ബാലപ്രബോധനം

(ബാലപ്രബോധം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ബാലപ്രബോധനം
ബാലപ്രബോധനം
Wikipedia logo കൂടുതലറിയാൻ മലയാളം വിക്കിപീഡിയയിലെ
ബാലപ്രബോധനം എന്ന ലേഖനം കാണുക.

പരമ്പരാഗതരീതിയിൽ സംസ്കൃതം പഠിക്കുവാൻ കേരളത്തിൽ പ്രചരിച്ചുവന്നിട്ടുള്ള പ്രധാന പാഠ്യകൃതികളിലൊന്നാണ് ബാലപ്രബോധനം. അവശ്യം വേണ്ട സംസ്കൃതവ്യാകരണം ഒട്ടൊക്കെ ലളിതമായി, ഹൃദിസ്ഥമാക്കിയെടുക്കുവാനനുയോജ്യമായ ബാലപ്രബോധനം ധാരാളo സംസ്കൃതോദാഹരണങ്ങൾ ഇടകലർന്നതെങ്കിലും മുഖ്യമായും മലയാളത്തിൽ തന്നെയാണ്.

സംസ്കൃതത്തിന്റെ പ്രാരംഭപാഠങ്ങൾ പഠിച്ചിട്ടുള്ള ഒരാൾക്ക് ജീവിതാവസാനം വരേയ്ക്കും അവയൊന്നും മറന്നുപോവാതിരിയ്ക്കുന്നതിന് ഈ ലഘുകൃതി മനഃപാഠമാക്കുന്നത് സഹായകരമായിരിയ്ക്കും.

വെള്ളം ജടാന്തേ ബിഭ്രാണം
വെള്ളിമാമലവിഗ്രഹം
വെള്ളൂരമർന്ന ഗൗരീശ-
മുള്ളിലൻപൊടു ചിന്തയേ! (1)

കർതൃകർമ്മക്രിയാഭേദം വിഭക്ത്യർത്ഥാന്തരങ്ങളും
ഭാഷയായിഹ ചൊല്ലുന്നേൻ ബാലാനാമറിവിന്നഹം (2) പാഠഭേദം
(ഭാഷയായിഹ ചൊല്ലുന്നേൻ ബാലന്മാരറിവാനഹം)

ശബ്ദം രണ്ടുവിധം പ്രോക്തം
തിങന്തഞ്ച സുബന്തവും
രണ്ടു ജാതി സുബന്തേ ചാ-
പ്യജന്തം ച ഹലന്തവും. (3)

ലിംഗം മുമ്മൂന്നു രണ്ടിന്നും
വരും പുല്ലിംഗമാദിയിൽ
സ്ത്രീലിംഗം മദ്ധ്യഭാഗേ സ്യാ-
ദൊടുക്കത്തു നപുംസകം. (4)

വൃക്ഷോ ജായാകുണ്ഡമിതി
രൂപഭേദമജന്തകേ
ഗോധുക് പൂർവ്വമുപാനച്ച
വാഗ്ശബ്ദോപി ഹലന്തകേ. (5)

അന്തങ്ങളറിയാമിഥം പ്രഥമൈകവചനങ്ങളാൽ,
അജന്തേഷു, ഹലന്തേഷു ബഹ്വർത്ഥവചനങ്ങളാൽ. (6)

അകാരാന്താദിയായുള്ള
ശബ്ദങ്ങൾക്കു യഥോചിതം
വിഭക്തിഭേദാദർത്ഥങ്ങൾ
ചൊല്ലുന്നു പല ജാതിയും (7)

പ്രഥമാ ച ദ്വിതീയാ ച
തൃതീയാ ച ചതുർ‌ത്ഥ്യപി
പഞ്ചമീ ഷഷ്ഠിയും സപ്ത-
മ്യേവമേഴു വിഭക്തികൾ (8)

ഇവറ്റിന്നിഹ വെവ്വേറെ
മുമ്മൂന്നു വചനം വരും
ഏകദ്വിബഹുമുമ്പായി
വചനം മൂന്നിഹ ക്രമാൽ (9)

ഒരുത്തനിരുപേർ പിന്നെ-
പ്പലരെന്നർത്ഥമായ്‌ വരും.
പ്രഥമായാ ഭേദമത്രേ
മുറ്റും സംബോധനാഭിധാ (10)

