രക്തപുഷ്പങ്ങൾ/ഉന്മാദത്തിന്റെ ഓടക്കുഴൽ

ചുറ്റും കനത്തോരിരുമ്പഴി!- ജീവിത-
പ്പുറ്റിൽ ത്രസിപ്പൂ വികാരച്ചിതലുകൾ!
നീയാരു?- നീ വെറും ഭ്രാന്തൻ, നിനക്കു നിൻ-
നീറും മനസ്സിൽ നിലാവുദിക്കുന്നുവോ?
വൈദ്യശാസ്ത്രത്തിൻ മുനകൾ, ശമനങ്ങൾ
കുത്തിവെയ്ക്കുന്നു നിൻഹസ്തസിരകളിൽ.
ശോധനാബദ്ധമണയുന്നു നൈപുണ്യ-
ബോധഗർവ്വം നിൻ സമീപത്തു നിത്യവും
നീ വഴങ്ങാഞ്ഞാലതിന്റെ മൗഢ്യങ്ങൾക്കു
നീതമാകുന്നൂ, ഹാ, നിന്മുന്നിൽ മർദ്ദനം.
തജ്ജന്യഭീതിയാൽ, നൽകപ്പെടും മരു-
ന്നച്ചടക്കത്തോടെടുത്തു മോന്തുന്നു നീ.
നീലച്ചു, പച്ചച്ചു, മഞ്ഞച്ചു, നിൻമ്മുന്നിൽ
നീളേ നിരക്കുന്നിതൗഷധ ഭ്രാന്തുകൾ!
എന്നിട്ടു, മക്രമം നീയാണു നിൽപതീ
മന്നിന്റെ ദൃഷ്ടിയിൽ ഭ്രാന്തനായിപ്പൊഴും!! ...

എന്നേ, ഞാൻ നിങ്ങളെന്നല്ല, നീയെന്നാണു
ചൊന്ന, താകട്ടെ, യെന്നോമനയല്ലി ഞാൻ?
ഞാനെന്നോടോതുന്നിതോരോ പരാതികൾ
സാനുകമ്പം സാന്ത്വനിപ്പിപ്പതെന്നെ ഞാൻ.
ഞാനെന്റെ മുമ്പിൽ കരഞ്ഞിടുമ്പോ, ളെന്റെ
ഞാ, നെന്റെ ജീവ, നൊപ്പുന്നിതെൻ കണ്ണുകൾ!
എന്നെ ഞാൻ കിക്കിളികൂട്ടിച്ചിരിപ്പിക്കു-
മന്നേരമെന്നെ ഞാൻ കെട്ടിപ്പിടിച്ചിടും!
എന്തൊരാനന്ദമീയെന്നിലെ ഞങ്ങൾക്കു
ചിന്തേ, ചിറകു വിരിക്കു, വിരിക്കു നീ!!

ചുറ്റും കനത്തോരിരുമ്പഴി!- കൂരിരുൾ
മുറ്റുന്നു! - പിന്നെയും നോവുന്നു മന്മനം!
ആരെയും കാത്താണിരിപ്പതൊറ്റയ്ക്കു നീ-
യാരാലിവിടെയെൻ വെള്ളിനക്ഷത്രമേ?
അല്ലി, ന്നുമാകാരമാളാത്തൊരെൻപ്രാണ-
വല്ലഭൻ കൊച്ചുചന്ദനപ്പൊട്ടു നീ!
എങ്ങവ, ളെങ്ങവ, ളെങ്ങവ, ളെൻകീർത്തി-
യെങ്ങു?- പോകൊല്ലേ, വരുന്നു ഞാനും പ്രിയേ ....

