"സ്പന്ദിക്കുന്ന അസ്ഥിമാടം/വൈരുദ്ധ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Content deleted Content added
'<poem> വൈരുദ്ധ്യം കൊതിപ്പതൊക്കെയും ലഭിക്കയില്...' താള്‍ സൃഷ്ടിച്ചിരിക്കുന്നു
(വ്യത്യാസം ഇല്ല)

13:38, 29 ജനുവരി 2010-നു നിലവിലുണ്ടായിരുന്ന രൂപം

 വൈരുദ്ധ്യം

കൊതിപ്പതൊക്കെയും ലഭിക്കയില്ലല്ലോ
കൊതിപ്പതല്ലല്ലോ ലഭിപ്പതൊക്കെയും!
ലഭിക്കയുമില്ല കൊതിപ്പതെപ്പൊഴും
ലഭിപ്പതെപ്പൊഴും കൊതിപ്പതുമല്ല!
വിരുദ്ധതയുടെ നനുത്തെഴും നാരില്‍-
ക്കൊരുത്തെടുത്തൊരീ പ്രപഞ്ചമാലയില്‍,
പലതരത്തിലും, പലനിറത്തിലും
പലപല പൂക്കളിണങ്ങിനില്‍ക്കവേ,
സമുജ്ജ്വലമതിന്‍ പ്രകൃതി!-സര്‍വ്വവും!
സമാനമെങ്കിലോ, വെറും വിരൂപവും!
-വിവിധതപോലും വിരസമാണോര്‍ത്താല്‍
വിരുദ്ധതയുടെ ചരടു പൊട്ടിയാല്‍!! ...

രണ്ട്

നമുക്കു നന്മകള്‍ നയിച്ച വാളുകള്‍
നശിച്ചതൊര്‍ത്തു നാം വമിപ്പു വീര്‍പ്പുകള്‍.
അരികില്‍ നിന്നവ പുണര്‍ന്ന വേളയി-
ലറിഞ്ഞതില്ല നാമവതന്‍ മാന്മകള്‍.
പിരിഞ്ഞകന്നവാറുയര്‍ന്ന സങ്കടം
പിളര്‍ത്തിടുന്നു, ഹാ, നമുക്കു ഹൃത്തടം,
ഇരുട്ടു നല്‍കിടുമറിവുകാരണം
ശരിയ്ക്കറിവു നാം വെളിച്ചത്തിന്‍ ഗുണം!
പിടയ്ക്കുമാത്മാവില്‍ പുളകങ്ങള്‍ പാകി-
ത്തുടിപ്പിതിന്നുമാ പ്രണയവല്ലകി!
പൊഴിപ്പിതിപ്പൊഴും കുളുര്‍ത്ത പുഞ്ചിരി
കൊഴിഞ്ഞു വീഴാതാ പ്രണയമഞ്ജരി!
സ്മൃതികളില്‍ സുധാകരണങ്ങള്മാതിരി!
പതിക്കആണിന്നാ പ്രണയമാധുരി!
-പരിതപിയ്ക്കാതാ സ്മൃതികളിലിനി-
പ്പതിയിരിയ്ക്ക നാം, ഹൃദയമോഹിനി!! ....

മൂന്ന്

സമര്‍ത്ഥനെന്നേറ്റം മദിയ്ക്കും മാനവന്‍,
സമസ്തസിദ്ധിയും കരസ്ഥമായവന്‍,
നടുങ്ങുമാറട്ടഹസിയ്ക്കിലും വമ്പില്‍
നമിച്ചിടേണ്ടയോ വിധിയുടെ മുമ്പില്‍?
വിടര്‍ന്ന കണ്ണുകളടഞ്ഞുപോ, മതൊ
ന്നടയാതാക്കുവാനശക്തനാണവന്‍.
മനുഷ്യബുദ്ധിയെ, സ്സഗര്‍വ്വമെത്രനാള്‍
മഥിച്ചു ശാസ്ത്ര, മാസ്സുധാര്‍ജ്ജനത്തിനായ്!
മടുത്തവസാനം, മനുഷ്യഹിംസയ്ക്കായ്!
മടങ്ങിപ്പോന്നിതാക്കൊടും വിഷവുമായ്!
വിധിതന്‍ പൂക്കളില്‍ വിലാസഹാസങ്ങള്‍
വിധിതന്‍ മുള്ളിലോ, വിലാപശാപങ്ങള്‍!
വിരുദ്ധതയുടെ ചരടി, ലീവിധം
കൊരുത്തുവെച്ചൊരീ പ്രപഞ്ചമാലയില്‍,
ചിറകടിച്ചു നീ കരഞ്ഞു, പാടിയും,
പറന്നു ചുറ്റുമെന്‍ ഹൃദയ ഭൃംഗമേ!!
                               3-3-1129

25

'-കാടിനും പാടത്തിനും മദ്ധ്യേകൂടി ഒരു ചെറിയ നീര്‍ച്ചാലു കളകളാരവത്തോടെ പുളഞ്ഞൊഴുകുന്നുണ്ട്. അതിന്റെ വക്കില്‍, ചാഞ്ഞു നിലമ്പറ്റിക്കിടക്കുന്ന ഒരു മാങ്കൊമ്പിലിരുന്നു, നീലി മതിമറന്ന് പാടുകയാണ്'-