അതെന്നു പ്രഥമയ്ക്കർത്ഥം ദ്വിതീയയ്ക്കതിനെപ്പുനഃ
അതിനോടതിലേയ്ക്കെന്നും
ദ്വിതീയയ്ക്കർഥമായ് വരും (11)

തൃതീയാ ഹേതുവായിട്ടു കൊണ്ടാലോടൂടെയെന്നപി.പാഠഭേദം
ആയിക്കൊണ്ടു ചതുർത്ഥീ ച
സർവ്വത്ര പരികീർത്തിതാ (12)

അതിങ്കൽനിന്നുപോക്കെക്കാൾ
ഹേതുവായിട്ടു പഞ്ചമി.
ഇക്കുമിന്നുമുടെ ഷഷ്ടി-
ക്കതിന്റെ വെച്ചുമെന്നപി (13)

അതിങ്കലതിൽ‌വെച്ചെന്നും
വിഷയം സപ്തമീ മതാ.
വിഭക്ത്യാർത്ഥങ്ങളീവണ്ണം
ചൊല്ലുന്നൂ പലജാതിയും (14)

വൃക്ഷസ്തിഷ്ടത്യസൗ വൃക്ഷം നിൽക്കുന്നു;
വൃക്ഷമാശ്രയേ, വൃക്ഷത്തെയാശ്രയിക്കുന്നേൻ;
വൃക്ഷേണ ദ്വിരദോ ഹതഃ. (15)

വൃക്ഷത്താലാന കൊല്ലപ്പെട്ടി
ന്നീ വണ്ണം തൃതീയയും;
നമശ്ചകാര വൃക്ഷായ
ശാഖാ സംരൂദ്ധ ഭാസ്വതേ. (16)

നമസ്കരിച്ചേൻ വൃക്ഷത്തിന്നായിക്കൊണ്ട്‌ ചതുർത്ഥ്യപി;
വൃക്ഷാഗ്രാത്‌ കുസുമം ഭ്രഷ്ടം, വൃക്ഷാഗ്രത്തിങ്കൽ നിന്നഥ (17)

പൂ വീണെ; ന്നഥ വൃക്ഷസ്യ
ശാഖാ ചാത്യന്തമുന്നതാ,
വൃക്ഷത്തിന്റെ കൊമ്പുമേറ്റ
മുയർന്നെന്നതു ഷഷ്ഠ്യപി;(18)

പക്ഷി വൃക്ഷേസ്ഥിതഃ, പക്ഷി വൃക്ഷത്തിങ്കലിരുന്നിതു;
ഹേ വൃക്ഷ, ത്വം കമ്പസേ,
കിമി,തി സംബോധനാപി ച,(19)
 
എടോ വൃക്ഷം നീ ചലിക്കുന്ന
തെനീന്തീ വണ്ണമൊക്കവേ;
സംബോധനാ നിർണ്ണയാർത്ഥം
ഹേ ശബ്ദം കൂടെ യുച്യതേ (20)

പദച്ഛേദം ചെയ്തു മുൻപേ വിഭക്തികളറിഞ്ഞുടൻ (21)

അങ്ങുമിങ്ങുമിരിക്കുന്ന
പദങ്ങളേ യഥാവലേ
ചേരുന്ന പടി ചേർക്കുന്ന
തന്വയം പരികീർത്തിതം.(22)

കർത്താ കർമ്മം ക്രിയാ മൂന്നുമന്വയത്തിങ്കൽ മുമ്പിവ
കർത്താ ചെയ്യുന്നവൻ കർമ്മമവനിച്ഛിച്ചതായ്‌ വരും.(23)

കർത്താവിന്നിഹ കർമ്മത്തോടു-
ള്ള ബന്ധം ക്രിയാപദം
കർത്താ പ്രഥമയാകുമ്പോൾ
ദ്വിതീയാ കർമ്മമായ്‌വരും.(24)

തിങന്തം ക്രിയയായീടും
ചിലേടത്തു സുബന്തവും
തൃതീയ കർത്താവാകുമ്പോൾ
കർമ്മം പ്രഥമയായ്‌വരും(25)

സുബന്തം വാ തിങന്തം
വാ ക്രിയാ തത്രാത്മനേപദം
തൃതീയാ കർത്താവായീടും
ഭാവേ കർമ്മങ്ങളില്ലപോൽ.(26)

