ബാഷ്പാഞ്ജലി/വിശ്രാന്തി
വിശ്രാന്തി
ചൂടുവെയിലിതു മനുഷ്യഹൃത്തിലെ-
ക്കഠിനതയെക്കാളതീവ ശീതളം.
ഇവിടെ,യീ മരത്തണൽച്ചുവട്ടിലൊ-
ന്നിനിയൊരിത്തിരി തല ചായ്ക്കട്ടെ, ഞാൻ!
വിവശനായൊരെൻവിവിധചിന്തയീ
വിജനതയിൽ തെല്ലടങ്ങിയെങ്കിലോ!
å കളകളസ്വരമുഖരകണ്ഠരായ്
വരികരികിലെൻകിളിക്കിടാങ്ങളേ!
അസഹ്യമല്ലെനി,ക്കണുവു,മിപ്പൊഴീ
വരണ്ടവായുവിൻ പരുത്തചുംബനം.
പരിസരമെല്ലാം പരുഷമാമോരോ
പരിഭവസ്വരം തിരയടിച്ചിടും,
ഹൃദയശൂന്യമാം മണിയറയിലെ-
സ്സുമശയനത്തിൽ കൊതിപ്പതില്ല, ഞാൻ!
തണലുകൾ തിങ്ങി നിറയുമീ വെറും
മണലിലീവിധം കിടന്നിടും നേരം,
ഒരു പദത്തിനും വഴങ്ങിടാത്തതാ-
മൊരു സമാധാനമനുഭവിപ്പു, ഞാൻ!
å വെറുമസൂയയാൽ കരിപിടിച്ചതാ-
മൊരു മുഖവുമില്ലടുത്തൊരേടവും.
പരിഭവമില്ല, പരാതിയുമില്ല,
വിരസതയില്ല, വിലാപവുമില്ല;
വെറും പച്ചച്ചിരിപ്പടർപ്പുകളില്ല;
പരപരിഹാസലഹരികളില്ല;
കരാളശാസനാവചനങ്ങളില്ല;
കഠോരമാമോരോ കലഹങ്ങളില്ല;
നിശാന്തരീക്ഷംപോൽ പ്രശാന്തസുന്ദരം
നിഹതജീവി ഞാൻ കിടക്കുമിസ്ഥലം!!
å പരമശാന്തി,യെന്നരികിലൂടെ ,യൊ-
രരുവിയായ് മന്ദമൊഴുകിടുന്നിതാ!
പരിചൊടായതിൽപരിസ്ഫുരിച്ചിടും
പരിമൃദുലമാം മധുരമർമ്മരം,
തെരുതെരെയെടുത്തെറികയാണൊരു
പുളകത്തിലേയ്ക്കെൻ വ്രണിതജീവനെ!
പടർന്നപാദപപടലിയിൽ, പാറി-
പ്പറന്നു പാടിടും പതംഗപാളികൾ,
മരിക്കുവോളവും മറക്കാനാകാത്ത
നിരഘതത്വങ്ങളെനിക്കു നൽകുന്നു!
ചലദലാകുലവിലാസിനികളാം
പല പല സുമസുരഭിലാംഗികൾ,
അമിതകൗതുക,മണിയണിയായി-
ന്നമലസുസ്മിതം പൊഴിച്ചിതാ, നിൽപൂ!
å ഇനിയെന്തുവേണം, മമ മിഴിയിണ-
യ്ക്കിതിലുപരിയൊരനഘദർശനം!
അകലെക്കാണുമ, ച്ചെറുഗിരികൾതൻ
പുറകിൽനിന്നോരോ വിജനസ്വപ്നംപോൽ,
ലളിതനീലിമ പരന്നവാനിലേ-
യ്ക്കിഴഞ്ഞുകേറുമക്കരിമുകിലുകൾ,
അലസമായ് നോക്കിയിരിക്കയാണെനി-
ക്കവനിയി,ലെന്തു സുഖത്തിലും സുഖം!
അരചനായിടേ ,ണ്ടരമനയും വേ-
ണ്ടൊരു കിരീടവും തലയിൽ ചൂടേണ്ട!
മനോജ്ഞസംഗീതമസൃണ, മേകാന്ത-
മഹിതശാന്തിദം, മദീയസങ്കേതം!
ഹോമഹിമകളെഴുന്നൊരീ വിശ്വ-
മഹാകാവ്യം, മുമ്പിൽ നിവർത്തിവെച്ചിദം,
മനസ്സിലാകാത്ത പലതു,മൊന്നിനി
മനസ്സിലാക്കുവാൻ മുതിർന്നിടട്ടെ, ഞാൻ!!åå8-1-1108
ഹൃദയങ്ങൾ തമ്മിൽ പുണർന്നിടുമ്പോ-
ളിളകുന്നൊരവ്യക്തമർമ്മരമേ!
വിയദതി വിസ്തൃതശാന്തമായി
വിലസുമൊരാനന്ദമല്ലയോ, നീ?åå5-12-1108