ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം


വർണ്ണ്യമാമൊന്നിനെ നന്നായ്
വർണ്ണിപ്പാനതുപോലിതു്
എന്നു വേറൊന്നിനെച്ചൂണ്ടി-
ച്ചൊന്നീടുന്നതു സാമ്യമാം. 5

ഒരു പ്രകൃതവസ്തുവിന്റെ ധർമ്മങ്ങളെ വർണ്ണിക്കുമ്പോൾ ആ ധർമ്മങ്ങൾക്കു പൂർത്തിയുള്ളതെന്നു പരക്കെ സമ്മതമായ അപ്രകൃതവസ്തുവിനെ ദൃഷ്ടാന്തമായിട്ടെടുത്തു കാണിക്കുകയാകുന്നു ‘സാമ്യോക്തി.’

ഏറ്റക്കുറച്ചിലെന്യേ താ-
നർത്ഥപുഷ്ടി വരുംവിധം
വസ്തുസ്ഥിതികളെച്ചൊല്ക
വാസ്തവോക്തിയതായതു്. 6

പ്രകടമായ അതിശയോക്തി കൂടാതെ വസ്തുക്കളുടെ വാസ്തവസ്ഥിതികളെ ചൊല്ലുന്നതു് ‘വാസ്തവോക്തി’.

രണ്ടുകായ്കളൊരേഞെട്ടി-
ലുണ്ടാകും പോലെ ഭാഷയിൽ
ഒരേ ശബ്ദത്തിലർത്ഥം ര-
ണ്ടുരച്ചാൽ ശ്ലേഷമാമതു്. 7

ഒരേ ഞെട്ടിൽ ഇരട്ടയായിട്ട് രണ്ടു പഴങ്ങളുണ്ടാകുന്നതുപോലെ ഒരേ ശബ്ദധാരയിൽ രണ്ടർത്ഥങ്ങൾക്ക് അനുഭവം ഉണ്ടാകുന്നതു് ‘ശ്ലേഷം’.

ഇന്നാലു സാധനംചൊന്ന-
തൊന്നൊന്നായിട്ടുതന്നെയും
ഒന്നുരണ്ടുകൾ ചേർന്നിട്ടും
നിന്നലങ്കാരമായിടും 8

പഴയ ആലങ്കാരികന്മാർ അലങ്കാരങ്ങൾക്ക് പേരും ലക്ഷണവും കല്പിച്ചതു് ഈ നാലുപാധികളെ ആസ്പദമാക്കിക്കൊണ്ടല്ലായിരുന്നതിനാൽ ഒരേ അലങ്കാരത്തിനുതന്നെ പല അവാന്തരവിഭാഗം വരുന്നിടത്തു് ഒന്നിനു് ഒരുപാധിയും മറ്റൊന്നിനു് മറ്റൊരുപാധിയും ആയിപ്പോയി എന്നു വന്നേക്കും. എങ്ങനെയെന്നാൽ, സാരൂപ്യനിബന്ധനാ‍പ്രസ്തുതപ്രശംസ സാമ്യോക്തിയിൽ ഉൾപ്പെട്ട അലങ്കാരമായിരിക്കെ, കാര്യനിബന്ധനയും കാരണനിബന്ധനയുമായ അപ്രസ്തുതപ്രശംസകൾ വാസ്തവോക്തിയിൽ ചേരുന്നു. അതിന്മണ്ണം അർത്ഥാന്തരന്യാസം, സഹോക്തി, സമുച്ചയം മുതലായവയ്ക്കു സാമ്യവും വാസ്തവവും ബീജമായി വരാം. ഉൽപ്രേക്ഷ സാമ്യോക്തിയിലും അതിശയോക്തിയിലും ചേരും. ശ്ലേഷം മിക്ക അലങ്കാരങ്ങൾക്കും സഹായിയായിട്ടു നില്ക്കും. ഇങ്ങനെ ഒന്നിലധികം വിഭാഗങ്ങളിൽ ചേരുന്ന അലങ്കാരങ്ങളെ ഈ ഗ്രന്ഥത്തിൽ പ്രാധാന്യവും സൗകര്യവും നോക്കി ഏതെങ്കിലും ഒന്നിൽ ചേർത്തുകൊണ്ടു് അവയ്ക്കു വേറെ വിഭാഗത്തിലും പ്രവേശമുണ്ടെന്നു ചൂണ്ടിക്കാണിച്ചിരിക്കും.

സാമ്യോക്തി വിഭാഗം

അതിശയോക്തി, സാമ്യോക്തി, വാസ്തവോക്തി, ശ്ലേഷോക്തി എന്നീ നാലു മഹാവിഭാഗങ്ങൾ ചെയ്തതിൽ അതിപ്രസിദ്ധാലങ്കാരങ്ങൾ അധികം സാമ്യമൂലകങ്ങളാകയാൽ ‘സാമ്യോക്തി’ എന്ന വിഭാഗത്തെ ആദ്യം വിവരിക്കുന്നു. അതിൽ പ്രധാന അലങ്കാരം ‘ ഉപമ’.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_10&oldid=81776" എന്ന താളിൽനിന്ന് ശേഖരിച്ചത്