സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

ക്ഷതിയൊന്നിലുമാർന്നിടാതെ മർത്യർ-
ക്കതിവൈശിഷ്ട്യമിയറ്റിടുന്നവിദ്യേ!
മതിമൽപ്രിയമായ നീ കനിഞ്ഞാൽ
മതി ഞങ്ങൾക്കതു ചാരിതാർഥ്യമായി.

അറിവേതുമനുഷ്യനാർന്നിടുന്നോ
കുറവേതും കലരാതെയാമനുഷ്യൻ
നിറമാർന്നൊരു കീർത്തിമന്നിലെങ്ങും
നിറയുംമട്ടിൽ വിശിഷ്ടനായഭവിക്കും.

തുലയറ്റൊരു വിത്തമാർന്നവൻതൻ
നിലയത്തിൽ ബഹുമാന്യനായിരിക്കും
ഉലകത്തിലശേഷവും വിശേഷോ-
ജ്ജ്വല സമ്മാന്യതപണ്ഡിതന്നുമാത്രം.

വിരുതോടു മനുഷ്യർ മാന്യരായി-
ബിരുദശ്രണികളും മുറയ്ക്കുനേടി
പുരുവാംസചിവേന്ദ്രപട്ടമോടും
മരുവീടുന്നതു വിദ്യമൂലമല്ലോ.

നിജദേശമതന്യദേശമെന്നും
വിജനം താനതു സൽസമാജമെന്നും
സ്വജനം പരരെന്നുമുള്ള ഭേദം
സുജനശ്ലാഘി സുധിക്കുകാൺകയില്ല.

ഉലകിൽ ബഹുഭാരമാത്രമോർത്താൽ
ഫലമറ്റുള്ളാരു മൂഢനുള്ളജന്മം
പല നന്മകൾ ചേർത്തിടുന്ന വിദ്യാ-
ബലമാർന്നുള്ളവനാണു ധന്യശീലൻ.

ഒരുലേശവുമിന്നു വിദ്യചേരാ-
ത്തൊരുമർത്യൻ പശുതുല്യനെന്നുതന്നെ
ഒരുപോലെ പുരാണപണ്ഡിതന്മാ-
രരുളീടും മൊഴിപാഴിലാകയില്ല.

സകലാദ്യതയായ വിദ്യയേത്താൻ
മികവോടും മടിവിട്ടുനാം പഠിച്ചാൽ
അകതാരിലനല്പമോദവും നൽ-
പ്പുകളും പുണ്യവുമെണ്ണമറ്റുദിക്കും.