നിരുപമൊരു കാവ്യം, പൂമരച്ഛായ, പാത്രം
നിറയെ മധുരമദ്യം, വല്ലതും തെല്ലു ഭോജ്യം,
ഉരുവനഭുവി, ഗാനം പെയ്തുപെയ്തോമനേ, നീ
പുറകിലു, മിവനെന്നാൽ കാനനം ദേവലോകം!

                           -ഒമർഖയ്യാം(1947)

            ഒന്ന്

കൽപോയി, പടിഞ്ഞാറെക്കുളിരൊളി മറവായി
പകരമൊരിരവിരുണ്ടണകയായി.
പഥിക, നീ തളർന്നല്ലോ, വരൂ, നമുക്കൊരുമിച്ചി-
പ്പളുങ്കൊളിപ്പുഴവക്കിലിരിക്കാമല്ലോ!
കടന്നുപോയ്ച്ചുമടുമായന്തിയോളം പലരു, മി-
ക്കടത്തുവഞ്ചിയിലേറിപ്പലവഴിയായ്;
അവഗ്ഗണിച്ചിരുളിനെപ്പലവഴിക്കെങ്ങോപോയോ-
രവരുടെ കഥയിപ്പോളാരറിയുന്നു?
ചൊരിവെയിൽച്ചുടുമണൽപ്പുറമവരണിയിച്ച
ചരണമുദ്രകളെല്ലാം മറന്നുപോയി.
കൊടുദാഹവിവശമാ, യവരുടെ വിയർപ്പു നീർ
കുടുകുടെക്കുടിച്ചതേ മറന്നുപോയി.

മറയട്ടെ, മറയട്ടെ, സകലതും മറവിയിൽ
മരണത്തിൽ സമസ്തവും മരവിക്കട്ടെ;
അതുകൊണ്ടു നമുക്കെന്തു?-കരയുന്നോ?-വരു, വന്നി-
പ്പുതുപൂക്കൾ പൊഴിക്കും പുഞ്ചിരികൾ നോക്കൂ!
കരയല്ലേ, നെടുവീർപ്പിൻ നടവഴിക്കടുത്തെങ്ങു-
മൊരു നാളും വരില്ലൊറ്റക്കിനാവുപോലും.
അൽപമല്ലേ നേരമുള്ളു ചിരിക്കുവാന്തന്നെ നമു-
ക്കപ്പൊഴതു കേണുകേണു കളഞ്ഞിടാമോ?

പുഷ്പകാലം കഴിഞ്ഞെന്നോ, പൂങ്കുയിൽ പോയ് മറഞ്ഞെന്നോ,
നിഷ്ഫലമാണിനിയത്തെക്കൊതിക്കലെന്നോ?
നീവിചാരിക്കേണ്ട, നിനക്കുള്ളഴിഞ്ഞു ചിരിക്കാം, നീ
'ഭാവി' യെന്നതാദ്യമൊന്നു മറക്കാൻ നോക്കൂ!
എന്തു കഷ്ട 'മിന്നു' നിൻ നേർക്കാത്തമോദം നീട്ടിടു, മീ
മുന്തിരിച്ചാർ കുടിക്കാൻ, നീ മടിക്കയാണോ
ചതിച്ചിടും നിന്നെയെന്നോ'നാളെ'? യാവട്ടെ, നീ, യതിനാൽ
ചകിതനാ 'യിന്നി'ൻ മദ്യം തട്ടിനീക്കൊല്ലേ!

ഇന്നലത്തെ കഥയൊരുവെറും കടങ്കഥയല്ലേ?
നിന്നെയതു കബളിപ്പിച്ചൊളിച്ചതല്ലേ?
എന്നിട്ടും നീയിന്നതിനെക്കുറിച്ചോർത്തു, കണ്ണു നീരിൽ-
പ്പിന്നെയും കുളിക്കുകിൽ നീയെന്തൊരു മൂഢൻ!

വർജ്മാനവൈജയന്തിനിൻ വഴിയിൽ പ്പറപ്പിക്കൂ
വർത്തമാനമദ്യം കുടിച്ചാർത്തുമദിക്കൂ!
കഷ്ടമല്ലേ ഭൂതഭാവിചിന്തകൊണ്ടു വെറും മഞ്ഞു-
കട്ടപോൽ, നിൻ ജീവരക്തമുറഞ്ഞുപോയാൽ?

ചുംബനങ്ങളനുമാത്രംവെമ്പിവെമ്പിത്തുളുമ്പും, നിൻ
ചുണ്ടുരണ്ടുമെന്നെന്നെയ്ക്കുമടഞ്ഞാൽപ്പിന്നെ,
നിന്നെയോർക്കാനാരുകാണും?-നീയതിനാൽ, നിനക്കുള്ള
നിർവൃതികളൊന്നുപോലും ബാക്കിവെയ്ക്കൊല്ലേ!

ആനന്ദിക്കൽ നാലുപാടും വീശിടും മണിയൊലികൾ
വാനിലോളം പൊങ്ങിപ്പൊങ്ങി മുഴങ്ങുന്നേരം,
നീയും നിന്റെ നെടുവീർപ്പും-നാണമാകുന്നില്ലേ?-കഷ്ടം!
നേരമായ്; വേഗമാകട്ടേ, തുറക്കൂ വാതിൽ!

