പാപിയിൽ കനിയും പാവന ദേവാ!

രചന:എം.ഇ. ചെറിയാൻ

പല്ലവി

പാപിയിൽ കനിയും പാവന ദേവാ!
പാദം പണിഞ്ഞിടുന്നേൻ...
പാപിയാമെന്നെ സ്നേഹിച്ചോ നീ
പാരിലെന്നെ തേടി വന്നോ!

ചരണങ്ങൾ

ദുഷ്ടനരനായ് ദൂഷണം ചെയ്തു
ദൂരമായിരുന്നേൻ...
തേടിയോ നീ എന്നെയും വൻ
ചേറ്റിൽ നിന്നുയർത്തിയോ നീ!
 
എൻപാപം തീർപ്പാൻ പരലോകം ചേർപ്പാൻ
ഹീന നരനായ് നീ....
എന്തു ഞാനിതിനീടു നൽകിടും?
എന്നും നിന്നടിമയാം ഞാൻ
 
വിണ്ണിൻ മഹിമ വെടിഞ്ഞു നീയെന്നെ
വിണ്ണിൽ ചേർത്തിടുവാൻ....
നിർണ്ണയം നിൻ സേവയെന്യേ
ഒന്നുമില്ലിനിയെൻ മോദം
 
പാപത്തിൻ ഫലമാം മരണത്തിൻ ഭയത്തെ
ജയിച്ചവൻ നീയൊരുവൻ.....
ജീവനും സമാധാനവും എൻ
സർവ്വവും നീയേ നിരന്തം
 
മായയാം ഉലകിൻ വേഷവിശേഷം
വെറുത്തേൻ ഞാനഖിലം....
നിസ്തുലം നിൻസ്നേഹമെൻ മനം
അത്രയും കവർന്നു നാഥാ.

"https://ml.wikisource.org/w/index.php?title=പാപിയിൽ_കനിയും&oldid=211685" എന്ന താളിൽനിന്ന് ശേഖരിച്ചത്