മാനസേശ്വരി
മാനസേശ്വരി (ഖണ്ഡകാവ്യം) രചന: |
കൊ.വ.1116 |
മാനസേശ്വരി
1116
ഒന്നാം ഭാഗം
1
പാണ്ടുത്തരാശയിൽചെമ്പകാഭിഖ്യയാ-
യുണ്ടായിരുന്നു നഗരിയൊന്നുജ്വലം.
മന്ദിയാതങ്ങുല്ലസിച്ചു വിഖ്യാതനാം
'ചന്ദ്രസാഗര' നെന്നൊരു വർത്തകൻ
ശങ്കരഭക്തനവൻ സമസ്ത്യൈശ്വര്യ-
സങ്കുലസൗഭാഗ്യ ഹർഷസമ്യുക്തനായ്
ധർമ്മനിരതനായ് ശർമ്മദനായ് പുണ്യ-
കർമ്മനിരതനായ് പ്രോല്ലസിച്ചീടിനാൻ
2
നാഗലോകത്തിൻ മഹാറാണിയായ് സർവ്വ
ഭാഗധേയത്തിൻ സമുജ്ജ്വലസത്മമായ്
'മാനസാദേവി'യെന്നന്നാളോരീശ്വരി
വാണിരുന്നാളാവിശിഷ്ട നഗരിയിൽ
സുന്ദരിയാമൊരു മാനവനാരിയിൽ
ചന്ദ്രചൂഡന്നെഴും നന്ദിനിയാണവൾ
കല്യാണരൂപിണിയാകുമക്കന്യയെ-
ത്തെല്ലുമിഷ്ടപ്പെട്ടിരുന്നില്ല പാർവ്വതി
നേതാഭിധാനമായ് മറ്റൊരുപുത്രിയും
ഭൂതേശനുണ്ടായിരുന്നു പോൽ ഭൂമിയിൽ
തന്നോടുമയ്ക്കുള്ളിലുൽക്കട നീരസ-
മന്നാളിലുണ്ടായിരുന്നതുകാരണം
ഭൂതലാവാസം വരിച്ചാളുദാരയാം
നേതയോടൊന്നിച്ചു മനസാദേവിയും
എങ്കിലും താനൊരു ദേവിയാണെന്നുള്ള
സങ്കൽപമുള്ളിലധിരൂഢമാകയാൽ
മാനവാരാധനാ പാത്രമായ്ത്തീരണം
തനുമെന്നൊർത്തിതാ നാഗരാജേശ്വരി!!
3
വിത്താധിനാഥനാംചന്ദ്രസദാഗരൻ
ഭക്തിപൂർവ്വം തന്നുപാസകനാവുകിൽ
നിർവ്വിശങ്കം ഭജിച്ചിടാനൊരുങ്ങിടും
സർവ്വപ്രജകളും തന്നെസ്സകൗതുകം
ഏവം മനസ്സിലുറച്ചവൾ, ശങ്കര-
ദേവഭക്താഗിമനാകുമദ്ധന്യനെ
പ്രേരണാസ്ത്രങ്ങൾ മുറയ്ക്കെയ്തനാരതം
പാരവശ്യം പാരമേകാൻ തുടങ്ങിനാൾ
എങ്കിലും ചഞ്ചലപ്പെട്ടില്ല ലേശവും
ശങ്കരോപാസക നിർമ്മലാത്മാചലം
എന്തുവന്നാലും വെടിഞ്ഞീടുകില്ലതാ-
നന്തകാരാതിതൻ പൂജയെന്നോർത്തവൻ
ഏതുവിപത്തുമെതിരിടാനുദ്യുക്ത-
ചേതനനായിക്കുലുങ്ങാതെ മേവിനാൻ.
4
മഞ്ജിമതൻ കളിവീടാമുരുദ്യാന
മണ്ഡലംകാണ്മൂ നയനവിമോഹനം
പൂത്തും തളിർത്തുംലസിപ്പൂ പലേതരു-
ച്ചാർത്തുകൾ പാടിപ്പറക്കുന്നു പക്ഷികൾ.
സ്വാന്തം കുളുർക്കെ ക്കളകളം പെയ്യുന്നു
മാന്തളിർതിന്നു മദിച്ച കുയിലുകൾ.
ആടുന്നു പൂത്തകദംബ മരക്കൊമ്പി-
ലാടലകന്നു മയൂരക നർത്തകർ.
മുല്ലകൾ, പിച്ചികൾ, പൊന്നിൻ ജമന്തിക-
ളുല്ലസൽ താലതമാല ചൂതാദികൾ
പൂവിട്ടു പൂവിട്ടു നിൽക്കുന്നു വാസന്ത-
ദേവിതൻ സൗഭാഗ്യ വീചികൾ മാതിരി.
തെന്നൽ തൊടുമ്പോൾ കുണുങ്ങുന്ന വല്ലികൾ
മന്ദഹസിപ്പൂ മടുമലർച്ചാർത്തിനാൽ
നിർമ്മല നീലജലം തുളുമ്പിടുന്ന
നർമ്മവിഹാര സരോവര രാശിയിൽ
കാന്തികലരുന്ന രാജമരാളങ്ങൾ
നീന്തിക്കളീപ്പൂ മതിമറന്നങ്ങനെ.
ചന്ദ്രസദാഗര പ്രാണനാണീലോക-
നന്ദനോദ്യാനം ഹൃദയവിമോഹനം!
'പാടല' മെന്നതിൻ പേര, തിനെസ്സദാ
പാടിപ്പുകഴ്ത്തിനാർ കിന്നരകന്യമാർ.
5
ചൊല്ലിനാൾ മനസാദേവി:-"നാഗങ്ങലേ
ചെല്ലണം നിങ്ങളപ്പാടലവാടിയിൽ
ജീവസമാനം സദാഗരൻ കാക്കുമ-
പ്പൂവനമിന്നു മരുഭൂമിയാവണം.
നിങ്ങൾതൻഹാലഹാലാനല ജ്വാലകൾ
പൊങ്ങിപ്പരന്നതു ചാമ്പലായീടണം.
നാശപ്പെടുത്തണം സർവ്വവു, മങ്ങിനി-
ശ്ശേഷിക്കരുതൊരു പുൽക്കൊടികൂടിയും!
ഗർവിഷ്ടനാണസ്സദാഗരൻ-ഹാ നിങ്ങൾ
സർവ്വവും ചെന്നു നശിപ്പിച്ചുപോരുവിൻ"
ഉത്തരമാത്രയിൽ നാഗങ്ങൾ നന്ദിച്ചു
സദ്രസമൊന്നിച്ചു യാത്രയായീടിനാർ
ആളിപ്പടർന്ന വിഷാഗ്നിയിൽ പഞ്ഞിപോൽ
ചേളെന്നു വെണ്ണീറടിഞ്ഞു, ഹാ, പാടലം!
