ഇരുളിൽ

ഇനിയൊരിക്കലും കിട്ടാത്ത മട്ടി,ലെൻ-
പിടിയിൽനിന്നും വഴുതിയ ഭാഗ്യമേ!-
വിവിധ ചിന്തയാൽ വാടിക്കരിഞ്ഞൊരെൻ-
വിമഥിതമായ മാനസവാടിയിൽ,
നവനവോന്മേഷദോക്തികളാ, ലിളം
തളിർ പൊടിപ്പിച്ച ദിവ്യസൗഹാർദ്ദമേ!-
എവിടെ , യെങ്ങുനീ?- നിന്നെയോത്തേർാത്തർിതാ
വിവശചിത്തനായ് നിന്നു കേഴുന്നു ഞാൻ!
കരളു നൊന്തുനൊന്തത്യന്തദൂനനായ്
കഴിയുമിക്കൊച്ചു നിസ്സാരജീവിയെ,
ഇവിടെ , യിക്കൊടുംകൂരിരുൾപ്പാതയി-
ലിതുവിധം വെടിഞ്ഞെങ്ങൊളിച്ചു നീ?
വിജനഭീരു ഞാനത്യുഗമാകുമീ
വിരഹ, മയേ്യാ, സഹിക്കുന്നതെങ്ങിനെ?

  • * *

സിരകളെല്ലാം തളരുന്നു, ശൂന്യമാ-
മിരുളിലേയ്ക്കിതാ താഴുന്നു ഭൂതലം.
ഉഡുനിരകൾ നുറുങ്ങി വീഴുന്നു, ഹാ
തരിതരിയായ് ത്തെറിക്കുന്നു വിണ്ടലം!
ഇടിമുഴങ്ങിക്കൊടും കാറ്റടിച്ചടി-
ച്ചഖിലവും വീണടിയുന്നു മേൽക്കുമേൽ
കടലിരച്ചിരച്ചേറുന്നു, കൊള്ളിമീ-
നിടറിയോടുന്നു വാനിലെല്ലാടവും.
ഇതിനു സാക്ഷ്യംവഹിച്ചു നിൽക്കാനെനി-
ക്കരു, തിതെന്തൊരു വേതാളതാണ്ഡവം!
പരമഘോര, മിതുറ്റുനോക്കാനെനി-
ക്കരുതിതെന്തൊരു കൽപാന്തസംഭവം!
അടിയുറയ്ക്കുന്നതില്ല- ഞാൻ വേച്ചുവേ-
ച്ചുടനിവിടത്തിൽ മൂർച്ഛിച്ചു വീണുപോം!
എവിടെയയേ്യാ, വെളിച്ചം, വെളിച്ച, മി-
ത്തിമിരമെന്നെ വിഴുങ്ങുന്നു നിർദ്ദയം!

