മലയാളശാകുന്തളം
രചന:എ.ആർ. രാജരാജവർമ്മ
ആറാം അങ്കം

പ്രവേശകം

തിരുത്തുക

[അനന്തരം രാജസ്യാലനായ നഗരാധികാരിയും കൈ പിൻപോട്ടു കെട്ടിയ പുള്ളിയെ കൂട്ടിക്കൊണ്ടു രണ്ടു ശിപായിമാരും പ്രവേശിക്കുന്നു.]

ശിപായിമാർ: (പുള്ളിയെ ഇടിച്ചിട്ട്) എടാ കള്ളാ, പറ! മഹാരാജാവുതിരുമനസ്സിലെ തിരുനാമം കൊത്തിയിട്ടുള്ള ഈ കല്ലുവച്ച തിരുവാഴി നിനക്ക് എവിടെനിന്നു കിട്ടി?

പുള്ളി : (ഭയത്തോടെ) ദയവുണ്ടാകണേ! പൊന്നേമാന്മാരേ, ഞാൻ ഈ തൊഴിലുകാരനല്ല.

ഒന്നാം ശിപായി : പിന്നെ ആഢ്യബ്രാഹ്മണനെന്നുവച്ച് തിരുമനസുകൊണ്ടു നിനക്ക് ദാനം തന്നോ?

പുള്ളി : ഏമാന്മാരു കേൾക്കണേ! ഞാൻ ശക്രാവതാരത്തിൽ തമസിക്കുന്ന ഒരു മുക്കുവനാണ്.

രണ്ടാം ശിപായി : എടാ കള്ളാ, ഞങ്ങൾ നിന്റെ ജാതിയാണോ ചോദിച്ചത്?

അധികാരി : സൂചക, അവനെല്ലാം മുറയ്ക്കു പറയട്ടെ; ഇടയ്ക്ക്ഉ തടയേണ്ട.

രണ്ടുപേരും : ഉത്തരവ്! എടാ, പറ!

പുള്ളി : ഞാൻ ചൂണ്ടലിട്ടും വലവീശിയും കാലക്ഷേപംചെയ്യുന്നവനാണ്.

അധികാരി : പരിശുദ്ധമായ കാലക്ഷേപം! പിന്നെ?

പുള്ളി : ഇങ്ങനെ ഉത്തരവാകരുത്.


  കലരും പല ദോഷമെങ്കിലും
  കുലധർമ്മം മനുജന്നവർജ്യമാം;
  കലുഷം കലരാത്ത വൈദികൻ
  കൊലചെയ്യും മടിയാതെയാടിനെ


അധികാരി : ആകട്ടെ, ശേഷം പറ.

പുള്ളി : ഞാൻ ഒരു ദിവസം ഒരു ചെമ്മീനിനെ അറുത്തു. അപ്പോഴുണ്ട്, അതിന്റെ വയറ്റിൽ ഒരു മോതിരം കാണുന്നു; എന്നിട്ട് ഞാൻ അതു വിൽക്കാൻ കൊണ്ടുനടക്കുമ്പോൾ ഏമാന്മാർ എന്നെ പിടികൂടി. ഇനി കൊന്നാലും ശരി, വിട്ടാലും ശരി; ഇതാണിതിന്റെ പരമാർത്ഥം.

അധികാരി : ജാനുക, ഈ ഉടുമ്പുതീനിയുടെ മേത്തെ നാറ്റംകൊണ്ട് ഇവൻ ഒരു മീൻപിടുത്തക്കാരൻതന്നെ എന്നു നിശ്ചയിക്കാം. തിരുവാഴി ഇവന്റെ കൈയിൽ അകപ്പെട്ടതിനെപ്പറ്റി അലോചിക്കേണ്ടതുണ്ട്. അരമനയിലേക്കുതന്നെ പോകാം.

ശിപായിമാർ : ഉത്തരവ്! എടാ നടയെടാ; നിന്റെ ചെകിടു തല്ലിപ്പൊളിക്കയാണു വേണ്ടത്.
(എല്ലാവരും ചുറ്റിനടക്കുന്നു.)

അധികാരി : സൂചക, ഈ ഗോപുരത്തിൽ നിങ്ങൾ ഇവനെ സൂക്ഷിച്ചുകൊണ്ടു കാത്തുനിൽക്കിൻ. ഞാൻ ചെന്നു തിരുവാഴി കണ്ടെത്തിയ വർത്തമാനം തിരുമനസ്സറിയിച്ച് കല്പന വാങ്ങിക്കൊണ്ടു വരാം.

രണ്ടുപേരും : അങ്ങുന്നു ചെല്ലണം. തമ്പുരാന് അങ്ങത്തേപ്പേരിൽ തിരുവുള്ളമുണ്ടാകട്ടെ!
(അധികാരി പോയി.)

സൂചകൻ : അധികാരിയങ്ങുന്നു പോയിട്ട് വളരെനേരമായല്ലോ.

ജാനുകൻ : സമയം നോക്കാതെ തിരുമുമ്പിൽ ചെല്ലാമോ?

സൂചകൻ : ഇവനെ കൊലമാലയിടീക്കാൻ എന്റെ കൈകിടന്നു പുളിക്കുന്നു.

(മുക്കുവന്റെനേരെ കൈ മടക്കി കാണിക്കുന്നു.)

പുള്ളി : ഏമാന്മാരെ. കാരണം കൂടാതെ എന്നെ കൊല്ലരുതേ!

ജാനുകൻ : (നോക്കീട്ട്) ഇതാ, നമ്മുടെ അങ്ങുന്നു കല്പനയും വാങ്ങിക്കൊണ്ട് ഇങ്ങോട്ടുതന്നെ വരുന്നു. നീ ഇനി കഴുകനോ നായ്ക്കോ ഇരയായിത്തീരും.

അധികാരി : (പ്രവേശിച്ച്) സൂചക, ഈ മിൻപിടുത്തക്കാരനെ വിട്ടേക്കിൻ! തിരുവാഴിയുടെ ആഗമം ശരിയായി.

സൂചകൻ : അങ്ങത്തേ! ഉത്തരവ്.

ജാനുകൻ : ഇവൻ യമലോകത്തു പോയി തിരിച്ചുവന്നു. (പുള്ളിയെ കെട്ടഴിച്ചു വിടുന്നു.)

മുക്കുവൻ : (അധികാരിയെ തൊഴുതിട്ട്) അങ്ങുന്ന് എന്റെ ജീവനെ രക്ഷിച്ചു.

അധികാരി : ഇതാ, പൊന്നുതമ്പുരാൻ തിരുവാഴിയുടെ വില നിനക്കുതരാൻ കല്പിച്ചിരിക്കുന്നു. (മുക്കുവനു പണം കൊടുക്കുന്നു.)

മുക്കുവൻ : (തൊഴുതു വാങ്ങീട്ട്) അങ്ങത്തെ ഉപകാരമാണിത്.

സൂചകൻ : ശൂലത്തിൽനിന്നിറങ്ങി ആനപ്പുറത്തു കയറിയവരെത്തന്നെയാണ് ഭാഗ്യവാന്മാരെന്നു പറയേണ്ടത്.

ജാനുകൻ : അങ്ങുന്നേ, ഈ സമ്മാനത്തിന്റെ മട്ടു കാണുമ്പോൾ പൊന്നുതമ്പുരാനു വിലപിടിച്ച് രത്നങ്ങളുള്ള ആ തിരുവാഴിയിൽ വലിയ പ്രതിപത്തിയുണ്ടെന്നു കാണുന്നു.

അധികാരി : എന്റെ പക്ഷം അങ്ങനെയല്ല. അതു കണ്ടിട്ട് ഏതോ ഒരു പ്രിയപ്പെട്ട ആളിന്റെ ഓർമ്മ തിരുമനസ്സിലുണ്ടായി; സ്വതേ ഗാംഭീര്യമായിരുന്നിട്ടും ക്ഷണനേരത്തേക്കു തിരുമുഖത്തിൽ ഒരു കുണ്ഠിതഭാവം പ്രത്യക്ഷപ്പെട്ടു.

സൂചകൻ : എന്നാൽ, അങ്ങു മഹാരാജാവുതിരുമനസ്സിലേയ്ക്ക് ഒരു ഉപകാരം ചെയ്തതായല്ലോ.

ജാനുകൻ : ഈ മീൻകൊല്ലിക്കുവേണ്ടി എന്നു പറയണം. (അസൂയയോടെ മുക്കുവനെ നോക്കുന്നു.)

മുക്കുവൻ : ഏമാന്മാർക്ക് എന്റെ പേരിൽ നല്ലമനസ്സു തോന്നിയതിന് ഇതിൽ പാതി നിങ്ങൾക്കിരിക്കട്ടെ.

ജാനുകൻ : ഇത്രയും വേണ്ടതുതന്നെ.

