ബാഷ്പാഞ്ജലി/വനബാല
വനബാല
കാനനച്ഛായയിൽത്തന്നെ കഴിച്ചൂ
കാതരേ, നീ നിന്റെ ശൈശവകാലം;
പച്ചച്ചെടികളും പൂക്കളുമോരോ
കൊച്ചുകിളികളുമൊത്തു നീ വാണു;
ചന്ദനക്കാടിനു രോമാഞ്ചമേകും
മന്ദസമീരണൻ നിന്നെപ്പുണർന്നു.
അന്നവയ്ക്കുള്ളൊരകൃത്രിമമാകും
സൗന്ദര്യമൊക്കയും നിന്നിൽ പകർന്നു.
മിന്നുന്നതെന്തു നിൻപൊന്നിളംമെയ്യി-
ലിന്നാ നിരഘസുഷമയല്ലാതെ?
അന്നു പടിഞ്ഞാറു ചായുന്ന സൂര്യൻ
ചിന്നിച്ചിതറുന്ന പൊന്നിൻപൊടികൾ
നൽത്തളിച്ചാർത്തിൽ പൊഴിഞ്ഞതുതന്നെ-
യിത്തുടുപൂങ്കവിൾത്തട്ടിലും കാണ്മൂ;
കാന്താളകേ, നിന്നെ മന്ദം നടക്കാൻ
പൂന്തെന്നലാകാം പഠിപ്പിച്ചതാദ്യം;
കൊച്ചുപൂഞ്ചേലയെപ്പോൽ, നീ ചിരിക്കെ,
മച്ചിത്തമിന്നുംതുടിക്കുന്നു ബാലേ!
അന്നാവനത്തിന്റെ സൗന്ദര്യമെല്ലാ-
മിന്നും തെളിഞ്ഞു ഞാൻ കാണുന്നു നിന്നിൽ.
നീലാംബരത്തിൻപ്രതിബിംബമേന്തും
നീരണിത്താമരപ്പൂമ്പൊയ്കപോലെ,
അത്രതെളിഞ്ഞതാണാരോമലേ,നി-
ന്നുത്തമപ്രേമം തുളുമ്പും ഹൃദയം.
അൻപോടനുരാഗസൗരഭംവീശും
ചെമ്പനിനീരലർതന്നെ നീനൂനം.
വാനിന്വിശുദ്ധിയും ഭൂവിൻ ക്ഷമയും
കാനനപുഷ്പമേ, കാണ്മൂ ഞാൻ നിന്നിൽ!
ഹാ, 'വനബാല'യാം നീമാത്രമാണെൻ-
ജീവിതാനന്ദം;- ജയിച്ചു ഞാൻ ധന്യൻ! 2-6-1107