മലബാറി/അവതാരിക
←മലബാറി | മലബാറി രചന: അവതാരിക |
പ്രാരംഭം→ |
ഇൻഡ്യയിൽ രാഷ്ട്രീയമായും സാമുദായികമായും വേണ്ടപരിഷ്കാരങ്ങൾ വരുത്താനായി വിഖ്യാതന്മാരായ പലരും തങ്ങളുടെ ജീവകാലം മുഴുവൻ വിനിയോഗിച്ചിട്ടുണ്ടു്. പാശ്ചാത്യന്മാരുമായി എടപെടേണ്ട അവസരം നേരിട്ടപ്പോൾ ഇൻഡ്യയിലെ പൂർവ്വസ്ഥിതി പലവിഷയത്തിലും മാറ്റേണ്ടതായി വന്നു. മതത്തിന്റെ പ്രത്യേകനിലയും അതിനു സാമുദായികാചാരങ്ങളിൽ ഉള്ള അധികാരവും സ്വാധീനവും ഒരു സാമ്രാജ്യത്തിന്റെ ഉൽഗതിക്കു പ്രതിബന്ധമായിത്തോന്നി. രാജാരാമമോഹൻറായി, കേശവചന്ദ്രസേനൻ മുതലായമഹാന്മാർ മതപരിഷ്കാരത്തിനുദ്യമിച്ചു. അവരുടെ അതിമാനുഷശ്രമഫലമായി ബ്രഹ്മമതം ഉളവായി, സകലമതങ്ങളിൽനിന്നും യുക്തിക്കു അനുസരണമായവയും മനുഷ്യനു ഐഹികവിഷയങ്ങളിൽ സ്വാതന്ത്ര്യം നൽകുന്നവയുമാണ് ആ പുതിയമതത്തിലെ സാരങ്ങൾ. എന്നാൽ മതങ്ങൾകൊണ്ടു നടത്തകളെ ഭരിക്കേണ്ട അത്യാവശ്യം നേരിടുന്നതു പാമരന്മാരായ അധികപക്ഷക്കാർക്കാണല്ലോ. വിദ്വാന്മാർ അവരവരുടെ മതത്തിന്റെ സൃഷ്ടാക്കളത്രേ. ബ്രഹ്മമതം യു [ ii ] ക്തിക്കു പ്രാധാന്യം നൽകിയതോടുകൂടി അധികപക്ഷക്കാർക്കു് ദുർഗ്രാഹ്യമായി. അതിന്റെ പ്രചാരംകുറഞ്ഞു. ഇൻഡ്യയിൽ അധികഭാഗവും പൂർവാചാരശൃംഘലകൊണ്ടുതന്നെ ബന്ധിക്കപ്പെട്ടുപോരുന്നു.
വിദേശീയഭരണവും വിദ്വാന്മാർക്കു രുചിക്കാതായിത്തുടങ്ങി. ഭരണകർത്താക്കന്മാർക്കു ഇൻഡ്യയെപ്പറ്റി ഗാഢമായ രാജ്യസ്നേഹമില്ലെന്നും ഇൻഡ്യയിലെ സംഗതികൾ പൂർണ്ണമായി അറിയാൻ അവർ ഉത്സാഹിക്കുന്നതു പോരാ എന്നും ഇൻഡ്യ തങ്ങൾ ജയിച്ചു കീഴടക്കിയ രാജ്യമാണെന്ന ഒരഹംകാരം ഉണ്ടെന്നും ഇൻഡ്യയിലെധനം കച്ചവടം വഴി വിദേശത്തിലേക്കു കൊണ്ടുപോകയാൽ ഇൻഡ്യ ദിനം പ്രതി ദാരിദ്ര്യതരമാകുന്നു എന്നും ഇൻഡ്യയിലെ വിദ്വാന്മാർ വ്യസനിച്ചു തുടങ്ങി. ഇതിനു എന്താണു നിവൃത്തി? ഇൻഡ്യയിലെ വിദ്വാന്മാർക്കു ഒത്തൊരുമിച്ചു പ്രവർത്തിക്കാൻ കഴിയുമൊ?