ഓണപ്പൂക്കള്‍ പറിച്ചില്ലേ നീ-
യോണക്കോടിയുടുത്തില്ലേ?
പൊന്നുഞ്ചിങ്ങം വന്നിട്ടും, നീ
മിന്നും മാലേം കെട്ടില്ലേ?
മണിമിറ്റത്താ മാവേലിയ്ക്കൊരു
മരതകപീഠം വെച്ചില്ലേ?
കാലം മുഴുവന്‍ പോയല്ലോ!
കാണാങ്കിട്ടാതായല്ലാ!
നാമല്ലാതിവിടല്ലല്ലാ!
നാണിച്ചിങ്ങനെ നിന്നാലാ ...!

26

" - പെട്ടെന്ന് ആ വനപ്പടര്‍പ്പിന്റെ ഹൃദയത്തില്‍ നിന്ന് അവ്യക്തമായ ഒരു ഗാനശകലം അവളുടെ സമീപത്തേയ്ക്ക് ഒഴുകിച്ചെന്നു തുടങ്ങി" -

നീലക്കുയിലേ, നീലക്കുയിലേ,
നീയെന്തെന്നോടു മുണ്ടാത്തേ?
തേമാവൊക്കെപ്പൂത്തട്റ്റെന്തേ
തേന്തളിര്‍ തിന്നു മദിയ്ക്കാത്തേ?
കാറും മഴയും പോയല്ലാ!
കാടുകളൊക്കെപ്പൂത്തല്ലാ!
മാടത്തക്കിളി പാടിനടക്കും
മാനം മിന്നിവെളുത്തല്ലാ!
- എന്നിട്ടും, നീയെന്താണിങ്ങനെ-
യെന്നോടൊന്നും മുണ്ടാത്തേ?
                               20-8-1116

27

ചിന്ത:

ഞാനൊരു കൊച്ചുകവിയുടെ രാഗാര്‍ദ്ര-
മാനസവീണയില്‍പ്പാട്ടുപാടി
ഓരോനിമേഷവുമെന്നെയെടുത്തവ-
നോമനിച്ചോമനിച്ചുമ്മവെയ്ക്കെ;
പുഞ്ചിരികൊണ്ടു പുതപ്പിട്ട രണ്ടിളം
പൊന്‍ചിറകെന്നില്‍പ്പൊടിച്ചുവന്നു.
മാമകപാര്‍ശ്വത്തില്‍ മിന്നിയതൊക്കെയും
മാദകസ്വപ്നങ്ങളായിരുന്നു.

മന്ദ, മൊരേകാന്തഹേമന്തരാത്രിയി-
ലന്നവന്‍ വന്നെന്നെത്തൊട്ടുണര്‍ത്തി.
നേരിയ സംഗീതപ്പട്ടുടുപ്പൊന്നെടു-
ത്താ രാവിലന്നവന്‍ ചാര്‍ത്തിയെന്നെ.
ഓതിനാന്‍ പിന്നവന്‍:- "പോയ്ക്കൊള്‍ക ഭാവനാ-
വേദികയിങ്കലേ, യ്ക്കോമനേ, നീ!!"
തല്‍ക്ഷണമെന്റെ ചിറകു വിടുര്‍ത്തിയാ-
ച്ചക്രവാളം നോക്കി ഞാന്‍ പറന്നു.
ഇന്നെന്നെക്കണ്ടിതാ ലോകം പറയുന്നു;
"മന്നിലനശ്വരമാണയേ, നീ!
നിന്‍കവി മണ്ണായിപ്പോയാലു, മിങ്ങൊരു
തങ്കക്കിനാവായ് നീ തങ്ങിനില്‍ക്കും!! ..."
                               6-8-1112

28

ആ നല്ലകാലം കഴിഞ്ഞു:-മനോഹര-
ഗാനം നിലച്ചു;-പതിച്ചൂ യവനിക
വേദനിപ്പിയ്ക്കും വിവിധസ്മൃതികളില്‍
വേദാന്തചിന്തയ്ക്കൊരുങ്ങട്ടെ മേലില്‍ ഞാന്‍.
അത്രമേല്‍പ്പൂര്‍ണ്ണമെന്നോര്‍ത്തതില്‍പ്പോലു, മൊ-
രല്‍പ, മപൂര്‍ണ്ണതേ, കാണ്മൂ നിന്‍ രേഖകള്‍!
                               24-4-1120

29

തണലിട്ടുതന്നു നീ, ഞാന്‍ വന്ന വേളയില്‍
പ്രണയമേ, നിന്‍കളിത്തോപ്പില്‍.
അതിലാത്തമോദം മുരളിയുമൂതി ഞാ-
നജപാലബാലനിരുന്നു.
പരിചിലെന്‍ ചുറ്റുമായ് സ്വപ്നങ്ങള്‍ കൈകോര്‍ത്തു
പരിവേഷമിട്ടിട്ടു നിന്നു.
എരിപൊരിക്കൊള്ളിപ്പതെന്തിനാണെന്നെ നീ-
യെരിവെയിലിങ്കലിന്നേവം?-
                               25-4-1120