പല്ലവി
യേശു സന്നിധി മമ ഭാഗ്യം
       അനുപല്ലവി
ക്ലേശം മാറ്റി മഹാ- സന്തോഷം നൽകുന്ന
       ചരണങ്ങൾ
1. ശുദ്ധാത്മാവനുദിനം എന്നുള്ളിൽ വസിച്ചെന്നെ
   പ്രാർത്ഥിപ്പാൻ പഠിപ്പിക്കും - നേരമെപ്പോഴും-
2. ദൈവവചനമതിൽ ധ്യാനിച്ചീടുവാനതി
   രാവിലെ തൻപാദം പ്രാപിക്കുന്നേരം-
3. പാപത്താലശുദ്ധനായ്-തീരും സമയമനു-
   താപഹൃദയമോടെ ഞാനണയുമ്പോൾ
4. ലോകചിന്തകളാകും ഭാരച്ചുമടതിനാൽ
   ആകുലപ്പെട്ടു തളർന്നീടുന്ന നേരം
5. ദുഃഖങ്ങൾ ഹൃദയത്തെ മുറ്റും തകർത്തിടുമ്പോൾ
   ഒക്കെയും സഹിച്ചീടാൻ ശക്തി നൽകുന്ന
6. യാതൊരു സമയമെൻ അന്ധതയതുമൂലം
   പാതയറിയാതെ ഞാൻ വലയുമ്പോൾ
7. തക്കസമയമെല്ലാ മുട്ടും പ്രയാസവും തൻ
   മക്കൾക്കു തീർത്തുകൊടുത്തീടുന്നോരെൻ
8. ശത്രുവിൻ പരീക്ഷയെൻ നേരെ വന്നീടുന്നോരു
   മാത്രയിൽ ജയം നൽകി രക്ഷിച്ചീടുന്ന
9. മന്നിടമതിലെന്റെ കണ്ണടഞ്ഞതിൻ ശേഷം
   പൊന്നു ലോകവാസത്തിൽ എന്നും എന്നേക്കും-

"https://ml.wikisource.org/w/index.php?title=യേശു_സന്നിധി_മമ_ഭാഗ്യം&oldid=147375" എന്ന താളിൽനിന്ന് ശേഖരിച്ചത്