അധികാരി : അരയരു നല്ല മര്യാദക്കാരനാണ്. ഇന്നുമുതൽ ഞാൻ എന്റെ ചങ്ങാതിയാക്കിയിരിക്കുന്നു; ഈ സഖ്യമുറപ്പിക്കാൻ നമുക്കൊന്നു കുടിക്കണം.ഇതാ, ഈ കടയിൽത്തന്നെ കയറാം,

മുക്കുവൻ : അങ്ങനെതന്നെ.

(എല്ലാവരും പോയി.)

അങ്കാരംഭം

തിരുത്തുക

[അനന്തരം വിമാനത്തിൽ വന്നിറങ്ങുന്നമട്ടിൽ ‘സാനുമതി’ എന്ന അപ്സര സ്ത്രീ പ്രവേശിക്കുന്നു.]

സാനുമതി : എനിക്ക് അപ്സരസ്തീർത്ഥത്തിലെ തവണ കഴിഞ്ഞിരിക്കുന്നു. ഇനി ഇവിടെ തീർത്ഥസ്നാനത്തിനു മഹാജനങ്ങൾ വന്നിറങ്ങുന്ന സമയമാണ്. ഇപ്പോൾത്തന്നെ ഈ രാജർഷിയുടെ വർത്തമാനം എന്തെന്നു നേരെ ചെന്നു നോക്കിക്കളയാം. മേനകയുടെ മകളായതുകൊണ്ട് ശകുന്തള ഇപ്പോൾ എനിക്കു സ്വന്തമായിരിക്കുന്നു. അവൾ എന്നോടു പറഞ്ഞിട്ടുള്ള സംഗതി ആണല്ലോ ഇത്. (ചുറ്റും നോക്കീട്ട്) എന്താണ്, വസന്തകാലം ആരംഭിച്ചിട്ടും അരമനയിൽ ഉത്സവത്തിന്റെ വട്ടം ഒന്നും കാണാത്തത്? എനിക്കു വേണമെങ്കിൽ ദിവ്യദൃഷ്ടികൊണ്ടുതന്നെ എല്ലാം അറിയാം. പക്ഷേ, സഖി പറഞ്ഞതുപോലെതന്നെ ചെയ്യണമല്ലോ. ആകട്ടെ. തിരസ്കരണികൊണ്ടു മറഞ്ഞ് ഈ ഉദ്യാനപാലികമാരുടെ അടുത്തു ചെന്നു നിന്നു വർത്തമാനം അറിയാം. (ഇറങ്ങിനിൽക്കുന്നു.)
(അനന്തരം മാവുപൂത്തതു നോക്കിക്കൊണ്ടു രണ്ടുദ്യാനപാലികമാർ മുമ്പിലും പിമ്പിലുമായി പ്രവേശിക്കുന്നു.)

ഒന്നാമത്തേവൾ :
  മുദിതപികം മധുപാവലി-
  മൃദിതം മധുമാസജീവനുമായ്
  പുതുമൊട്ടു പാർത്തിടുന്നേ-
  നൃതുമങ്ഗലമെന്നപോലെ മാവിന്മേൽ.

രണ്ടാമത്തേവൾ : പരഭൃതികേ, നീയെന്താ തനിയെ നിന്നു മന്ത്രിക്കുന്നത്?

ഒന്നാമത്തേവൾ : മധുരികേ,മാവു മൊട്ടിട്ടുകാണുമ്പോൾ പരഭൃതികയ്ക്കിളക്കംവരുമല്ലോ.

മധുരിക : (സന്തോഷത്തോടെ അടുത്തു ചെന്നിട്ട്) ആഹാ! വസന്തമാസം വന്നോ?

പരഭൃതിക : മധുരികേ, നിനക്കിപ്പോൾ മദിച്ചു ചാടിക്കളിച്ചു നടക്കേണ്ട കാലമല്ലയോ?

മധുരിക: സഖി, എന്നെ ഒന്നു താങ്ങിക്കൊള്ളു. ഞാൻ എത്തിവലിഞ്ഞ് മാംപൂ പറിച്ചു കാമദേവനെ അർച്ചിക്കട്ടെ!

പരഭൃതിക: അർച്ചനയുടെ ഫലത്തിൽ പാതി എനിക്കു തരുമെങ്കിൽ ആവാം.

മധുരിക: അതുപറയണമോ? ശരീരം രണ്ടെങ്കിലും നമ്മുടെ ജീവൻ ഒന്നല്ലേ? (സഖിയുടെ മേൽ ചാരി പൂപൊട്ടിച്ചെടുക്കുന്നു.) വിരിഞ്ഞിട്ടില്ലെങ്കിലും ഒടിച്ചെടുത്തതിന്റെ മണം ഉണ്ട്. (കൈകൂപ്പി)

  അരിയചാപമൊന്നേന്തിടും സ്മര-
  ന്നരുളി നിന്നെ ഞാൻ, ചൂതപുഷ്പമേ,
  ശരമതഞ്ചിലുംവച്ചു ഘോരമായ്
  വിരഹിണീമനക്കാമ്പിൽ വീഴ്ക നീ.

(അർച്ചിക്കുന്നു.)
 
കഞ്ചുകി : (തിര തനിയെ നിക്കി ബദ്ധപ്പെട്ടു കോപാവേശത്തോടെ പ്രവേശിച്ചിട്ട്) അരുതരുത്! വിവരം കെട്ടവളേ, മഹാരാജാവ് വസന്തോത്സവം നിഷേധിച്ചിരിക്കേ, നീ മാംപൂ പൊട്ടിക്കാൻ തുടങ്ങുന്നോ?

രണ്ടുപേരും : (ഭയഭാവത്തോടെ) ആര്യൻ ക്ഷമിക്കണം; ഞങ്ങൾ ഈ സംഗതി അറിഞ്ഞില്ല.

കഞ്ചുകി: നിങ്ങൾ കേട്ടില്ലെന്നോ? വസന്തകാലത്തു പൂക്കുന്ന വൃക്ഷങ്ങളും അതിലെ പക്ഷികളുംകൂടി രാജശാസന ലംഘിക്കുന്നില്ല. നോക്കുവിൻ,

  മുറ്റീടും പൊടിയാർന്നതില്ലിതുവരെ-
  ച്ചൂതങ്ങളിൽക്കോരകം;
  മുറ്റും മൊട്ടുകൾ ചെംകുറിഞ്ഞിയിൽ വിരി-
  ഞ്ഞീടാതെ നിൽക്കുന്നിതേ;
  അറ്റിട്ടും ശിശിരർത്തു കൂജിതമട-
  ക്കീടുന്നു പുംസ്കോകിലം;
  തെറ്റെന്നസ്ത്രമെടുത്തതും സ്മരനയ-
  യ്ക്കുന്നില്ല പേടിച്ചുപോൽ.

സാനുമതി : സംശയമില്ല; രാജർഷിയുടെ പ്രഭാവം കേമം തന്നെ!
പരഭൃതിക : ആര്യ, രാജസ്യാലയനായ മിതാവസു ഞങ്ങളെ തൃപ്പാദമൂലത്തിൽ അയച്ചിട്ടു കുറച്ചു ദിവസമേ ആയുള്ളൂ; ഇവിടെ വന്നതിൽ ഈ ഉദ്യാനം സൂക്ഷിച്ചിരിക്കുന്ന ജോലി മുഴുവനും ഞങ്ങളെ ഏൽപ്പിക്കുകയും ചെയ്തിരിക്കുന്നു; അതിനാൽ പരിചയപ്പെടാത്ത ഞങ്ങൾക്ക് ഈ വർത്തമാനം അറിയാൻ ഇടയായില്ല.
കഞ്ചുകി : ആകട്ടെ; ഇനി ഇങ്ങനെ ചെയ്യരുത്.
ഉദ്യാനപാലികമാർ:ആര്യ. ഞങ്ങൾക്കു കൗതുകമുണ്ട്. ഞങ്ങളെ കേൾപ്പിക്കാൻ വിരോധമില്ലെങ്കിൽ പറഞ്ഞാൽക്കൊള്ളാം; എന്തിനായിട്ടാണു പൊന്നുതമ്പുരാൻ വസന്തോത്സവം നിഷേധിച്ചത്?
സാനുമതി : മനുഷ്യർക്കു ഉത്സവത്തിൽ വളരെ പ്രിയമുണ്ടല്ലോ; ഗൗരവമേറിയ വല്ല കാരണവും ഇരിക്കണം.
കഞ്ചുകി : ഇസ്സംഗതി ധാരാളം വെളിപ്പെട്ടുകഴിഞ്ഞു; എന്തിനു പറയാതിരിക്കുന്നു? മഹാരാജാവ് ശകുന്തളയെ ഉപേക്ഷിച്ചു എന്നുള്ള ലോകാപവാദം നിങ്ങളുടെ ചെവിയിലെത്തിയില്ലയോ?
ഉദ്യാനപാലികമാർ: തിരുവാഴി കണ്ടെത്തിയതുവരെയുള്ള വർത്തമാനം രാജസ്യാലൻതന്നെ പറഞ്ഞു ഞങ്ങൾ കേട്ടിട്ടുണ്ട്.
കഞ്ചുകി : എന്നാൽ, ഇനി അല്പമേ പറയേണ്ടതുള്ളൂ. മുദ്രമോതിരം കണ്ടിട്ട് ശകുന്തളയെ താൻ സത്യമായി വിവാഹംചെയ്തിട്ടുള്ളതാണെന്ന് ഓർമ്മവന്നപ്പോൾമുതൽ എന്തോ തത്കാലത്തെ ഒരു ബുദ്ധിമോശത്താൽ ഉപേക്ഷിച്ചുകളഞ്ഞല്ലോ എന്നു മഹാരാജാവിനു പശ്ചാത്താപമുണ്ടായി. ഇപ്പോഴാകട്ടെ,

  നന്നായുള്ളതനിഷ്ടമായ്; സചിവർ മുൻ-
  മട്ടിന്നു സേവിപ്പതി-
  ല്ലെ;ന്നും മെത്തയിലാണ്ടുരുണ്ടു നിശ പോ-
  ക്കീടുന്നു നിർന്നിദ്രനായ്;
  ദാക്ഷിണ്യത്തിനു കാന്തമാരുമൊരുമി-
  ച്ചാലാപമാർന്നീടുകിൽ
  സൂക്ഷിക്കാതിഹ പേരു മാറിയുരചെ-
  യ്തൊട്ടേറെ ലജ്ജിച്ചിടും.