നിർവൃതി നിൻ കതകിന്മേൽ മുട്ടിമുട്ടിവിളിക്കുന്നു
നിർവ്വിശങ്ക, മെന്നിട്ടും, നീ നിദ്രചെയ്യുന്നു.
വെളിച്ചത്തുവന്നുനിന്ന വാസ്തവത്തെ വിഗണിച്ചു
വിളിക്കയാണിരുളിൽ നീയവാസ്തവത്തെ!

നമ്മളെല്ലാവരും കേൾക്കെ, പോയ വസന്തത്തിലെത്ര
രമ്യമായാക്കുയിലോരോ പാട്ടുകൾ പാടി!
ഇന്നതിന്റെ ഗാനമെങ്ങാ, ണിന്നതിന്റെ നാമമെങ്ങാ-
ണിന്നു-ശരി-യിന്നതുതന്നെവിടെപ്പോയി?

ആരറിഞ്ഞു, കഷ്ട, മാരിസ്സത്യത്തിൻ മുഖത്തിലേവം
നേരിയോരീ മൂടുപടം വാരിയെറിഞ്ഞു?
വ്യക്തമല്ല കാണ്മതൊന്നും, മൂടൽമഞ്ഞാണെവിടെയും
ശക്തിയില്ല നമുക്കതു നീക്കിനിർത്താനും!

എന്തുകഷ്ടം!-സ്വപ്നമാണിജ്ജീവിത, മാകട്ടെ, യതി-
ലെന്തിനു പിന്നെയുമിടം മായികോന്മാദം?
ഹന്ത, നമ്മളബലന്മാർ, വിധിയുടെ ചെങ്കനലിൽ
വെന്തു ചിറകടിച്ചീടും ശലഭകങ്ങൾ!

എത്രയെത്രമനോരാജ്യം പൂത്തുപൂത്തുല്ലസിക്കട്ടേ
എത്രയോമൽപ്രതീക്ഷകൾ തളിരിടട്ടെ!
കാലത്തിനു കനിവില്ല, നിന്നെയുമെന്നെയു, മൊന്നു-
പോ, ലതെന്നെങ്കിലു, മയ്യോ, കബളിപ്പിക്കും!

പരാജയ പാദപാതവിനതമാം ശിരസ്സുമായ്-
ച്ചരാചരപരിപാടിക്രമങ്ങൾ നോക്കി
നിഹതൻ നീ കരയുന്നു, നിരാശയിലെരിയുന്നു
നിയതം നീ നീറിപ്പൊലിഞ്ഞടിഞ്ഞീടുന്നു!

അനുഭവം മുള്ളുകുത്തിത്തറച്ചു, നിൻ ജീവിതത്തിൽ
മിനുത്തമാർത്തടം രക്തം വമിക്കും നേരം,
അരികിൽവന്നൊതൊന്നൊപ്പിത്തഴുകുവാ, നനുരാഗ-
തരളമാം സാന്ത്വനമൊന്നെവിടെക്കാണും?

ദയനീയം തന്നെ നിന്റെ ചരിതം;- നീ നിസ്സഹായൻ
നിയതിനീരാഴി നീന്തിത്തളർന്നുപോവോൻ,
നേർക്കു മറുകരയിലും വെറും മരുഭൂമിയല്ലെ-
ന്നാർക്കറിയാം?- മരണത്തെ വിശ്വസിച്ചാലോ!

അസ്ഥികൂടക്കൽപടകൾ ചവുട്ടി മേലോട്ടുപോയി-
ട്ടഭ്യുദയക്കൊടുമുടി കയറിയോരും
അസ്ഥികൂടമായിത്തകർന്നടിഞ്ഞു താഴത്തുവീണ്ടും-
അസ്ഥിരമാണസ്ഥിര, മിജ്ജഗത്തിലെന്തും!

എവിടുന്നോവന്നവർ നാ, മെവിടെയോ ചെന്നിടേണ്ടോ-
രിവിടെയൊരൽപമാത്രവിശ്രമം ചെയ്വോർ
നമുക്കെന്താണവകാശം, നമുക്കെന്താണധികാരം
വിമർശിക്കാൻ വിധിയുടെ വിധിത്സിതങ്ങൾ?

തത്ത്വചിന്താകവചിതയുക്തിവാദപടുക്കൾതൻ
ബുദ്ധിശക്തിയെത്രമാത്രമെതിർത്തു നോക്കി
മുക്തിനേടാൻ വിധിയുടെയാക്രമത്തിൽ നിന്നു, കഷ്ട-
മെത്രമാത്രമവർക്കെന്നാൽ വിജയംകിട്ടി?

ഒരുകാലത്തോമനത്തം മഴവില്ലു വീശിവീശി-
ച്ചിരിച്ച പൂങ്കവിൾക്കൂമ്പും വിളർത്തുപോയി.
തരുണിമയുടെ പച്ചദിവസങ്ങളൊന്നൊന്നായി-
ച്ചിറകടിച്ചൊക്കെപ്പറന്നുപോയി!

തരമില്ലകൊതിക്കാനും-കഷ്ടമല്ലേ?-നമുക്കവ
തിരിച്ചടുത്തണയുമൊന്നൊരിക്കൽകൂടി
കഴിഞ്ഞവ കഴിഞ്ഞവതന്നെയെന്നെന്നേക്കു, മയ്യോ,
കഴിയൽ!-ആപ്പദമ്പോലും കരയലല്ലേ?

