പ്രസൂനചരമം

രചന:കുഴിത്തുറ സി.എം. അയ്യപ്പൻ പിള്ള (1905)
കവനകൗമുദി, 1080 കർക്കിടകം 15. കുമാരനാശാന്റെ വീണ പൂവിനു പ്രചോദനമായെന്നു പറയപ്പെടുന്ന കൃതി.

കണ്ണിന്നേവർക്കുമതിയായൊരു കൗതുകം തേ‌‌-
നുണ്ണുന്ന ഷൾപ്പദമതിന്നതിയായ സൗഖ്യം
എണ്ണം വെടിഞ്ഞിവ കൊടുത്തു വസിച്ചിരുന്നോ-
രർണ്ണോജമേ, ഝടുതിയിങ്ങ്നെ നഷ്ടമായോ!

ആർക്കെങ്കിലും തവ വിനഷ്ടമിതോർത്തുകണ്ടാ-
ലുൾക്കാമ്പിലാധി കലരാതെയിരിക്കയില്ല,
ഇക്കാര്യമേതുമകതാരതിലോർത്തിടാതെ
മൂർഖത്വമാർന്നു വിധി നിന്നെയൊടുക്കിയല്ലോ.

സൗന്ദര്യമൊക്കെയുമൊതുക്കിയകത്തടക്കീ-
ട്ടെന്നാണെനിക്കു വിടരാൻ വലുതായ യോഗം
വന്നീടുമെന്നു നിരുപിച്ചു വസിച്ച നിന്നെ-
യൊന്നായ് മുടിച്ച ഹഹ! ദുർ‌വ്വിധി ദുഷ്ടബുദ്ധി.

നല്ലോരുവസ്തുവഖിലം ബത നഷ്ടമാക്കും
വല്ലാത്തതാം യമനഹോ തുലയാത്തതെന്തേ?
ഇല്ലാ ജനത്തിനൊരു സൗഖ്യമതത്ര വന്മാ-
ലല്ലാതെയെന്തുഗതി, ഹന്ത വിധിപ്രഭാവം!

വയ്യാത്തതാണിതു നമുക്കു ദൃഢാനുരാഗം
ചെയ്യുന്നതാണതു നിമിത്തമിതിൻറെ നാശം.
ചെയ്യൊല്ലെയെന്നു സുതനോടു ദിവാകരൻ താൻ
പയ്യെ ശിപാർശപറയാത്തതു നിൻറെ കാലം.

വീർക്കുന്ന നിസ്തുല ഗുണാഭയുമുൾക്കുരുന്നിൽ
പാർക്കുന്നവർക്കമിതതോഷ വിശേഷവായ്പ്പും
നോക്കീട്ടറിഞ്ഞവകളൊക്കെയുമങ്ങകാല-
ച്ചാക്കിന്നു തന്നെ തവ തീർത്തു സരോജയോനി.

ഇപ്പത്മമൻപൊടു വിടർന്നതിനുള്ളിലാളൂം
കെല്പ്പാർന്ന ശോഭയഖിലം വെളിവായിടുമ്പോൾ
നല്പ്പാർന്നണഞ്ഞു മധുവുണ്ടു രസിച്ചിടാമെ‌-
ന്നുൾപ്പൂവിലോർത്ത മധുപങ്ങൾ തപിച്ചിടുന്നു.

ഇന്നി പ്രസൂനമിതുപോലെ തുലഞ്ഞുപോമെ-
ന്നന്നേയിവയ്ക്കൊരറിവുള്ളിലുദിച്ചുവെന്നാൽ
അന്യത്തിലെങ്കിലുമണഞ്ഞൊരു തേൻഭുജിക്കാ-
നിന്ദിന്ദിരങ്ങൾ ഗതിചെയ്തിടുമായിരുന്നു.

ഒന്നോർത്തുകൊണ്ടു പലതും ബത സന്ത്യജിച്ചി-
ട്ടന്യൂനമോദമൊടു വാഴുകമൂലമായി.
ഒന്നും നിനക്കു ലഭിയാതിഹപോയിയെന്ന-
ങ്ങിന്നെങ്കിലും കരുതെടൊ ഭ്രമരപ്രഭോ നീ.

ഒന്നോർത്തു കയ്ക്കൽവരുമന്ന്യമുപേക്ഷ ചെയ്ക
നന്നല്ലയെന്നിനിയുമെങ്കിലുമഭ്യസിക്കു
നന്നാണുകയ്ക്കലിയലുന്നവയൊക്കെയെന്നും
നിന്ദ്യങ്ങളല്ലനിരുപിക്കുക നീയിതൊക്കെ.

പുഷ്പങ്ങളില്ല പരമിക്കമലത്തിനൊപ്പ-
മുൾപ്പൂവിലന്യകുസുമങ്ങളിലാശയില്ലാ,
എപ്പോഴുമിങ്ങനെ നിനയ്ക്കുകമൂലമന്യ
പുഷ്പങ്ങളൊക്കെയിഹ നിന്നെ വെറുക്കുമല്ലോ.

എങ്ങും പ്രകാശമരുളി സ്ഥിതിചെയ്തിരുന്ന
മംഗല്യ ദീപമതണഞ്ഞൊരു വീടുപോലെ,
തുംഗാഭയാർന്ന സുമമേ തവ നാശമൂല-
മിങ്ങാധിയോടഹഹ! പത്മിനി വാണിടുന്നു.

മാലേറിമേവുമൊരു ഭക്തരെ നൽക്കടാക്ഷ-
ത്താലേ പ്രമോദമോടുതാൻ പരിരക്ഷചെയ്തും
ചാലെ സുമംഗലദമാകിയ കാലകാല-
ക്കാലെൻറെ കന്മഷമൊഴിച്ചു തുണച്ചിടട്ടെ.

ഫോട്ടോസ്റ്റാറ്റ്

"https://ml.wikisource.org/w/index.php?title=പ്രസൂനചരമം&oldid=64492" എന്ന താളിൽനിന്ന് ശേഖരിച്ചത്