  • * *

ചതവുപറ്റിയ ജീവന്റെ ഗദ്ഗദ-
ശ്രുതിയിലും, ഹന്ത, താളം പിടിക്കലും,
മനമുരുകിയുതിർന്ന കണ്ണുനീർ-
ക്കണികകൾകൊണ്ടു ദാഹമടക്കലും
സ്ഥിതിയിതു തന്നെ പണ്ടു, മിപ്പൊഴു, മി-
ക്ഷിതിയിതുവിധം തന്നെയാം മേലിലും!
വിഫലമെന്തിനുപിന്നെ, ഞാനീവിധം
വികൃതഭാഷയിൽ തേങ്ങിക്കരയണം?
പ്രണയതുന്ദിലമാണെന്നിരിക്കിലും
മമ മൊഴികളിന്നാളില്ല കേൾക്കുവാൻ!
ഫലരഹിതമാം വാഗ്വാദഘോഷവും,
പരിഭവങ്ങളും, പാഴ്ക്കലഹങ്ങളും,
ചതിയു, മീർഷ്യയും, വൻപു, മസൂയയും,
ഹൃദയശൂന്യമാം പച്ചച്ചിരികളും,
പരിഹാസവാഞ്ഛയും, വൈരവും,
പരമനീചമായൊരഹങ്കാരവും,
- മതി, യിതല്ലല്ലി, സാഭിമാനം സദാ
മഹി പുകഴ്ത്തുന്ന മാനവ ജീവിതം?
അതു, മതു വെറും പാഴ്കിനാവാണതാ-
ണതിലുമേറ്റം ദയനീയമോർക്കുകിൽ!
ക്ഷണികതയ്ക്കൊരു പര്യായമാം ഹിമ-
കണികമാത്രമാണീ ലോകജിഇവിതം.
അതിസുശക്തമാമായസഹസ്തവു-
മടിയുമന്ത്യത്തിലാഴക്കു ചാമ്പലായ്!
വെറുതെയെന്തിനു പിന്നെയീ വ്യർത്ഥമാം
പരിഭവവും, കലഹവും, കോപവും?
അരിയ സൗഹാർദ്ദകൽപകച്ഛായയി-
ലണയുകല്ലല്ലി, നമ്മൾക്കൊരുത്സവം?-
കലിത സൗഹൃദം, തങ്ങളിൽത്തങ്ങളിൽ-
ക്കരളു കൈമാറിയാശ്വസിച്ചങ്ങനെ,
സതതമൊന്നിച്ചു തോളോടുതോളുചേർ-
ന്നമരുകല്ലല്ലി, നമ്മൽക്കൊരുത്സവം?
മരണമെത്തി വിളിക്കുംവരേയ്ക്കു, നാം
മഹിയിലെന്തിനു വേറിട്ടു നിൽക്കണം?
വെറുതെ, മത്തര്യ്‍, മദിക്കുന്നതെന്തിനാ-
ണൊരുപിടി വെറും പാഴ്മണലല്ലി, നീ?
ഒരു ദിനം നിന്റെ കണ്ണൊന്നടയുകി-
ലതു മതി, ലോകം നിന്നെ മറക്കുവാൻ!
ഭുവനശാന്തി ഭജിക്ക നീ, സോദര-
ഹൃദയരക്തം കൊതിക്കാതിരിക്ക നീ!
നിഹത, നീയു,മീ ഞാനു, മവനു, മി-
ന്നൊരുപോ,ലാലംബശൂന്യരാം ജീവികൾ!-
വിധിവിഹിതപ്രവാഹത്തി, ലൊന്നുപോ-
ലൊഴുകിടും വെറുമോലത്തുരുമ്പുകൾ!-
കഴികയില്ല നമുക്കാക്കർുമായതി-
ന്നടിയൊഴുക്കിന്നെതിരിട്ടു നീന്തുവാൻ!
എവിടെയെങ്കിലുമെത്തട്ടെ, യാകയാ-
ലതിനൊരുപോൽ വിധേയരായ്ത്തീരുക!
പരമ നിർമ്മലസ്നേഹമേ, നിന്നുടെ
പരിധിയില്ലാത്ത നിർവ്വാണമണ്ഡലം
സുലളിതോജ്ജ്വലം, സുപ്രഭാസങ്കുലം,
സുഖദസുന്ദര ചിന്താസുരഭിലം!-
മഹിതമാകുമവിടമായീടണം
മഹിയിൽ നമ്മൾ തന്നാത്മലീലാങ്കണം!

  • * *

ഇതുവരെയും തല ചായ്ചുറങ്ങിയ
തണലിലെൻസുഖസ്വപ്നങ്ങളൊക്കയും,
ഉലകിൽ നാകം രചിച്ചു, പൊടുന്നനെ-
ച്ചിറകടിച്ചു പറന്നു മറഞ്ഞുപോയ്!
ചില വിശേഷനിമേഷത്തിലെങ്കിലും
പരമനഗ്നമായ്ക്കാണ്മൂ നാം മായയെ!
അവനിയിലില്ലറിയാനൊരാളു, മെ-
ന്നസഹനീയമാം നിശ്ശബ്ദസങ്കടം !
അമിതവാഞ്ച്ഛകളില്ലെനിക്കെങ്കിലു-
മശുഭഭാവിക്കടിമയായ്ത്തീർന്നു ഞാൻ!
കപടലോകത്തിലാത്മാർത്ഥമായൊരു
ഹൃദയമുണ്ടായതാണെൻ പരാജയം!
വിമലസൗഹാർദ്ദമാദ്യം ത്യജിക്കുകിൽ
വിജയലക്ഷ്മിതൻ കാമുകനായി ഞാൻ!
ഉദിതരോഷനിഷേധസ്വരങ്ങളിൽ
മുദിതമാനസരെത്ര പഴിക്കിലും,
നിരവധികനിരഘഗുണങ്ങളാൽ
നിരുപമം ഹാ, നിരാശതേ, നിൻ മുഖം!
മുകരുകെന്നെ നീ മേലിലുമീവിധം
വിഗതഗർവ്വനായുല്ലസിക്കട്ടെ ഞാൻ!