കഴിയുന്നു പകൽ, പിന്നെക്കഴിയുന്നു നിശ; വേനൽ
കഴിയുന്നു, കഴിയുന്നു വർഷവും വെഗം.
കഴിയുന്നു വത്സരങ്ങൾ, കഴിയുന്നു ജീവിതങ്ങൾ-
കഴിയുന്നു, കഴിയുന്നു ജഗത്തിലെന്തും!

ഇന്നലെ വിടർന്ന ചെമ്പനീർപ്പൂവിനെക്കുറി-
ച്ചിന്നു പാടുന്നില്ലൊരൊറ്റപ്പൂങ്കുയിൽ പോലും!
നന്നു, നിനക്കറിഞ്ഞിടാം ദീനമാമിപ്പരമാർത്ഥം
പിന്നെ, നീയിപ്പെയ്യും കണ്ണുനീരിനെന്തർത്ഥം?

ഇന്നു നിന്റെ ദിവസമാ, ണന്യചിന്തയ്ക്കധീനനാ-
യിന്നുനിന്റെ മുന്തിരി നീയുപേക്ഷിക്കൊല്ലേ!
കണ്ണുനീർ പെയ്തതിൽക്കലർപ്പിയറ്റിടാ, തുടനപ്പൊൻ-
കിണ്ണമെടുത്തൊറ്റമോന്തിൽക്കുടിച്ചു വെയ്ക്കൂ!

ഒരുപക്ഷെ പുളിപ്പൽപമുണ്ടെന്നിരുന്നാലു, മത്ര
കരുതാനില്ലതു കൈയിലെത്തിയതല്ലേ?
മരണത്തിൻ മദ്യമെങ്ങാൻ കയ്പുമാത്രമായാൽ-സത്യ-
മറിഞ്ഞുകൂടല്ലോ!-ഹാ, നീ വിഡ്ഢിയാവില്ലേ?

അതു വേണ്ട, വേറൊന്നിനിക്കിട്ടുമെന്നാശിച്ചു, കര-
ഗതമായതെടുത്തു നീ കളഞ്ഞിടേണ്ട!
ലഭിച്ചോട്ടെ ലഭിപ്പതു ലഭിക്കുമ്പോ, ളതിനിന്നു
ലഭിച്ചതു പാഴിലാക്കിക്കളയണോ നീ?

ഒട്ടധികം കരഞ്ഞിട്ടുണ്ടെൻ ജീവിത മരുഭൂവിൽ-
പ്പച്ചപിടിക്കുമെന്നോർത്തു പണ്ടൊക്കെ ഞാനും.
എന്നിട്ടുമെന്തായി?-സുഖം തുളുമ്പിയ നിമേഷങ്ങ-
ളൊന്നൊന്നായെൻ മുന്നിൽപ്പാഴായ്പ്പോയതു മാത്രം!

ഈ ലഘുജീവിതമാകും കളിപ്പന്തിട്ടടിപ്പതു
കാലത്തിന്റെ വെറുമൊരു വിനോദം മാത്രം.
അതു നീണ്ടുനിൽക്കിലെന്താണൽപമാത്രമാകിലെന്താ-
ണതിനും നിനക്കും തമ്മിലില്ലല്ലോ ബന്ധം!

പാരസ്പര്യശൂന്യമാകും മായാമയച്ഛായകൾതൻ
പാരമാർത്ഥ്യത്തിനുപിൻപേ പാഞ്ഞിടും നിന്നെ,
മാറി മാറി വലിക്കയാണനാരതം പരശ്ശതം
മായികബന്ധങ്ങളുടെ കാന്തസൂചികൾ!

താരാമണിക്കുമിളകൾ നുരിയിടും സുരഗംഗാ-
തീരഭൂവിലലയുമാ വെളിച്ചം നോക്കി,
കൂരിരുളിലിരുന്നു നീ കരയുവാന്തുടങ്ങിയി-
ട്ടേറെനാളായില്ലേ?-ഹാ, നീ മുഷിഞ്ഞിട്ടില്ലേ?....

            രണ്ട്

ങ്ങതാ കേൽക്കുന്നു ദേവാലയത്തിൽ നിന്നനുസ്യൂത-
മംഗളദീപാരാധനാമണിയൊലികൾ.
കനകനാണയങ്ങൾക്കു പരലോകം പകുത്തേകും
കനിവില്ലാത്തീശ്വരന്റെ കുഴൽ വിളികൾ.

മുക്തിസാമ്രാജ്യത്തിലേക്കുള്ളടയാളച്ചീട്ടു വിൽക്കും
ക്ഷുദ്രപുരോഹിതന്മാർതൻ കപടതന്ത്രം,
ഇത്രനാളും കേട്ടു കേട്ടു വഴിപിഴച്ചല്ലോ നിങ്ങ-
ളിത്തിരിയൊന്നിനി സ്വയം ചിന്തിച്ചു നോക്കൂ!

മണ്ണടിഞ്ഞാൽ കഴിഞ്ഞില്ലേ ജീവിതത്തിൽ സമസ്തവും
പിന്നെ, നിങ്ങൾ നിങ്ങളല്ലാതായിത്തീർന്നില്ലേ?
മന്നിൽ സ്വർഗ്ഗം നിങ്ങളുടെ പടിവാതിൽ കാത്തു നിൽക്കിൽ-
പ്പിന്നെ സ്വർഗ്ഗം നിങ്ങൾ മറ്റൊന്നിരക്കാനുണ്ടോ?

