മയൂഖമാല
രചന:ചങ്ങമ്പുഴ കൃഷ്ണപിള്ള
വിരഹി
[ 11 ]

വിരഹി
(ഒരു ഇംഗ്ലീഷ് കവിത--ജെയിംസ് തോംസൺ)

മംഗലരാംഗമീ മന്നിടം കൈവെടി-
ഞ്ഞെങ്ങു നീ, കഷ്ടം, പറന്നൊളിച്ചു?
മൃത്യുവശഗരായ് മാറിമറയുന്ന
മർത്ത്യർക്കു വിശ്രമംനല്കുവാനായ്
ആനന്ദസങ്കേതമാകുമേതാരാമം
വാനിങ്കലുല്ലസിക്കുന്നതാവോ!
ആ രമ്യമാകുമാ വാടിയിൽ വാഴുവാ-
നാരോമലേ, നീ പറന്നുപോയോ?

അല്ലെങ്കിൽ, നിത്യമെൻ‌ ശോകാർദ്രഗാനത്തിൻ
പല്ലവി കേട്ടു പരവശയായ്
തിങ്ങിപുറപ്പെടും ദീർഘനിശ്വാസമാർ-
ന്നങ്ങെങ്ങും ചുറ്റിത്തിരികയോ, നീ?
നിന്നിളംപൂവൊളിച്ചേവടിപ്പാടുക-
ളൊന്നൊഴിയാതെമറഞ്ഞമൂലം
ശൂന്യമായ്ത്തീർന്നൊരെൻ പൂമണിമേടയിൽ
കാണ്മതില്ലാനന്ദരേഖയേ ഞാൻ!...

ഓമൽത്തരുത്തണൽതോറുമൊറ്റയ്ക്കു ഞാൻ
ധീമങ്ങിയങ്ങിങ്ങലഞ്ഞിടുമ്പോൾ;
നീയായ് ഗണിച്ചു, നിഴലിനോ,ടെന്മനം
നീറുംകഥകൾ പറഞ്ഞുകൊള്ളാം!
എന്നശ്രുബിന്ദുക്കളൊക്കെ, ഞാനായതിൻ
മുന്നിൽ പൊഴിച്ചു മടങ്ങിക്കൊള്ളാം!
ആവിധമെങ്കിലും തെല്ലാശ്വസിക്കുവാ-
നാവുമെന്നാകിൽ കൃതാർത്ഥനായ് ഞാൻ!

കാരുണ്യകല്ലോലമോലുമേതെങ്കിലും
കാനനച്ചോലതൻ കൂലഭൂവിൽ
ശോകാകുലാക്ഷിപുടങ്ങളടച്ചു, ഞാ-
നേകാന്തവിശ്രമംകൊണ്ടിടുമ്പോൾ;
വിണ്ണിൽനിന്നൊറ്റ വിനാഴികയെങ്കിലും
മന്നിതിൻ വീണ്ടും മടങ്ങിയെത്തി;
സന്ദർശിച്ചീടേണമെന്നെ,യൊരുജ്ജ്വല-
സുന്ദരസ്വപ്നത്തി,ലോമനേ, നീ!...

--ജനുവരി 1932"https://ml.wikisource.org/w/index.php?title=മയൂഖമാല/വിരഹി&oldid=38813" എന്ന താളിൽനിന്ന് ശേഖരിച്ചത്