ബാഷ്പാഞ്ജലി/അടുത്ത പ്രഭാതം
അടുത്ത പ്രഭാതം
കാണുന്നതെന്താണെൻ ചുറ്റുമയേ്യാ
പ്രേമനിശ്ശൂന്യമാമന്തരീക്ഷം!
ഈ വിഷവായുവേറ്റെത്രനേരം
ജീവചൈതന്യമേ, നീയിരിക്കും?
പുഞ്ചിരികൊണ്ടു പൊതിഞ്ഞ വക്ത്രം
വഞ്ചനകൊണ്ടു നിറഞ്ഞചിത്തം!
ഭിന്ന'വർണ്ണ'ങ്ങളിലിപ്രകാര-
മൊന്നിനും കൊള്ളാത്ത മർത്ത്യചിത്രം
എണ്ണമില്ലാതെന്നുമേറ്റുവാങ്ങാ-
നെന്തു സന്നദ്ധമീ വിശ്വഹസ്തം!
കഷ്ടം, പുരോഗതിയെന്നിതിനെ
മിത്ഥ്യാഭിമാനമേ, നീവിളിപ്പൂ!
എത്ര വിദൂരസ്ഥമാണു പാർത്താൽ
സത്യം!- ഇന്നയേ്യാ, നീയെന്തറിഞ്ഞു?
åå*åå*åå*
മണ്ണിലും വിണ്ണിൻ വിശുദ്ധിചേർക്കും
കണ്ണീരൊഴുകും കവിൾത്തടങ്ങൾ-
പട്ടുരുമാലുകളൊന്നുപോലും
തൊട്ടുനോക്കാത്ത കവിൾത്തടങ്ങൾ-
പാടത്തെച്ചൂടിൽ വിയർത്തൊലിച്ചു
വാടിത്തളർന്ന കവിൾത്തടങ്ങൾ-
വാരിവിതറുമവയിലെന്നും
ഞാനെന്റെ സങ്കൽപ ചുംബനങ്ങൾ!
ഹാ,വിത്തവല്ലരി വേരുറയ്ക്കാൻ
പാവങ്ങൾതൂകുമക്കണ്ണുനീരിൽ,
ഞാനെന്റെ ശോകവിവർണ്ണമാകും
മാനസസൂനം തെളിഞ്ഞു കാണ്മൂ.
ലോകസിംഹാസനമൊത്തു താങ്ങും
സാധുഗളങ്ങൾതൻഗദ്ഗദത്തിൽ
ഞാനിത്രനാളും തിരഞ്ഞിരുന്ന
ഗാനശകലം തെളിഞ്ഞു കേൾപ്പൂ.
ആയതിനോടൊത്തു പാടാനാണെ-
ന്നന്തരാത്മാവിനുള്ളഭ്യസനം!
ക്ഷുത്തിൻ ദയനീയദീനനാദം
വിത്തത്തിnഘോരമാമട്ടഹാസം,
ഈ രണ്ടും നീങ്ങിയിട്ടാർദ്രമാകും
ചാരുസംഗീതമുയരുമെങ്കിൽ-
അന്നതുകേൾക്കുവാനീവിധംഞാൻ
മന്നിൽ മരിക്കാതിരിക്കുമെങ്കിൽ-
അന്നു, ഞാൻ,ലോകമേ,നിന്നെനോക്കി
"വന്ദ്യ നീ!"യെന്നു നമിച്ചു വാഴ്ത്താം.
സുന്ദരമാ രംഗമാത്തഹർഷം
മന്ദസ്മിതം ചെയ്തണഞ്ഞിതെങ്കിൽ!