കണ്ടു സദാഗരൻ സർവ്വവു, മെന്നിട്ടു-
മിണ്ടലുണ്ടായില്ലവനുള്ളിലേതുമേ!
മൃത്യുഞ്ജയ മന്ത്രമുണ്ടവ, നായതിൻ
ശക്തിയാൽ, നഷ്ടമായ് പോയവ സർവ്വവും
മാത്രയ്ക്കകം, ഹാ, പുനസ്സംജനിപ്പിച്ചൊ-
രാർത്തിയും കൂടാതെ ലാലസിച്ചാനവൻ!
പത്രംകരിഞ്ഞു നിലംപതിച്ചീടിന
പത്രികൾ വീണ്ടും പരന്നു പാടീടിനാർ
ചാരമായ്തീർന്ന തരുക്കൾ മുന്നെപ്പോലെ
ചാരുപുഷ്പങ്ങളും ചൂടിനിന്നീടിനാർ.
ആരാമദാഹമതേതോ കിനാവിന്റെ
നേരിയ വീചിപോൽ നിഷ്ക്രാന്തമാകവേ,
മാനസവേദിയിൽ ചന്ദ്രനുമോദവും
മാനസാദേവിയ്ക്കു ഖേദവും വാച്ചിതേ!
6
അന്നന്തിമാർക്കൻ പ്രപഞ്ചം മുഴുവനും
പൊന്നശോകപ്പൂക്കൾ വാരിവിതറവേ
സ്വൈരവിഹാര വിലോലനായെത്തിനാൻ
'കൈരവിനി'നദീതീരേ സദാഗരൻ.
അത്ഭുതം, താനെന്തു കാണ്മുതൻ മുന്നിലായ്
സ്വപ്നമോ, മായയോ, വിഭാന്തിതന്നെയോ?
ലോകസൗന്ദര്യമുടലാർന്ന മട്ടിലു-
ണ്ടേകയായ് മുന്നിലൊരോമന പ്പെൺകൊടി!
ഓളമുലയുന്ന നേരിയ നീരാള-
നീലമേഘത്തിലൊരോമൽ തടിൽക്കൊടി-
ചേലിലനുപദം മഞ്ജീരശിഞ്ജിത-
ലോലകല്ലോലങ്ങൾ ചുറ്റുമിളകവെ
താരുകൾ തിങ്ങിനിറഞ്ഞ തരുക്കൾതൻ
താഴോട്ടുചാഞ്ഞു കിടക്കുന്ന ചില്ലകൾ
താമരക്കൈകളാലെത്തിപ്പിടിച്ചു പൊൽ
ത്താരുകൾ ശേഖരിച്ചീടുകയാണവൾ
പിന്നിൽ പദസ്വനം കേട്ടൊരു പേടമാ-
നെന്നപോൽ തന്വി തിരിഞ്ഞുനോക്കീടവേ,
ഉല്പലസായക കൽപാംഗനാമൊരാൾ
നിൽപു-നാണിച്ചു തലകുനിച്ചാളവൾ!
ആ വിസ്മയാർഹമാ മാകാരദർശനം
ജീവനുനൽകിയ രോമഹർഷോത്സവം
സ്പന്ദിച്ചു നിൽക്കിലും, ധൈര്യമാലംബിച്ചു
സുന്ദരനീവിധം ചോദ്യംതുടങ്ങിനാൻ
"ആരുനീ, മോഹിനി, വാസന്തചാരിമ
പാരിലുടലാർന്നു വന്നതുമാതിരി?
എങ്ങുനിൻ ഗഹ, മെവിടെ വസിക്കു വ-
തിങ്ങേവമേകയായ് നിൽക്കുന്നതെന്തു നീ?"
"മേരുവിലാണെന്റെ മന്ദിരം, ബന്ധുക്ക-
ളാരുമില്ലാതുള്ളൊരപ്സരസ്സാണു ഞാൻ"
"ഹാ, ശുഭേ, നിന്നിൽ ഞാൻ സ്നേഹാർദ്രനാണു, ഞാ-
നാശിച്ചിടുന്നുനിൻ പാണിഗഹോത്സവം;
സമ്മതമെങ്കിൽ-" നവനവശോണിമ
കമ്രാംഗിതൻ കവിൾപ്പൂവിൽ തുളുമ്പവേ
ആശയ്ക്കുമാർഗ്ഗമുണ്ടെന്നുള്ള ചിന്തയാൽ
ക്ലേശമകന്നവൻ വീർപ്പുവിട്ടീടിനാൻ
"ഇല്ല വിസമ്മതം, പക്ഷേ-" മൊഴിഞ്ഞിദ-
മല്ലണിവേണി നമിച്ചാൾ നിജാനനം
"പക്ഷേ?-പറയൂ മനോഹരി, ഞനെന്തു-
മിക്ഷണം ചെയ്യാം, മടികാതെ ചൊൽകനീ!"
"ജീവനാശത്തിൽ പുനർജ്ജീവസാദ്ധ്യത
കേവലംകേളിയായ് തീരുമാറങ്ങനെ
അങ്ങയ്ക്കധീനമാണേക മൃത്യുഞ്ജയ-
മംഗളമന്ത്ര, മതിൻശക്തി സർവ്വവും
ദാനംതരേണമെനി, ക്കെങ്കിലേ തവ-
പ്രാണാധിനാഥയായ് പോരികയുള്ളു ഞാൻ!"
സുസ്ഥിരമാനസഭാവം ധ്വനിക്കുന്ന
സുസ്വരത്തിലിമ്മട്ടവളോതവേ
"ഓമനേ, കുണ്ഠിതപ്പെട്ടിടായ്കിക്ഷണ-
മാമന്ത്രശക്തി നിനക്കു ഞാനേകുവൻ"
എന്നുചൊന്നാ ദിവ്യമാകും ധനത്തീ-
പൊന്നുടലാൾക്കവൻ കാഴ്ചവെച്ചീടിനാൻ
ഒറ്റമാത്രയ്ക്കുള്ളിലെങ്ങോ മറഞ്ഞിത-
ക്കറ്റക്കുഴലാൾ!- തമസ്സായി ചുറ്റിലും!