സാനുമതി:എനിക്കു വളരെ സന്തോഷം.
കഞ്ചുകി : ഈ പ്രബലമായ കുണ്ഠിതത്താലാണ് ഉത്സവം നിഷേധിക്കാനിടയായത്.
ഉദ്യാനപാലികമാർ: ശരി, വേണ്ടതുതന്നെ.
(അണിയറയിൽ)
മഹാരാജാവ് ഇതിലേ ഇതിലേ!
കഞ്ചുകി : (ചെവിയോർത്ത്) ഇതാ മഹാരാജാവ് ഇങ്ങോട്ടുതന്നെ പുറപ്പെടുന്നു. നിങ്ങൾ സ്വന്തം ജോലിക്കു പോകുവിൻ.
ഉദ്യാനപാലികമാർ : അങ്ങനെതന്നെ (പോയി.)
[അനന്തരം വിദൂഷകനോടും ദ്വാരപാലികയോടുംകൂടി പശ്ചാത്താപത്തിനുചേർന്ന വേഷത്തിൽ രാജാവ് പ്രവേശിക്കുന്നു.]
കഞ്ചുകി : (രാജാവിനെ നോക്കിയിട്ട്) വിശേഷപ്പെട്ട ആകൃതികൾ ഏതവസ്ഥയിലും രമണീയമായിത്തന്നെ ഇരിക്കും. എന്തൊരാശ്ചര്യം! ഇത്രയൊക്കെ കുണ്ഠിതം ഇരുന്നിട്ടും തിരുമേനിയിൽ കാഴ്ചയ്ക്കു യാതൊരു കൗതുകക്കുറവുമില്ല—

  സ്വർണ്ണക്കൈവളയൊന്നുമാത്രമുടലിൽ
  ശേഷിച്ചുതേ ഭൂഷയായ്;
  കണ്ണുംതാണിതുറക്കൊഴിഞ്ഞു; വിളറീ
  നിശ്ശ്വാസമേറ്റോഷ്ഠവും;
  എന്നാൽ, ക്ഷീണതയൊന്നുമേ സഹജമായ്—
  തോന്നിക്കുന്നതുമില്ല; ഭൂപനുരവിൽ-
  ത്തേയും മണിക്കൊപ്പമായ്.

സാനുമതി : തന്നെ ആട്ടിക്കളഞ്ഞ് അവമാനിച്ചിട്ടും ഇദ്ഷത്തിനെപ്പറ്റി ശകുന്തള ക്ലേശിക്കുന്നതു യുക്തംതന്നെ.
രാജാവ് : (മനോവിചാരംകൊണ്ടു ചുറ്റിനടന്നിട്ട്)

  കന്നൽമിഴി വന്നു താനേ
  മുന്നമുണർത്തീട്ടുമന്നുറങ്ങി ബലാത്;
  ഇന്നോ പശ്ചാത്താപം
  തോന്നുവതിന്നായുണർന്നു ഹതഹൃദയം!

സാനുമതി : ആഹാ! ഇങ്ങനെയൊക്കെയാണ് ആ പാവപ്പെട്ട ശകുന്തളയുടെ യോഗം!
വിദൂഷകൻ : (വിചാരം) ഇദ്ദേഹത്തിനു പിന്നേയും ആ ശകുന്തളാവ്യാധി പിടികൂടിയല്ലോ. ഇനി എങ്ങനെയാണു ചികിത്സിക്കേണ്ടതെന്നറിഞ്ഞില്ല.
കഞ്ചുകി : (അടുത്തു ചെന്ന്) മഹാരാജാവിനു വിജയം! ഉദ്യാനപ്രദേശമെല്ലാം ഞാൻ പരിശോധിച്ചിരിക്കുന്നു; തിരുമനസ്സുപോലെ എവിടെയെങ്കിലും എഴുന്നള്ളിയിരുന്നു വിനോദിക്കാം.
രാജാവ് : വേത്രവതി, നമ്മുടെ മന്ത്രി ആര്യപിശുനനോടു ഞാൻ പറഞ്ഞതായി ഇങ്ങനെ ചെന്നു പറയണം; ഇന്നുറക്കച്ചടവുകൊണ്ടു ധർമ്മാസനത്തിൽ വന്നിരുന്നു കാര്യങ്ങൾ അന്വേഷിക്കുന്നതിനു തരപ്പെടുമെന്നു തോന്നുന്നില്ല; അങ്ങുതന്നെ പൗരകാര്യങ്ങൾ വിചാരണചെയ്ത എഴുത്തുമുഖേന തെര്യപ്പെടുത്തണം’ എന്ന്.
ദ്വാരപാലിക : കല്പനപോലെ (പോയി.)
രാജാവ് : വാതായന, താനും ജോലിക്കു പൊയ്ക്കൊള്ളു.
കഞ്ചുകി : സ്വാമിയുടെ കല്പനപോലെ. (പോയി.)
വിദൂഷകൻ : അങ്ങ് ഈച്ചകളെയെല്ലാം ഓടിച്ചുകളഞ്ഞു. ഇനി ശിശിരകാലത്തിന്റെ ബാധ നീങ്ങി രമണീയമായിരിക്കുന്ന ഈ ഉദ്യാനത്തിലിരുന്നു വിനോദിക്കാം.
രാജാവ് : (നെടുവീർപ്പുവിട്ടിട്ട്) അനർത്ഥങ്ങളെയെല്ലാം തരം നോക്കി വന്നുകൂടും എന്നു പറയാറുള്ളതു പരമാർത്ഥമാണ്. നോക്കൂ,

  മുനിതനയയെ വേട്ടോരോർമ്മപോക്കും
  മലിനതയെന്റെ മനസ്സിൽനിന്നു നീങ്ങി;
  കുചിലയിലണച്ചു ചൂതബാണം
  മലർശരനും പ്രഹരിപ്പതിന്നൊരുങ്ങി.