സുബന്തം താൻ തിങന്തം താന-
തിങ്കൽ ക്രിയയായ്‌ വരും
കർത്താവിലഥ കർമ്മത്തി
ലഥ ഭാവത്തിലും തഥാ (27)

മൂന്നുജാതിവരും തത്ര
ചൊല്ലാം കർത്താവിലുള്ളത്‌:
കിരാതോ ഹരിണം ജഗ്നേ, കർത്തൃകർമ്മക്രിയാഃ ക്രമാത്.(28)

കിരാതൻ മാനിനെക്കൊന്നു,
കിരാതേന മൃഗോ ഹതഃ,
കിരാതനാൽ മൃഗം കൊല്ല
പ്പെട്ടു,വെന്നിതു കർമ്മണി,(29)

താമ്രചൂഡൈരകൂജീതി, നൽപ്പൂങ്കോഴികളാലിഹ
കൂകുന്നെന്നുള്ളതുണ്ടായീ ഭാവത്തിങ്കലിവണ്ണമാം.(30)

കാണുന്നിതേകവചനം
ഭാവത്തിങ്കൽ ക്രിയാപദം
സുബന്തംക്രിയയാകുമ്പോൾ ഭാവത്തിങ്കൽനപുംസകം.(31)

വിശേഷേണ വിശേഷങ്ങ-
ളറിഞ്ഞീടുക സർവ്വതഃ
വിശേഷ്യം തു പ്രധാനംസ്യാദ് അപ്രധാനംവിശേഷണം (32)

വിശേഷ്യം ബ്രഹ്മചാരീ തു മേഖലാജിനദണ്ഡവാൻ
മേഖലാജിനദണ്ഡങ്ങ
ളുള്ളവൻ തദ് വിശേഷണം.(33)

ഗോപാലോ ഗാം പയോദോഗ്ദ്ധി
യെന്നീവണ്ണം ദ്വികർമ്മകം
ഗോപാലൻ പശുവേ പാലെക്കറക്കുന്നിപ്രകാരമാം.(34)

സൂര്യേ കർക്കിസ്ഥിതേ നാരീ പ്രാസൂയത കിലാത്മജം
സൂര്യൻ കർക്കടകേ നിൽക്കും വിഷയത്തിങ്കലംഗനാ (35)

പെറ്റു പോൽ മകനേ ചൊന്നേ-
നേവം വിഷയസപ്തമീ.
ക്രിയാവിശേഷണം ചൊല്ലാം രാമസ്സാദരമബ്രവീത്‌ (36)

ശ്രീരാമനാദരത്തോടുകൂടും
വണ്ണം പറഞ്ഞിത്‌.
ധാതു രണ്ടു വിധം പ്രോക്തം സകർമ്മകമകർമ്മകം(37)

കൃഷ്ണോ ദിദേവ ശ്രീകൃഷ്ണൻ ക്രീഡിച്ചെന്നതകർമ്മകം
ശ്രീകൃഷ്ണോപാലയദ്വൈഗാഃ
കൃഷ്ണൻ പാലിച്ചു ഗോക്കളെ (38)

സകർമ്മകമിദം പ്രോക്തം
തിങന്താംശ്ച ബ്രവീമ്യഹം.(39)

ലട്ടും ലങ്ങും ലോട്ടും ലിങ്ങും
ലിട്ടും ലുങ്ങും തഥൈവ ച
ലൃട്ടും ലൃങ്ങും ലൃട്ട്‌ ലോട്ടും
ലകാരം പത്തിവ ക്രമാൽ.(40)

ആശീർലിങ്ങ്‌ ലിങ്ങിലേ ഭേദം കാലഭേദമഥോച്യതേ
ലട്ടിയക്കത്തിൽ വന്നീടും
ലങ്ങ്‌ ലുങ്ങ്‌ ലിട്ടുകൾ പോയതിൽ
(41)

ചെയ്ക പോക വരൂതാക
എന്നിത്യാദിഷു ലിങ്ങ്‌ ച ലോട്
ലൃങ്ങ്‌ ലൃട്വേ ലുട്ടു മൂന്നും മേൽവരുന്നുള്ളവയിൽ ക്രമാൽ.(42)

നാനാധാതുഗണത്തിന്റെ
മേൽ‌വരുന്നു ലഡാദയഃ
ഭൂസത്തായാ മേധവൃദ്ധൗ
ഡുപചഷ്പാക ഏവ ച (43)

