ഭാഷാഭൂഷണം (അലങ്കാരശാസ്ത്രം)
രചന:എ.ആർ. രാജരാജവർമ്മ
അലങ്കാരപ്രകരണം
18. അധികം
ആധേയാധിക്യമധിക-
മാധാരാധിക്യവും തഥാ;
തള്ളുന്നതുലകത്തിനുള്ളിൽ
കൊള്ളാഞ്ഞു തവ കീർത്തികൾ: 64
വാഗ്‎ബ്രഹ്മത്തിൻ വലിപ്പത്തെ
വാഴ്ത്തുവാൻ പണിയെത്രയും
നിലപ്പതുണ്ടമേയങ്ങൾ
നിൻഗുണങ്ങളുമങ്ങിതിൽ 65

ആധേയത്തേക്കാൾ ആധാരത്തിന്നു വലിപ്പമധികമുണ്ടെന്നോ നേരേമറിച്ചു് ആധാരത്തേക്കാൾ ആധേയത്തിന്നു വലിപ്പമധികമുണ്ടെന്നോ കല്പിക്കുന്നതു് 'അധികം' എന്ന അലങ്കാരം. 'തള്ളുന്നു' ഇത്യാദ്യർദ്ധം ആധേയാധിക്യത്തിനു് ഉദാഹരണവും. ഇവിടെ കീർത്തിവ്യാപ്തിക്കു് ആധാരമായി ഉലകിനേക്കാൾ വൈപുല്യം വർണ്ണിക്കപ്പെട്ടിരിക്കുന്നു. 'വാഗ്‎ബ്രഹ്മ'മിത്യാദി ശ്ലോകം ആധാരാധിക്യത്തിനു് ഉദാഹരണം. ഇതിൽ 'നിൻഗുണങ്ങൾ' ഇത്രയെന്നു് പരിച്ഛേദിക്കവയ്യാത്തവയാണു്. അവകൂടി വാഗ്‎ബ്രഹ്മത്തിൽ നിൽക്കണമെങ്കിൽ ആ വാഗ്‎ബ്രഹ്മത്തിനു് എത്രവലിപ്പം വേണമെന്നു് ആധാരാധിക്യം. മുൻചൊന്ന മട്ടു രണ്ടും ആധേയത്തിന്റെ വൈപുല്യാതിശയത്തിൽത്തന്നെ പര്യവസാനിക്കുന്നു. വേറെ ഉദാഹരണം:

87. ഉലകമഖിലമടങ്ങുന്നോരു നാരായണൻ ത-
ന്നുദരമതിലൊതുങ്ങാതങ്ങു നിൻകീർത്തി രാജൻ!
ചുഴലവുമതിനുള്ളിൽ തിങ്ങിവിങ്ങീട്ടു നാഭി-
ച്ചുഴിവഴി വെളിവാർന്നൂ പുണ്ഡരീകച്ഛലേന. -സ്വ

ഇതു് ആധേയാധിക്യത്തിനു് ഉദാഹരണം. ഇനി ആധാരാധിക്യത്തിനു് ചൊല്ലുന്നു:

88. വിശ്വങ്ങളെല്ലാം തന്നുള്ളിലേ ചേർത്തോരു
വിഷ്ണുവെത്തന്നുദരത്തിലാക്കി
മേവിനിന്നീടുന്ന ദേവകീദേവിതൻ-
മേന്മയെ പാർക്കിലിന്നാർക്ക് ചൊല്ലാം? -കൃഷ്ണഗാഥ

ആധാരത്തേക്കാൾ ആധേയത്തിനു് മഹത്ത്വം വരുന്നതു് ആധാരത്തിന്റെ കാർശ്യത്താലുമാകാം. ഇതിനെ അയ്യപ്പദീക്ഷിതർ 'അല്പം' എന്നു് ഒരു സ്വതന്ത്രാലങ്കാരമായി കല്പിച്ചിട്ടുണ്ടു്. ഉദാഹരണം:

89. ചുറ്റും വെളുത്ത കുളുർകൊങ്കകൾ കോമളാംഗി-
യ്ക്കറ്റം കറുത്തഥ കുളിർത്തിതു മാറിടത്തിൽ:
തിക്കിത്തിരക്കുമതുകൾക്കിടയിൽ തൊടുക്കാ-
നോക്കാത്ത മട്ടിലൊരു താമരനൂൽക്കു പോലും. -കുമാരസംഭവം

ഇതിൽ അതിസൂക്ഷ്മമായ താമരനൂൽക്കുപോലും സ്തനാന്തരത്തിൽ കടക്കാനിടമില്ലെന്നു പറകയാൽ ആധേയത്തിനു് മഹത്വമോ ആധാരത്തിനു് കാർക്കശ്യമോ പ്രതിപാദിക്കപ്പെട്ടിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=ഭാഷാഭൂഷണം/പേജ്_47&oldid=82274" എന്ന താളിൽനിന്ന് ശേഖരിച്ചത്