വിദൂഷകൻ : സ്വാമി, കുറച്ചു ക്ഷമിക്കണം. ഞാൻ ഈ തടിക്കമ്പുകൊണ്ടു കാമബാണങ്ങളെ ഒക്കെ തുലച്ചേക്കാം.
രാജാവ് : (ചിരിച്ചുംകൊണ്ട്) ഇരിക്കട്ടെ, അങ്ങേ ബ്രാഹ്മണതേജസ്സെല്ലാം കണ്ടു. ഇനി എവിടെയിരുന്നാണു ഞാൻ പ്രിയതമയോട് അല്പം സാമ്യമുള്ള ലതകളെ നോക്കി കണ്ണുകളെ ആശ്വസിപ്പിക്കേണ്ടത്?
വിദൂഷകൻ:'സമയം എന്റെ ഇരിപ്പ് മാധവീമണ്ഡപത്തിലായിരിക്കും. ഞാൻ തനിയെ എഴുതിയിട്ടുള്ള ശകുന്തളയുടെ പടം അവിടെ കൊണ്ടുവരണം’ എന്നു തോഴർ വിശ്വസ്തപരിചാരികയായ ചതുരികയോടു മുമ്പു പറയുകയുണ്ടായല്ലോ?
രാജാവ് : അതുതന്നെയാണു നമുക്ക് ഇപ്പോൾ വിനോദത്തിനു നല്ല സ്ഥലം. അങ്ങോട്ടു പോകാം. മുമ്പേ നടക്കൂ.
വിദൂഷകൻ : ഇങ്ങനെ എഴുന്നള്ളാം.
[രണ്ടുപേരും ചുറ്റിനടക്കുന്നു. സാനുമതി പിന്നാലെ പോകുന്നു.]
വിദൂഷകൻ : ഇതാ, സ്ഫടികത്തറയുള്ള മാധവീമണ്ഡപം; ഒരുക്കങ്ങളുടെ ജാത്യം കൊണ്ട് ഇതു സ്വാഗതം പറഞ്ഞു. നമ്മെ ആദരിക്കുന്നതു പോലെ തോന്നുന്നു; ചെന്നു കയറി ഇരിക്കതന്നെ.
[രണ്ടുപേരും കയറി സ്ഫടികത്തറയിൽ ഇരിക്കുന്നു.]
സാനുമതി : ഈ വള്ളിക്കുടിലിൽ പ്രവേശിച്ചു സഖിയുടെ പടം നോക്കാം. പിന്നെച്ചെന്നു ഭർത്താവിന്റെ പലവഴിയായുള്ള അനുരാഗം അവളെ ഗ്രഹിപ്പിക്കാം. (അപ്രകാരം നിൽക്കുന്നു.)
രാജാവ്:തോഴരേ, ശകുന്തളയുടെ പ്രഥമവൃത്താന്തമെല്ലാം ഇപ്പോൾ എനിക്ക് ഓർമ്മവരുന്നു. അങ്ങേ അടുക്കല്പറഞ്ഞിട്ടും ഉണ്ട്; പക്ഷേ, ഉപേക്ഷിക്കുന്ന സമയം അങ്ങ് എന്റെ സമീപത്തിൽ ഇല്ലാതെപോയി. എന്നാൽ, അതിനുമുൻപ് ഒരിക്കലെങ്കിലും ശ്രീമതിയുടെ പേർ അങ്ങു പ്രസങ്ഗിക്കയുണ്ടായില്ല. (വിചാരപ്പെട്ട്) എന്നേപ്പോലെ അങ്ങും മറന്നിരിക്കാം, അല്ലേ?
വിദൂഷകൻ : മറന്നതല്ല, പക്ഷേ, അന്നു തോഴർ എല്ലാം പറഞ്ഞിട്ട് ഒടുവിൽ നേരംപോക്കു സംസാരിച്ചതാണ്; കാര്യമല്ല എന്നുംകൂടി ര്രയുകയുണ്ടായി. എന്റെ മണ്ട മൺകട്ടയാകയാൽ ഞാൻ അതു പറഞ്ഞപോലെതന്നെ ഗ്രഹിച്ചു. അല്ലെങ്കിൽ വരാനുള്ളതു തടുത്തുകൂടല്ലോ.
സാനുമതി : അങ്ങനെതന്നെ.
രാജാവ് : (വിചാരമഗ്നനായിട്ട്) തോഴരേ, താങ്ങിക്കൊള്ളണേ!
വിദൂഷകൻ : ഏ! എന്തു കഥ! ഈ മട്ട് അങ്ങേക്കു യുക്തമല്ല; മഹാപുരുഷന്മാർക്ക് ഒരിക്കലും ശോച്യാവസ്ഥ വന്നുകൂടാ; കൊടുങ്കാറ്റിലും കുന്നിളകുമോ?
രാജാവ് : തോഴരേ. നിരാകരണകാലത്തിൽ കുഴങ്ങിവശമായപ്പോൾ പ്രിയതമയ്ക്കുണ്ടായ ആ ഒരവസ്ഥ ഓർത്തിട്ടു ഞാൻ വല്ലാതെ ശരണംകെടുന്നു.

  ഏൽക്കാഞ്ഞിട്ടിഹ ബാന്ധവാനുഗമനം
  വാഞ്ഛിക്കവേ നിൽക്കയെ—
  ന്നൂക്കോടഗ്ഗുരുതുല്യനായ ഗുരുവിൻ-
  ശിഷ്യൻ ശഠിക്കുംവിധൗ
  ഈ ക്രൂരങ്കലദശ്രുവായവളുഴ-
  ന്നർപ്പിച്ചൊരദ്ദൃഷ്ടിയി-
  ന്നുൾക്കാമ്പിന്നു വിഷോഗ്രശല്യമതുപോ-
  ലേകുന്നു താപോത്കരം.

സാനുമതി : ആശ്ചര്യം തന്നെ! സ്വാർത്ഥം ഇത്രത്തോളം വരുമല്ലോ! ഇദ്ദേഹത്തിന്റെ സന്താപം കണ്ടു ഞാൻ രസിക്കുന്നു.
വിദൂഷകൻ : തോഴരേ, എനിക്കു തോന്നുന്നു, വല്ല ആകാശചാരികളും ശ്രീമതിയെക്കൊണ്ടുപോയിരിക്കണം എന്ന്.
രാജാവ് : പതിവ്രതയായ അവളെ മറ്റാർക്കു തൊടാൻ കഴിയും? മേനകയാണ് അവളുടെ മാതാവെന്നു ഞാൻ കേട്ടിട്ടുണ്ട്. ആ വർഗ്ഗത്തിൽ ആരെങ്കിലും കൊണ്ടുപോയിരിക്കണമെന്നാണ് എന്റെ ശങ്ക.
സാനുമതി : മറന്നതിലാണു വിസ്മയം, ഓർത്തതിലല്ല.
വിദൂഷകൻ : അങ്ങനെയാണെങ്കിൽ എന്നെങ്കിലും ശ്രീമതിയുടെ സമാഗമത്തിനു സങ്ഗതിയുണ്ട്.
രാജാവ് : എങ്ങനെ?
വിദൂഷകൻ : പുത്രി ഭർത്തൃവിയോഗദുഃഖമനുഭവിക്കുന്നതു കണ്ടുകൊണ്ട് മാതാപിതാക്കന്മാർ ഏറെക്കാലം മിണ്ടാതിരിക്കയില്ല.
രാജാവ് : സഖേ!

  സ്വപ്നവൃത്താന്തമോ? മായ-
  യിൽക്കണ്ടതോ? ഭ്രാന്തിയോ?
  സ്വല്പപുണ്യം സ്വമാത്രാ-
  നുരൂപം ഫലം ചെയ്തതോ?
  അസ്സമാചാരമപ്പോയ-
  പോക്കോടെതാൻ പോയി പി-
  ന്നിസ്സമാധാനമാശയ്ക്കു-
  മെത്താത്തൊരഗ്രത്തിലാം.

വിദൂഷകൻ : അങ്ങനെ പറയരുത്; വരാനുള്ളത് ഏതു വഴിയിലും വന്നുചേരുമെന്നുള്ളതിലേയ്ക്ക് ഈ മോതിരം തന്നെ ഒരു ദൃഷ്ടാന്തം ആണല്ലോ.
രാജാവ് : കഷ്ടം! ഈ മോതിരത്തിന്റെ അവസ്ഥ ശോചനീയമായിരിക്കുന്നു. അസുലഭമായ പദവിയെ ലഭിച്ചിട്ട് ഇതിനു സ്ഥാനഭ്രംശം വന്നുവല്ലോ.

  സുകൃതഫലമെനിക്കു വന്നപോലേ
  സുകൃശത, മോതിരമേ, നിനക്കുമാർന്നൂ!
  അരുണനഖമണിഞ്ഞൊരോമലാളിൻ
  വിരലിലണിഞ്ഞ പദം വെടിഞ്ഞുതേ നീ.

സാനുമതി : മറ്റൊരാളുടെ കൈയിലായിരുന്നു കിട്ടിയതെങ്കിൽ സത്യമായി ശോചനീയംതന്നെ.
വിദൂഷകൻ : തോഴരേ, എന്തു പ്രസക്തിയിലാണു സ്വനാമമുദ്രയുള്ള മോതിരം ശ്രീമതിക്കു കൊടുക്കുകയുണ്ടായത്?
സാനുമതി : എനിക്കു തോന്നിയ കൗതുകം ഇയാൾക്കുമുണ്ടായി.
രാജാവ് : കേട്ടുകൊള്ളൂ. നഗരത്തിലേക്കു പുറപ്പെടുന്ന സമയം പ്രിയതമ കരഞ്ഞുകൊണ്ട് ‘എന്നെ ആര്യപുത്രൻ എന്നത്തേക്കു വരുത്തും’ എന്നു ചോദിച്ചു.
വിദൂഷകൻ : എന്നിട്ടോ?
രാജാവ് : പിന്നെ ഞാൻ ഈ മുദ്രമോതിരം അവളുടെ വിരലിൽ ഇടുവിച്ചുകൊണ്ട് ഉത്തരം പറഞ്ഞു.

  എൻനാമമുദ്രയിതിലെണ്ണുക വർണ്ണമോരോ-
  ന്നെന്നും മുറയ്ക്കതു കഴിഞ്ഞു വരുമ്പോഴേയ്ക്കും
  എന്നോമലാൾക്കരമനയ്ക്കു വരുന്നതിന്നു
  വന്നെത്തുമാണുകളകമ്പടിയോടുമെന്ന്.

