ലീലാങ്കണം/മിന്നൽപ്പിണർ

(മിന്നൽപ്പിണർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(മഞ്ജരി)

മന്നിനും വിണ്ണിനും മാണിക്യദീപമേ,
മിന്നുക; മിന്നുക, മിന്നലേ നീ!

വാർഷികശ്രീ വന്നു വാനിനയയ്ക്കുമാ-
കർഷകാപാംഗകടാക്ഷംപോലെ.

സന്ധ്യാവധൂടിതൻ സാരിയിൽ മിന്നുന്ന
ബന്ധുരപ്പൊൻകസവെന്നപോലെ-

ആകാശമേൽപ്പാവിലാലോലരമ്യമായ്
പാകുമലുക്കുകളെന്നപോലെ-

വ്യോമനീർപ്പൊയ്കയിലപ്പപ്പോൾജാതമാ-
മോമൽതരംഗങ്ങളെന്നപോലെ-

തഞ്ചിടുംകാർമുകിൽതന്നിൽ പടർന്നിടും
കാഞ്ചനവല്ലിപ്പടർപ്പുപോലെ-

ലാവണ്യലേശമേ, നീയുദിച്ചീടുമ്പോൾ
മേവുന്നൂ മേദിനി മോദപൂർവ്വം!

മന്നിനും വിണ്ണിനും മാണിക്യദീപമേ
മിന്നുക മിന്നുക മിന്നലേ നീ!

ആനന്ദകന്ദമേ! നിന്നെ നോക്കുമ്പോഴെൻ
മാനസമെന്തേ തുടിച്ചീടുന്നൂ?

ഓമനയാളുടെയാമലർമെയ്യിൽ നിൻ
കോമളിമാവല്പം ചേർന്നിരിക്കാം!

ചാമ്പലായ്ത്തീർന്നോരച്ചാരുത കാണ്മതും
ചെമ്പൊൽപ്രഭയോലും നിന്നിൽമാത്രം!

മൂലമതൊന്നല്ലോ നീയുദിച്ചീടുമ്പോൾ
മാലിനെൻമാനസം പങ്കുവയ്പാൻ!

ആരമ്യവിഗഹമോർമ്മവരുത്തിടാ-
നായിരിക്കാം നീയണഞ്ഞതിപ്പോൾ.

മന്മനോനാഥ മറഞ്ഞുപോ, യിന്നിമേൽ
നിന്മേനി കണ്ടു ഞാനാശ്വസിക്കാം!

മായായ്ക മിന്നലേ!-മാനത്തിൻമാറിൽ നീ
മായായ്കിൽ മന്മനം ശാന്തമായീ.

"https://ml.wikisource.org/w/index.php?title=ലീലാങ്കണം/മിന്നൽപ്പിണർ&oldid=23174" എന്ന താളിൽനിന്ന് ശേഖരിച്ചത്