ബാഷ്പാഞ്ജലി
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
സ്വപ്നം

എന്താണിജ്ജീവിതം?- അവ്യക്തമാമൊരു
സുന്ദരമായ വളക്കിലുക്കം.
സംഗീതതുന്ദിലം, നൈമിഷികോജ്ജ്വലം-
പിന്നെയോ?- ശൂന്യം! പരമശൂന്യം!!
എങ്കിലും മീതെയായ് മർത്ത്യ, നീ നിൽക്കുന്ന-
തെന്തിന്?- നീയെത്ര നിസ്സഹായൻ!
ജീവിതാധ്യായമൊരിത്തിരി മാറ്റുവാ-
നാവാത്ത നീയോ ഹാ, സാർവ്വഭൗമൻ!
എന്നെ, യിക്കാണും പ്രപഞ്ചത്തിലൊക്കെയു-
മെന്നിൽ പ്രപഞ്ചം മുഴുവനുമായ്,
ഒന്നിച്ചു കാണുന്ന ഞാനിനി വേണെങ്കി-
ലൊന്നും നശിക്കില്ലെന്നാശ്വസിക്കാം!
എന്നാലും- പൂങ്കുല വാടിക്കൊഴിയുമ്പോൾ,
മിന്നലെന്നേയ്ക്കും പൊലിഞ്ഞിടുമ്പോൾ;
മഞ്ഞുനീർത്തുള്ളികൾ മിന്നിമറയുമ്പോൾ
മഞ്ജുളമാരിവിൽ മാഞ്ഞിടുമ്പോൾ;
മന്ദഹസിതങ്ങൾ മുങ്ങുമ്പോൾ- എന്നാലു-
മെന്മനമൊന്നു തുടിച്ചുപോകും!-
കേവലം ഞാനറിഞ്ഞിടാതെതന്നെ,യെൻ-
ജീവനൊന്നയേ്യാ, കരഞ്ഞുപോകും!-
ഓമനസ്വപ്നങ്ങൾ! ഓമനസ്വപ്നങ്ങൾ
നാമറിഞ്ഞി,ല്ലവയെങ്ങു പോയി?-

1-10-1108

"https://ml.wikisource.org/w/index.php?title=ബാഷ്പാഞ്ജലി/സ്വപ്നം&oldid=203498" എന്ന താളിൽനിന്ന് ശേഖരിച്ചത്