കല്ലിനുണ്ടോ-വെറും കരിങ്കല്ലിനുണ്ടോ-വികാരങ്ങൾ
കല്ലും മരത്തുണ്ടുമല്ലേ നിങ്ങൾതൻ ദൈവം?
കോവിലിൽപ്പോയ്വേണംപോലും സ്വപ്നംകാണൽ, സുഖമയ-
ജീവിതത്തിൻ മദ്യശാലയടച്ചുപൂട്ടി!

മുന്തിരിയിൽനിന്നു വേറിട്ടില്ലൊരു മുക്തിയും, നിങ്ങൾ
മുന്തിരിയാൽ നിറയ്ക്കുവിൻ ജീവിതപാത്രം!
എന്തായാലുമാ ലഹരി വിട്ടുപോവുകില്ല, നിങ്ങ-
ളന്തിനേരത്താറ്റുവക്കത്തണയുവോളം!

മൂടൽമഞ്ഞിൽ മുഗ്ദ്ധകാല്യപ്രഭപോലെ, മുന്തിരിയിൽ
മൂടിമൂടിക്കിടക്കുന്ന ജീവിതസ്വപ്നം;
മധുരമാകാതിരിക്കാനിടയില്ല;-വെടിയുവിൻ
വിധുരത, കാലം പാഴിൽ കളഞ്ഞിടൊല്ലേ!

പൂക്കണം ഭൂമിയിൽവെച്ചുനമ്മുടെ മോഹങ്ങളെല്ലാം
കായ്ക്കുവതുമവയെല്ലാം ഭൂമിയിൽ വേണം.
കൂരിരുളാർന്നൊളിമങ്ങിത്തണുത്ത കല്ലറയിൽവെ-
ച്ചാരറിയാൻ നമുക്കവ സാധിച്ചാൽത്തന്നെ?

ഇന്നത്തെയീവസന്തത്തി, ലിന്നത്തെയീപ്പനീർപ്പൂക്ക-
ളൊന്നൊന്നായിട്ടിന്നുതന്നെ പറിക്കൂ നിങ്ങൾ!
വാടിപ്പോകുമവനാളെ, സാരമില്ല, നേരമില്ല,
വാടികയിൽക്കടക്കുവിൻ വേഗമാവട്ടെ!

മാറിയൊഴിഞ്ഞകലുവാനാവുകയി, ല്ലൊരിക്കലാ
മാരണദേവത വന്നു വിളിച്ചാൽപ്പിന്നെ;
വെറുതേ സംശയിച്ചയ്യോ, നിന്നു നേരം കളയല്ലേ
വരൂ, വരൂ, കാത്തിരിപ്പൂ മധുര മദ്യം!

ഒരു കൊച്ചുലതപോലും പൂക്കരുതെന്നൊരുനാളും
കരുതുകില്ലവ നട്ടോരുദ്യാനപാലൻ.
ഒരു കൊച്ചുസുമമ്പോലും ഫലമായിത്തീരരുതെ-
ന്നൊരിക്കലും കരുതുകില്ലുദ്യാനപാലൻ!

ഒരു പിഞ്ചുതളിർപോലു, മൊരു പിഞ്ചുമലർപോലും
വെറുതേ പിഴുതെറിയില്ലുദ്യാനപാലൻ.
സമസ്തവും പാലിക്കാനും സമസ്തവും ലാളിക്കാനും
സമുത്സുകനാണാർദ്രനാമുദ്യാനപാലൻ!

ഒരു പുഷ്പം ചുവന്നാകാമൊരുപുഷ്പം വെളുത്താകാ-
മൊരുപുഷ്പം നീലയാകാം, മഞ്ഞയുമാകാം.
ശരി, പക്ഷേ, പക്ഷപാതലേകമേശാതഖിലവും
പരിപാലിക്കുന്നൂ കനിഞ്ഞാരാമനാഥൻ!

ചിലതിങ്കൽ പരിമളം, ചിലതിങ്കൽ പലനിറം
ചിലതിങ്കൽ മകരന്ദം പരിലസിപ്പൂ;
ചിലതെന്നാൽ ഗന്ധശൂന്യം, കാന്തിഹീനം, ഹാ, വിവർണ്ണം,
ചിലതെന്നാൽ മദകരമരന്ദശൂന്യം!

എങ്കിലു,മാരാമപാലൻ സന്ത്യജിക്കില്ലോമനത്തം
തങ്കിടുമസ്സുമങ്ങളിലൊന്നിനെപ്പോലും!
ഭഗ്നമോഹനായിടായ്ക!-വന്നുവീഴും വെൺവെളിച്ചം
നഗ്നമാ, യിരുണ്ട നിന്റെ ജീവിതത്തിലും!

പ്രത്യുഷഃകാന്തിയിൽ, സ്വർണ്ണരാജസൗധത്തിനോടൊപ്പ-
മുദ്രസം, ഹാ, മങ്ങിനിൽപ്പൂ പുല്ലുമാടവും.
അടിമയുമരചനും മണ്ണുതന്നെ രണ്ടും, പോയ്ച്ചെ-
ന്നടിവതുമൊടുവിലാ മണ്ണിൽത്താൻ രണ്ടും!

