നഷ്ട ഭാഗ്യസ്മൃതി

മഞ്ജുകരങ്ങളാൽ മന്നിലെങ്ങും
പൊന്നലുക്കിട്ടിടും സുപ്രഭാതം
ആനന്ദനിദ്രയിൽനിന്നു മന്ദ-
മാലിംഗനം ചെയ്തുണർത്തിയെന്നെ!
ചന്ദനത്തോപ്പിലെപ്പൂങ്കുയിലിൻ-
സംഗീതധാരയിൽ മുങ്ങിമുങ്ങി,
മന്മനോഭൃംഗം ക്ഷണത്തിലേതോ
വിണ്മലർ തേടിപ്പറന്നുപോയി!
മഞ്ജരീപുഞ്ജങ്ങളുമ്മവെച്ചും
മമ്മർരഗാനരസം പൊഴിച്ചും
മന്ദസമീരൻ മദാലസനായ്
മന്ദിരവാടിയിൽ സഞ്ചരിച്ചു.
കണ്ണീക്കർണങ്ങൾ തുളുമ്പി വീഴും
കണ്ണിണ പിന്നെയുമൊപ്പിയൊപ്പി,
ആരബ്ധഖേദനായ് നിൽക്കുമെന്നെ-
യോരോ കുസുമവുമുറ്റു നോക്കി!
  * * *
ജീവിതഭാരം ശിരസ്സിലേന്തി-
ക്കേവലം ചിന്താപരവശനായ്,
ഹാ, മമ സങ്കേതരംഗമെത്താൻ
ഞാനിനിപ്പോകണമെത്ര ദൂരം?
രാവും പകലുമിടകലർത്തി
ലോകം രചിക്കും ചലനചിത്രം,
മന്ദസ്മിതം തൂകി മന്ദമന്ദ-
മെന്നെൻമിഴികളിൽനിന്നകലും?
എന്മനം നീറുനു, സന്തതം ഞാ-
നെന്തിനെന്നില്ലാതെ കേണിടുന്നു.
കാലമേ, നിന്റെ യവനികയാൽ
ചേലിലൊന്നെന്നെയും മൂടുമോനീ?
   എത്ര പുലരികളിപ്രകാര-
മുദ്രസം വന്നെന്നെത്തൊട്ടുണർത്തി?
എന്നിട്ടുമെന്തായി?-നിഷ്ഫലം ഞാ-
നിന്നുമിരുളിലിരിക്കയല്ലേ?
മാമക മാനസം ദീനദീനം
പ്രമത്തെപ്പേർത്തും തിരഞ്ഞു കേണാൽ-
അന്ധകാരത്തിൽ ഞാനാഞ്ഞടിഞ്ഞാൽ-
എന്താണോചേതം ജഗത്തിനാവോ!
   ആയിരം രാഗാർദ്രമാനസങ്ങ-
ളാഴക്കു ചാമ്പലായ് മാറിയാലും
ആദിത്യൻ നാളെയും വന്നുദിക്കും;
ആനന്ദം വീണ്ടും തിരയടിക്കും!
ഇന്നോളമെത്രയോ പിഞ്ചുപൂക്കൽ
മണ്ണായിമണ്ണിലടിഞ്ഞുപോയി?
ഇന്നോളമെത്ര വസന്ത മാസം
കണ്ണീരിൽ മുങ്ങി മറഞ്ഞു പോയി?
കോകിലമെന്നിട്ടും പാടുന്നില്ലേ?
കോരകം, വീണ്ടും, വിരിയുന്നില്ലേ?
വിസ്മൃതി, വിസ്മൃതി!-സർവ്വവു, മാ
നിശ്ശൂന്യഗത്തർത്തിൽത്താണുപോണം
ദീനഹൃദയനായ് ച്ചെന്നൊരുനാൾ
ഞാനതിൽ ത്താഴുമ്പോളാരുകേഴും?
  * * *
സാന്ത്വന ശീതളച്ഛായയി,ലെൻ-
താന്തഹൃദയം പോയ് വിശ്രമിക്കേ,
മാമകാത്മാവിന്റെ മൗനഗാന-
മോമനേ, നിന്നെയുണർത്തിയില്ലേ?
അന്നെന്റെ ചുംബനം നിന്നെയാരാ-
ലംബരത്തോളമുയർത്തിയില്ലേ?
ആനന്ദതുന്ദിലനായി ഞാന-
ന്നാകാശപ്പൂക്കളാൽ മാലകോക്കെർ;
നീയൊരു മോഹനസ്വപ്നമായെൻ-
ഭാവനയിങ്കൽത്തെളിഞ്ഞിരുന്നു.
നീയെന്റെ നിമ്മർലമാനസ്സത്തിൽ
നീലനിലാവായലിഞ്ഞിരുന്നു.
ഇന്നേവം തേങ്ങിക്കരഞ്ഞിടും ഞാ-
നന്നൊരു സംഗീതമായിരുന്നു!
   ഹാ, മരണത്തിൻ തണുത്തഹസ്തം
മാമകസുസ്മിതം മായ്ക്കുവോളം,
ധന്യേ, നിനക്കുള്ള ചുംബനങ്ങ-
ളെന്നധരത്തില്ത്തുളുമ്പിനിൽക്കും.
നിസ്സാരജീവി ഞാനിപ്രകാരം
ദുസ്സഹവേദനം ദീനദീനം,
എത്രനാൾ കണ്ണീർ പൊഴിച്ചിടേണം,
നിസ്തുലേ, നിന്നടുത്തെത്തുവാനായ്?....
   * * *
എന്മനം നീറുന്നു, സന്തതം ഞാ-
നെന്തിനെന്നില്ലാതെ കേണിടുന്നു.
കാലമേ, നിന്റെ യവനികയാൽ
ചേലിലൊന്നെന്നെയും മൂടുമോനീ?..... 9-6-1107

വാടുന്ന പുഞ്ചിരിപ്പൂവൊന്നുമെന്മുഖ-
വാടിയിൽ വന്നു വിടരേണ്ടൊരിക്കലും
ചാരിതാർത്ഥ്യത്തെപ്പുലർത്താൻ, മിഴിയിണ
തോരാതിരുന്നാൽ മതി, മരിപ്പോളവും! 14-2-1109