ലകാരത്തിന്നു രൂപങ്ങൾ
ഈരണ്ടാം ധാതുഭേദതഃ
പരസ്മൈപദവും പിന്നെ
ആത്മനേപദവും തഥാ (44)

ഓരോന്നാകിലുമാം പിന്നെ
ചിലേടത്തു യഥാവിധി
ഓരോന്നിഹ വെവ്വേറെ
വർഗ്ഗം മുമ്മൂന്നു വന്നിടും.(45)

പ്രഥമഃ പുരുഷഃ പൂർവ്വം
മധ്യമ പുരുഷഃ പുനഃ
ഉത്തമഃ പുരുഷശ്ചേതി
വർഗ്ഗം മൂന്നിവ രണ്ടിലും (46)

ഓരോന്നിന്നിഹ വെവ്വേറെ
മുമ്മൂന്നു വചനം വരും
ഏകദ്വിബഹുമുമ്പായി
വചനം മൂന്നിവ ക്രമാൽ (47)

മദ്ധ്യമൻ വരുമേടത്ത്‌
യുഷ്മത്തുകൾ വരും ക്രമാൽ
ഉത്തമൻ വരുമേടത്തങ്ങ-
സ്മത്തുകൾ വരുന്നിതു (48)

മറ്റുള്ളേടത്തു പ്രഥമ
പുരുഷൻ വരുമെപ്പോഴും
സഃ കരോതി, ത്വം കരോഷി, കരോമ്യഹമിതിക്രമാൽ.(49)

അവൻ ചെയ്യുന്നു, നീ ചെയ്യുന്നു, ഞാൻചെയ്യുന്നു ഇതി ക്രമാൽ.
കുർവ്വന്തി തേ, തൗ കുരുതഃ,
സഃ കരോതി യഥാക്രമം (50)

തന്റെ തന്റെ സമത്തോടു
കൂടുമത്രേ വിഭക്തികൾ
വചനങ്ങളുമവ്വണ്ണം
തഥാ ലിംഗങ്ങളും വരും (51)

കൃഷ്ണഃ കമലപത്രാക്ഷഃ
കൃഷ്ണം കമലലോചനം,
കൃഷ്ണേന വാസുദേവേന,
കൃഷ്ണായ പരമാത്മനേ,(52)

കൃഷ്ണാൽ കമലപത്രാക്ഷാൽ, കൃഷ്ണസ്യകമലാപതേഃ,
കൃഷ്ണേ കമലപത്രാക്ഷേ,
ഹേ കൃഷ്ണ പുരുഷോത്തമ!(53)

കൃഷ്ണഃ കമലപത്രാക്ഷഃ,
കൃഷ്ണൗ കമലലോചനൗ,
കൃഷ്ണാഃ കമലപത്രാക്ഷാഃ വചനങ്ങളിവണ്ണമാം. (54)

വൃക്ഷഃ കുസുമിതഃ ,കാന്താ പൂർണ്ണചന്ദ്രനിഭാനനാഃ
വനം കുസുമിതം ഭാതി, ലിംഗഭേദങ്ങളിങ്ങനെ (55)

യച്ഛബ്ദം കാണുമേടത്ത്‌
തച്ഛബ്ദം കൂടെ വന്നിടും
ക്രിയാപദം രണ്ടും മൂന്നും കാണുന്നേടത്തിവണ്ണമാം.(56)

ക്രിയയ്ക്കടുത്ത കർത്താവും
കർമ്മവും തത്ര കൊൾ‌വിത്‌
ദ്വിതീയയ്ക്കും സപ്തമിക്കും
പിമ്പേ ക്ത്വാന്തം ല്യബന്തവും (57)

തത്ര ഗത്വാ പ്രവിശ്യേതി തം
ദൃഷ്ട്വാ പ്രേക്ഷ്യചേത്യപി.
രണ്ടു കർമ്മങ്ങളുണ്ടാകിൽ
നടുവേ സ്യാൽ ല്യബന്തവും (58)
 
വിദർഭവിഷയം പ്രാപ്യ
രുക്മിണീ മഹരൽ പ്രഭുഃ
പ്രാപ്യ,സംഗമ്യ ,സത്കൃത്യ,
പ്രേക്ഷ്യേത്യാദി ല്യബന്തവും.(59)