കഴിഞ്ഞില്ല സീസറിന്നുപോലും തന്മാർത്തടം പിളർ-
ന്നൊഴുകിയ ജീവരക്തം തടുത്തുനിർത്താൻ.
ചൂളിപ്പോയി വെറുമൊരു കുഠാരത്തിന്മുന്നിൽ, കത്തി-
ക്കാളിയോരാപ്പരാക്രമപർവ്വതംപോലും!

വീരതയില്ലായ്കയല്ല കൊന്നതുകർണ്ണനെ, രണ-
ശൂരനല്ലാഞ്ഞഭിമന്യു മരിച്ചതല്ല.
ശക്തിപോരാഞ്ഞല്ല ബാലിശരമേറ്റുപതിച്ചതും-
ശപ്തമാകും വിധി!-വിധി തടുപ്പതാരോ!

അവതാരപുരുഷന്മാർപോലും, ഹതവിധിമൂല-
മവശരായതു നമ്മളറിഞ്ഞിട്ടില്ലേ?
ഇല്ലൊരാളും നിശിതമാം വിധിയോടത്യുഗമായി
മല്ലടിച്ചടി,ച്ചൊടുക്കം ജയിച്ചവനായ്!

എത്ര മുസോളിനികൾ വന്നെതിരിട്ടു പരശ്ശത-
മെത്തിയോപ്പിയകൾ പിടിച്ചടക്കിയാലും
അടിഞ്ഞുപോമവരുടെ വിശ്വവീരപരാക്രമ-
പടുതകൾ വെറുമൊരു കല്ലറയ്ക്കുള്ളിൽ!

പുഴു തിന്നുമൊരുകാലം ഹിറ്റ്ലർക്കുള്ളൊരിരുമ്പുകൈ
കഴുകന്മാർ കൊത്തിക്കീറും നിജശരീരം.
കഴിയുകില്ലവർക്കുമൊന്നതിൽനിന്നു രക്ഷനേടാൻ
മിഴിനീരിൻ കഥയിതെന്തത്ഭുതമാവോ!

വീരർ പോയ പാദമുദ്ര നോക്കിനോക്കിച്ചെന്നുചെന്നു
മാരണഗാപുരദ്വാരമണയുവോളം
മുന്നിൽ നമ്മൾ കാൺമൂ പല പരാക്രമകഥ-പക്ഷേ,
പിന്നെയുള്ളതൊരു നീണ്ട കൂരിരുൾ മാത്രം!

രാഗമാലകളിൽ, ച്ചില ഗായകാധരങ്ങളി, ലാ-
ത്യാഗരാജനാമധേയം പ്രതിദ്ധ്വനിപ്പൂ.
വിശ്വഗാനമുടലെടുത്തണഞ്ഞൊരാ സ്വപ്നം, ഗൂഢ-
വിസ്മൃതിയിൽത്തള്ളി, ക്കാലം വിജയം നേടി!

ശരിതന്നെ, മരണമതജയ്യമാ, ണതുകൊണ്ടു
നരനെന്നും നിരാശയിലടിയുകെന്നോ?
അബദ്ധമാണതു;-നേരേമറിച്ചു, നിത്യോദ്യമത്താ-
ലടുത്തടുത്താശാകേന്ദ്രമണഞ്ഞിടേണം!

അൽപമാത്രമായിടുമിജ്ജീവിതത്തെ, ക്കർത്തവ്യത്തിൻ
പുഷ്പമണ്ഡലങ്ങൾതോറും നൃത്തമാടിക്കൂ.
അത്യനുഭൂതികൾ പെയ്യുമമൃതധാരയിൽ മുങ്ങി
നിത്യവും മതിമറന്നു മദിച്ചുപാടൂ!

ചുംബനങ്ങൾ വീണുവീണു തുടുത്ത പൂങ്കവിൾപോലെ
പൊൻപുലരൊളിയിൽപ്പുതുതാമരപോലെ.
ജീവിതവും മുന്തിരിയാൽ വികസിതമായിടട്ടെ
നീ വിഷാദവിവശനായ് വിലപിക്കൊല്ലേ!

പ്രേമവിലാസിനിയുടെ മാറിൽത്തലചായ്ച്ചുകിട-
ന്നോമനസ്വപ്നങ്ങൾകാണും നിൻ ഹൃദയത്തെ,
തട്ടിയുണർത്തല്ലേ വീണ്ടും തപ്തചിന്താശതങ്ങൾതൻ
ചുട്ടനെടുവീർപ്പുകളിൽ നിഷ്കരുണം നീ!

അവളുടെ പുഞ്ചിരിയിൽ മയങ്ങാത്ത ലോകമേതു-
ണ്ടവളുടെ ഗാനമിഷ്ടപ്പെടാത്തതാരോ!
കാലദേശാതീതമല്ലേ, സാമജമോഹനഗാന-
ലോലുപയാമവളുടെ വിലാസനൃത്തം?

നീയവളോടിണങ്ങിയാൽ നിന്നെയവൾ ദേവനാക്കും
നീ, യഥവാ, പിണങ്ങിയാൽ പിശാചുമാക്കും.
സൃഷ്ടിക്കുവാൻ കുശലത കുറച്ചൊന്നുമല്ലവൾക്കീ
വിഷ്ടപത്തിൽ നരകവും നാകവുമൊപ്പം.

അവൾതരും മുന്തിരിയാണെന്തിനേക്കാളും മധുര-
മവശ, നീയതൽപമാസ്വദിക്കാൻ നോക്കൂ.
മണ്ണിൽ മങ്ങിക്കിടക്കും, നിൻ ജീവിതമെടുത്തുയർത്തി
വിണ്ണിലതു നക്ഷത്രങ്ങൾക്കിടയിൽ നിർത്തും!

