തോടി-ആദിതാളം
                   പല്ലവി
പാടും പരമ രക്ഷകനേശുവേ!- ദാസൻ
നിനക്കു സതതം സ്തുതി- പാടും

              അനുപല്ലവി
വാടും പാപിയാമെന്നെ തേടി വന്നവനക്കൊ-
ണ്ടാടി സ്തുതിച്ചു- നൃത്തമാടിക്കൊണ്ടിമ്പമോടെ-

1.സങ്കടങ്ങളഖിലവും നിങ്കലേറ്റുകൊണ്ടു
   ശങ്കകൂടാതെ നീ മമ പങ്കശോകം തീർപ്പാൻ
   ചങ്കിലെ ചോരയെ ചിന്തി നിങ്കലണച്ചു കൊണ്ടെന്നെ
   പൊൻ കരത്തിനാൽ തഴുകുമെൻ കണവനെ ഞാനെന്നും......പാടും

2.അന്ധകാര ലോകത്തിൽ നിന്നന്ധനാമെന്നെ നിൻ
   അന്തികെ അണച്ചെൻ മനഃസന്താപമകറ്റി
   ചന്തം ചിന്തുന്ന നിന്നുടെ സ്വന്തരൂപമാക്കീടുവാൻ
   നിന്തിരു ജീവൻ പകർന്നു സന്തതം നടത്തുകയാൽ............പാടും

3.ഉന്നതൻ വലമമരും മന്നവനേ! നിന്നിൽ
   നിന്നുയരും ദിവ്യകാന്തി എന്നിൽ കൂടെ ലോകെ
   നന്നേ ശോഭിപ്പതിനായി മന്നിലെന്നെ വെച്ചതോർത്തു
   നന്ദിയാലുള്ളം നിറഞ്ഞു സന്നാഹമോടെ നിനക്കു-..............പാടും

"https://ml.wikisource.org/w/index.php?title=പാടും_പരമരക്ഷകനേശുവേ&oldid=28918" എന്ന താളിൽനിന്ന് ശേഖരിച്ചത്