മുകരുക!
പരിഭവസ്വരം മാത്രം നിറഞ്ഞൊരി-
പ്പരമശൂന്യമാം ലോകത്തിലൊക്കെയും,
വിഫലമോമലേ, നിന്നെത്തിരിഞ്ഞുകൊ-
ണ്ടിതുവരേയുംമലഞ്ഞുനടന്നു ഞാൻ.
ഒളിവിൽ, നാണിച്ചു നാണിച്ചനാരത-
മവനതാസ്യയായെങ്ങിരിക്കുന്നു നീ?
ഇരുളിലുമിത്ര ലജ്ജയോ?- മന്ദമാ
മുഖപടമൊന്നു മാറ്റു മനോരമേ!
å ഗഗനസീമയ്ക്കുമപ്പുറമെപ്പൊഴും
ചിറകടിച്ചു പറക്കുമെൻ ചിന്തകൾ,
തവ സുശോഭനസങ്കേതരംഗമാ-
ണവിടെയെങ്ങും തിരഞ്ഞതിന്നോളവും!
å മഹിതനിർവ്വാണദായിനിയായിടും
മധുരദർശനേ, നിന്നാഗമോത്സവം,
കലിതകൗതുകം ഘോഷിക്കുമെന്നു, മെൻ-
ഹൃദയരക്തം പുരണ്ട പതാകകൾ!
åå *åå *åå *
ഇരുളിൽ നിന്നു കരയുകയാണു ഞാൻ;
വരിക വേഗ,മെൻ ജീവിതാനന്ദമേ!
തകരുമീ ജീവനാശ്വസിക്കട്ടെ, നീ
മുകരുകെന്നെ, യെൻ ദിവ്യപ്രണയമേ!-

എനിക്കുവേണ്ടത്
മരതകാഭ വഴിഞ്ഞൊഴുകീടുമീ-
ത്തൃണസമാകുലമൈതാനഭൂമിയിൽ,
മലരണിവളർവല്ലികൾ ചൂഴുമീ
മലയജാമലശീതള ച്ഛായയിൽ,
കലിതകൗതുകമാടുമേച്ചീവിധം
കഴിയുവാനെന്നുഭാഗ്യംലഭിച്ചിടും?
å വിജനതകൾക്കു ജീവൻ കൊടുക്കുമെൻ-
മുരളികാനന്ദഗാനലഹരിയിൽ,
മതിമറന്നെത്ര കാനനവല്ലികൾ
തലകുലുക്കി രസിക്കയില്ലെപ്പൊഴും!
å ഉദയകൗതുകം കാണുവാനായ് സ്വയം
മിഴിതുറകും മുകുളമുഗ്ദ്ധാംഗിമാർ,
ഭരിതമോദമെന്മുന്നിലാത്താദരം
ചൊരിയുകയില്ലെത്ര രാഗപരിമളം!
å മൃദുലമംഗള സംഗീതലോലയാ-
യൊഴുകിടുന്നൊരിക്കൊച്ചുപൂഞ്ചോലയിൽ,
സമയമെത്ര കഴിക്കില്ല നിത്യവും
സലിലകേളിയിൽ ഞാനും സഖാക്കളും!
å അകലെ നീന്തിക്കളിച്ചിടും സുന്ദര-
വിഭവറാണിമാർ, കാനനദേവിമാർ
ഒളിവിൽ,ലെൻ നേർക്കെറിയും പലപ്പൊഴും
ലളിതലജ്ജപുരണ്ട കൺകോണുകൾ!
å സുഖസുഷുപ്തിപുലരും സുശീതള-
സുമവിരാജിത സുന്ദര ശയ്യയിൽ
മധുരചിന്താലഹരിയിൽ മഗ്നനാ-
യമരുമാച്ചൂടുമദ്ധ്യാഹ്ന വേളയിൽ,
വയലിൽനിന്നും മടങ്ങുമൊരോമലാ-
ളണയുമെന്മുന്നിലാനതമൗലിയായ്!
ചുരുൾമുടിക്കെട്ടഴിച്ചു വിതുർത്തുകൊ-
ണ്ടരികിൽ നിൽക്കുമവളോടു സസ്പൃഹം
ഹരിതദീപ്രമക്കാനനമണ്ഡല-
ചരിതമോരോന്നു ചോദിച്ചനാകുലം,
കരിപിടിക്കാത്ത കന്യാഹൃദന്തര-
കവനഭംഗി നുകർന്നു ഞാൻ വാണിടും!
å കുളിരണിഞ്ഞ നിലാവിൽക്കുളിച്ചിടും
ലളിതമോഹനഹേമന്ത രാത്രിയിൽ,
പൊഴിയുമെൻ മൂളിപ്പാട്ടുകൾ കേട്ടു കേ-
ട്ടലിയുമോരോരോ വെൺമണൽത്തിട്ടുകൾ!
å മലയമാരുതനേറ്റേറ്റു, കോകില-
മധുരപഞ്ചമം കേട്ടു കേട്ടങ്ങനെ,
മലരണിവളർവല്ലികൾ ചൂഴുമീ
മലയജാമലശീതളച്ഛായയിൽ,
കലിതകൗതുകമാടുമേച്ചീവിധം
കഴിയുവാനെനിക്കാകിൽ ഞാൻ ഭാഗ്യവാൻ!!åå 4-2-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/മുകരുക&oldid=52370" എന്ന താളിൽനിന്ന് ശേഖരിച്ചത്