പോയകാലം വരികില്ല, വന്നിടാനുള്ളതു വന്നു
പാവുകയും ചെയ്യും- നീയോ വഞ്ചിതനാകും!
അതുപാടി,ല്ലെവിടെനിൻ മുന്തിരി, നിൻ മുരളിയെ-
ങ്ങതാ നോക്കൂ, വന്നുപോയീ വസന്തമാസം!

കാത്തുകാത്തിരീക്കുകയാണക്ഷമയായവിടെ യ-
പ്പൂത്തവല്ലിക്കുടിലിങ്കലോമലാൾ നിന്നെ.
ചുണ്ടൊടു ചുണ്ടുരുമ്മി, യപ്പൂന്തണലിലവളൊന്നി-
ച്ചിണ്ടലറ്റിരുന്നിനി നീ സമുല്ലസിക്കൂ!

കലയും ശാസ്ത്രവും തമ്മിൽ കലഹിച്ചു പന്തയംവെ-
ച്ചലയുവാൻ തുടങ്ങിയെട്ടെത്രനാളായി?
ഇനിയും കണ്ടെത്തിയിട്ടില്ലവ രണ്ടും തിരക്കിയോ-
രനുമാനാതീതമാമൊരനഘസത്യം!

തത്ത്വചിന്താലഹരിയിൽക്കണ്ണുകാണാത്തസംഖ്യമ്പേർ
മുക്തിയെന്ന ഹസ്തിയെ, ച്ചെന്നുരുമ്മിനോക്കി;
അവരവർ കണ്ടമട്ടിലതിനെ വർണ്ണിച്ചു ചൊല്ലി-
യവരിന്നും ചെയ്വൂ വാദപ്രതിവാദങ്ങൾ!

മുന്തിരിയെപ്പറ്റിമാത്ര, മാർക്കുമില്ലൊരെതിർവാദം
മുന്തിരിയെക്കഴിയുകില്ലപലപിക്കാൻ!
മുന്തിരിയെ-ക്കലപ്പറ്റ മുന്തിരിയെ-ത്തുടുത്ത ചെ-
മ്മുന്തിരിയെ-ച്ചെന്നു നിങ്ങളവലംബിക്കിൻ!

           മൂന്ന്

കാലചക്രം മുടങ്ങാതെ കറങ്ങിക്കൊണ്ടിരിക്കുന്നു
നാളുകളോരോന്നായ് മറഞ്ഞകന്നീടുന്നു.
നീയിനിയും മടിയനായിരുന്നാലോ?-വഴിവക്കിൽ
നീളെനീളേപ്പറക്കട്ടേ നിൻ പതാകകൾ!

ഉണരലുദ്യമത്തിലേ, ക്കദ്യമമുദ്ഗതിയിലേ-
ക്കനുക്രമം പടുക്കുന്നു നടപ്പടികൾ.
ഉറങ്ങലാൽ നിരാശയും, നിരാശയാൽ വിനാശവും
വെറുതേ നീ വലിച്ചിഴച്ചാനയിക്കൊല്ലേ!

പ്രവൃത്തിയിൽ കിടക്കുന്നു വിജയത്തിൻ രഹസ്യങ്ങൾ
പ്രസന്നനായതിനു നീയധീനനാകൂ!
വായുവിങ്കൽക്കോട്ടകെട്ടിക്കളയുവാനുള്ളതല്ല
മായികമാണെങ്കിലും നിൻ ജീവിതകാലം!

വർത്തമാനക്കുഴല്വിളി നിൻ ചെവിയിലലയ്ക്കുമ്പോൾ
വർത്തമാനക്കടല, ലോളമടിച്ചീടുമ്പോൾ,
നീയുറങ്ങിക്കിടന്നാലോ?-വിജയത്തിൻ ദ്വീപിലേക്കു
പോയിടും പായ്ക്കപ്പലതാ നീക്കിടാറായി!

മദിരയെപ്പിരിയാതെ, മനം മങ്ങിക്കരയാതെ,
മദഭരിതനായ് മന്നിൽ മരുവും നിന്നെ,
മരിച്ചാലും, ഞങ്ങളന്നു മറവി തീണ്ടിടാത്തോരു
മരതകമലർക്കാവിൽ മറചെയ്തോളാം!

അവസാനനിമേഷവും കഴിവോളം വെടിവതി-
ല്ലവശവാസരം, നിജ മുന്തിരിപ്പാത്രം.
ഒഴുകുകയാണു പാഴിലതിൽപ്പിന്നെപ്പടിഞ്ഞാറു
മുഴുവനു, മയ്യോ, ശോണമദിരാപൂരം!

അതും തീർന്നാലിരുട്ടായി, തണുപ്പായീ, മൗനമായീ
ഹതമാകുമൊരു വെറും മരവിപ്പായീ.
പതിവായി പ്രകൃതിയിപ്പരമാർത്ഥം കാണിച്ചിട്ടും
പതിഞ്ഞില്ല മർത്ത്യനതു മനസ്സിലെന്നോ?

പരായുതം സൗരയൂധം കോർത്തിണക്കുമൊരത്ഭുത-
പരബ്രഹ്മപ്രഭാവത്തെ പകച്ചുനോക്കി,
പരിഭ്രാന്തപരവശഹൃദന്തരൻ നരൻ, പാറി-
പ്പറക്കുന്നു പതിരുപോൽ സംശയക്കാറ്റിൽ!

