ന്നപ്പുലരിയിൽ പൂപറിച്ചുംകൊണ്ടു
നിന്നു നീ, യാളിയുമൊത്താ വനികയിൽ.
കാളമേഘത്തിൻ കവിത തുളുമ്പിച്ച
കാളിദാസന്റെ ശകുന്തളമാതിരി!

തങ്കരച്ചാർത്തിനാലാലസൽപ്പൂവനം
തങ്കത്തെളിച്ചാറിൽ മുക്കീ ദിവാകരൻ.
അങ്ങിങ്ങു പാറിപ്പറക്കും കിളികളാൽ-
ത്തിങ്ങിത്തുളുമ്പി നിൻ ചുറ്റും കളകളം.
പുൽകി നിൻ നീലാളകങ്ങള, ത്താമര-
പ്പൊയ്കയിൽ നീരാടിവന്ന ബാലാനിലൻ.
ഏവമാകർഷകപശ്ചാത്തലമൊന്നിൽ
മേവി, മനോജ്ഞദേവാംഗനപോലെ നീ!

കേവലം യാദൃശ്ച്ഛികമാ, യൊരസ്ഥിര-
ഭാവനപോലെ, യന്നാവഴി വന്നു ഞാൻ,
അൽപം മുകളി, ലത്തൈച്ചെമ്പകച്ചില്ല-
യെത്തിപ്പിടിക്കാൻ കഴിയാ, തവശരായ്,
നിങ്ങൾ രണ്ടാളും പരുങ്ങി നിന്നീടുന്ന-
തെന്മിഴിയിൽപ്പെട്ടു- മുന്നോട്ടാഞ്ഞു ഞാൻ.

ചെമ്പനീർപ്പൂമൊട്ടരുണോദയത്തിങ്കൽ
വെമ്പിത്തുളുമ്പി വിടരുന്നമാതിരി,
എന്തോ നവീനമധുരപരിണാമ-
കന്ദളി തിങ്ങിത്തുടുത്തു നിൻ പൂങ്കവിൾ.
കമ്രാവനമ്രോജ്ജ്വലാനനയായ്, മഞ്ജു-
മന്ദസ്മിതം തൂകി മാറിയൊഴിഞ്ഞു നീ;
പാടേയടിമുടി പൂത്തൊരപ്പിച്ചക-
ക്കാടിനും കോരിജ്രിപ്പൂ തോന്നുമ്പടി.

പോകരുതെന്നു വിലക്കിലും, ഗൂഢമായ്-
സ്സാകൂതസുസ്മിതം മൽച്ചുണ്ടിലെത്തവേ,
എന്നാശപോലെ വികസിച്ചു നിൽക്കുന്ന
പൊന്നലരേറെപ്പറിച്ചെടു, ത്താദരാൽ
നിന്നേർക്കു നീട്ടി ഞാൻ, നാണംകുണുങ്ങി, യെൻ-
മുന്നിൽ വന്നിട്ടവ, കൈ നീട്ടി വാങ്ങി നീ!
മുട്ടി, ഹാ, തെല്ലും മന:പൂർവ്വമല്ലാതെ
പെട്ടെന്നു നമ്മുടെ കൈവിരൽ തുമ്പുകൾ
ഓളമിളക്കിയെൻ മേനിയിലൊക്കെ, യൊ-
രോമൽപ്പുളകപ്രവാഹമരക്ഷണം.
മന്ദാക്ഷപൂർണ്ണകടാക്ഷത്തൊടൊ, ത്തൊരു
മന്ദസ്മിതത്താൽ കൃതജ്ഞത കാട്ടി നീ!
ഏതോ മഹാസിദ്ധിയൊന്നു കൈവന്നപോൽ
പ്രീതി ചേതസ്സിലുൾച്ചേർന്നു മടങ്ങി ഞാൻ.

ഇന്നുകാണുമ്പൊഴും തോന്നുന്നു നമ്മൾക്കു
നമ്മളന്യാന്യം കടപ്പെട്ടമാതിരി.
നിത്യസായാഹ്നസവാരിക്കുമൽപ്പദ-
മെത്രമാത്രം ഞാൻ തടഞ്ഞീടിലും സ്വയം,
ഏതോ നിഗൂഢമാം ശക്തിയാലാ വഴി-
ക്കേറെക്കുതുകാൽത്തിരിയുന്നിതിപ്പൊഴും!

ശാന്തിവിടരും ഗൃഹസ്ഥാശ്രമത്തിന്റെ
പൂന്തോപ്പിലാണിന്നു നീ നിൽപതെങ്കിലും,
ഏകാന്തമാമെൻ ഗൃഹത്തിൽ വിരക്തിപൂ-
ണ്ടാകുലമാ വഴി പോരുമ്പൊഴൊക്കെയും,
ഞാനറിയാതെ, യെന്നാത്മാന്തരാളത്തി-
ലാനന്ദതാരമൊന്നുജ്ജ്വലിക്കുന്നതായ്-
നഷ്ടദിനങ്ങൾക്കു പിന്നി, ലൊരവ്യക്ത-
തുഷ്ടി തുളുമ്പിത്ത, ടുത്തു നിൽക്കുന്നതായ്-
സദ്ഗുണധാമമേ, തോന്നുകയാണു മേ,
ഗദ്ഗദമുണ്ടിതിൽ, മാപ്പു നൽകേണമേ!
                               -28-3-1940