കേൾക്കായിതപ്പോളൊരാകാശവാണിയ-
പ്പൂക്കൾ നിറഞ്ഞവനത്തിൽ നിന്നീവിധം:-
"മാനസാദേവിഞാൻ, നീ മേലിലെങ്കിലും
ധ്യാനിച്ചു പൂജിക്കുകെന്നെയാത്താദരം
ഭക്തനാമെങ്കിൽ നീയെന്നി, ലിക്കൈവിട്ട
ശക്തിനിനക്കു തിരിച്ചുഞാൻ നൽകിടാം"
"ഇജ്ജീവിതത്തിലില്ലു" ൽക്കട രോഷേണ
ഗർജ്ജനം ചെയ്താൻ സധീരം സദാഗരൻ
7
പിന്നെയും നാഗങ്ങളെക്കൊണ്ടു പാടലം
വെണ്ണീറടിയിച്ചു, ഹാ, മാനസേശ്വരി!
ശങ്കരനെന്നൊരു മായാവിയെക്കൊണ്ടു
ശങ്കയേശാതെ തന്നാരാമമണ്ഡലം
ജീവചൈതന്യംകൊടുത്തുദ്ധരിപ്പിച്ചി-
താവിലനാവാതെ വീണ്ടും സദാഗരൻ
മാനസാദേവി രോഷാന്ധയായ് തന്ത്രത്തിൽ
മായാവിയെച്ചെന്നുനിഗഹിച്ചീടിനാൾ
എന്നിട്ടുവീണ്ടുമുദ്യാനം മുഴുവനും
മുന്നേക്കണക്കു ദഹിപ്പിച്ചൊടുക്കിനാൾ.
കണ്ടില്ല മറ്റൊരുപായം ധനേശ്വര-
നിണ്ടലായ്, ശൂന്യമായ്തോന്നി തൻജീവിതം!
പോരെങ്കിൽ നാഗങ്ങൾ വന്നവനുള്ളതാ-
മാറാത്മജരെക്കടിച്ചുകൊന്നീടിനാർ
ഞെട്ടറ്റനീലോൽപലങ്ങൾപോലേ, മൃതി-
പ്പട്ടുമുറ്റത്തുകിടക്കും കിടാങ്ങളെ
നോക്കിനോക്കിക്കരൾപൊട്ടി, സ്സദാഗരൻ
മേൽക്കുമേൽ മാറത്തടിച്ചുകരയവേ
കേൾക്കായിവീണ്ടുമൊരാകാശവാണി-"നീ-
യോർക്കുമോ ഞാൻചൊന്നതിപ്പൊഴുതെങ്കിലും?
മാനസാദേവി ഞാൻ, പൂജിക്കുകെന്നെ നീ
മാലിനി മാലിലുണ്ടാകില്ലൊരിക്കലും
എത്രവരങ്ങൾ നിനക്കുവേണെങ്കിലും
ചിത്തമോദേനതരാം നിനക്കിന്നു ഞാൻ!"
"ആവശ്യമില്ലെനി, ക്കെന്തുംവരട്ടെയി-
ജ്ജീവിതത്തിങ്കൽ വണങ്ങില്ല നിന്നെ ഞാൻ!"
'എങ്കിൽനോക്കിക്കോ നിനക്കിനി മേൽക്കുമേൽ
സങ്കടപ്പെടാൻ സംഗതിയായിടും"
"ആകട്ടെ"-ലേശം കുലുങ്ങാതെയോതിനാ-
നാകുലമാനസനാകിലുമപ്പുമാൻ!
8
നാളുകളേറെക്കഴിഞ്ഞു-ശോകാത്മക
നാടകമേറെനടന്നു യഥാവിധം.
അന്നൊരുനാളൊരു കപ്പലിൽ, വാരിധി
തന്നിൽ, സദാഗരൻ യാത്രചെയ്തീടവേ
പെട്ടെന്നൊരു കൊടുങ്കാറ്റുയർന്നാഞ്ഞാ-
ച്ചഷ്ടാശകളും വിറപ്പിച്ചു മേൽക്കുമേൽ
പർവ്വതാകാര സമാനമായോളങ്ങൾ
ഗർവ്വിച്ചു വാപിളർന്നോടീതെരുതെരെ
കപ്പലിൻ നേർവഴിച്ചാലുതെറ്റി, സ്വയ-
മബ്ധിമദ്ധ്യത്തിലതങ്ങിങ്ങലകയായ്
ഉന്നതമാമൊരു പാറമേലാഞ്ഞല-
ച്ചൊന്നൊടതയ്യോ ചിതറിത്തെറിച്ചുപോയ്!
പൊങ്ങിയിരമ്പിപ്പുളയും തിരകളിൽ
മുങ്ങിത്തുടിച്ചു കുഴഞ്ഞു സദാഗരൻ!
ഉപ്പുവെള്ളംകുടിച്ചല്ലലും ഭീതിയു-
മുൾപ്പുക്കുനീന്തിത്തളരുമവനൊടായ്
ചൊന്നാനശരീരി:-"നീയിനിയെങ്കിലും-
വന്ദിക്ക സാദരം മാനസാദേവിയെ!"
"ഇല്ല. മരിക്കുവാൻ സന്നദ്ധനാണു ഞാൻ"
ചൊല്ലിനാൻ ലേശം കുലുക്കമില്ലാതവൻ!-
അക്കൊടുംകാറ്റൊട്ടടങ്ങീ, മരിക്കാതെ
പുക്കാനൊരു കടൽത്തീരത്തു ചന്ദ്രനും
പ്രാണന്നപായം ഭവിക്കാതണഞ്ഞതു
"മാണിക്യശൈലത്തി" ലാണാമഹാരഥൻ
'ചന്ദ്രകേതു' തി പ്രശസ്തനായുള്ളൊരു
മന്നവനാണന്നതിന്നധിനായകൻ
തന്നുത്തമാത്മ സുഹൃത്താം നരേന്ദ്രനെ-
ച്ചെന്നുകണ്ടെല്ലാം പറഞ്ഞു സദാഗരൻ
എന്തിനും സന്നദ്ധനായ് സ്വയമന്നൃപൻ
സന്തോഷപൂർവ്വം വരിച്ചാനതിഥിയെ.
അല്ലലേതാണ്ടൊന്നടങ്ങി, പ്രശാന്തമാ-
യുല്ലസിച്ചാനവൻ രാജധാനിക്കകം.
ചെറ്റുനാളേവം കടന്നുപോയ്-പെട്ടെന്നു
മറ്റൊരുമാറ്റം ഭവിച്ചിതാകസ്മികം.
മാനസാദേവിതൻ ഭക്തരിലേകനാ-
ണാനരപാലനാവൃത്തം ധരിക്കയാൽ
ആതിത്ഥ്യമെല്ലാമുപേക്ഷിച്ചു പിന്നെയു-
മാദിക്കിലങ്ങിങ്ങലഞ്ഞു വണിഗ്വരൻ.
