മനീയ ചിന്തകൾ കോർത്തിണക്കി-
ക്കവിയൊരു കൺകക്കും മാലകെട്ടി.
അനുമാത്രമെമ്പാടുമായതിൽ നി-
ന്നനുഭവസൗരഭം വാർന്നൊഴുകി.
മൃദുലവികാരതരംഗകങ്ങ-
ളതിനു നിറപ്പകിട്ടേറെയേകി.

പരിചിലാമാലയും കൈയിലേന്തി
ത്തെരുവിലവൻ ചെന്നലഞ്ഞു ചുറ്റി.
ധനദന്മാർതൻ പടിവാതിൽതോറും
കനിവിൻ കണികയ്ക്കവനുഴറി.
അപഹാസവീക്ഷണം മാത്രമല്ലാ-
തവനെന്നാൽ സിദ്ധിച്ചില്ലാരിൽ നിന്നും
ഉദരത്തിൽ തീയെരിഞ്ഞാ മിഴിക-
ളുദിതാശ്രുധാരയിൽ മഗ്നമായി,
ഒരുവശം കാഞ്ചനനാണ്യജാല-
ത്തിരകളിൽത്തത്തുന്ന മദ്യകുംഭം,
മതിവിട്ടു മാറോടു ചേർത്തണച്ചു
മദഭരനൃത്തങ്ങൾ ചെയ്വു ലോകം!
ഒരുവശത്തൗന്നത്യം വേഷഭൂഷാ-
കിരണങ്ങൾ പാകിത്തളിർത്തു നിൽക്കെ;
അവതൻ തണലിൽ മയങ്ങി മേന്മേ-
ലനുപമസ്വപ്നങ്ങൾ കാൺമു ലോകം!
ഒരുവശത്തുൽക്കടവിത്തഗർവ്വം
തുരുതുരെപ്പീരങ്കിയുണ്ട പെയ്കെ,
ഉയരുമസ്സാമ്രാജ്യ തൃഷ്ണയാകു-
മുദധിയിൽക്കപ്പലോടിപ്പു ലോകം!

കലിതനൈരാശ്യ, മക്കൊച്ചുവാടാ-
മലർമാല്യം കയ്യിൽവഹിച്ചു, കഷ്ടം,
പൊരിയും വയറുമായ്ക്കാവ്യകാരൻ
തെരുവിലെരിവെയ്ലിൽ സഞ്ചരിപ്പൂ!
ഒരുവനുമില്ലതിൻ മാറ്ററിയാ-
നൊരുവനുമില്ല വിലയ്ക്കു വാങ്ങാൻ!
തെരുവിലന്നന്തിയിൽത്തൊണ്ടവറ്റി-
സ്സിരകൾ തളർന്നവൻ വീണോടുങ്ങി!

സമകൾ പലതും പറന്നുപോയി;
സമരാങ്കണങ്ങളും ശാന്തമായി;
പലപല കുന്നുകൾ വീണടിഞ്ഞു;
പലചെളിക്കുണ്ടും നികന്നകന്നു;
സമുദിതോത്കർഷങ്ങൾ പൂത്തുപൂത്തു
സമതലം മുന്നിൽ തെളിഞ്ഞു മിന്നി.

തുരുതുരെപ്പൂവുതിർത്തുല്ലസിയ്ക്കും
മരതകക്കാടിൻ നടുവിലായി
അവികലശാന്തിതൻ പേടകംപോ-
ലവിടെയക്കാൺമതേതസ്ഥിമാടം?
പരിണതവിശ്വാഭിനന്ദനങ്ങൾ
പനിനീർ തളിക്കുമപ്പുണ്യഭൂവിൽ,
സുകൃതൈകപാത്രമായത്യുദാരം
സുഖസുപ്തികൊള്ളുന്നതേതു ചിത്തം?
ഒരു നൂറ്റാണ്ടപ്പുറം, തീവെയിലി-
ലുരുകിത്തളർന്നൊരബ്ഭിക്ഷുഹസ്തം!
പരിതപ്തചിന്തകൾ കോർത്തിണക്കി-
പ്പരിചിൽ നിർമ്മിച്ചൊരപ്പുഷ്പമാല്യം,
അണുപോലും വാടാതപ്പുണ്യഭൂവി-
ലഴകിൽക്കുളിച്ചിന്നുമുല്ലസിപ്പൂ!
ജനചയാരാധനാസേവനങ്ങ-
ളനിശമതിൻ മുന്നിൽ സ്സംഭവിപ്പൂ!
                               -3-5-1941