ബാഷ്പാഞ്ജലി/സങ്കേതം
സങ്കേതം
അല്ലെങ്കിൽ വേണ്ട;-ഞാനെന്നുമെന്നു-
മല്ലലിൽത്തന്നെ കഴിച്ചുകൊള്ളാം.
ലോകവും ഞാനുമായുള്ള ബന്ധ-
മാസന്നഭാവിയിൽ നഷ്ടമായാൽ,
ആലംബമില്ലാത്തൊരെന്നെയോർത്ത-
ന്നാരുമൊരാളും കരഞ്ഞിടേണ്ട!
എന്നന്ത്യവിശ്രമരംഗമാരും
പൊന്നലർകൊണ്ടു പൊതിഞ്ഞിടേണ്ട!
å മാനവപാദസമ്പർക്കമറ്റ
കാനനാന്തത്തിങ്കൽ വല്ലിടത്തും,
തിങ്ങിടും പച്ചപ്പടർപ്പിനുള്ളിൽ
നിങ്ങളെൻകല്ലറ തീർക്കുമെങ്കിൽ,
പോരും!-മലിനമാമീയുലകിൽ,
ചാരിതാർത്ഥ്യമിനിക്കില്ല വേറെ!
ഞാനുമെൻ മൂകപ്രണയവുമൊ-
ത്താ വനാന്തത്തിലടിഞ്ഞുകൊള്ളാം!å 17-1-1108