ദിവ്യാനുഭൂതി

എങ്ങുനി,ന്നെങ്ങുനി,ന്നെങ്ങുനിന്നീ
മഞ്ജീരശിഞ്ജിതമുദ്ഭവിപ്പൂ?
മംഗളമാധുരി വാർന്നിടുമീ,
സ്സംഗീതസങ്കേതമേതുരംഗം?
കാലത്തിൻകൈവിരൽ സ്പർശമേൽക്കാ-
തീ നർമ്മസല്ലാപമിത്രനാളും
ഓമനിച്ചേവമൊളിച്ചുവെച്ച-
തേതു വൃന്ദാവനമായിരുന്നു?
ഞാനെന്നെത്തന്നെ മറന്നേപോയി,
ഞാനെന്നിൽത്തന്നെ ലയിച്ചുപോയി.
ഞാനൊരു സംഗീതനാളമായി
വാനോളം പെട്ടെന്നുയർന്നുപോയി.
പുൽക്കൊടിതൊട്ടു വിയത്തിൽമിന്നും
നക്ഷത്രംപോലുമിന്നെന്റെതായി.
കർമ്മങ്ങൾ കന്ദുക ക്രീഡയാടും
ബ്രഹ്മാണ്ഡംപോലുമെൻ സ്വന്തമായി
ഭാവനാമോഹന ചുംബനംപോൽ
ജീവനു പേർത്തും പുളകമേകി;
എങ്ങുനി,ന്നെങ്ങുനി,ന്നെങ്ങുനിന്നീ
മഞ്ജീരശിഞ്ജിതമുദ്ഭവിപ്പൂ?
å *å *å *
എത്ര ശാകുന്തളത്തിങ്കലൂടെൻ-
സ്വപ്നസരിത്തു തളർന്നൊഴുകി!
എത്രയോ രാധകളെന്നിലോരോ
നൃത്തം നടത്തിപ്പിരിഞ്ഞുപോയി!
പ്രേമം തുളുമ്പിത്തുളുമ്പി വീഴും
മാമകസങ്കൽപ വേണുഗാനം,
കാനനപ്പച്ചപുതച്ചോരെത്ര
കാളിന്ദീതീരം കടന്നുപോയി!
ഓരോ നിമിഷമെൻ പ്രാണനെത്ര
രാസലീലയ്ക്കു വിധേയമായി!
മത്സഖിമാരെനിക്കേകിടുന്നോ-
രുത്സവങ്ങൾക്കെല്ലാം സാക്ഷിനിൽക്കാൻ
എത്തിയില്ലെന്നടുത്തെത്രയെത്ര
നിസ്തുല ഹേമന്തയാമിനികൾ!
എന്നാലുമായവയൊക്കെയെന്നെ-
ക്കണ്ണീരിൽ മുക്കുകയായിരുന്നു.
ആ മന്ദഹാസങ്ങളൊക്കെയേതോ
ധൂമികകൊണ്ടു പൊതിഞ്ഞിരുന്നു.
അന്നവയിങ്കൽനിന്നാകമാന-
മെന്നെ ഞാൻ വേറിട്ടു കണ്ടിരുന്നു.
ഇന്നെനിക്കെന്നെ മറക്കുവാനായ്,
എന്നിലേയ്ക്കെന്തും ലയിക്കുവാനായ്,
ഈ ദിവ്യസംഗീത,മീവെളിച്ചം
ഏതുലോകത്തുനിന്നാഗമിപ്പൂ?
അത്യന്ത ശൂന്യതയിങ്കലേതോ
സത്യം കറങ്ങുന്ന സൗരയൂഥം,
കർമ്മപ്രവാഹത്തിലാകമാനം
ബിംബിച്ചു കാണുന്നതുറ്റുനോക്കി,
ഒന്നുമറിഞ്ഞിടാതമ്പരപ്പിൽ
ഖിന്നനായ്ത്തേങ്ങിക്കരയുമെന്നെ,
അദ്ഭുതമാന്ത്രികസ്പർശനത്താൽ
തട്ടിയുണർത്തുവാനെന്നപോലെ,
എങ്ങുനി,ന്നെങ്ങുനി,ന്നെങ്ങുനിന്നീ
മഞ്ജീരശിഞ്ജിതമുദ്ഭവിപ്പൂ?
å *åå*åå*
ആനന്ദംകൊണ്ടു തളർന്നല്ലോ ഞാൻ!
ആരു നീ,യാരു നീ, യോമലാളെ?....å 7-1-1109

ശോകമേ, ഹാ, തകർന്ന ഹൃദയത്തെ
ലോകതത്വം പഠിപ്പിപ്പൂ നീ സ്വയം!åå6-6-1103