അതു നിഷ്കണ്ടനായ ഈ ഞാൻ ബുദ്ധിമോഹം നിമിത്തം അനുഷ്ഠിച്ചില്ലല്ലോ!
സാനുമതി : സരസമായ അവധി വിധി തെറ്റിച്ചുകളഞ്ഞു.
വിദൂഷകൻ : എന്നാൽ, പിന്നെ ഇതു ചെമ്മീനിന്റെ വയറ്റിൽപ്പോകാനും മുക്കോന്റെ കൈയിൽക്കിട്ടാനും ഇടയെന്ത്?
രാജാവ് : ശചീതീർത്ഥം വന്ദിക്കുമ്പോൾ അങ്ങേ തോഴിയുടെ കൈയിൽ നിന്നും ഊരി ഗംഗയിൽ വീണതാണ്.
വിദൂഷകൻ : എല്ലാം യോജിക്കുന്നുണ്ട്!
സാനുമതി : അതുകൊണ്ടുതന്നെയാണ് ആ പാവപ്പെട്ട ശകുന്തളയെ വിവാഹം ചെയ്ത സങ്ഗതിയിൽ അധർമ്മഭീരുവായ ഇദ്ദേഹത്തിനു സംശയം ജനിച്ചത്. അഥവാ, ഇത്രമാത്രം അനുരാഗമുള്ള സ്ഥിതിക്ക് അടയാളം കണ്ടു വേണോ ഓർമ്മിക്കാൻ? ഇതെങ്ങനെയാണ്?
രാജാവ് : ഈ മോതിരത്തെത്തന്നെ ഒന്നു ശകാരിക്കട്ടെ!
വിദൂഷകൻ : (വിചാരം) ഇദ്ദേഹം ഭ്രാന്തിന്റെ വഴിക്കു പുറപ്പെട്ടു.
രാജാവ് : മോതിരമേ,

  ചന്തത്തിനൊത്ത വിരലേന്തിടുമക്കരം വി-
  ട്ടെന്തിന്നു നീ സലിലപൂരമതിൽപ്പതിച്ചു?
  അഥവാ,
  ചിന്തിക്കയില്ല ജഡവസ്തു ഗുണങ്ങളൊന്നും;
  ഞാൻതന്നെ കാന്തയെ വെടിഞ്ഞതിനെന്തു ബന്ധം?

വിദൂഷകൻ : (വിചാരം) വിശപ്പ് എന്നെ കടിച്ചുതിന്നാറായി.
രാജാവ് : കാരണംകൂടാതെ തള്ളിക്കളഞ്ഞിട്ടു പശ്ചാത്തപിക്കുന്ന എന്റെ പേരിൽ ദയവുചെയ്തു കാണ്മാൻ സങ്ഗതിയാക്കിത്തരണേ!
ചതുരിക : (തനിയെ തിര മാറ്റിക്കൊണ്ടു ബദ്ധപ്പെട്ടു പ്രവേശിച്ച്) ഇതാ, ചിത്രത്തിലുള്ള പൊന്നു തമ്പുരാട്ടി! (ചിത്രം കാണിക്കുന്നു.)
വിദൂഷകൻ : (നോക്കിയിട്ട്) തോഴരേ, രസികനായി ചിത്രം! ആ സ്തോഭവും ആ നിലയും എല്ലാം വളരെ യോജിച്ചു. താണും പൊങ്ങിയുമുള്ള ഭാഗങ്ങളിൽ എന്റെ കണ്ണ് ഇടറുന്നതുപോലെ തോന്നുന്നു.
സാനുമതി : അമ്പ! ഈ രാജർഷിയുടെ സാമർത്ഥ്യം കേമംതന്നെ. എനിക്ക് സഖി മുമ്പിൽ വന്നുനിൽക്കുന്നതുപോലെ തോന്നുന്നു.
രാജാവ് : ചിത്രത്തിൽച്ചെയ്യുമാറുണ്ട്
  ചേരാത്തതു ചെലുത്തുക;
  ചേലവൾക്കുള്ളതോ ചേർന്നു
  ചെറ്റുതാൻ ഞാൻ കുറിച്ചതിൽ.

സാനുമതി : പശ്ചാത്താപംകൊണ്ട് അധികപ്പെട്ടിരിക്കുന്ന സ്നേഹത്തിനും അഹംഭാവമില്ലാത്ത പ്രകൃതിക്കും ഉചിതമായിട്ടാണ് ഇപ്പറഞ്ഞത്.
വിദൂഷകൻ : തോഴരേ, ഇവിടെ മൂന്നുപേരെക്കാണുന്നുണ്ട്. എല്ലാവരും കണ്ടാൽക്കൊള്ളാവുന്നവരുമാണ്. ഇതിൽ ഏതാണു ശ്രീമതി ശകുന്തള?
സാനുമതി : ഇത്രമാത്രം സൗന്ദര്യമുള്ള ആകൃതി കണ്ടു തിരിച്ചറിവാൻ വയ്യാത്ത ഇവന്നു കണ്ണുകൊണ്ട് പ്രയോജനമില്ല.
രാജാവ് : ഏതെന്നാണ് അങ്ങേക്കു തോന്നുന്നത്?
വിദൂഷകൻ : എനിക്ക് തോന്നുന്നതു തലമുടിയുടെ കെട്ടഴിഞ്ഞ് ഉള്ളിലിരിക്കുന്ന മാല വെളിയിൽ പുറപ്പെട്ട് മുഖത്തു വിയർപ്പുതുള്ളീകൾ പൊടിച്ചും, തോളുകൾ തളർന്നു ഭുജങ്ങൾ താഴ്ന്നും, കുറഞ്ഞൊന്നു ക്ഷീണിച്ച ഭാവത്തിൽ നനവുതട്ടിത്തിളങ്ങുന്ന ഇളംതളിരുകൾ നിറച്ച തേന്മാവിന്റെ അരികിലായി എഴുതിയിരിക്കുന്നതു തത്രഭവതി ശകുന്തളയെന്നും മറ്റവർ രണ്ടുപേരും സഖിമാരെന്നുമാണ്.
രാജാവ് : അങ്ങു ബുദ്ധിമാനാണ്. എനിക്കുണ്ടായ മനോവികാരങ്ങളുടെ ചിഹ്നങ്ങളും ഇതിൽക്കാണുന്നുണ്ട്.
  വരകൾക്കരികിൽ വിയർത്തൊരു
  വിരലിൻ മാലിന്യമുണ്ടു കാണുന്നു;
  ചെറുതായ് ചായം വീർത്തി-
  ട്ടറിയാം കണ്ണിർ പതിച്ചിതു കവിളിൽ.

ചതുരികേ, എനിക്കു വിനോദനോപായമായ ഈ ചിത്രം പൂർത്തിയാക്കിക്കഴിഞ്ഞില്ല; തൂലിക ചെന്നെടുത്തുകൊണ്ടു വരൂ.
ചതുരിക : ആര്യ മാഢവ്യ, ചിത്രപ്പലക പിടിച്ചുകൊള്ളണേ! ഞാൻ പോയി വരട്ടെ?
രാജാവ് : ഞാൻതന്നെ വച്ചുകൊള്ളാം (പടം വാങ്ങുന്നു.)
രാജാവ് : നേരേ സമക്ഷമിഹ വന്നൊരു കാന്തയാളെ-
  ദ്ദൂരെ ത്യജിച്ചു പടമേറ്റു രസിക്കുമീ ഞാൻ
  നീരോട്ടമുള്ള പുഴയൊന്നു കടന്നുവന്നി-
  ട്ടാരാഞ്ഞിടുന്നു ബത, കാനൽജലം കുടിപ്പാൻ.

വിദൂഷകൻ : (വിചാരം) ഇതൊത്തു; ഇദ്ദേഹം ഇപ്പോൾ നന്ദി കടന്നുവന്നു കാനൽവെള്ളം തേടുകയാണ് (വെളിവായിട്ട്) തോഴരേ, ഇനി എന്താണിതിൽ എഴുതാനുള്ളത്?
രാജാവ് : കേട്ടുകൊള്ളു;
  ചാലേ മാലിനിയും, മരാളമിഥുനം
  വാഴും മണൽത്തിട്ടയും
  ചോലയ്ക്കപ്പുറമായ് മൃഗങ്ങൾ നിറയും
  ശൈലേന്ദ്രപാദങ്ങളും,
  ചീരം ചാർത്തിന വൃക്ഷമൊന്നതിനടി-
  യ്ക്കായിട്ടൂ കാന്തന്റെ മെയ്
  ചാരിക്കൊമ്പിലിടത്തുകണ്ണുരസുമാ
  മാൻപേടയും വേണ്ടതാം.

വിദൂഷകൻ : (വിചാരം) എന്റെ പക്ഷം, താടിക്കാരന്മാരായ മഹർഷിമാരുടെ കൂട്ടംകൊണ്ടു ചിത്രം നിറയ്ക്കാമെന്നാണ്.
രാജാവ് : തോഴരേ! ഇനി ഒന്നുകൂടിയുണ്ട്; ശകുന്തളയുടെ അലങ്കാരങ്ങളിൽച്ചിലത് എഴുതാൻ വിട്ടുപോയി.
വിദൂഷകൻ : അതെന്താണാവീ?
സാനുമതി : സഖിയുടെ വനവാസത്തിനും സൗന്ദര്യത്തിനും ഉചിതമായിട്ടെന്തെങ്കിലും ആയിരിക്കണം.
രാജാവ് : ചെവിക്കു ചേർത്തില്ല കവിൾത്തടംവരെ-
  ക്കവിഞ്ഞു നിൽക്കുന്ന ശിരീഷഭൂഷണം;
  അണച്ചിടേണം ശരദിന്ദുസുന്ദരം
  മൃണാളിനോളം കുളുർകൊങ്കയിങ്കലും.