അയ്യോ, കനത്തോരിരുമ്പഴി! - നീങ്ങുവാൻ
വയ്യെനി, ക്കെൻനെറ്റി പൊട്ടി, യോർത്തില്ല ഞാൻ!
എന്തീജലസ്പർശ? - മയേ്യാ കടും ചോര!
നൊന്തിടുന്നീലെനിക്കെന്നിട്ടു, മത്ഭുതം!
നെറ്റിപിളർപ്പിൽനിന്നൂറി, യിരുകവിൾ-
ത്തട്ടിലും കൂടിയൊലിപ്പൂ, ഹാ, ചെന്നിണം!
ചെന്നിണം, മെന്നഭ്യുദയേച്ഛപോലുള്ള
ചെന്നിണം! രോമാഞ്ചമേകുന്ന ചെന്നിണം.
ഓമനേ, നീയിപ്പൊഴുണ്ടായിരുന്നെങ്കി-
ലീ മന്ദഭാഗ്യന്നരികിൽ, നിൻനെറ്റിയിൽ,
എന്നാത്മരാഗസ്മരണ, യ്ക്കൊരിക്കലും
മങ്ങാത്തൊരുജ്ജ്വലകാശ്മീരചിത്രകം,
ചിത്രീകരിച്ചേനെ, ലോകം മറന്നിരു-
ന്നച്ചന്ദനപ്പൊട്ടു മാച്ചുകളഞ്ഞു ഞാൻ!
ആശിപ്പതെന്തി, നിഭ്രാന്തിനെപ്പോലും, മൊ-
ന്നാശീർവ്വദിക്കാൻ വരില്ല വരില്ല നീ11 ....

ഓർത്താൽക്കരഞ്ഞുപോം!- കേൾപ്പൂ ഞാനിപ്പൊഴും
നേർത്തുനേർത്തുള്ള നിൻ കാൽച്ചിലമ്പൊച്ചകൾ!
കഷ്ടം, യശസ്സേ, പിടികൊടുക്കാതെന്നെ-
യിട്ടുവേവിക്കും മരീചികയാണു നീ!
നിൻനെടുവീർപ്പിൻ സുഗന്ധലഹരിയിൽ
നിർമ്മഗ്നനായ്, സ്വയം മൂർച്ഛിച്ചുവീഴ്വു ഞാൻ!
പെട്ടെന്നു, മെയ്യിൽ, നിൻമായികപിഞ്ഛിക
മൂട്ടി, പ്പിടഞ്ഞാഞ്ഞുണർന്നെഴുന്നേറ്റു ഞാൻ!
മിന്നൽപോൽ പാഞ്ഞുപോം നിൻതുകിൽത്തുമ്പിലെ
പ്പൊന്നിൻ കസവൊളിമാത്രമീക്ഷിപ്പു ഞാൻ!

ദൂരത്തു ദൂരത്തദൃശ്യമായ് മിത്ഥ്യയായ്
ചേരുന്നു നീ മാഞ്ഞലിഞ്ഞലിഞ്ഞെന്തിലോ!
പാദം തളർന്നു പതിപ്പു ഞാൻ പിന്നെയും,
പാണിയിൽ താങ്ങുന്നിതെന്നെ നീ പിന്നെയും
ആവർത്തനങ്ങളിതായിരമായിര-
മായി, തെന്നി, ട്ടിന്നു, മപ്രാപ്യതന്നെ നീ!

മത്കലാസൃഷ്ടിയിൽ, നീയൊന്നിലെങ്കിലു-
മുൾക്കൊള്ളുമോ, മന്മൃതിക്കു പിൻപെങ്കിലും?
ഉത്കടക്ഷുത്തിന്റെ ഞെക്കലിൽ, സാത്വിക-
സത്കലാധർമ്മങ്ങൾ വിറ്റവനല്ല ഞാൻ.
ഭോഗാസ്പദമാമഭിരുചിക്കൊത്തമ-
ട്ടേകുവാനുള്ളതല്ലുള്ളതെങ്കൈവശം!
ആയിരുന്നെങ്കി, ലിന്നൈശ്വര്യശൃംഗത്തി-
ലാടിക്കളിച്ചേനെ മദ്വൈജയന്തികൾ!
ഇന്നു ഞാനുന്മാദി, ദീനൻ, ദരിദ്ര, നി-
ല്ലെന്നിലഭിനന്ദാർഹമായൊന്നുമേ.
ഭ്രാന്തൻ- ജഗത്തിന്റെ ദൃഷ്ടിയിൽ ഞാൻ വെറും
ഭ്രാന്തൻ- പതിതൻ, പരിഹാസപാത്രവാൻ,
മാനിപ്പൂ ഞാൻ സ്വയമെങ്കിലും ലോകമേ,
താണില്ല നിൻ കലാഭാസത്തിലേയ്ക്കു ഞാൻ!

