യേശുനാഥാ നീതിസൂര്യാ (ക്രിസ്തീയ കീർത്തനം)

രചന:സാധു കൊച്ചുകുഞ്ഞുപദേശി

യേശുനാഥാ! നീതിസൂര്യാ!
ഏകണം നിന്നാത്മദാനം
ദാസരിലീസമയത്തിൽ നാഥനേ!
സർവ്വമാലൊഴിച്ചു ദിവ്യദാനം നൽകുക

ഇന്നു നിന്റെ സന്നിധിയിൽ
വന്നിരിക്കും ഞങ്ങളെ നീ
നിന്റെ ദിവ്യാശിഷം നൽകി പാലിക്ക
സർവ്വമായ ചിന്ത ദൂരെ നീക്കികാക്കുക!

ഇത്രനാളും നിൻകൃപയെ
വ്യർത്ഥമാക്കിത്തീർത്തുപോയേ
അത്തലെല്ലാം നീക്കി നീ കൈ താങ്ങുക
നിന്റെ സത്യബോധം ഞങ്ങളിൽ നീ നൽകുക!

ആത്മദാതാവായ നിന്നെ
സ്വന്തമാക്കിത്തീർത്തിടുവാൻ
ആത്മദാഹം ഞങ്ങളിൽ നീ നൽകുക
സർവ്വ സ്വാർത്ഥചിത്തം ദൂരേ നീക്കി കാക്കുക

നിന്റെ സ്നേഹമറിഞ്ഞിട്ടു
നിന്നെ സ്നേഹിപ്പതിനായി
സ്നേഹഹീനരായവരിൽ വേഗമേ
നിത്യ സ്നേഹരൂപനായ നിന്നെ കാട്ടുക!

നീ പൊഴിക്കും തേന്മൊഴികൾ
ഞങ്ങളുള്ളിലാക്കിടുവാൻ
പാരംകൊതി നൽകീടേണം ദൈവമേ
എല്ലാം ചെയ്തുനല്ല ദാസരായിത്തീരുവാൻ

നല്ല പങ്കായുള്ളതിനെ
ഞങ്ങളെല്ലാമെടുത്തീടാൻ
നല്ലദാനമടിയാർക്കു നൽകണം
ആരും വ്യർത്ഥമായിപ്പോയിടല്ലേ ദൈവമേ!

"https://ml.wikisource.org/w/index.php?title=യേശുനാഥാ_നീതിസൂര്യാ&oldid=29092" എന്ന താളിൽനിന്ന് ശേഖരിച്ചത്