ഇവിടെയായിരുന്നു വലിയ ദുർഘടം. മഹമ്മതന്മാർ തങ്ങൾ ജേതാക്കളാണെന്നും തങ്ങളുടെ മതത്തെ ഏവരും വിശ്വസിക്കണമെന്നും ശഠിക്കുന്നു. ഹിന്ദുക്കൾ രാജ്യം തങ്ങളുടേതാണെന്നും തങ്ങളുടെ മതം അന്യമതങ്ങളൊടു എണങ്ങുകയില്ലെന്നും ശഠിക്കുന്നു. ക്രിസ്തുമതം പ്രേരണമൂലം അതിലേക്കു ഹിന്ദുക്കളി [ iii ] ലെ അധഃകൃതവർഗ്ഗങ്ങളെ ചേർത്തുസംഖ്യാബലം വർദ്ധിപ്പിക്കുന്നു. ഈ മൂന്നു മതങ്ങളുടെയും ഇവകൂടാതെ അനവധി ചില്ലറ മതങ്ങളുടെയും സിദ്ധാന്തങ്ങളും ശാഠ്യങ്ങളും വിദ്വന്മാരേകൂടി യോജിപ്പിക്കാനയക്കാതായി.
ഈ അവസരത്തിലത്രെ പാർസിമതക്കാരനായി മലബാറി രാജ്യസ്നേഹത്താൽ പ്രേരിതനായി രാഷ്ട്രീയമായും സാമുദായികമായും ഉള്ള പരിഷ്കാരത്തിനു പുറപ്പെട്ടത്. ദാരിദ്ര്യത്തിൽ ജനിച്ചു. ദാരിദ്ര്യത്തിൽ വളർന്നു, വിചാരിക്കാൻകൂടി അസാദ്ധ്യമായവിധത്തിൽ പലരും സഹായിച്ചു. ബുദ്ധിക്കുവിനയവും വിശാലതയും വന്നു. വിദേശീയരോടു തന്റെ നാട്ടുകാരുടെ മനോഗതിയെ പറഞ്ഞു പറഞ്ഞു അവരുമായി സൗഹാർദ്ദമുണ്ടാക്കണം. തൻമൂലം ഭരണവിഷയത്തിൽ ഭരണകർത്താക്കന്മാരുമായി ഒരു സ്വരച്ചേർച്ചയുണ്ടാക്കണം. നിഷ്കളങ്കഹൃദയനും വിശാലമനസ്സുമായ അദ്ദേഹത്തിനു ഇതുകുറെ ഏറെ സാധിച്ചു. നാട്ടുകാറേ സംബന്ധിച്ചെടത്തോളം നാട്ടിലെ ഭീമമായ ദുരാചാരപരമ്പരകളെ മതങ്ങളുടെ രക്ഷയിൽ നിന്നും അകറ്റി ഹനിക്കണം. ശിശുവിവാഹം നിറുത്തൽ, പുനർവ്വിവിവാഹ ഏർപ്പാട് ഇത്യാദി ഹാസ്യയോഗ്യമായ പല ദുരാചാരങ്ങളോടും അദ്ദേഹം മല്ലിട്ടു. അദ്ദേഹത്തിന്റെ പരമശത്രുക്കൾക്കു കൂടി (അങ്ങിനെ [ iv ] ചിലരുണ്ടായിരുന്നു എങ്കിൽ) അദ്ദേഹത്തിന്റെ ഉദ്ദേശ്ശുദ്ധി സമ്മതിക്കാതേനിവൃത്തിയില്ല. സാധാരണന്മാരുടെ ദൃഷ്ടിയിൽ അന്യമതത്തിലുള്ള ഒരാൾ ഈ വക പ്രവൃത്തിക്കു തുനിയുകയില്ലെന്നല്ലെകാണുക. പിന്നെ ഇദ്ദേഹത്തെപ്പോലെ ഒരു മഹാൻ ഇതിനായി ഉദ്ദ്യമിക്കണമെങ്കിൽ അദ്ദേഹത്തിനു ഇൻഡ്യയെപ്പറ്റി പൊതുവെ ഒരു സ്നേഹമുണ്ടായിരിക്കണം. അതിനാൽ അദ്ദേഹത്തെ അനുകരിക്ക തന്നെ. ഈ വിധമായിരുന്നു ജനങ്ങളുടെ ഇടയിൽ ഒരു വിചാരഗതി ഇദ്ദേഹം ജനിപ്പിച്ചതു്.
