എന്റെ സഖി
ഇളമരുത്തേറ്റു കൊച്ചലച്ചാർത്തുക-
ളിളകിടുന്നൊരിത്താമരപ്പൊയ്കയിൽ,
സഖികളോടുചേർന്നാടിക്കുഴഞ്ഞവ-
ളണവതെന്നിനി കേളിനീരാട്ടിനായ്?
അവളെയിന്നൊന്നു കാണാൻ കൊതിക്കയാ-
ണിവിടെയുള്ളീ മണൽത്തരിപോലുമേ!
å പരിണയം കഴിഞ്ഞന്നൊരു നാളവൾ
പിരിയുവാൻവന്നു യാത്രചൊല്ലീടവെ,
ഇവിടെ നിൽക്കുമിപ്പുൽക്കൊടികൂടിയും
വിവശിതയായതിന്നു മോർക്കുന്നു ഞാൻ!
å പവിഴമല്ലിക പ്പൂവുതിർന്നെപ്പൊഴും
പരവതാനി വിരിച്ചൊരിപ്പുൽത്തടം ,
പരിണതോജ്ജ്വലമാണെന്നിരിക്കിലും
പരമശൂന്യമായല്ലി തോന്നുന്നുമേ!
å ഇവിടെ നിൽക്കുമീ മാതളത്തയ്യിനി-
ന്നില പൊടിച്ചോരു നൂതനസംഭവം,
അറിയുവാനിടയാവുകി,ലെത്രയി-
ന്നടികയില്ലവളാനന്ദസിന്ധുവിൽ!
അവികലോത്സവമാത്മാധിനാഥനൊ-
ത്തകലെയാണവൾ വാഴുന്നതെങ്കിലും,
അലയുവതുണ്ടവളുടെ മാനസ-
മനുനിമേഷമീയാരാമ വീഥിയിൽ!
ഒരുവിധവും മറക്കാനരുതവൾ-
ക്കരുമയാകുമിപ്പുള്ളിമാൻ കുഞ്ഞിനെ!
å കിളികളോരോന്നുണർന്നു, ചിറകടി-
ച്ചുദയകാന്തിയിൽ പാറിപ്പറക്കവെ,
ശിശിരസുന്ദരലോലനീഹാരക
യവനിക മന്ദം നീങ്ങിത്തുടങ്ങവെ,
പകുതിയോളം വിടർന്ന പൂവിൻ നവ-
പരിമളമിളം കാറ്റിലിളകവെ,
കുസുമസൗരഭമോലുമാക്കാറെതിർ-
ക്കുടിലകുന്തളം കെട്ടഴിഞ്ഞങ്ങനെ;
ഇരുവശം നിന്ന ചെമ്പനീർപ്പൂക്കള-
ത്തുടുകവിളിൽ പ്രതിഫലിച്ചങ്ങനെ;
ഒരു മൃദുമന്ദഹാസമച്ചെഞ്ചൊടി-
ത്തളിരിലൽപംസ്ഫുരിക്കുമാറങ്ങനെ;
ജലഘടവുമായി മലർത്തോപ്പിലേ-
ക്കവൾവരും വരവിന്നുമോർക്കുന്നു ഞാൻ!
ചലനചിത്രങ്ങൾ കാണിക്കയാണിദം
ചപലസങ്കൽപമെന്നെപ്പലപ്പൊഴും!
സ്മരണയിങ്കല്ത്തെളിഞ്ഞു ഞാൻ കേൾപ്പിത-
ത്തരിവളകൾതൻ സംഗീതമർമ്മരം!!

åå *åå *åå *
പ്രകൃതിമാതെടുത്തോമനിച്ചോളവൾ;
പ്രകൃതിയായ് സദാ സല്ലപിച്ചോളവൾ!
അവളെയാശിച്ചിരുന്നവനല്ല ഞാ-
നവളിലൊട്ടനുരക്തനുമല്ല ഞാൻ.
വെറുതെ,യെന്നിട്ടുമെന്തിനോ, കഷ്ട;-മീ
വിരഹമോർത്തോർത്തു നീറുന്നിതെന്മനം!
അവളതിമാത്രമാർദ്രുയാ,ണായതാ-
ണഴലിനിന്നെനിക്കാദിമകാരണം!
å ദിവസവും ഞങ്ങൾ കാണും, പരസ്പര-
മകമഴിഞ്ഞൊന്നു പുഞ്ചിരിക്കൊണ്ടിടും;
അമിതമോദമോടൊന്നുരണ്ടക്ഷര-
മരുളി, യാത്രപറഞ്ഞു പിരിഞ്ഞുപോം;
പരമനിർമ്മലസൗഹൃദമീവിധ-
മനുനിമേഷം വളർന്നു, ഹാ, ഞങ്ങളിൽ!
å മധുരശൈശവബന്ധമതറ്റിടാൻ
മമ ജഢമിനി മണ്ണിലടിയണം
അതുമറക്കുവാനോർക്കിൽ മറക്കുമോ?
മതിയിൽനിന്നതു മായ്ക്കുകിൽ മായുമോ?
å മിഴികളാലസ്സുരാംഗനാസൗഭഗം
കരളിനാലാപ്പരിശുദ്ധസൗഹൃദം-
ഇവയഥേച്ഛ,മൊരുപോൽ നുകരുവാ-
നിട ലഭിച്ചല്ലോ!-ഞാനെത്ര ഭാഗ്യവാൻ!!åå 30-6-1109

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/എന്റെ_സഖി&oldid=52359" എന്ന താളിൽനിന്ന് ശേഖരിച്ചത്