വിദൂഷകൻ : ശ്രീമതി എന്താണു ചെന്താരുപോലെ ശോഭിക്കുന്ന കൈ മുഖത്തിനുനേരേ പിടിച്ചു ഭയപ്പെട്ട ഭാവത്തിൽ നിൽക്കുന്നത്? (സൂക്ഷിച്ചു നോക്കീട്ട്) ആ ഇതാ, ഒരു പൂന്തേൻ കവരുന്ന കള്ളൻ, അസത്തുവണ്ടു ചെന്നു ശ്രീമതിയുടെ മുഖാരവിന്ദത്തെ ആക്രമിക്കുന്നു.
രാജാവ് : ആധികപ്രസംഗിയെ തടുക്കൂ.
വിദൂഷകൻ : അവിനയം പ്രവർത്തിക്കുന്നവരെ ശാസിക്കുന്ന അങ്ങു വിചാരിച്ചാലേ ഇവനെത്തടയാൻ കഴിയുകയുള്ളൂ!
രാജാവ് : ശരിതന്നെ; എടോ വണ്ടേ! പൂച്ചെടികൾക്കു പ്രിയപ്പെട്ട വിരുന്നുകാരനായ നീ എന്തിനിവിടെ പറന്നുനടക്കുന്നു? ശ്രമപ്പെടുന്നു?
  നിന്നുടെ വല്ലഭ മലരതി-
  ലുന്നതതൃഷപൂണ്ടുതാനിരുന്നിട്ടും
  നന്മധു നുകരാതെ ചിരം
  നിന്നെയിതാ കാത്തിരുന്നു കേഴുന്നു.

സാനുമതി : വണ്ടിനെ വിലക്കിയതു രാജാവിന്റെ അന്തസ്സിന്നു യോജിച്ചു.
വിദൂഷകൻ : തടുത്താലും ഒഴിഞ്ഞുമാറാത്ത വർഗ്ഗമാണിത്.
രാജാവ് : അത്രയ്ക്കായോ? എന്റെ ശാസനം കേൾക്കുകയില്ലേ? എന്നാൽ കണ്ടോ!
  ഞാൻ തന്നെയന്നു കനിവെന്യെ നുകർന്നിടാത്ത
  കാന്താധരോഷ്ഠമിതിളം തളിരിന്നു തുല്യം
  തൊട്ടെങ്കിലിന്നു ശഠ, ഭൃങ്ഗ, പിടിച്ചു നിന്നെ-
  ക്കെട്ടിസ്സരോജമുകുളത്തിലകപ്പെടുത്തും.

വിദൂഷകൻ : ഈ കഠിനശീക്ഷയ്ക്കിവൻ ഭായപ്പെടുകയില്ലയോ? (ചിരിച്ചിട്ട്, വിചാരം) ഇദ്ദേഹമോ ഭ്രാന്തനായ്; ഞാനും സംസർഗ്ഗംകൊണ്ട് ആ മട്ടിലായിരിക്കുന്നു. (വെളിവായിട്ട്) ഓഹോയീ! ഇതാ! ഇതു പടമാണ്.
രാജാവ് : എന്ത്?
സാനുമതി : എനിക്കുകൂടി ഇതുവരെ ചിത്രമെന്നുള്ള വിചാരം ഉണ്ടായിരുന്നില്ല. പിന്നെയാണോ അനുഭവപ്രത്യക്ഷമുള്ള ഇദ്ദേഹത്തിന്?
രാജാവ് : തോഴർ എന്തിനാണ് ഈ ദുസ്സാമർത്ഥ്യം കാട്ടിയത്?
  സമക്ഷമായ്ക്കാണുകിലെന്നപോലെ ഞാൻ
  സമാധിമൂലം സുഖമാർന്നിരിക്കവേ,
  ചമച്ചു വീണ്ടും കമലായതാക്ഷിയെ?

(കണ്ണിരു തൂകുന്നു.)

സാനുമതി : ഈ വിരഹത്തിന്റെ മട്ടു പൂർവ്വാപരവിരോധംകൊണ്ട് അപൂർവ്വമായിരിക്കുന്നു.
രാജാവ് : മാഢവ്യാ, ഇടവിടാതെയുള്ള ഈ ദുഃഖം ഞാൻ എങ്ങനെയാണ് സഹിക്കേണ്ടത്?
  കിനാവിൽദ്ദർശനം നിദ്രാ-
  വിനാശത്താലപൂർവ്വമാം
  കാണ്മാൻ പടത്തിലോ പിന്നെ-
  സ്സമ്മതിക്കില്ല കണ്ണുനീർ.

സാനുമതി : ഉപേക്ഷിച്ചതുകൊണ്ടുള്ള ദുഃഖം ശകുന്തളയുടെ ഹൃദയത്തിൽനിന്ന് അങ്ങിപ്പോൾ നിശ്ശേഷം തുടച്ചുകളഞ്ഞു.
ചതുരിക : (പ്രവേശിച്ചിട്ട്) പൊന്നുതമ്പുരാന് വിജയം! അടിയൻ തൂലികപ്പെട്ടി എടുത്തുകൊണ്ട് ഇങ്ങോട്ട് വരികയായിരുന്നു.
രാജാവ് : അപ്പോഴോ?
ചതുരിക : വഴിയിൽവച്ച് പിങ്ഗളികയോടുംകൂടി ഇങ്ങോട്ടെഴുന്നള്ളുന്ന വസുമതീദേവിതിരുമനസ്സുകൊണ്ട് ‘ഞാൻതന്നെ ആര്യപുത്രന്റെ കൈയിൽ കൊണ്ടുചെന്നു കൊടുത്തുകൊള്ളാം’ എന്നു കല്പിച്ചു പെട്ടി അടിയന്റെ കൈയിൽനിന്നും പിടിച്ചുപറിച്ചു.
വിദൂഷകൻ : നിന്നെ വിട്ടേച്ചതു ഭാഗ്യമായി.
ചതുരിക : ദേവിതിരുമനസ്സിലെ ഉത്തരീയം ചെടിയിങ്കൊണ്ടുടക്കിയത് പിങ്ഗളിക വിടുവിക്കുന്ന തരംനോക്കി ഞാൻ കടന്നുകളഞ്ഞു.
രാജാവ് : തോഴരേ, ദേവി ഇങ്ങോട്ടുവരും; ഞാൻ ബഹുമാനിക്കുന്നതുകൊണ്ട് ഇപ്പോൾ കുറേ ഗർവ്വുണ്ട്. ഈ പടം തോഴർ സൂക്ഷിച്ചുകൊള്ളൂ.
വിദൂഷകൻ : ‘അവനവനെ’ എന്നു വേണം കല്പിക്കാൻ. (പടം എടുത്തുകൊണ്ട് എഴുന്നേറ്റ്) ദേവിയുമായുള്ള ശണ്ഠയിൽ അങ്ങേയ്ക്കു മോചനം കിട്ടുകയാണെങ്കിൽ എന്നെ വിളിച്ചേക്കണം; ഞാൻ മേഖപ്രതിച്ഛന്ദമാളികയിലുണ്ടാകും (ഓടിപ്പോയി.)
സാനുമതി : തൽക്കാലം മനസ്സു മറ്റൊരാളിൽ പ്രവേശിച്ചിരിക്കയാണെങ്കിലും മുമ്പുള്ള ആളെ മാനിക്കുന്ന ഇദ്ദേഹം സ്നേഹവിഷയത്തിൽ സ്ഥിരതയുള്ളവനാണ്.
ദ്വാരപാലിക : (എഴുത്തുംകൊണ്ടു പ്രവേശിച്ചിട്ട്) തമ്പുരാനു വിജയം!
രാജാവ് : വേത്രവതീ, നീ വരുംവഴി ദേവിയെക്കാണുകയുണ്ടായില്ലേ?
ദ്വാരപാലിക : ഉവ്വ്, കണ്ടു; പക്ഷേ, അടിയന്റെ കൈയിൽ ഈ എഴുത്തിരിക്കുന്നതു കണ്ടിട്ടു തിരുമനസ്സുകൊണ്ടു മടങ്ങിയെഴുന്നള്ളി.
രാജാവ് : ദേവി നല്ല വിവരമുള്ള ആളാണ്; കാര്യവിഘ്നത്തിനിടയാക്കാതെ സൂക്ഷിക്കും.
ദ്വാരപാലിക : അമാത്യൻ ഉണർത്തിക്കുന്നു. “പല ഇനങ്ങളിലായിട്ടു മുതൽ തിട്ടംവരുത്തുന്നതിനു കണക്കുകൾ പരിശോധിക്കേണ്ടതുണ്ടായിരുന്നു. അതിനാൽ പൗരകാര്യങ്ങളിൽ ഒന്നുമാത്രമേ ഇന്നു വിചാരണചെയ്തുള്ളൂ. അതിന്റെ വിവരം ഈ എഴുത്തിൽക്കാണിച്ചിട്ടുള്ളത് തൃക്കൺപാർക്കണം” എന്ന്.
രാജാവ് : എഴുത്ത് ഇങ്ങോട്ടു കാണിക്കൂ!
(ദ്വാരപാലിക എഴുത്തു കാണിക്കുന്നു.)
(വായിച്ചിട്ട്) എന്ത്? ‘സമുദ്രവ്യാപാരികളുടെ നായകനായ ധനമിത്രൻ കപ്പൽച്ചേതത്തിൽ മരിച്ചുപോയി. ആ സാധുവിനു സന്തയുമില്ല. അവന്റെ സ്വത്തെല്ലാം പണ്ടാരവകയ്ക്കു ചേരേണ്ടതാണ്’ എന്ന് അമാത്യൻ എഴുതിയിരിക്കുന്നു. (വിഷാദത്തോടുകൂടി) സന്തതിയില്ലാതെപോകുന്നതു കഷ്ടംതന്നെ! (ദ്വാരപാലികയോട് വേത്രവതീ, ധനവാൻ ആയിരുന്നതിനാൽ അയാൾക്ക് അനേകം ഭാര്യമാർ ഇരുന്നിരിക്കണം. അവരിൽ ആരെങ്കിലും ഇപ്പോൾ ഗർഭംധരിച്ചവരായിട്ടെങ്കിലും ഉണ്ടോ എന്നു വിചാരണചെയ്യണം.
ദ്വാരപാലിക : അദ്ദേഹത്തിന്റെ ഭാര്യമാരിൽ അയോദ്ധ്യാക്കാരൻ ചെട്ടിയാരുടെ മകൾക്ക് ഈയിടെ പുംസവനം നടന്നതായി കേൾവിയുണ്ട്.
രാജാവ് : എന്നാൽ, ഗർഭത്തിലിരിക്കുന്ന ആ കുട്ടി അച്ഛന്റെ സ്വത്തിനവകാശിയാണല്ലോ. ഈ വിവരം അമാത്യനോടു ചെന്നു പറയുക.
വേത്രവതി : കല്പനപോലെ. (പുറപ്പെടുന്നു.)
രാജാവ് : വരട്ടെ, ഇവിടെ വരൂ!
വേത്രവതി : അടിയൻ!
രാജാവ് : സന്തതി ഉണ്ടെങ്കിലെന്ത്? ഇല്ലെങ്കിലെന്ത്?
  ചേതപ്പെടുന്നു മാലോകർ-
  ക്കേതേതു നിജബാന്ധവർ
  അതാതായിട്ടു ദുഷ്ഷന്ത-
  നുതകും ചതിയെന്നിയേ.
  എന്നു വിളംബരം ചെയ്യട്ടെ!