നിൽക്കും കലാലോകരാജ്ഞിയായ് വാടാത്ത
പൊൻകതിർവീശിയെന്നെന്നുമെൻ 'മേനക!'
രാവും പകലുമനേകദിനങ്ങളാ-
ദ്ദേവിതൻ മുന്നിൽത്തപസ്സെത്ര ചെയ്തു ഞാൻ!
ആ 'രവിവർമ്മ' യെപ്പോലെ, ബാഹ്യാകാര
ചാരിമയാണു ഞാൻ പൂജിച്ചതെങ്കിലോ,
മോടിപ്പകിട്ടിനാൽ വിറ്റേനേ നിത്യവും
കോടിക്കണക്കിനെൻ ചിത്രങ്ങളൊക്കെ ഞാൻ!
പന്തടിപ്പീലെന്റെ മേനക, കാർകുഴൽ
ചിന്തി; യച്ചെന്തളിരാടയൂർന്നങ്ങനെ;
ശൃംഗാരസാന്ദ്രമദാലസയായ്, സ്മിത-
ഭംഗിയിൽ, വിശ്വം മയക്കുന്നുമില്ലവൾ
പാപസഞ്ജാതോത്കടാതങ്കഗർത്തത്തി-
ലാപതിച്ചാഞ്ഞു പിടയ്ക്കുമാത്മാക്കളെ,
ഉദ്ധരിച്ചാ സ്വർഗ്ഗമേഖലയിങ്കലേ-
യ്ക്കെത്തിച്ചിടും മുക്തിയാണെന്റെ മേനക!
ശന്തിതൻ പീയൂഷകുംഭമദൃശ്യമാ-
യേന്തിവന്നെത്തുന്നനുഭവമാണവൾ!
മന്നിൻ കദനാന്ധകാരത്തിലംശുക്കൾ
ചിന്നും സജീവമാം സാന്ത്വനമാണവൾ!
എന്നിട്ടു, മാഴക്കരിക്കുള്ള കാശു ത-
ന്നിന്നതു വാങ്ങുവാനില്ലൊരാളെങ്കിലും!
ശുദ്ധോപവാസമായ് നിർമ്മിച്ചതാ, ണൊരു
സിദ്ധിയായ് ഞാനിന്നുമെണ്ണും 'ശകുന്തള'
കാളിദാസന്റെ ഹൃദയം, ജഗത്തിനെ-
ക്കാണിച്ചതാണതു, ചായത്തിലൂടെ ഞാൻ!
ആടയഴിഞ്ഞു, മക്കഞ്ചുകം നീങ്ങിയു-
മാടിക്കുഴയും ചലച്ചിത്രതാരകൾ,
കണ്ണാടിയിട്ടുവെച്ചാലയഭിത്തികൾ
ക്രമീകരിക്കുവാൻ വെമ്പുന്നിതാളുകൾ
ആരും തിനിഞ്ഞുനോക്കാതൊരു മൂലയിൽ
മാറാമ്പൽ മൂടി ദ്രവിപ്പൂ ശകുന്തള!
കാമത്തഴപ്പിന്റെ കാളകാകോളമേ
കാലം മറഞ്ഞു, കലയായ്ക്കഴിഞ്ഞു നീ!

