1. യേശുവിൻ സ്വന്തമത്രേ ഞാൻ

രചന:റ്റി.ജെ. ആൻഡ്രൂസ്
                                 പല്ലവി

യേശുവിൻ സ്വന്തമത്രേ ഞാൻ ഇന്നുമെന്നും
യേശുവിൻ സ്വന്തമത്രേ ഞാൻ

നാഴിക ഇതുമുതൽ നാഥാ നിൻ കനിവാലെ
നാശക വഴി വെടിഞ്ഞേൻ യേശു നാഥാ

പുത്തൻ ജീവനെനിക്കു ദത്തമായെൻ നാഥനാൽ
നിത്യമെനിക്കു സുഖമേ കൃപയാലെ

ശാന്തമാം എന്നാത്മാവേ കാന്തനാം നിന്നിൽ നിന്നും
ഹന്ത! പിരിപ്പതൊന്നിന്നും കഴിവില്ലേ

എന്നുടെ ഗാനമിനി മന്നവ മന്നനീശോ
നിന്നുടെ മഹത്വത്തിന്നായ് മാത്രമെന്നും

സ്വർഗ്ഗമെനിക്കുള്ളതു ഭാഗ്യമെനിക്കു നിത്യം
സ്വർഗ്ഗദൂതരെൻ സ്നേഹിതർ കൃപയാലെ

സത്യ സമാധാനമേ നിത്യ സന്തോഷമല്ലോ
കർത്തനെനിക്കു സ്വന്തമേ കൃപയാലെ

പുത്തൻ ജീവനെന്നേശു കർത്തനോടു ചോദിച്ചേൻ
ദത്തമായല്ലോ എനിക്കു കൃപയാലെ

എന്റെ ഹൃദയമിതാ നിന്റെ മുമ്പിൽ വയ്ക്കുന്നേ
നിന്റെ ചിന്തയെനിക്കരുൾ കൃപയാലെ