അവസാനമെവിടെച്ചെന്നധഃപതിച്ചീടുമെന്നു-
മവനൊരു ലവലേശമറിഞ്ഞുകൂടാ.
പറക്കുമ്പോൾ പറക്കാനും, പതിക്കുമ്പോൾ പതിക്കാനും
മുറയ്ക്കവൻ സന്നദ്ധനാണെന്നു മാത്രം!

മണലണുതൊട്ടു, മേലോട്ടർക്കചന്ദ്രാദികളോള-
മിണക്കുന്നുണ്ടൊരുമിച്ചൊരദൃശ്യഹസ്തം.
നീർക്കുമിളയ്ക്കകം നീലവിണ്ണടച്ചുനിറുത്തുന്നു
നീടിയലുമേകമൗനസംഗീതനാളം!

താരകത്തിലരുവിതൻ കളകള, മരുവിയാൽ-
ത്താരകത്തിൻ തനിത്തങ്കത്തെളുതെളക്കം,
പകർന്നു നൽകപ്പെടുന്നു, പരസ്പരമറിയാതെ
പരയാമാമൊന്നിൻ ദിവ്യപ്രേരണമൂലം!

അതിൻ നടക്കാവുതോറും, നക്ഷത്രങ്ങൾ പാടിപ്പറ-
ന്നതിഥികൾക്കാത്മശാന്തി പകർന്നേകുന്നു.
അതിൻ കളിപ്പൊയ്കകളിൽ, പൂനിലാക്കൾ തുളുമ്പിനി-
ന്നതിഥികൾക്കനുഭൂതിയരുളീടുന്നു.

അതിൻ നൃത്തശാലയ്ക്കകം, മാരിവിൽ വന്നണിയിട്ടു
പുതുപരവതാനികൾ വിരിച്ചീടുന്നു
ഹൃദയങ്ങളതിനുള്ളിൽ കടന്നുചെന്നുന്മദത്തിൻ
മൃദുലാശ്ലാഷങ്ങളേറ്റു തളർന്നീടുന്നു!

അതിൽ പൂങ്കാവനങ്ങളിൽ, പുളകങ്ങൾ പൂത്തു പൂത്തു
ചിദാനന്ദപരിമളലഹരി ചേർപ്പൂ.
ത്യാഗത്തിന്റെ കാന്തസൂചിയങ്ങുമാത്രം നോക്കിനിൽപ്പൂ
ഭാഗധേയമവിടത്തിൽ പൂമഴപെയ്വൂ!

ആ മഹിതപ്രേമത്തിനൊരാരാധകനാവുമെങ്കിൽ
നീ മനുഷ്യ, മഹിയിങ്കൽ മനുഷ്യനായി.
രണ്ടു മധുരപ്രേമത്തിൻ മുന്തിരി നീ കുടിക്കുകിൽ
ഭൂമിയിൽ നിൻ ജന്മമന്നു സഫലമായി!

വെറുമൊരു നോട്ടത്തേക്കാൾപ്പരമമാമൊരുസിദ്ധി
കരഗതമാണു നിനക്കതിങ്കൽ നിന്നും.
ഇരുളല്ല വെളിച്ചമാ, ണിരവല്ല ലകലാണു
തരുന്നതു നിനക്കതിൻ ലഹരിയെന്നും!

പ്രേമത്തിന്റെ വേണുഗാനം തുളുമ്പിടുമൊരു നവ-
ശ്രീമയ വൃന്ദാവനമായ് നിന്റെ ജീവിതം,
അനുഭവഗാപികകൾക്കനുഭൂതിയേകിയേകി-
യനശ്വരാപദാനങ്ങൾക്കിടയാകട്ടെ!

മായാമുഖപടമിട്ടു മൂടിയോരിപ്രപഞ്ചത്തിൽ
മാനവജീവിതലക്ഷ്യം സ്നേഹിക്കൽ മാത്രം!
സ്നേഹം, സ്നേഹം! ഹാ ജഗത്തിലില്ല വേറൊന്നതിനോളം
മാഹനമായ്! സ്നേഹമേ, നിൻ ഭക്തദാസൻ ഞാൻ!

സ്നേഹിക്കുക, ഭുവനത്തിൽ സ്നേഹിക്കപ്പെടുക, ജീവ-
ദാഹത്തിനമൃതധാരയാണതു രണ്ടും.
സ്നേഹശോക, സ്നേഹബാഷ്പ, സ്നേഹനിരാശകളെല്ലാം
സ്നേഹശൂന്യസുഖത്തേക്കാളതിമധുരം!

അതുലസ്നേഹമേ, ദേവി, നിൻമുഖദർശനത്തിനാ-
ണിതുവരേക്കുഴന്നതും തിരഞ്ഞതും ഞാൻ.
അന്ത്യനിമേഷത്തിലുമെന്നാത്മവിപഞ്ചികയിൽ, നി-
ന്നംഗുലികൾ സഞ്ചരിക്കിൽ ചരിതാർത്ഥൻ ഞാൻ!

എനിക്കു നിൻ ചിന്തപോലും നിർവൃതിയാണിനി നിൽപൂ,
വനികയിലൊരുനാൾ ഞാൻ വന്നു ചേർന്നാലോ!
കുളിർകോരിയിടുകയാണെനിക്കു നിൻ സുരഭിയാം
കളിപ്പൂങ്കാവനരംഗസ്മൃതികൾ പോലും!