മാറാപ്പുമാർന്നൊരു യാചകനായ് സ്വയ-
മേറെനാളേവം കഴിച്ചിട്ടൊരുദിനം,
ചെന്നാനവനൊരുകർഷക മന്ദിരം
തന്നിൽ, കൃഷിപ്പണിചെയ്തു ജീവിക്കുവാൻ!
സമ്മതംനൽകീ കൃഷീവലൻ-രാപകൽ
കർമ്മപ്രസക്തനായ് വാണിതീ വർത്തകൻ
ഉദ്ധതയാകുമാ മാനസാദേവി തൻ
ക്രിത്രിമക്കൈകൽതുടർന്നു ഹാ പിന്നെയും
ബുദ്ധിക്കുമാറ്റംഭവിച്ചൂ-സദാഗര-
നിദ്ധ ദുര്യോഗമണഞ്ഞൂ തെരുതെരെ-
കൊയ്യാനയച്ചൽ, കിളയ്ക്കുവന്തോന്നിടും
കൊയ്യുവാന്തോന്നും, കിളയ്ക്കാനയയ്ക്കുകിൽ!
ഞാറുനട്ടിടും, വരമ്പുവെട്ടാൻപോകിൽ
ഞാറുനടാനെങ്കിൽ, വെട്ടും വരമ്പുകൾ!
നെല്ലുകുത്തീടി, ലരിയൊക്കെയും തീയി-
നുള്ളിലിട്ടീ, ട്ടുമി വെച്ചുവേവിച്ചിടും!
ത്ലാവിട്ടുതേകുവാൻ കാളയോടോതിടും
ത്ലാവിന്റെ തണ്ടിൽ കലപ്പബന്ധിച്ചിടും!
എന്തി, ന്നൊരു വെറും ഭ്രാന്തനെപ്പോലവ-
നെന്തസംബന്ധവും കാണിക്കുമെപ്പൊഴും!
ആകയാൽ തല്ലിയോടിച്ചിതക്കർഷകൻ
ഹാ, കഷ്ട, മന്നക്കൊടും മന്ദഭാഗ്യനെ!
പിന്നെയും തെണ്ടിയലഞ്ഞുനടന്നിതു
മുന്നെക്കണക്കൊരു ഭിക്ഷുവെപ്പോലവൻ!!...
രണ്ടാം ഭാഗം
1
വിന്ധ്യ്യചലത്തിലന്നുജ്വലവാസന്ത-
സന്ധ്യാവിലാസങ്ങൾ നൃത്തമാടി.
മൊട്ടിട്ടുമൊട്ടിട്ടു നിൽക്കും മരങ്ങളെ-
ത്തൊട്ടുഴിഞ്ഞെത്തും മരുൽകിശോരൻ
ആ മഞ്ജൂകാനന രംഗം മുഴുവനൊ-
രാമോദധാരയിൽ മഗ്നമാക്കി
ആടലശേഷവും തേടിടാതാദരാ-
ലാടിക്കുണുങ്ങി ലതാവലികൾ
പാടിപ്പറന്നു നടനു പതത്രികൾ
കോടരപാളിയിൽ ചേക്കുപൂകി.
സിംഹശാർദ്ദൂലങ്ങൾ കന്ദരമന്ദിര-
സംഹതി വിട്ടു പുറത്തിറങ്ങി.
അഞ്ചിതകാന്തി പൊഴിച്ചു വിൺമ്മേടയിൽ
പഞ്ചമിച്ചന്ദ്രനുദിച്ചു പൊങ്ങി
മിന്നിത്തിളങ്ങിസുരപഥവീഥിയിൽ
കണ്ണഞ്ചും കാഞ്ചന താരകങ്ങൾ.
വിൺമുട്ടു മുത്തുംഗ ശൃംഗരംഗങ്ങളിൽ
വെൺമുകിൽച്ചാർത്തുകൾ വന്നുതിങ്ങി
കമ്പിതപാദപ ച്ചില്ലകളോരോന്നു-
മൻപാർന്നു സമ്മതമേകുകയാൽ
സാനന്ദം താഴേയ്ക്കു പോരുവാൻ സാധിച്ചോ-
രേണാങ്കരശ്മികളാകമാനം
അക്കാനനത്തിൻ തമോമണ്ഡലത്തിലൊ-
രത്ഭുതലോകം തുറന്നുകാട്ടി.
ആയിരമായിരം മായികച്ഛായക-
ളായത്തമാക്കിയോരാ വനാന്തം
ഭാവനാതീതമാം ഭാസുരദീപ്തിയും
ഭാവഗാംഭീര്യവും ചേർന്നതായി
അപ്പത്മവാപിയിൽ നീരാടിക്കൊണ്ടതാ
നിൽപൂ രണ്ടപ്സര കന്യകകൾ.
ജാതാനുമോദ വികസിതചിത്തങ്ങൾ
ജാതരൂപോജ്വല വിഗഹങ്ങൾ!
നീലക്കാർകൂന്തൽ വിതുർത്തുകൊണ്ടങ്ങനെ
ലാലസിച്ചീടുമവർക്കു മുന്നിൽ
കാണായി മിന്നൽപോൽ പ്രത്യക്ഷയാവതാ-
മാനസാദേവി മനോഹരാംഗി.
അപ്സരകന്യകാഹസ്താഗമക്ഷണ-
മബ്ജമുകുള യുഗളമായി!
"സ്വാഗത, മംബികേ, സാദരമിങ്ങേവ-
മാഗതയാകുവാനെന്തു ബന്ധം?
സന്താപമെന്തുതേ, സന്നദ്ധർ ഞങ്ങളി-
ന്നെന്തു ചെയ്തീടാനു, മോതിയാലും"
ആദരപൂർവ്വകമീ മൊഴികേട്ടുടൻ
മോദേന ദേവി തഥിച്ചിതേവം:-
"മിത്രങ്ങളേ, മിങ്ങളിക്കൂട്ടുകാരെയെ-
സദ്രസമിന്നു തുണച്ചിടേണം.
ചന്ദ്രസദാഗരനെന്നൊരു വർത്തകൻ
സന്താപമെന്നിൽ വളർത്തിടുന്നു.
ഹാ, മെന്മേൽ യത്നിച്ചു നോക്കിയവനെ ഞാൻ
മാമകോപാസകനാക്കി മാറ്റാൻ
ശങ്കരാരാധകനാമവന്നില്ലൊരു
ശങ്കയുമെന്നെ ത്തിരസ്ക്കരിക്കാൻ!
2
തപ്തപ്രതികാര വാൻഛയാലീവിധം
പിച്ചുപിടിച്ചു നടപ്പു ഞാനും.
