മനനാതീതം
മനനാതീതം (സ്തോത്രം) രചന: (1884) |
വൈരാഗ്യദശകം എന്നും പേർ. കാമിനീഗർഹണമാണ് ഈ സ്തോത്രത്തിന്റെ വിഷയം. |
കരിങ്കുഴലിമാരൊടു കലർന്നുരുകിയപ്പൂ-
ങ്കുരുന്നടി പിരിഞ്ഞടിയനിങ്ങു കുഴയുന്നു;
പെരുംകരുണയാറണിയുമയ്യനെ മറന്നി-
ത്തുരുമ്പനിനിയെന്തിനുയിരോടു മരുവുന്നു? 1
മരുന്നു തിരുനാമമണിനീറൊടിതു മന്നിൽ
തരുന്നു പല നന്മ തടവീടുമടി രണ്ടും
വരുന്ന പല ചിന്തകളറുന്നതിനുപായാ-
ലിരന്നിതു മറന്നുകളയായ്‌വതിനടുത്തേൻ. 2
അടുത്തവരൊടൊക്കെയുമെതിർത്തു പൊരുതീടും
പടത്തലവിമാരൊടു പടയ്ക്കടിയനാളോ?
എടുത്തരികിരുത്തിയരുളേണമിനിയും പൊ-
ന്നടിത്തളിർമറന്നിവിടെയെന്തിനലയുന്നു? 3
അലഞ്ഞു മുലയും തലയുമേന്തിയകതാരിൽ
കലങ്ങിയെഴുമാഴിയുമഴിഞ്ഞരിയ കണ്ണും
വിളങ്ങി വിളയാടി നടകൊള്ളുമിവരോടി-
മ്മലങ്ങളൊഴുകും കുടിലിലാണു വലയുന്നു. 4
വളഞ്ഞു വലകെട്ടി മദനപ്പുലയനുള്ളം
കളഞ്ഞതിലകപ്പറവ വീണു വലയുന്നു;
വളഞ്ഞ കുഴലോടുമുലയുന്ന മിഴിയീന്നും
വിളഞ്ഞതതിലെന്തിനു കിടന്നു ചുഴലുന്നു? 5
ചുഴന്നു വരുമാളുകളെയൊക്കെ വിലകൊണ്ടി-
ങ്ങെഴുന്നണയുമെന്നൊരറിവുണ്ടടിയനിന്നും
ഉഴന്നവരിലുള്ളമലയാതിവിടെയൊന്നായ്-
ത്തൊഴുന്നു തുയരോടിവിടെ നിന്നടിയിണയ്ക്കായ്. 6
ഇണങ്ങിയിരുകൊങ്കയുമിളക്കിയുയിരുണ്ണും
പിണങ്ങളൊടു പേടി പെരുതായി വിളയുന്നു;
മണംമുതലൊരഞ്ചിലുമണഞ്ഞു വിളയാടും
പിണങ്ങളൊടു ഞാനൊരു കിനാവിലുമിണങ്ങാ. 7
ഇണങ്ങണമെനിക്കരുളിലെന്തിനു കിടന്നീ
ഗുണങ്ങളൊഴിയും കുലടമാരൊടലയുന്നു;
പിണഞ്ഞു പുണരും പെരിയ പേയടിയൊടേ പോയ്
മണങ്ങളുമറുന്നതിനിതാ മുറയിടുന്നൂ. 8
മുറയ്ക്കു മുറ മിന്നി മറയും മിഴിയിളക്കി-
ത്തെറിക്കുമൊരു പെൺകൊടി ചെറുത്തടിയിലാക്കി
മറുത്തു വിളയാടി മരുവുന്നിടയിലെല്ലാം
വെറുത്തു വരുവാനെഴുതി നിന്തിരുവടിക്കായ്. 9
അയയ്ക്കരുതിനിച്ചടുലലോചനയൊടപ്പൊൻ-
ശയത്തളിരിലേന്തിയടിയോടവനിയിന്മേൽ
മയക്കവുമറുത്തു മണിമേനിയിലണച്ചീ-
ടയയ്ക്കരുതയയ്ക്കരുതനംഗരിപുവേ നീ. 10