ബോംബെ ഹൈക്കോർട്ടുജഡ്ജിയായിരുന്ന തിലാംഗൻ എന്ന മഹാൻ തന്റെ പുത്രിയെ ശൈശവകാലത്തിൽ വിവാഹം ചെയ്തുകൊടുത്തു. ദുരാചാരബഹിഷ്കരണത്തിൽ ഉദ്യുക്തനായിരുന്ന ഇദ്ദേഹം തന്റെ പ്രവൃത്തി വാക്കിനനുരൂപമാക്കിയില്ലെന്നു കണ്ടപ്പോൾ സമുദായപരിഷ്കാരികളുടെ എടയിൽ വലുതായ ബഹളമുണ്ടായി. അന്നു ആ മഹാനെ നിഷ്കരുണമായി ഹസിച്ചു ഗുണദോഷിക്കാൻ ഈ മഹാനാണു ധൈര്യസമേതം പുറപ്പെട്ടതു്.
ഇദ്ദേഹത്തിന്റെ ജീവചരിത്രത്തിൽ നിന്നും നാം ഗ്രഹിക്കേണ്ടതായ ചില തത്വങ്ങളെ ഇവിടെ വിവരിക്കാം. [ v ]
൧. ഉത്സാഹവും ശക്തിയും ലോകത്തിൽ സകല കാര്യങ്ങൾക്കും ആവശ്യമാണ്ു്. എന്നാൽ അവയെ വേണ്ടതുപോലെ ഉപയോഗിച്ചില്ലെങ്കിൽ കാര്യസാദ്ധ്യമാർഗ്ഗങ്ങളായ ഇവ കാര്യവിഘാതങ്ങളായി പരിണമിക്കും. ഭരണകർത്താക്കന്മാരേ മുഷിപ്പിക്കാതെ ഭരണത്തിന്റെ ന്യൂനതകളെ അവരെ മനസ്സിലാക്കാൻ ഇദ്ദേഹത്തിനു കഴിഞ്ഞു. പ്രസിദ്ധനായ ഗോഖലെയുടെയും നയം ഇതു തന്നെയായിരുന്നു. തനിക്കു തോന്നിയ രാജ്യസ്നേഹവും രാജ്യത്തിനുണ്ടെന്നു തോന്നുന്ന നഷ്ടവും കൊണ്ടു ലഹള കൂട്ടുകയാണു തിലകൻ ചെയ്തത്. രണ്ടു തരക്കാരുടേയും പ്രവൃത്തികളുടെ ഫലം പ്രത്യക്ഷമാണല്ലോ. മുൻ പറഞ്ഞവരുടെ ആക്ഷേപങ്ങൾ കേട്ടു അവയെ പരിഹരിക്കാൻ ഭരണകർത്താക്കന്മാർ ശ്രമിച്ചു. രണ്ടാമത്തവരുടെ ആക്ഷേപങ്ങൾ കൊണ്ട് അവരെ ഹിംസിക്കുവാനും ശ്രമിച്ചു. അതിനാൽ മനുഷ്യന്റെ മഹത്തായ ശക്തികൾ പാഴായി ചിലവാക്കാതെ തരംനോക്കി ചിലവിടുകയായിരിക്കും ഉത്തമം. അത്യുച്ചസ്വരത്തിൽ രാഗം ആലപിക്കാൻ പുറപ്പെടുന്ന ഭാഗവതരുടെ കഥയെന്തു്? തന്റെ കൈയ്യിലുള്ള മരുന്നും ഉണ്ടയും ശത്രുവിനെക്കണ്ടപ്പോൾ തന്നെ ഒന്നായി ചിലവാക്കുന്ന സേനാനിയുടെ നിലയെന്തു്? ഏതു കാര്യവും ഒരു നിലയോടും കരുതലോടും കൂടി പ്രവർത്തിക്കയാണ് ജയത്തിനുത്തമം. [ vi ]
