കാ ഖാദതേ ഭൂമിഗതാൻ മനുഷ്യാൻ?
കം ഹന്തി സിംഹപ്രകടപ്രഭാവഃ?
കരോതി കിം വാ പരിപൂർണ്ണഗർഭാ?
പിപീലികാ ദന്തിവരം പ്രസൂതേ

//അർത്ഥം//

ഇതിനുത്തരം തേടി കാളിദാസൻ പോയത് “ക്രമം” എന്ന സംസ്കൃതാലങ്കാരത്തെയാണ്. ക്രമത്തിൽ കുറേ കാര്യങ്ങളോ ചോദ്യങ്ങളോ പറഞ്ഞിട്ട് അതുമായി ബന്ധപ്പെട്ട കുറേക്കാര്യങ്ങളോ ഉത്തരങ്ങളോ യഥാക്രമം അവസാനം പറയുന്നതാണതിൻ്റെ രീതി.

മൂന്നു ചോദ്യങ്ങൾ ചോദിച്ചശേഷം അവയുടെ ഉത്തരങ്ങളായാണ് നാലാമത്തെ വരി കാളിദാസൻ ഉദ്ധരിച്ചത്.

"കാ ഖാദതേ ഭൂമിഗതാൻ മനുഷ്യാൻ? കം ഹന്തി സിംഹപ്രകടപ്രഭാവഃ? കരോതി കിം വാ പരിപൂർണ്ണഗർഭാ? പിപീലികാ ദന്തിവരം പ്രസൂതേ"

ഭൂമിഗതാൻ മനുഷ്യാൻ - ഭൂമിയിൽ നടക്കുന്ന മനുഷ്യരെ കാ ഖാദതേ - എന്തു കടിക്കുന്നു?

സിംഹപ്രകടപ്രഭാവഃ - സിംഹത്തിന്റെ പ്രകടമായ പ്രഭാവം കം ഹന്തി -എന്തിനെയാണു കൊല്ലുന്നതു്?

പരിപൂർണ്ണഗർഭാ - പൂർണ്ണഗർഭിണി കിം കരോതി - എന്തു ചെയ്യുന്നു?

മേൽപ്പറഞ്ഞ മൂന്നു ചോദ്യങ്ങളുടെ ഉത്തരം യഥാക്രമം "ഉറുമ്പ്, ആനയെ, പ്രസവിക്കുന്നു" എന്ന അവസാനവരിയിൽ കൊണ്ടെത്തിച്ചു ആ ഉജ്ജ്വലപ്രതിഭ.