നിർവ്വാണരംഗം
å എന്നിലുള്ളേതോ വെളിച്ചത്തിലൂടെ ഞാൻ
പിന്നിട്ടുപോയി, ചലിക്കും ജഗത്തിനെ.
അന്ധകാരത്തിൻ മടിക്കുത്തിൽനിന്നൊരു
പൊൻതാരകപ്പൂ വഴിഞ്ഞുന്നർ മാതിരി,
ക്ഷിപ്രപ്രയാണകമാണെന്നിരിക്കിലും
മൽപ്രേമ സാമ്രാജ്യമെത്ര തേജോമയം!
അദ്ഭുതജ്യോതിസ്സുയർന്നു പരന്നലം
തൽപം വിരിക്കുമാ വൈകുണ്ഠമണ്ഡലം
കണ്ണീർ തളിച്ചു വിശുദ്ധീകരിച്ചൊര-
ക്കല്യാണകേന്ദ്രം, വസന്തോത്സവാകരം.
ആ മമ സങ്കേതമന്ദാരകുഞ്ജത്തി-
ലോമലാളെന്നെ പ്രതീക്ഷിച്ചിരിക്കയാം.
എത്ര സല്ലാപങ്ങ,ളെത്ര പുളകങ്ങ-
ളൊത്തുചേർന്നുള്ളതാണാ നൃത്തമണ്ഡപം!
അങ്ങോട്ടു പോരാനമാന്തിക്കയല്ല, ഞാ-
നെന്നെയൊന്നാദ്യം മറന്നോട്ടെ, യോമലേ!
കണ്മുമ്പിൽ വന്നിട്ടൊളിച്ചു കളിക്കുന്ന
വിണ്ണിൻവെളിച്ചത്തെ നോക്കി നോക്കി സ്വയം
അജ്ഞാതഗാനങ്ങളോരോന്നുരുവിട്ടു
മജ്ജീവനെന്തോ ഭജിക്കയാണെപ്പൊഴും!
സംസാരചക്രം കടന്നതിൻ ഗദ്ഗദം
സായൂജ്യസീമയ്ക്കുമപ്പുറമെത്തവെ,
അത്ഭുതമില്ലെനിക്കാരോമലേ, നിന്റെ
ചിത്തം തുടിക്കാതിരിക്കുന്നതെങ്ങനെ?
യത്നങ്ങൾകൊണ്ടുമഴിയാത്തൊരായിരം
സ്വപ്നബന്ധത്തിൽ കുടുങ്ങിക്കഴിഞ്ഞ ഞാൻ,
സന്തതം ചിന്താശകലങ്ങളാലൊരു
സങ്കൽപ ചിത്രം രചിക്കയാണെന്തിനോ!
അക്ഷിക്കമൃതം പകർന്നുകൊടുക്കുന്ന
നക്ഷത്രരത്നം പതിച്ച നഭ:സ്ഥലം,
നാമിരുവർക്കും വിഹരിക്കുവാനുള്ള
കോമളോദ്യാനമായ് മാറുന്നതെങ്ങിനി?
എന്മനസ്പന്ദനമന്ധകാരത്തിലും
ദിവ്യസംഗീതമേ, നിന്നെത്തിരകയാം.
കർമ്മപ്രപഞ്ചം പകർന്നു സമ്മാനിച്ച
ചെമ്മുന്തിരിച്ചാറശിച്ചു മദിച്ച ഞാൻ
തെല്ലിട നിന്നെ മറന്നെങ്കിലെൻപിഴ-
യെല്ലാം പൊറുത്തു നീ മാപ്പു നൽകേണമേ!
ഇന്നിതാവീണ്ടുമനുശയാധീരനായ്
നിന്മുന്നിൽ നിൽപു ഞാൻ, പ്രേമസർവ്വസ്വമേ!å 21-2-1110