ക്ത്വാന്താഃ കൃത്വാ ച ഹത്വാച
നത്വാ ഗത്വാദികാസ്തഥാ
നത്വാ നമസ്കരിച്ചിട്ട്‌
വീക്ഷ്യ കണ്ടിട്ടിതീദൃശം,(60)

വക്തും ശ്രോതും ഗൃഹീതുംവാ തുമുന്നന്തങ്ങളേവമാം
ചതുർത്ഥ്യർത്ഥമിവറ്റിനും
തസിലന്തം യതസ്തത:(61)

രാജതോ വിപ്രതശ്ചേതി പഞ്ചമ്യർത്ഥമിവറ്റിനും
കുർവ്വൻ കുർവാണയിത്യേവം
ശത്രന്തം ശാനജന്തവും(62)
 
ചെയ്തിയങ്ങുന്നുവെന്നേവ-
മർത്ഥഭേദമുദീരിതം
അവ്യയങ്ങളഥോച്യന്തേ ക്ത്വാന്താശ്ചൈവല്യബന്തകാഃ (63)

തസ്സിലന്താസ്-തുമുന്നന്താശ്‌ -ശനൈരുച്ചൈസ്തഥാധുനാ
അഥാഥോ തദനു ക്ഷിപ്രം
യർഹി തർഹി ച കർഹി ചിത്‌ (64)

യദി ചേത്‌ ബതഹന്തേതി
തുഹി ച സ്മഹവൈപുനഃ
യദാ തദാ കഥാ ബ്രൂയാൽ
പ്രായശ്ശശ്വത്‌ സ്ഫുടം ദ്രുതം (65)

അഹോ പൃഥക്‌ വൃഥാ ശീഘ്രം
തത്ര യത്രാത്ര കുത്ര ചിത്‌.
ഇത്ഥം നനുദ്‌ധ്രുവം ചിത്ര
മപി ഖല്വേവമേവനു (66)

യഥാതഥാകഥംനാമ
ചിത്‌ചനാന്താദികക്രമാൽ (67)

കർത്താവിൽ ക്രിയയായാകുമ്പോൾ കർത്താപ്രഥമയായ്‌വരും
കർമ്മം ദ്വിതീയയായിടും രക്ഷസ്വത്‌സ്മാൻമഹേശ്വരഃ (68)

കർമ്മത്തിൽ ക്രിയയാകുമ്പോൾ കർത്താവങ്ങു തൃതീയയാം
കർമ്മം പ്രഥമയായിടും
കൃഷ്ണേനാ ധാരി പർവ്വതഃ (69)

ഭാവത്തിൽ ക്രിയയാകുമ്പോൾ കർത്താവങ്ങു തൃതീയയാം
കർമ്മമില്ലെന്നു കാണേണം കൃഷ്ണേനാഭാവി ഗോകുലേ (70)

കർത്തര്യേവ പരസ്മൈ-
പദമിതി ന ച ഭാവകർമ്മണോഃ ജ്ഞേയം
ത്രിഷ്വാത്മനേപദം സ്യാത്‌
ഭാവേ പ്രഥമൈകവചനമേവ പുനഃ (71)

സുബന്തം ക്രിയ ചൊല്ലുന്നേൻ ബഭൂവാൻഭൂതവാനഥ
ഭൂതോ ഭവ്യസ്ത്വേ ധനീയോ
ഭവിതവ്യ ഇതി ത്രഷു (72)

പൂർവ്വകാല ക്രിയാ സ്തേതാഃ
കൃത്വാ പ്രാപി വിധായ ച
പായം പായം ശനൈഃ
കാരമപികർത്തും പ്രയോജനം.(73)

ഔചിത്യം കൊണ്ടറിഞ്ഞീടു
കർത്ഥഭേദങ്ങളൊക്കവേ
നവാരണ്യമഹീദേവ
കൃതിരേഷാ വിരാജതേ.(74)

ഇതി ബാലപ്രബോധനം സമാപ്തം.

കുറിപ്പുകൾ

തിരുത്തുക

കുറിപ്പ് പാഠഭേദം: തൃതീയാ ഹേതുവായിക്കൊണ്ടാലോടൂടേതി ച ക്രമാൽ -

"https://ml.wikisource.org/w/index.php?title=ബാലപ്രബോധനം&oldid=218815" എന്ന താളിൽനിന്ന് ശേഖരിച്ചത്