എമ്മട്ടിലെങ്കിലും നിങ്ങളിന്നൊത്തുചേർ-
ന്നെന്നെത്തുണയ്ക്കണം തോഴിമാരേ!"
ആവിലഭാവത്തിലീവിധമോതിയ
ദേവിയെ സ്സാന്ത്വനം ചെയ്തശേഷം
അപ്സരകന്യകളോതിനാർ, "ജീവനു-
മർപ്പണം ചെയ്യാമിതിന്നു ഞങ്ങൾ.
കൽപിക്കുകംബികേ, ചെയ്യേണ്ടതെന്തെന്നു
സസ്പൃഹം, ഞങ്ങളൊരുങ്ങി നിൽപൂ!"
തെല്ലൊന്നു ചിന്തിച്ചിട്ടുല്ലാസ വായ്പാർന്നു
ചൊല്ലിനാൾ ദേവിയുമിപ്രകാരം:-
"നിങ്ങളിലൊരാൾ ചെന്ന സ്സദാഗരൻ
തന്നാത്മജനായ് ജനിച്ചിടേണം.
'സാഹ' നെന്നുണ്ടൊരു വർത്തക, നത്യന്ത-
സ്നേഹിതനായവനപ്പുരിയിൽ.
ആ വിത്തനാഥന്റെ പുത്രിയായ് തീരുവാൻ
പോവണം നിങ്ങളിൽ മറ്റൊരുത്തി.
കാലമായീടുമ്പോൾ കൂട്ടിയിണക്കുവൻ
ചേലിൽ ഞാൻ നിങ്ങളിരുവരേയും!
എന്നിട്ടതിങ്കൽനിന്നുഗവിപത്തുക-
ളൊന്നിനൊന്നായവനേകിടാം ഞാൻ
ഇണ്ടലിൻ കണ്ടകച്ചാർത്തിലജ്ജീവിതം
വിണ്ടുവിണ്ടങ്ങനെ ചോര വാർക്കും
അക്കാഴ്ചയങ്ങനെ നോക്കി നോക്കി സ്വയ-
മുൾക്കുളിരാർന്നു ഞാനുല്ലസിക്കും
അമ്മട്ടിലാകുമ്പോളക്കൊറ്റും കശ്മലൻ
ചെമ്മേവന്നെൻ കാൽപിടിച്ചുകൊള്ളും!
നിശ്ചയമാണതു, നിങ്ങളിന്നാകയാൽ
സദ്രസം പോവിനെൻ തോഴിമാരേ!!"
മുന്നിൽക്കൈ കൂപ്പിസ്സമുല്ലസിച്ചീടുമാ-
ക്കന്യകാ യുഗ്മത്തിൻ മൗലികളിൽ
പുഷ്പങ്ങൾ വർഷിച്ചനുഗഹിച്ചങ്ങവർ-
ക്കുൾ പ്രീതിചേർത്തവൾ യാത്രയാക്കി!
* * *
3
പോയിക്കഴിഞ്ഞിരുപതു വർഷങ്ങൾ
മായാസമുദ്രത്തിൻ ബുൽബുദങ്ങൾ
സന്താപലേശവുമേൽക്കാതെ മേൽക്കുമേൽ
ചന്ദ്രസദാഗരനുല്ലസിപ്പൂ!
ഇന്നവനുണ്ടൊരു നന്ദനനത്യന്ത
സുന്ദരൻ ലക്ഷ്മീന്ദ്രനാമധേയൻ.
വീരൻ, വിപുല പ്രതാപവാ, നാഹവ-
ശൂരൻ, സകലകലാനിപുണൻ!
ഓമൽ തന്നയനനുയോജ്യയാമൊരു
കോമളാപാംഗിയെ നോക്കി നോക്കി
അന്നവ, നെങ്ങുമേ കാണാ, തവസാനം
വന്നിതു സാഹന്റെ മന്ദിരത്തിൽ!
അത്ഭുത, മെന്തുതാൻ കാണ്മതു മുന്നിലൊ-
രപ്സരകന്യകയല്ലയല്ലീ?
എന്തിതുർവ്വശീ, നീ തനിച്ചീവിധ-
മെന്തിനീ മന്നിലേയ്ക്കാഗമിച്ചൂ?
ഹന്ത, നിൻ നന്ദനാരാമത്തെക്കൈവെടി-
ഞ്ഞെന്തിങ്ങു പോന്നതെൻ മേനകേ നീ?
കഷ്ടം തിലോത്തമേ, വിണ്ണിലശേഷവു-
മിഷ്ടമില്ലേ നിനക്കുല്ലസിക്കാൻ?
വാനവർ നായക നാടകശാലയിൽ
കാണികളില്ലാതായ് തീർന്നോ രംഭേ?
നിങ്ങളിൽ, നിങ്ങളിലാരാണീ മോഹിനി
നിഹ്നുത ജ്യോതിർ നിചോളമേനി?
വിശ്വസിച്ചീടുവാനായീലവനു തൻ
വിഹ്വലനേത്ര യുഗത്തെയൊട്ടും!
ആരാണാമോഹിനി?-സാഹന്റെ നന്ദിനി
പാരിലുള്ളേക സൗന്ദര്യറാണി!!
4
തമ്മിൽപറഞ്ഞു പരിണയനിശ്ചയം
ചെമ്മേ നടത്തിയ സ്നേഹിതന്മാർ!
കന്യാമണിയാം 'ബകുള'യെ വേൾക്കുവാൻ
ധന്യനാം ലക്ഷ്മീന്ദ്രൻ സമ്മതിച്ചു.
എല്ലാമൊരുങ്ങിക്കഴിഞ്ഞവാറീവിധം
ചൊല്ലിനാർത്തമ ജ്യൗതിഷികൾ:-
"ശ്രീലപരിണയശേഷ, മാ രാത്രിയിൽ
കാളസർപ്പത്തിന്റെ ദംശനത്താൽ
മൃത്യുവശഗനായ് തീർന്നിടും ലക്ഷ്മീന്ദ്ര-
നെത്രമേലാരൊക്കെ നോക്കിയാലും"
ആകുലചിത്തനായ് തീർന്ന സദാഗരൻ
ഹാ കഷ്ടമീവൃത്തം കേട്ടമൂലം!
ഓമൽപ്രണയിനി കാണിക്കും നിർബ്ബന്ധ-
സീമയെപ്പാടേകവച്ചു വെയ്ക്കാൻ
ആകാതൊടുവിൽ പരിണയസമ്മത-
മേകിനാനപ്പുമാനാത്തതാപം.