൨. ദേശജാതിമതാചാരങ്ങൾ ഒന്നു തന്നെ ഒരു മനുഷ്യന്റെ ഹൃദയം ചുരുക്കാൻ അനുവദിക്കരുത്. ഒരു മനുഷ്യൻ മറ്റൊരാളെ സ്നേഹിക്കുന്നത് ഈ കൃത്രിമ നിബന്ധനകൾ കൊണ്ടല്ല. ഇവക്കിടയിൽ സ്നേഹിക്കാൻ മാത്രം ഒരുമ്പെടുക്കുന്നവർക്ക് വളരെ കുറച്ചാളുകളെ സ്നേഹിക്കാനേ തരമാകൂ. മലബാറിയെ സ്നേഹിച്ചു സഹായിച്ചവരായി ഏതെല്ലാം ഇനക്കാരുണ്ടായിരുന്നു? അദ്ദേഹം ആരെയെല്ലാം സ്നേഹിച്ചു? സാർവത്രികമായി ഒരു സ്നേഹ ബുദ്ധി മേല്പറഞ്ഞ കൃത്രിമ ശക്തികളെ ലംഘിക്കുന്നതാണ്
൩. ഇന്ന് ലോകമൊക്കെ ഒന്നാണെന്നും ഒരു രാജ്യ ക്കാർക്കും പ്രത്യേക നില അവലംബിക്കാൻ സാദ്ധ്യമല്ലെന്നും പ്രത്യക്ഷമായിരിക്കെ മലബാറി ഗുണദോഷിച്ചതു പോലെ ഹിന്ദു സമുദായം മതാചാരാദികളുടെ കെട്ടു പാടിൽ നിന്നും മോചിപ്പിക്കാൻ ഉത്സാഹത്തോടെ തുടരേണ്ടതൈാണ് . ഹിന്ദു മുസ്ലിം ഐക്യമൊ, നമ്മുടെ പ്രത്യേക നിലവിട്ടു, മതം ഓരോരുത്തരുടെയും പ്രത്യക മനോഗതിയെ ആശ്രയിക്കലല്ലാതെ തരമില്ലെന്നുള്ള ബോദ്ധ്യം വന്നാലെ സാദ്ധ്യമാകൂ. ഖിലാഫത്തിനു ഹിന്തുക്കളും ഗോഹിംസാനിരോധത്തിനു മുസല്മാന്മാരും അനുകൂലിച്ചു എന്നു വച്ചു മാത്രം ഐക്യം പൂർത്തിയാകയില്ല. നമ്മുടെ നാട്ടിലും രാജ്യസ്നേഹം സ്ഥി [ vii ] രമായ ഒരു ബന്ധമാകാതെയിരിക്കുന്നതു മതാചാരാദികളുടെ ദുസ്സ്വാധീനം കൊണ്ടല്ലെ? മലബാറി ഹിന്ദുക്കളുടെയും മഹമ്മദരുടെയും മനസ്സ്വാതന്ത്ര്യത്തിനായി സമുദായപരിഷ്ക്കാരം വേണമെന്നുപദേശച്ചതു എത്ര സാരമായിട്ടുള്ളതാണു്.
ഇങ്ങനെ നമുക്കു ഏറ്റവും പ്രയോജനകരമായ ഉപദേശങ്ങൾ തന്നു് ജീവിച്ചിരുന്ന ഒരു പുണ്യശ്ലോകന്റെ കഥ നാം അറിഞ്ഞിരിക്കേണ്ടതാണ്.
ഇക്കഥയത്രെ ശ്രീമാൻ കുന്നത്ത് ജനാർദ്ദനമേനവനവർകൾ ഈ ചെറിയപുസ്തകത്തിൽ വിവരിച്ചിട്ടുള്ളത്. മനുഷ്യരുടെ സ്വഭാവപരിഷ്കരണത്തിനു ഉത്തമന്മാരുടെ ജീവചരിത്രജ്ഞാനം ഏറ്റവും പ്രയോജനമാണല്ലൊ. ഈ പുസ്തകവും ഇതുപോലെ മറ്റനേക കൃതികളും നമ്മുടെ നാട്ടുകാർക്കു നിധിയായിരിക്കും.
എന്റെ ഈ ചെറിയ അവതാരികകൊണ്ടു് ഈ സ്തുത്യർമായ കൃതി വായിക്കാൻ ജനങ്ങൾക്കു സ്വല്പമെങ്കിലും ഒരഭിരുചി മുൻകൂട്ടി തോന്നുന്നു എങ്കിൽ ഞാൻ കൃതാർത്ഥനായി.
തിരുവനന്തപുരം ൧൦൯൬ തുലാം ൨-ാംനു. |
എം. രാമവൎമ്മൻ തമ്പാൻ ബി.എ.,എൽ.റ്റി, |