വേത്രവതി : ഇങ്ങനെ വിളിച്ചറിയിക്കാൻ പറയാം. (പോയി തിരികെ വന്നിട്ടു) കാലത്തിലുണ്ടായ മഴപോലെ തിരുമനസ്സിലെ കല്പന അമാത്യൻ അഭിനന്ദിച്ചു.
രാജാവ് : (നെടുവീർപ്പുവിട്ടിട്ട്) ഛേ! ഇങ്ങനെയാണല്ലോ സന്തതിയറ്റ് അവകാശിയില്ലാതെവരുമ്പോൾ സ്വത്തുക്കൾ അന്യരിൽ ചെന്നുചേരുന്നത്! എന്റെ പിൽക്കാലം പൂരുവംശശ്രീക്കും ഇതുതന്നെ ഗതി.
വേത്രവതി : ഈവിധം അമങ്ഗലവാക്ക് ഒരിക്കലും കല്പിക്കരുത്. ദൈവം തുണയ്ക്കട്ടെ!
രാജാവ് : കൈവന്ന ശ്രേയസ്സിനെ അവമാനിച്ച പാപിയാണല്ലോ ഞാൻ.
സാനുമതി : സംശയമില്ല; സഖിയെത്തന്നെ ഊന്നി ഇദ്ദേഹം ആത്മനിന്ദചെയ്കയാണ്.
രാജാവ് : സന്താനമുൾക്കൊണ്ടു കുലപ്രതിഷ്ഠ-
  യ്ക്കൂന്നായൊരപ്പത്നിയെ ഞാൻ വെടിഞ്ഞേൻ!
  മെത്തും ഫലത്തിന്നുതകുന്ന ഭൂമി
  വിത്തും വിതച്ചൊട്ടൊഴിയുന്നപോലെ.

സാനുമതി : സന്തതിച്ഛേദം അങ്ങേയ്ക്ക് ഒരിക്കലും വരികയില്ല.
ചതുരിക : (വേത്രവതിയോടു സ്വകാര്യമായിട്ട്) ഈ വ്യാപാരിയുടെ സംഗതികൊണ്ടു തമ്പുരാനു പശ്ചാത്താപം ഇരട്ടിച്ചിരിക്കയാണ്; തിരുമനസ്സിലേക്ക് ആശ്വാസം വരുവാൻ മേഘമാളികയിൽച്ചെന്ന് ആര്യമാഢവ്യനെ കൂട്ടിക്കൊണ്ടു വരൂ.
വേത്രവതി : നീ പറഞ്ഞതു ശരിയാണ്. (പോയി.)
രാജാവ് : ദുഷ്ഷന്തന്റെ കൈകൊണ്ട് പിണ്ഡം വാങ്ങുന്നവരുടെ കഥ പരുങ്ങലിലായി.
  ഇക്കാലമെന്നുടെ പിതൃക്കൾ നിവാപമേറ്റാൽ
  പില്കാലമാരിതു തരുന്നതിനെന്നു കേണ്
  തൃക്കൺതുടയ്ക്കുവതിനാദ്യമെടുത്തു ശേഷ-
  മുൾക്കൊള്ളുമെന്നു കരുതുന്നിതപുത്രനാം ഞാൻ.

(മൂർച്ഛിക്കുന്നു.)

ദ്വാരപാലിക : (ബദ്ധപ്പെട്ടു ചെന്നു താങ്ങിക്കൊണ്ട്) തിരുമേനി ആശ്വസിക്കണേ!
സാനുമതി : അയ്യോ! കഷ്ടം! കഷ്ടം! ഇദ്ദേഹം വിളക്ക് ഇരിക്കെത്തന്നെ മറവിന്റെ ബലംകൊണ്ട് ഇരുട്ടിന്റെ ഫലം അനുഭവിക്കുന്നു; ഞാൻ ഇപ്പോൽത്തന്നെ ചെന്നു സമാധാനപ്പെടുത്തിക്കളായാം; അല്ലെങ്കിൽ വരട്ടെ; അദിതിദേവി ശകുന്തളയെ ആശ്വസിപ്പിക്കുമ്പോൾ അരുളിചെയ്തത്, ‘യജ്ഞഭാഗത്തിൽ തത്പരന്മാരായ ദേവന്മാന്തന്നെ ധർമ്മപത്നിയെ ഭർത്താവു താമസിയാതെ പരിഗ്രഹിക്കുന്നതിനു വേണ്ടതെല്ലാം ചെയ്തുകൊള്ളും’ എന്നാണല്ലോ. അതുകൊണ്ട് അത്രയുംകാലം ഞാൻ ക്ഷമിച്ചിരിക്കെതന്നെ വേണം. ഈ കഥയെല്ലാം ചെന്നു പറഞ്ഞു പ്രിയസഖിയെ ആശ്വസിപ്പിക്കാം. (പോയി.)
(അണിയറയിൽ)
അയ്യോ! അയ്യോ!
രാജാവ് : (ചെവികൊടുത്തിട്ട്) ഏ! മാഢവ്യന്റെ നിലവിളിപോലെ തോന്നുന്നല്ലോ. ആരവിടെ?
ചതുരിക : (ബദ്ധപ്പെട്ടു പ്രവേശിച്ചിട്ട്) തമ്പുരാൻ രക്ഷിക്കണേ! ഇതാ, തോഴരുടെ കഥ സംശയസ്ഥിതിയിലായിരിക്കുന്നു.
രാജാവ് : മാഢവ്യൻ എന്താണു ദീനസ്വരത്തിൽ നിലവിളിക്കുന്നത്?
ചതുരിക : ഏതോ ഒരു ഭൂതം ശബ്ദം കൂടാതെ തൂക്കിയെടുത്തു മേഘമാളികയുടെ മോന്തായത്തിന്മേൽകൊണ്ടുവച്ചിരിക്കുന്നു.
രാജാവ് : (ബദ്ധപ്പെട്ട് എഴുന്നേറ്റ്) അത്രയ്ക്കായോ? എന്റെ ഗൃഹത്തിൽത്തന്നെ ഭൂതബാധയോ? അല്ലെങ്കിൽ
  തനിക്കുതാൻ തെറ്റുവരുന്നതേതും
  മനസ്സിലാക്കുന്നശക്യമത്രേ.
  ജനങ്ങളേതേതു വഴിക്കു പോമെ-
  ന്നനുക്ഷണം കാണ്മതെളുപ്പമാണോ?