5
കാരിരുമ്പിന്റെ കനത്തതകിടുക-
ളോരോന്നുമീതയ്ക്കു മീതെയായി,
ഒന്നിച്ചടുക്കി വിളക്കി വിടവൽപം
വന്നിടാതാലയ മൊന്നു തീർക്കാൻ
ശിൽപപ്രവര രിലഗിമനേകനെ-
ക്കൽപിച്ചുനിർത്തി സദാഗരനും
ഒറ്റത്തലമുടിനാരു കടക്കാനും
പറ്റാത്ത ദുർഗ്ഗമൊന്നാരചിക്കിൽ
എമ്മട്ടതിനകത്തെത്തിടും സർപ്പങ്ങ-
ളെന്നു ചിന്തിച്ചവനാശ്വസിച്ചു.
എന്നല്ല ക്കോട്ടതൻ ചുറ്റും വരിവരി
നിന്നിതങ്ങൂരിയ വാളുമായി,
രാവുമ്പകലുമിടവിടാതങ്ങനെ
കാവലായായിരം കിങ്കരന്മാർ.
ചുറ്റുമുള്ളാരാമ വീഥിയിലൊട്ടുക്കു-
വിട്ടാരനേകം മയിലുകളെ!
പോരെങ്കിലാജന്മ സർപ്പശത്രുക്കളാം
കീരികളേയുമഴിച്ചുവിട്ടു.
കിങ്കരന്മാർ സദാ വെള്ളൂള്ളിച്ചാറെടു-
ത്തങ്കണത്തിങ്കൽ തളിച്ചുനീളേ!
സർപ്പവിഷത്തെത്തടുത്തു നിർത്തീടുവാൻ
കെൽപുള്ളൊരായിര മൗഷധങ്ങൾ.
ആയസ ദുർഗ്ഗമതിങ്കലാ വർത്തക-
നാമയംകൂടാതെ സംഭരിച്ചു.
ഇവകയത്നങ്ങൾകണ്ടിട്ടു മാനസാ-
ദേവിയ്ക്കുചുണ്ടിൽ ചിരിപൊടിച്ചു.
മൂന്നാം ഭാഗം
1
പലനാളായാശിച്ചൊടുവിലന്നാ-
പ്പരിണയരംഗവും വന്നുചേർന്നു.
കുതുകമ്പൊടിച്ച മനസ്സുമായി-
പ്പുതുമണവാളനണിഞ്ഞൊരുങ്ങി!
സഹചരന്മാരാം സുഹൃൽജ്ജനങ്ങൾ
സകലസൗഭാഗ്യവും നേർന്നുമേന്മേൽ!
പ്രകൃതിയിലൊട്ടുക്കൊരുന്മദത്തിൻ
പ്രകടനപ്രകാശം വഴിഞ്ഞുലാവി.
തനയന്റെ വൈവാഹികോത്സവത്തിൽ
ജനകന്റെ ചിത്തം നിറഞ്ഞൊഴുകി
തനയന്റെ കല്യാണകൗതുകത്തിൽ
ജനനിതൻ മാനസം നൃത്തമാടി!
പുളകാങ്കുരങ്ങൾ തൻ പൂർണ്ണിമയിൽ
പുതുമണവാട്ടിയണിഞ്ഞൊരുങ്ങി.
സരസകൾ സല്ലാപലോലുപകൾ
സഖികൾ, സൗഭാഗ്യങ്ങൾ നേർന്നുമേന്മേൽ!
ഭുവനത്തിലൊട്ടുക്കൊരുത്സവത്തിൻ
സവിലാസസ്മേരം തളിർത്തുമിന്നി
തനയതൻ വൈവാഹിക്കൊത്സവത്തിൽ
ജനകന്റെ ചിത്തം നിറഞ്ഞൊഴുകി.
തനയതൻ കല്യാണകൗതുകത്തിൽ
ജനനിതന്മാനസം നൃത്തമാടി.
സുരലോകംവിട്ടു പറന്നണയും
സുരഭിലസ്വപ്നങ്ങൾ മാറിമാറി
വരനും വധുവിനും ഭാവനയിൽ
വളർമഴവില്ലുകൾ കോർത്തിണക്കി!
അവയെത്തഴുകിയ ചേതനക-
ളനുപമനിർവൃതി സംഭരിക്കെ
അവരതാകല്യാണ മണ്ഡപത്തി-
ലപഹൃതചിത്തരായുല്ലസിപ്പൂ!
കവിയുടെ കൽപന വൈഭവത്തെ-
ക്കവനപ്രചോദന മെന്നപോലെ
കമനീയകാന്തികൾ ചേർന്നിണങ്ങി-
ക്കരപടം കോർത്തവരുല്ലസിപ്പൂ!
ഒരുമാത്ര മാത്രമാണെങ്കിലെന്ത-
പ്പരമമുഹൂർത്തത്തിൻ കാൽച്ചുവട്ടിൽ
കവിതയിൽ മുങ്ങിക്കുളിർത്തുപൊങ്ങി-
ക്കതിരിട്ടുനിൽപതെന്താത്മഹർഷം!
2
മധുരസങ്കൽപങ്ങൾ പൂത്തുനിൽക്കും
മധുവിധുരാത്രിയും വന്നുചേർന്നു.
മദനോപമാംഗൻ മനോജ്ഞശീലൻ
മലരണിമെത്തയിൽ വിശ്രമിപ്പു
അരികത്തു നാണം കുണുങ്ങിയോമ-
ലവനതമൗലിയായുല്ലസിപ്പൂ.
* * *
ഒരുഞൊടിക്കുൾലിൽ സുഷുപ്തിമൂലം
തരുണനു കൾകളടഞ്ഞുപോയി
കുതുകമർന്നോരോന്നു സല്ലപിക്കാൻ
മുതിരുമ്പോഴേ, യ്ക്കാമിഴിയിണയിൽ
അവിചാരിതമായരഞൊടികൊ-
ണ്ടെവിടുന്നോ സുഷുപ്തിപറന്നണഞ്ഞു.
* * *
മുറിയിൽ, നടുവിൽ, നിലവിളക്കിൽ
നറുനെയ്യിൽ കത്തുന്ന കൈത്തിരികൾ
കതിർപാകും മഞ്ചത്തിൽ, തന്നരികിൽ
കമിതാവുറങ്ങിക്കിടപ്പു മുന്നിൽ!
അകളങ്കസ്നേഹമാർന്നപ്പദങ്ങൾ
ബകുളയ്ര്ടുത്തു മടിയില്വെച്ചു!
അവളതിലാനന്ദലോലുപയാ-
യരുണാധരങ്ങളാലുമ്മവെച്ചു.