  • * *

ഹൃദയഭാഷകൾ പോലും ഗഹിക്കുവാൻ
കഴിവെഴുന്നൊരെന്നോമൽ സഖാക്കളേ,
പറവതെന്തിനി പ്രത്യേക, മെന്നിലും
പരമഭിജ്ഞരാം, നിങ്ങളൊടൊക്കെ, ഞാൻ?
ഒരു യഥാർത്ഥ സുഹൃത്തിനേക്കാളും,മീ-
യുലകിലില്ലെനി ക്കൊന്നുമുപരിയായ്;
മടിയെഴാതവനായിസ്സകൗതുകം
വെടിയുവേനെന്റെ ജീവനും കൂടി ഞാൻ!
ചിറകെനിക്കില്ല! , ദേവനുമല്ല, ഞാ
നൊരുവെറും തുച്ഛമാനവകീടകം;
അറിവതുണ്ടു ഞാനെങ്കിലും സ്പഷ്ടമായ്
പരമനിർമ്മലസ്നേഹമഹിമയെ!

  • * *

മരണരംഗമായ് മാറിയ മജ്ജഢം
മറവുചെയ്യുന്ന കല്ലറയിങ്കലായ്,
നിഹതനെന്നെയോർത്തോമത്സഖാക്കളേ,
സദയമീവിധമാരചിക്കേണമേ:-
'ഇതിനകത്തു കിടക്കുന്നതു,ണ്ടൊരു
ശിഥിലരാഗസുരഭിലമാനസം;
അതുപലപ്പൊഴും മന്ത്രിച്ചു:- 'നിർമ്മല-
പ്രണയശൂന്യമീ ലോകം, തമോമയം!
ഇവിടെയില്ലാ വെളിച്ചം, മലിനമാ-
മിവിടെയില്ലാ സഹതാപമർമ്മരം!'
അതിനുവേണ്ടിക്കരഞ്ഞുകരഞ്ഞൊരു
കണികപോലും ലഭിച്ചിടാതാകുലം,
പരമഘോര നിരാശയിലെപ്പൊഴു-
മെരിപൊരിക്കൊണ്ടടിഞ്ഞതാണാ മനം!
പഥിക, നീയൊരു കണ്ണുനീർത്തുള്ളി,യീ
മഥിത ചിത്തത്തിനായുതിർക്കേണമേ!
അതു സമാശ്വസിക്കട്ടെ തെല്ലെങ്കിലും-
മിവിടെ വന്നൊന്നിരുന്നിട്ടു പോക നീ!! '

  • * *

വരിക വീണ്ടു,മിച്ചന്ദനച്ഛായയിൽ
പരിചിൽ നമ്മൾക്കൊരുമിച്ചിരുന്നിടാം!
പരിഭവങ്ങളഖിലം മറന്നിടാം,
പലകഥകൾ പറഞ്ഞു രസിച്ചിടാം!
ഹൃദയബാഷ്പത്തിനുള്ളൊരനഘമാം
മധുരിമ നമുക്കൊന്നിച്ചശിച്ചിടാം!
ഭുവനജീവിതവാഹിനിയെപ്പൊഴും
ദ്രുതഗതിയിൽക്കുതിക്കുകയല്ലയോ?
വരിക,യെന്തും ക്ഷണികമാ, ണൊക്കയും
മറിയു, മീ നമ്മളെല്ലാം പിരിഞ്ഞിടും!
അതിനുമുൻപു, പറയേണ്ടതൊക്കയു-
മതിമധുരം പറഞ്ഞുനാം തീർക്കുക!
മരണ,മയേ്യാ, മരണം!- വരു, നമു-
ക്കിനിയുമുണ്ടെത്ര കാര്യങ്ങളോതുവാൻ .....17-1-1110

അതിഘോരശൂന്യത വാപിളർത്തി-
ബ്ഭുവനം വിഴുങ്ങുവാൻ കാത്തിരിക്കെ;
അതിലൊരു മൺതരിക്കെത്രനേരം
പൊഴിയാൻ കഴിയും തന്മൗനഗീതം? 12-3-1109

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/ഇരുളിൽ&oldid=52357" എന്ന താളിൽനിന്ന് ശേഖരിച്ചത്