നീറുന്നു മന്മനം!- ഞാനവസാനമാ-
യാറുമാസം പണിപ്പെട്ടൊര 'സ്വപ്ന' മോ?
ഇന്നുമപൂർണ്ണം!- അപൂർണ്ണമാണെങ്കിലെ-
ന്തന്യമില്ലൊന്നുമാച്ചിത്രത്തെ വെല്ലുവാൻ!
മജ്ജീവിതത്തിൻ വിജയപതാകയാ-
ണച്ചെറുചിത്രം, കലാലോകവിസ്മയം!
പശ്ചാത്തലത്തിൽ മുഴുക്കെ, ക്കരിമുകിൽ
മുടിയവാനും തമോമയഭൂമിയും,
അന്തരീക്ഷാങ്കത്തിലന്ധകാരക്കരി-
ങ്കമ്പിളി മൂടിക്കിടക്കുന്ന മൗനവും;
മുന്നിൽ മരച്ചോട്ടി, ലെല്ലും തൊലിയുമായ്
മണ്ണിൽ മരവിച്ചുവീണൊരു ഭിക്ഷുവും;
തന്മീലിതക്ഷിപുടങ്ങളെ, വിണ്ണിൽനി-
ന്നുമ്മവെയ്ക്കാനായ് വരുമൊരു രശ്മിയും;
ഇല്ലമറ്റൊന്നും!- മരിക്കിലും ഞാൻ, മരി-
ക്കില്ല, മൽസ്വപ്നം!- വിശപ്പിൽ വേവുന്നു ഞാൻ!

ചുറ്റുമിപ്പൊഴും മിരുമ്പഴി!- പിന്നെയും
കട്ടിവെയ്ക്കുന്നുണ്ടിരുട്ടിന്നു മേൽക്കുമേൽ!
ആസന്നമാണെനിക്കന്ത്യം- ജഗത്തിന്റെ
ഹാസം പതിക്കു, മടയുമെൻ കൺകളിൽ!
എന്നാലതിൻമുൻപൊരിക്ക, ലാ നിൻ മുഖ-
മൊന്നുകാണാ, നെനിക്കൊത്തെങ്കി, ലോമനേ!
ഈ നാരകീയോഗദു:ഖങ്ങൾ സർവ്വവും-
മാനന്ദമാണെനിക്കാഗതയാകിൽ നീ!
എൻമൃതഗാത്രത്തിൽ വീഴും വിടർന്ന നിൻ-
കണ്ണിൽനിന്നിറ്റിറ്റു കണ്ണീർക്കണികകൾ!
മൽച്ചിതയിങ്കലെത്തിജ്ജ്വാലകൾക്കുള്ളി-
ലിട്ടു ഹോമിക്കുമെന്മാലിന്യമൊക്കെ നീ!
മന്നിലെൻ നാമമുയർത്തി, നീ മേൽക്കുമേൽ
മിന്നിക്കുമുജ്ജ്വലസ്വർണ്ണലിപികളിൽ
വിശ്വാഭിനന്ദനം നീയാനയിച്ചിടും
ശശ്വൽപ്രതിഷ്ഠനാമെൻകലാവേദിയിൽ
എങ്കിലു, മെങ്കിലു, മപ്രാപ്തയായ് നിൽപ-
തെന്തെന്യശസ്സേ, മുഖപടം ചാർത്തി നീ!
നാളെ- സമസ്തവും നാളെ- നിരാശതൻ
കാളിമ കണ്ടു നടുങ്ങുന്നതിന്നു ഞാൻ!
എൻതലയ്ക്കുള്ളിൽ തളരുന്ന മത്സിരാ-
തന്തുക്കൾ! മന്ദമടയുന്നു കണ്ണുകൾ!
ചാരത്തു ചാരത്തണവതായ്ത്തോന്നുന്നു
നേരിയോരേതോ ചിറകടിയൊച്ചകൾ!
മിന്നാമിനുങ്ങിൻ തിളക്കങ്ങൾ, ദൂരത്തു
മിന്നുന്നു പൊന്നിൻകസവൊളിവീചികൾ!
ചന്ദ്രിക!- മദൃശസ്സിന്റെ മനോഹര-
മന്ദസ്മിതമ്പോൽ വിടരുന്നു ചന്ദ്രിക!
കൽപകസൗരഭം!- സ്വപ്നം!- തളർച്ച, യി-
ത്തൽപത്തിലൊന്നു തലചായ്ച്ചിടട്ടെ ഞാൻ!
                               -21-6-1942