തലയൊന്നുയർത്തവേ, തയ്യലാളിൻ
തനുവല്ലി പാടേ വിറച്ചുപോയി!
ഒരു ഘോരസർപ്പം, ചുമരിറങ്ങി,
വരികയാണയ്യോ ഫണം വിടുർത്തി
അവൾ പിടഞ്ഞേറ്റു, തൻ പ്രാണനാഥ-
നരുളുവാനായ് വെച്ചിരുന്ന പാലിൽ
കുറെയൊരു പൊൽതാലത്തിങ്കൽ വീഴ്ത്തി
വിരവൊടസ്സർപ്പത്തെ സ്സൽക്കരിച്ചു.
നറുപാൽകുടിച്ചു ഫണിപ്രവരൻ
മരുവുന്നൊരാനല്ല ലാക്കുനോക്കി,
ഒരുകുടുക്കുണ്ടാക്കി തങളത്തിൽ
ത്വരിതമിട്ടു വരിഞ്ഞുകെട്ടി.
ഇഴയുവാനേകാത്ത മാതിരിയി-
ലഴിയാതെ കട്ടിലിൻ കാലിൽകെട്ടി!
ഒരുമാത്രനേരം കഴിഞ്ഞനേരം
പരവായി പിന്നെയും മറ്റൊരുത്തൻ
അതിനേയുമാവിധം ബന്ധനം ചെ-
യ്തളവിൽ മൂന്നാമനപരനെത്തി!
അവനേയും വിട്ടില്ലതയ്യലേവം-
മവനെയും ബന്ധിച്ചടക്കിനിർത്തി
അതുനേരം പെട്ടെന്നു നിദ്രവന്നി-
ട്ടവളുമാമഞ്ചത്തിൽ വീണൂറങ്ങി!
സകലതും ഭദ്രം-പ്രശന്തം-അയ്യോ !
സതി, നിന്റെ ജീവിതം ശൂന്യമായ്
അതിഘോരനാമൊരു കാളസർപ്പം
പ്രതിവിധിയില്ലിനി-ശ്ശാന്തം പാപം!
നാലാം ഭാഗം
1
പിറ്റേന്നുരാവിലാമന്ദിരത്തി,
ലൊട്ടുക്കു കേൾക്കായ് നിലവിളികൾ!
അപ്പത്തനത്തിനകത്തശേഷം
സർപ്പം കടക്കുവാനില്ല മാർഗ്ഗം
അത്തയ്യലാളിൻ കഠോരമാകും
ക്ഷുദ്രപ്രയോഗത്തിലായിരിക്കാം
അത്യന്തദാരുണമാം വിധത്തിൽ
മൃത്യുവണഞ്ഞതാ മോഹനാംഗൻ
ചുറ്റും നിറഞ്ഞബന്ധുക്കളേവം
കുറ്റപ്പെടുത്തി യാബാലികയെ.
വേഗമെണീറ്റവളായവരെ
നാഗത്രയത്തെ വിളിച്ചുകാട്ടി
അക്കാഴ്ച കാൺകെ നടുക്കമാർന്നൊ-
രുൾക്കമ്പിലെല്ലാർക്കും ബോധ്യമായി.
2
സർപ്പദംശത്താൽ മരിച്ചവരെ-
സ്സംസ്കരിക്കില്ലപ്പുരിയിലാരും
ചങ്ങാടമൊന്നിൽ വെച്ചാഴിയിങ്ക-
ലെങ്ങാനൊഴുക്കുകയാണു ചട്ടം.
വല്ലകാലത്തും വിദഗ്ദ്ധനാകും
വല്ല ഭിഷഗ്വരൻ കണ്ടുമുട്ടാം
തന്മന്ത്രശക്തിയാലജ്ജഡത്തിൽ
പിന്നെയും ജീവൻ കിളിർത്തുപൊങ്ങാം.
ഇമ്മട്ടിലുള്ള വിശ്വാസമേക-
മന്നജ്ജനതയിൽ കണ്ടിരുന്നു.
3
ആഴിപ്പരപ്പിലൊഴുക്കുവാനാ-
യാമൃത വിഗഹമാനയിക്കെ
തത്സമീപത്തായ് ബകുളയും ചെ-
ന്നുത്സുകയായിട്ടിരിക്കയായി.
വിട്ടുമാറില്ല താൻ വല്ലഭനെ-
ത്തിട്ടമായിട്ടവൾ തീർപ്പുചൊല്ലി!
താതമാതാക്കളും ബന്ധുക്കളും
ജാതതാപം കേണിരക്കുകിലും
ചങ്ങാടം കൈവിട്ടിറങ്ങുവാനാ-
മംഗളാപാംഗി മുതിർന്നതില്ല.
ഏവമലയാഴിതന്നകത്തേ-
യ്ക്കാവധൂരത്നമൊലിച്ചുപോയി!
തുംഗതരംഗങ്ങളാർത്തുപൊങ്ങി-
ച്ചങ്ങാടമമ്മാനമാട്ടിയാട്ടി
മുന്നോട്ടു മുന്നോട്ടുപോകവേ-ഹാ
കണ്ണീരിൽമുങ്ങി കരയ്ക്കു നിൽപോർ!
ചന്ദ്രസദാഗരൻ ഭ്രാന്തനെപ്പോൽ
ക്രന്ദനം ചെയ്കയായ് ദീനദീനം
സാഹന്റെ മാനസം വെന്തുരുകി
ഗഹത്തിലൊട്ടുക്കിരുട്ടുമൂടി
4
ദിനമോരോന്നേവം കടന്നുപോയി
കനകാംഗിമേന്മേലവശയായി!
പ്രിയതമ നിർജ്ജീവഗാത്രമെന്നാൽ
സ്വയമഴുകീലൊരു ചെറ്റുപോലും
അതുലേശം ചീയ്യാതിരിക്കുവാനാ-
യലിവാർന്നു മാനസാദേവി നോക്കി.
അവളുടെ നിസ്തുലാനുഗഹത്താ-
ലതു മുന്നേപ്പോലെ തെളിഞ്ഞുമിന്നി
മിഴിയടയ്ക്കാതശ്ശവശരീരം
തഴുകിക്കൊണ്ടോമൽ കരഞ്ഞുവാഴും
പലപോതും കാണാമവൾക്കുമുന്നിൽ
പലവിധസ്വപ്നങ്ങൾ, ഭീതിദങ്ങൾ
അതിനിടയ്ക്കാകാശ ദേവതക-
ളരികിൽ പറന്നു വരുന്നതായും
അതുലപ്രോത്സാഹനം കൊണ്ടവളി-
ലതിരെഴാതാമോദം ചേർപ്പതായും
പലപല പൊന്നിൻ കിനാവുകളും
പരിചോടവൾക്കു ലഭിച്ചിരുന്നു.