അനുപമസുഖങ്ങൾതൻ തരുക്കളിലിത്രനാളെ-
ന്നനുഭവപ്പൈങ്കിളികൾ പറന്നുപാടി.
നിസ്തുലമാം നിൻ ഹൃദയനീഡകത്തിൽത്തിരിച്ചെത്തി
നിദ്രചെയ്യട്ടിനിയവ ചിറകൊതുക്കി.

ചക്രവാളസീമകൾക്കുമപ്പുറം നിൻ സനാതന-
സ്വർഗ്ഗശാന്തി വീണവായിച്ചലഞ്ഞീടട്ടേ!
ഇപ്രപഞ്ചഹൃദയത്തിൽ നിൻ മയൂഖമതല്ലികൾ
സുപ്രഭാതം മുടങ്ങാതെ കൊളുത്തീടട്ടേ!

സ്നേഹമേ, നിൻ മദിരയിൽ മുങ്ങിമുങ്ങി, ജ്ജഗത്തൊരു
മോഹനോന്മാദത്തിൽ മൂർച്ഛിച്ചമർന്നീടട്ടേ!
മരണവും ജീവിതവും നിൻ മുരളീരവം നുകർ-
ന്നൊരുപോലൊരുത്സവമായ് ഭവിച്ചീടട്ടേ!. ...

അങ്ങതാപൊങ്ങുന്നു വാനി, ലൊരു വെള്ളിക്കിനാവുപോൽ
മംഗളവസന്തകാലകലേശലേഖ
പ്രേമസുസ്മിതം പൊഴിപ്പൂ താരകളെന്നോമലേ, നീ
താമസമെ, ന്തയ്യോ, വേഗം നിറയ്ക്കൂ പാത്രം!

പൂനിലാവുതളിർക്കുന്നു, മുല്ല പൂത്തു പരിമള-
പൂരമിളങ്കാറ്റിലലതുളുമ്പിനിൽപൂ.
നാമിനിയീനികുഞ്ജത്തിൽ വിശ്രമിച്ചു സുഖിക്കുമെ-
ന്നോമലാളേ, വേഗം വീണ്ടും നിറയ്ക്കൂ പാത്രം!

രാക്കിളികൽ മരക്കൊമ്പിൽച്ചിറകടിച്ചിണകൂടി
മേൽക്കുമേൽപ്പൊഴിപ്പൂ, നേർത്ത കളകളങ്ങൾ.
പാവനമാണീ മുഹൂർത്ത, മിതു പാഴിൽക്കളകയോ?
ജീവസർവ്വസ്വമേ, പേർത്തും നിറയ്ക്കൂ പാത്രം!

ചന്ദനശീതളമാമിപ്പൂനിലാവും, പുഴവക്കും,
മന്ദാക്ഷലോലുപയായെന്നരികിൽ നീയും,
പരിമളലഹരിയും പതയുമീമുന്തിരിയും,
പരമോല്ലാസദേ, ഹാ, ഞാൻ നിർവൃതിക്കൊൾവൂ!

അമരവല്ലരിപ്പൂക്കളറുത്തറുത്തലസമാ-
യമലനന്ദനങ്ങളിലലഞ്ഞ നിന്നെ,
അരികിൽച്ചേർത്തണച്ചണനുരാഗവിവശൻ ഞാ-
നനശ്വരസംഗീതത്തിലലിഞ്ഞിടട്ടേ!

അരുണിമ കളിയാടുമലരെതിർക്കവിൾക്കൂമ്പിൽ-
ത്തെരുതെരെച്ചുംബനങ്ങൾ വിതറീടുവാൻ,
അഴകാളുമളകങ്ങൾ മാടിമാടിയൊതുക്കുവാ-
നരികിൽച്ചേർന്നിരുന്നീടുകനുപമേ, നീ!....

ഈ വസന്തം കഴിഞ്ഞാ, ലിപ്പൂക്കളൊക്കെക്കൊഴിഞ്ഞാ, ല-
ന്നീ വിജനവനികയും വിസ്മൃതമാകും!
അന്നു നമ്മളനുശയവിവശരായീടുന്നെന്തി-
നിന്നീ മദിരോത്സവത്തിൽ മുഴുകിയെങ്കിൽ?

മലർക്കെത്തുറന്നുപോയീ പാനശാലാകവാടങ്ങ-
ളലംകൃതമായീ മദിരോത്സവരംഗം.
മണിവീണക്കമ്പി വേഗം മുറുക്കു, സന്ദേശവുംകൊ-
ണ്ടണകയായ് ദ്വാരപാലൻ സമയമായീ!

മുന്തിരിപ്പച്ചിലപ്പടർപ്പിളങ്കാറ്റിലുലഞ്ഞുല-
ഞ്ഞന്തികത്തേക്കതാ മാടിവിളിപ്പൂ നമ്മെ!
മദിരോത്സവം കഴിഞ്ഞാൽ മറക്കല്ലേ, ജഗത്തേ നീ
മറചെയ്യാൻ ഞങ്ങളെയാ മുന്തിരിക്കാട്ടിൽ!

"https://ml.wikisource.org/w/index.php?title=മദിരോത്സവം&oldid=52400" എന്ന താളിൽനിന്ന് ശേഖരിച്ചത്