(പാലക്കാട്ടു സാഹിത്യപരിഷത്തിൽ വായിച്ചത്)

മുന്നോട്ടടങ്ങാത്ത നിൻകൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകു യുവത്വമേ!

അത്യുച്ചമാം നിന്നിരമ്പൽ ദൂരത്തുനി-
ന്നെത്തുന്നതവ്യക്തമാണെന്നിരിക്കിലും
പേർത്തും വിറച്ചുതുടങ്ങിയുണക്കില-
ച്ചാർത്തുകളാർത്തിയാർന്നുൽക്കടഭീതിയാൽ!
വെള്ളിത്തലമുടി പൂണ്ട നൂറ്റാണ്ടുക-
ളുള്ളഴിഞ്ഞേകിയ മംഗളാശംസകൾ
ഉൾക്കൊണ്ടു ശാശ്വതത്വം സ്വയം ഭാവിച്ചു
നിൽക്കും മഹാവൃക്ഷസഞ്ചയം കൂറ്റിയും,
കമ്പിതശാഖയാൽ കൈമലർത്തിപ്പാര-
മമ്പരപ്പോടുറ്റുനോക്കുന്നു ചുറ്റിലും!
വെമ്പി വിളറിത്തുടങ്ങി, യുഷസ്സിന്റെ
മുമ്പിലുത്തുംഗസ്ഥകാഞ്ചനതാരകൾ.
മുന്നോട്ടടങ്ങാത്ത നിൻകൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകൂ യുവത്വമേ!
നഷ്ടംവരാനെന്തിരിക്കുന്നു, ഹാ, കുറെ
ക്ഷുദ്രപത്രങ്ങൾ കൊഴിഞ്ഞു വീഴുന്നതിൽ?
പാതവക്കത്തെച്ചിലന്തിനൂൽക്കെട്ടുകൾ
പാദ പാതത്തിൽ തകർന്നു പോകുന്നതിൽ?
അഭ്രാനനം, മുകർന്നാടും മരങ്ങളോ-
ടൊപ്പമീയോമൽതൃണങ്കുരശ്രേണിയും
സന്തതമാസ്വദിച്ചീടട്ടനന്തമാ-
മന്തരീക്ഷത്തിൻ വിശുദ്ധവായുക്കളെ!
നീയതിൽ നിത്യം വിഷപ്പുക ചേർക്കയോ,
നീതി നിർമ്മിക്കുന്ന നിർദ്ദയസ്വാർത്ഥതേ?
നിന്നസ്തിവാരം തകരാൻ തുടങ്ങി, നീ
നിന്നു കാലൂന്നിയാലില്ല ഫലമിനി.
മുന്നോട്ടടങ്ങാത്ത നിൻ കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകൂ യുവത്വമേ!

കർഷകരാജ്യമതിങ്കലാകർഷക-
ഹർഷപുളകം മുളയ്ക്കട്ടെ മേൽക്കുമേൽ!
കുന്നുകൾ വീണു കുഴികൾ നികരട്ടെ.
വിണ്ണിൻ വെളിച്ചം കുടിക്കട്ടെ ജീവികൾ
സസ്മിതം സീമയറ്റുല്ലസിച്ചീടട്ടെ,
സസ്യസമൃദ്ധസമതലഭൂമികൾ!
ഓരോപരിവർത്തനങ്ങൾ കളകള-
ധാരയിൽ മുക്കട്ടെ ജീവിതത്തോപ്പുകൾ!
എപ്പൊഴും വീണവായിച്ചുകൊണ്ടെത്തിട-
ട്ടഭ്യുദയങ്ങളാമപ്സര:കന്യകൾ!
മന്ദിരം തോറുമനാരതം സ്വാതന്ത്യ്ര-
മന്ദ്രഘോഷങ്ങൾ മുഴങ്ങട്ടെമേൽക്കുമേൽ!

മുന്നോട്ടടങ്ങാത്ത നിൻ കൊടുങ്കാറ്റിന്റെ
വെന്നിക്കൊടിയുമായ്പ്പോകൂ യുവത്വമേ!
                               -30-12-1940

"https://ml.wikisource.org/w/index.php?title=രക്തപുഷ്പങ്ങൾ/വിജയഗീതം&oldid=64596" എന്ന താളിൽനിന്ന് ശേഖരിച്ചത്