[അണിയറയിൽ പിന്നെയും]

അയ്യയ്യോ! രക്ഷിക്കണേ! രക്ഷിക്കണേ!
രാജാവ് : (സംഭ്രമത്തോടെ ചുറ്റിനടന്നിട്ട്) തോഴരു പേടിക്കണ്ട.
(അണിയറയിൽ)
തോഴരേ, രക്ഷിക്കണേ! ഞാൻ എങ്ങനെ ഞാൻ പേടിക്കാതിരിക്കും? ഇതാ, ആരോ ഒരാൾ എന്റെ കഴുത്തു പിറകോട്ടു തിരിച്ചു കരിമ്പിൻതണ്ടുപോലെ ഒടിക്കുന്നു.
രാജാവ് : (ചുറ്റിനോക്കീട്ട്) വില്ലെവിടെ, വില്ല്?
യവനസ്ത്രീകൾ : (വില്ലുകൊണ്ടു പ്രവേശിച്ചിട്ട്) പൊന്നുതമ്പുരാനു വിജയം. ഇതാ പള്ളിവില്ലും തൃക്കൈയ്യുറയും.
(രാജാവ് വില്ലും അമ്പും വാങ്ങുന്നു.)
(അണിയറയിൽ)
  കൊന്നീടുന്നേൻ, പുലി പശുവിനെ-
  പ്പോലെ ഞെട്ടിപ്പിടക്കും
  നിന്നെക്കണ്ഠോത്ഥിതപുതുനിണ-
  പ്പാരണയ്ക്കായിതാ ഞാൻ.
  ആർത്തർക്കെല്ലാമഭയമരുളാൻ
  ചീർത്ത ചാപം വഹിച്ചോ-
  രദ്ദുഷ്ഷന്തൻ നൃപതിയെഴുന-
  ള്ളട്ടെ നിന്നെത്തുണയ്ക്കാൻ.

രാജാവ് : (കോപത്തോടുകൂടി) എന്നെത്തന്നെ ഊന്നിപ്പറയുന്നോ? നില്ലെടാ ശവംതീനി! നിന്റെ കഥ ഇപ്പോൾ കഴിയും. (വില്ല് കുലച്ച്) വേത്രവതി! മാളികയിലേക്കു കയറട്ടെ. മുമ്പെ നടന്നുകൊള്ള.
വേത്രവതി : ഇതിലേ എഴുന്നള്ളാം.
(എല്ലാവരും വേഗത്തിൽ ചുറ്റി നടക്കുന്നു.)
രാജാവ് : ചുറ്റിനോക്കീട്ട്) ഇവിടെ ആരെയും കാണ്മാനില്ലല്ലോ
(അണിയറയിൽ)
അയ്യയ്യോ! ഞാൻ ഇതാ അങ്ങേക്കാണുന്നുണ്ട്; അങ്ങ് എന്നെക്കാണുന്നില്ല. എനിക്കു പൂച്ചയുടെ വായിലകപ്പെട്ട എലിയുടെ സ്ഥിതിയായി. ഇനി ജീവൻ കിട്ടുമെന്നുള്ള മോഹം വേണ്ട.
രാജാവ് : ഭൂതമേ, നിന്റെ തിരസ്കരണിവിദ്യയൊന്നും എന്റെ അസ്ത്രത്തോടു പറ്റുകയില്ല. അതു നിന്നെ കണ്ടുപിടിച്ചുകൊള്ളും. അസ്ത്രം ഇതാ, വിടുന്നു. ഇതാകട്ടെ.
  കൊല്ലും കൊല്ലേണ്ടൊരന്നിനെ
  പാലിക്കും പാല്യവിപ്രനെ
  ക്ഷീരം കൈക്കൊള്ളുമന്നങ്ങൾ
  നീരം ചേർക്കുന്നതു നീക്കിടും.

(അസ്ത്രം തൊടുക്കുന്നു.)

(അനന്തരം പിടുത്തം വിട്ടു മാതലിയും വിദൂഷകനും പ്രവേശിക്കുന്നു.)
മാതലി : ഹരിയസുരയല്ലോ നിൻ ശരങ്ങൾക്കു ലാക്കായ്-
  ക്കരുതിയതവരിൽത്താൻ വില്ലിതൂന്നിക്കുലയ്ക്കു;
  പരിചൊടു കനിവേറും ദൃഷ്ടിവേണം പതിക്കാൻ
  പരിചയമുടയോരിൽപ്പാഞ്ഞെഴും പത്രിയല്ല.

രാജാവ് : (അസ്ത്രം വേഗത്തിൽ പിൻവലിച്ചിട്ട്) ഏ! മാതലിയോ? ദേവേന്ദ്ര സാരഥിക്കു സ്വാഗതം!
വിദൂഷകൻ : എന്നെപ്പിടിച്ചു യാഗപ്പശുവിനെപ്പോലെ കൊല്ലാൻ ഭാവിച്ച ഇയാൾക്ക് ഇദ്ദേഹം സ്വാഗതം പറയുന്നു.
മാതലി : (പുഞ്ചിരിച്ചിട്ട്) നമ്മുടെ സ്വാമി ദേവേന്ദ്രൻ എന്നെ ഇങ്ങോട്ടു പറഞ്ഞയച്ചതിന്റെ സംഗതി മഹാരാജാവു കേൾക്കണം.
രാജാവ് : കേൾക്കാൻ കാത്തിരിക്കുന്നു.
മാതലി : കാലനേമിയുടെ സന്തതിയായിട്ട് ദുർജ്ജയർ എന്നു പേരായ ഒരു അസുരവർഗ്ഗമുണ്ട്.
രാജാവ് : ഉണ്ട്! ശ്രീനാരദൻ പറഞ്ഞുകേട്ടിട്ടുണ്ട്.
മാതലി : നിൻ മിത്രനാം ശതമഖന്നവർ വധ്യരല്ല;
  തന്മാരണത്തിന്നുതകേണ്ടവനിന്നു നീതാൻ;
  ഘർമ്മാംശുവിന്നു കഴിയാത്ത നിശാന്ധകാര-
  നിർമ്മൂലനക്രിയ നടത്തുവതിന്ദുവത്രേ.

അതിനാൽ വില്ലും അമ്പും എടുത്തിരിക്കുന്ന അങ്ങു രഥത്തിൽ കയറി വിജയയാത്രയ്ക്കു പുറപ്പെടാം.
രാജാവ് : ഇന്ദ്രഭഗവാന്റെ ഈ സംഭാവന എനിക്കൊരു അനുഗ്രഹമാണ്. അതിരിക്കട്ടെ; എന്തിനാണങ്ങ് ഈ മാഢവ്യനോടിങ്ങനെ പ്രവർത്തിച്ചത്?

മാതലി : അതും പറയാം. എന്തോ ഒരു മനസ്താപത്താൽ വാട്ടംതട്ടി ഉന്മേഷമില്ലാത്ത നിലയിലാണ് അങ്ങേ ഞാൻ കണ്ടത്. ഒന്നു ചൊടിപ്പിക്കാൻവേണ്ടി ഇങ്ങനെ ചെയ്തുവെന്നേയുള്ളൂ. എന്തെന്നാൽ,
  അനലനെരിയുമിന്ധനം കുടഞ്ഞാൽ;
  അരവമെതിർത്തിടുകിൽപ്പടം വിരിക്കും;
  തനതു മഹിമ മിക്കവാറുമാർക്കും
  തെളിയുവതൊന്നു കയർത്തിടുമ്പോളത്രേ.

രാജാവ് : ഭഗവാൻ ചെയ്തതു ശരിയാണ്. (വിദൂഷകനോടു സ്വകാര്യം) തോഴരേ, ഇന്ദ്രഭഗവാന്റെ ആജ്ഞ ലംഘിച്ചുകൂടാ. അതിനാൽ വിവരം ധരിപ്പിച്ച് അമാത്യപിശുനനോട് ഞാൻ പറഞ്ഞതായി ഇങ്ങനെ പറയൂ;
ഭവന്മതി തനിച്ചിന്നു ഭരിക്കട്ടെ ജനങ്ങളെ!
ഇങ്ങു മറ്റൊരു കാര്യത്തിലിറങ്ങി കുലവില്ലിത്.
വിദൂഷകൻ : കല്പനപോലെ (പോയി)
മാതലി : മഹാരാജാവേ, തേരിൽക്കയറാം.
(രണ്ടുപേരും തേരിൽക്കയറുന്നു. എല്ലാവരും പോയി.)