രക്തപുഷ്പങ്ങൾ/ദാരിദ്ര്യത്തിന്റെ മുമ്പിൽ

ചോരയില്ലാത്ത മുഖവുമായ് നിൽക്കുവോ-
നാരു നീ, രൂപമെടുത്ത ദരിദ്രതേ?
മർത്ത്യപദത്തിന്നവകാശവാദത്തി-
നസ്ഥിയും തോലുമുണ്ടിന്നു നിനക്കിനി;
മറ്റുള്ളതെല്ലാം നിരന്തര നിർദ്ദയ-
മർദ്ദനം മൂലം ക്ഷയിച്ചു;-നശിച്ചു നീ!
നിസ്സഹായത്വമേ, നീയുറ്റുനോക്കയോ
നിഷ്ഫലം വീണ്ടു, മിക്ഷുദ്രലോകത്തിനെ;
ഒട്ടിച്ചുളിഞ്ഞ വയറ്റത്തു കൈവെച്ചു
പൊട്ടിക്കരഞ്ഞു, നീ നോക്കുന്നതാരെയോ!
വറ്റി വരണ്ട നിൻ തൊണ്ടയിൽ നിന്നൊരു
ശബ്ദം വരാനും, മശക്തനായ്പ്പോയി നീ!

ഉച്ചവെയിലിൽ പരന്ന നെൽപ്പാടങ്ങൾ
പച്ചപിടിപ്പിച്ചു നിൻ നവയൗവനം!
നിത്യപ്രയത്നഫലങ്ങളാലന്യർതൻ
പത്തായമെല്ലാം നിറച്ചു നിന്യൗവനം
അന്യനു വെൺമണിമാളിക കെട്ടുവാൻ
നിന്നസ്ഥികൂടം വിരിച്ചു, നിന്യൗവനം
എന്നിട്ടുമിന്നോ? പഴകിയ പാദുക-
യെന്നമട്ടയ്യോ! പരിത്യക്തനല്ലി നീ?
ജീവരക്തം വറ്റി നിസ്തേജമായ്ത്തീർന്ന
കേവലം പട്ടിണിപ്പാവയല്ലല്ലി നീ?
നീതികണ്ടില്ലേ ജഗത്തിന്റെ- നോക്കണേ!
നീതന്നെ, യിന്നു, നിനക്കൊരു ഭാരമായ്!!

അങ്ങോട്ടു നോക്കുകപ്പൂമണിമേടയിൽ
സ്വർണ്ണമഞ്ചത്തിലക്കാണുന്നതാരെ നീ?
ആലസ്യപുഷ്പനികുഞ്ജത്തി, ലുന്മദ-
ശ്രീലാനുഭൂതി നുകരുവോനാരവൻ?
ആരെത്തടിപ്പിക്കുവാനിത്ര നാൾ നിന്റെ
ഭൂരിപ്രയത്നങ്ങൾ കാണിക്കവെച്ചു നീ;
പട്ടുമെത്തപ്പുറത്താർക്കുറങ്ങീടുവാൻ
ചുട്ടവെയിലത്തു ചേറിലിറങ്ങി നീ;
ഏവന്റെ മുന്തിരിച്ചാറിൽ, നിൻചെഞ്ചുടു
ജീവരക്തത്താൽ ചുവപ്പു കലർത്തി നീ;
വെൺപങ്കവീശിയിന്നാർക്കു സുഖിക്കുവാൻ
നിൻ പ്രാണവാതം പകുത്തു കൊടുത്തു നീ
ആ മർത്ത്യരാക്ഷസ, നാ വർത്തകേശ്വര-
നാണവൻ, നോക്കൂ!- നടുങ്ങുന്നതെന്തു നീ?

നീയിന്നു ദുർബ്ബലൻ! നിസ്സഹായൻ;-ശരി;
നീയൊരുങ്ങിടേണ്ടതില്ലൊന്നിനു, മിനി!
മുന്നോട്ടു വന്നിന്നണിനിരന്നീടട്ടെ
നിന്നാത്മജന്മാർ, നിരാധാരജീവികൾ
വിത്തപ്രതാപം തഴുതിട്ടു ഭദ്രമായ്-
ക്കൊട്ടിയടച്ച കവാടങ്ങളൊക്കെയും,
വെട്ടിപ്പൊളിക്കാൻ സുശക്തരാണാ, വയ-
റൊട്ടിയ, യൗവനത്തീക്കനൽക്കട്ടകൾ!

ഹാ സമത്വത്തിന്റെ സുപ്രഭാതാഭയിൽ
ഭാസുരക്ഷേമമുകുളം വിരിയണം!
സ്വാതന്ത്യ്രമേഖലയിങ്കൽ, സ്വയം, മർത്ത്യ-
ചേതന പൊന്നിൻ ചിറകടിച്ചാർക്കണം!-
സുന്ദരമാ രംഗമാനയിച്ചീടുവാൻ
സന്നദ്ധമാകൂ സധീരം യുവത്വമേ!
                               19-12-1936