കമനനു ജീവൻ തിരിച്ചുകിട്ടാൻ
കരളഴിഞ്ഞർത്ഥിച്ചു കമ്രവേണി!!
ഒരു വത്സരം കഴിഞ്ഞന്നൊരിക്കൽ
കരപറ്റിച്ചങ്ങാടം തങ്ങിനിന്നു.
അവിടെത്തരംഗിണിയൊന്നണഞ്ഞി-
ട്ടലയാഴിയോടൊത്തു ചേർന്നിരുന്നു.
പുഴവക്കിൽ വസ്ത്രം നനച്ചുകൊണ്ടൊ-
രഴകേലുമംഗന നിന്നിരുന്നു.
അവൾതൻ മുഖത്തിങ്കൽ നിന്നു ചുറ്റു-
മനുപമരശ്മികൾ വാർന്നിരുന്നു.
അനവദ്യതേജസ്സിൽ മുങ്ങിനിൽക്കു-
മവളൊരു ദേവതയായിരുന്നു.
അവളുടെ ചാരത്തു ബാലനേക-
നനുപമസുന്ദരൻ നിന്നിരുന്നു.
അവനാ നനച്ചിട്ട വസ്ത്രമെല്ലാ-
മടവിലെടുത്തു വലിച്ചെറിഞ്ഞു.
അതുകണ്ടു കോപിച്ചത്തന്വിവന്നി-
ട്ടവനെപ്പിടിച്ചു ഞെരിച്ചുകൊന്നു.
വെയിലേറ്റ താമരപ്പൂവുപോലെ-
വിളറി മരവിച്ചൊരജ്ജഡത്തെ
പുഴവക്കിലിട്ടിട്ടു തന്വിവീണ്ടും
പഴയപോൽ ജോലി തുടരുകയായ്.
5
അരുണൻ മറഞ്ഞു, തൻ ജോലിയെല്ലാ-
മവസാനിച്ചപ്പോളക്കോമളാംഗി
പരിചിൽ കുറച്ചു ജലമെടുത്താ-
ചെറുപൈതലിന്റെ മുഖത്തുവീഴ്ത്തി!
ഉടനവൻ ചിരിച്ചുകൊണ്ടേറ്റു വീണ്ടും.
ഇതുകണ്ടുവേഗം ബകുളചെന്ന-
സ്സുതനുവിൻ പാദത്തിൽ വീണുകേണു
മൃതനായ നാഥനു ജീവനേകാ-
തതിദീനമർത്ഥിച്ചു പേർത്തും പേർത്തും
അവളാത്തമോദം ബകുളയേക്കൊ-
ണ്ടാമരലോകത്തേയ്ക്കു യാത്രയായി!
ഉന്നിദ്രമോദം ബകുളയവളൊത്തു
കിന്നരലോകത്തിൽ ചെന്നുചേർന്നു.
ചിത്തസംതൃപ്തരായ് ദേവകളോമലിൻ
നിസ്തുല നർത്തനനൈപുണിയിൽ.
മൃത്യുവശഗനാം നാഥന്റെ ജീവിതം
പ്രത്യുദ്ധരിക്കുമെന്നാശമൂലം
തുള്ളിത്തുളുമ്പിയവളുടെ മാനസം
വെള്ളാമ്പൽ വെണ്ണിലാവേറ്റപോലെ!
കാണായിപെട്ടെന്നക്കിന്നരസംഘത്തിൽ
കാലുഷ്യമാർന്നെഴും മാനസയെ
"സമ്മതിക്കില്ല ഞാൻ സമ്മതിക്കില്ല ഞാൻ
സംശയിക്കേണ്ടിതിൽ ദേവകളേ!
പാരാതെ ചന്ദ്രസ്ദാഗരൻ മന്നിലെ-
ന്നാരാധകനായിത്തീരുവോളം
ഇമ്മർത്യജീവിതം പ്രത്യുദ്ധരിക്കുവാൻ
സമ്മതിക്കില്ല ഞാൻ ദേവകളേ!"
ഈവിധം മാനസാദേവിതൻ വാക്കുക-
ളാവിർഭവിച്ചപ്പോളാർത്തയായി
ഓതിബകുളയും ധീരസ്വരത്തിങ്ക-
ലേതും കുലുങ്ങിടാതിപ്രകാരം:-
"കൈയേറ്റിടുന്നു ഞാനക്കാര്യമംബികേ
ചെയ്യരുതൊന്നു മനർത്ഥമെന്നിൽ!
ചന്ദ്രസദാഗരൻ താവകസേവകൻ
മന്ദിരത്തിങ്കൽ ഞാൻ ചെന്നുചേർന്നാൽ!
എൻപ്രാണനാഥനു ജീവനേകീടുകെ-
ന്നംബികേ, നിൻപാദം കൂപ്പുന്നു ഞാൻ!
താവക കാരുണ്യമില്ലാതെയെങ്ങിനെ
ജീവികളാം ഞങ്ങൾ വാഴും മന്നിൽ?
"എങ്കില, ച്ചെങ്ങാടത്തിങ്കൽ നീ ചെന്നാലും
നിൻ കാന്തൻ നിന്നെയും കാത്തിരിപ്പൂ!"
ആനന്ദലോലയാ യാമോഹനാംഗിയു-
മാനതമൗലിയായ് കൈകൾ കൂപ്പി!!
* * *
ദമ്പതിമാരവർ വീണ്ടുമണഞ്ഞപ്പോൾ
സമ്പ്രീതരായിച്ചമഞ്ഞിതാരും!
സുന്ദരിയാകും ബകുളതന്നർത്ഥന
ചന്ദ്രസദാഗരൻ സ്വീകരിച്ചൂ!
മാനസാദേവിതൻ സേവകനായവ-
നാനന്ദമുൾച്ചേർന്നുലാലസിച്ചൂ!
മാനവരത്നമവനേവം ചെയ്കയാൽ
മാനസാദേവിയനുഗഹിച്ചു!
പൊയ്പ്പോയസമ്പത്തഖിലവും കൈവന്നു
കഷ്ടകാലങ്ങൾ പറന്നകന്നു.
ലക്ഷ്മീന്ദ്രനാത്മാധി നാഥയോടൊന്നിച്ചു
സ്വപ്നാനു ഭൂതികളാസ്വദിച്ചു!
അക്കാഴ്ചകണ്ടു കണ്ടാനന്ദദീപ്തിയൊ-
ന്നഷ്ടാശകളിലും സംക്രമിച്ചു!