രക്തപുഷ്പങ്ങൾ/നവവർഷനാന്ദി
പുലരിത്തുടുമേഘക്കനകപ്പൂഞ്ചേലത്തു-
മ്പുലയെക്കിതച്ചെത്തും പകലിൻ ദീർഘശ്വാസം
ഇരുളിലിതേവരെത്തല ചായ്ച്ചുറങ്ങിയ
തരുവല്ലികളെയുണർത്തി തെരുതെരെ!
വാനമണ്ഡപത്തിലെത്താരകതുമ്പപ്പൂക്കൾ
വാരിക്കൊണ്ടെങ്ങോ പോയാൾ താമസി വേലക്കാരി;
ഇളവെയ്ലണിത്തങ്കപ്പൊടി പൂശിയ പാട-
ത്തിളകീ പഴുപ്പേലുമൊണോട്ടൻ കതിരുകൾ;
മഞ്ഞനെല്ലോലത്തുമ്പിൽ പാറിവീണിരുന്നോമൽ-
കുഞ്ഞാറ്റക്കിളിയൂഞ്ഞാലാടിനാൻ കൂകിക്കൂകി.
തുമ്പയും മുക്കുറ്റിയും പൂതൂകിയാനന്ദിച്ചു;
തുമ്പിയും പൂമ്പാറ്റയും തുൾലുവാനാരംഭിച്ചു.
നവവത്സരാഗമമംഗളരംഗം-ഹാ, ഹാ,
കവിയും സന്തോഷത്താൽക്കണ്ണുനീർ വരുന്നല്ലോ!
ഞങ്ങളെക്കാണാനൊരു വർഷമായ്ക്കൊതിച്ചെങ്ങോ
മങ്ങിടും മുഖവുമായ്മേവുമാ മാവേലിയെ,
ഭൂതകാലത്തിൻ ജയസ്തംഭത്തെ, വാടാത്തൊരാ
സ്വാതന്ത്യ്രപ്രദീപത്തെ, യോർത്തോർത്തു സമ്പ്രീതിയാൽ
സുന്ദരസ്മരണയിലെന്തിനോ നിമഗ്നമായ്
മന്ദഹാസം വർഷിച്ചു പുൽക്കൊടിപോലും നിൽപൂ!
അന്നത്തെ സ്വതന്ത്യ്ര, മസ്സമത്വം, സാഹോദര്യം,
മന്നിലൊന്നുപോലെങ്ങും പരന്ന സമാധാനം,
നിത്യവും തിരുവോണമായ്ത്തന്നെ കഴിഞ്ഞൊരാ
നിസ്തുലരംഗം!- കാലമിന്നെത്ര മാറിപ്പോയി!
ഓണത്തിനിന്നേക്കാലമേതാനും ധനേശർതൻ
നാണയക്കിഴിയിലൊന്നഴിക്കാൻ കഴിഞ്ഞേയ്ക്കാം;
അല്ലാതെ പൊരിയുന്ന വയറിൻ തീജ്ജ്വാലയിൽ
തെല്ലനുകമ്പാമൃതം തുളുമ്പിടാനാമോ?
തമ്പുരാൻ പൈമ്പാലടപ്രഥമൻ ഭുജിക്കട്ടെ;
കുമ്പിളിൽക്കുറെക്കഞ്ഞി കോരനും കുടിക്കട്ടെ.
ഓണമാണോണംപോലും ധനദർ ഘോഷിക്കുന്നൂ
താണവർക്കുയിർ നിൽക്കാനുമിനീർമതിയെന്നോ!
പോവുക ധനാഢ്യരേ, നിങ്ങളെത്തടിപ്പിക്കാൻ
പാവങ്ങൾ ഞങ്ങൾക്കുള്ള ഹൃദ്രക്തമൊന്നേവേണ്ടു!
അമൃതാസവപൂരം നിങ്ങളെ സ്വദിപ്പിക്കാ-
നരിവാളെടുക്കുവാൻ ഞങ്ങൾതൻ കരം വേണം!
പട്ടുമെത്തയിൽ നിങ്ങൾക്കുറങ്ങിക്കിടക്കുവാൻ
പട്ടിണിക്കെരിവെയ്ലിൽച്ചേറിൽ നിൽക്കണം ഞങ്ങൾ!
വരട്ടെ, വിശപ്പിന്റെ വിപ്ലവക്കൊടുങ്കാറ്റി-
ലൊരിക്കൽത്തകർന്നുപോം മദിക്കും മേലാളിത്തം.
ഈശ്വരൻ- നിരർത്ഥമാമപ്പദം പറഞ്ഞിനി-
ശ്ശാശ്വതമാക്കാനാകാ ഞങ്ങൾതന്നടിമത്തം.
ശിലയെപ്പൂജിക്കാനു, മീശ്വരനിടയ്ക്കിടെ-
ച്ചില കൈക്കൂലിയേകി നിർവ്വാണം പിടുങ്ങാനും,
ലോകത്തിൻ പുരോഹിതൻ വിലയ്ക്കു വിറ്റീടുന്ന
നാകലോകത്തേയ്ക്കുള്ള 'പാസ്പോർട്ട്' നേടിടാനും
ഭാവിച്ചിട്ടില്ല ഞങ്ങൾ, പാവന സ്വാതന്ത്യ്രത്തിൻ
ഭാസുരപ്രഭാതം വന്നണഞ്ഞാൽ പോരും വേഗം!
തകരും കിരീടത്തിൻ ശകലങ്ങളെക്കൊണ്ടു
നികരാൻ വൈകീ കാലം പാരതന്ത്യ്രത്തിൻ ഗർത്തം.
മലർവല്ലികളിതാ തൂകുന്നു മന്ദസ്മേരം!
മലയാനിലൻ പരത്തുന്നു സൗരഭപൂരം!
ചാഞ്ചാടും തിരകളാൽ വീണക്കമ്പികൾ മീട്ടി-
പ്പുഞ്ചോല പൊഴിപ്പൂ സത്സ്വാതന്ത്യ്രഗീതാമൃതം!!
നവവത്സരം വന്നൂ!- നിങ്ങൾതൻ കർമ്മങ്ങളെ
നവപന്ഥാവിൽക്കൂടി നയിപ്പിൻ സഖാക്കളേ!