വിരഹി

കാര്മുകിൽ മാലയാലംബരാന്തം
കാളായവർണ്ണമായ് മാറിടുമ്പോൾ,
എന്തിനാണാവോ വിഫലമായെൻ-
ചിന്താശലഭം ചിറകടിപ്പൂ!
ദൂരത്താക്കുന്നിന്റെ പിന്നിൽനിന്നു-
മോരോ മേഘങ്ങളുയരുമ്പോഴും
സുന്ദരരാഗാർദ്രമാകുമേതോ
സന്ദേശലബ്ധിക്കായ് ഞാൻ കൊതിപ്പൂ
അക്ഷയകാവ്യമാണായ,തെന്നാൽ
അക്ഷമനാമെനിക്കജ്ഞമല്ലോ!
ഏതൊ ലോകത്തിൽവെച്ചെപ്പോഴോ ഞാ-
നാരെയോവിട്ടുപിരിഞ്ഞിരുന്നു.
മാമക ജീവൻ തിരഞ്ഞുഴലു-
മാ മനോമോഹിനിയെങ്ങിരിപ്പൂ?
ആരാണെന്നാരോമലാരറിഞ്ഞു
ഞാനെന്നാലിന്നും വിരഹിതന്നെ!
എത്ര സങ്കേതത്തിലാത്തരാഗ-
മുത്തമേ, നിന്നെത്തിരഞ്ഞുപോയ്, ഞാൻ?
രാവിലേ തൊട്ടു ഞാനന്തിയോളം
പൂവനംതോറുമലഞ്ഞുപോയി.
ദ്യോവിൽ നിങ്കാലടിപ്പാടു നോക്കി-
രാവിൽ ഞാൻ പിന്നെയും സഞ്ചരിച്ചു.
"കണ്ടില്ല, കണ്ടില്ലെ",ന്നെന്നൊടോരോ
ചെണ്ടും ചിരിച്ചു തല കുലുക്കി.
അക്ഷമനായൊരെൻ ചോദ്യം കേട്ടാ
നക്ഷത്രമൊക്കെയും കണ്ണുചിമ്മി.
"കഷ്ട !" മെന്നെന്നെപ്പരിഹസിച്ചു
പക്ഷികളെല്ലാം പറന്നുപോയി.
"കാണില്ല, കാണില്ലെ",ന്നോതിയോതി-
ക്കാനനച്ചോല കുണുങ്ങിയോടി.
ആരോമലേ,ഹാ നീയെങ്ങുപോയെൻ-
തീരാവിരഹമിതെന്നുതീരും?
   *åå*åå*
നീയെന്നിൽത്തന്നെ ലയിച്ചിരിക്കേ
ഞാനെന്തേ നിന്നെത്തിരഞ്ഞുപോവാൻ?
എന്നെ ഞാനാദ്യം മറന്നുവെങ്കിൽ
നിന്നടുത്തെന്നേ ഞാനെത്തിയേനേ!
എന്നിലെ ഞാനില്ലാതാവതെന്നാ-
ണന്നു, നിൻ ചുംബനമേൽപ്പവൻ ഞാൻ!
മായികേ, മാമകതപ്തചിത്ത-
നായികേ, നിന്നെ ഞാനെന്നു കാണും?åå16-6-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/വിരഹി&oldid=36031" എന്ന താളിൽനിന്ന് ശേഖരിച്ചത്