മരുഭൂമിയിൻ നടുവേ
1.മരുഭൂമിയിൻ നടുവേ നടന്നീടും ദാസനെ വിരവിൽ
തിരുസാന്നിദ്ധ്യം നിറയും മേഘമതിൻ കീഴിൻ നീ മറക്ക
2.കടുത്തോരുഷ്ണം വരുത്തും രശ്മി പരത്തീട്ടെന്മേലുലകം
വനത്തിൽ ചൂരച്ചെടിയെന്നപോലുണക്കാൻ യത്നിച്ചീടുന്നു
3.അതിശീതളതരമായുള്ള ലിബനാദ്രിയൻ ഹിമമേ
ഹൃത്തിൽ വന്നേറ്റം തണുപ്പിക്കുവാൻ കൃപയുണ്ടായീടണമെ
4.പരനേ! തവ മുഖമിങ്ങനുചരിക്കുന്നില്ലെന്നിരിക്കിൽ
ഒരുകാലത്തും പുറപ്പെടുവാനരുളീടരുതയീ; നീ
5.പ്രിയനെ തവ പരമാമൃതമനിശം സ്വർഗ്ഗമതിൽ നി-
ന്നുയരും മോദകരമായെന്റെ ഹൃദയം തന്നിൽ ചൊരിക
6.തവ തേജസ്സിൻ ധനമോർത്തുലകിതിലന്യനായ് വസിപ്പാൻ
പരനേ! ഈ ഞാൻ പരദേശിയെന്നുറച്ചെപ്പോഴുമിരിപ്പാൻ
7.തെളിവാർന്നുള്ള മുഖം തന്നിൽ നിന്നൊളി പ്രാപിച്ചിട്ടതിനാൽ
തെളിവിൻ ദേശമതിലെന്നും ഞാൻ നിലനിൽക്കുവാനരുൾക