌ നന്ദി. ഇന്നുമുതൽ നമ്മുടെ ഈ മഹല്ലിൽ ഫുഖഹാക്കൾ പഠിപ്പിച്ച കർമ്മശാസ്ത്രമനുസരിച്ച്‌ എല്ലാകാര്യങ്ങളും നടക്കുന്നതാണ്‌. ഖത്വീബ്‌ അവർകൾ അത്‌ നടത്തേണ്ടതാണ്‌. ജമ-മുജ എന്ന അപരനാമങ്ങളെ ഭയപ്പെടാതെ, സമസ്തനേതാക്കളെയും സദാത്തുക്കളെയും ഭയപ്പെടാതെ, അല്ലാഹുവിനെമാത്രം ഭയപ്പെടുകയും റസൂലിന്റെ സുന്നത്തിനെ മുറുകെ പിടിക്കുകയും ചെയ്യാൻ ഖത്വിബ്‌ ഇന്ന്‌ മുതൽ ബാധ്യസ്ഥനാണ്‌. അക്കാര്യത്തിൽ അദ്ദേഹത്തിന്‌ വൈമനസ്യമുണ്ടെങ്കിൽ ഉടനെ സ്ഥാനം രാജിവെച്ച്‌ പോകേണ്ടതാണ്‌. അദ്ദേഹത്തിന്റെ ശമ്പളവും ആനുകൂല്യങ്ങളും കൊടുത്തു സസന്തോഷം അദ്ദേഹത്തെ യാത്രയാക്കാൻ നാമെല്ലാവരും തയ്യാറായിരിക്കേണ്ടതാണ്‌. കാര്യാലോചനയോഗം കാര്യനിർവ്വഹണ യോഗമായി കലാശിച്ചതിൽ അല്ലാഹുവിന്‌ സ്തോത്രം.