സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

വിനയം തിരുത്തുക

മനസ്സിലേററം സുഖമാർന്നിടാനും
മനസ്വികൾക്കിഷ്ടമണപ്പതിന്നും
അനല്പമാകും വിനയംജഗത്തി-
ലനർഘചിന്താമണിതന്നെ നൂനം.


ക്ഷമാബലം പൂണ്ടുവസിച്ചിടുന്ന
സുമാനവർക്കെന്തിനു മററുശസ്ത്രം ?
ക്ഷമാതലത്തിൽ ബഹുനന്മമേന്മേൽ
ക്രമാലുദിക്കും വിനയത്തിനാലേ.


അടക്കമെന്നുള്ള ഗുണത്തെയുളളി-
ലടക്കിവാഴും പുരുഷന്നു പാരിൽ
പടയ്ക്കുപോകാതെ രിപുക്കളാകും
പടുക്കളേക്കൂടി വശത്തിലാക്കാം.


ചൊടിച്ചസഭ്യങ്ങളുരച്ചു പല്ലും-
കടിച്ചുകയ്യോങ്ങിവരുന്ന വീരൻ
അടുക്കെനിൽക്കും സുധിശാന്തഭാവ-
മെടുക്കിലാമാന്യനൊടെന്തുചെയ്യും?


അഹങ്കരിക്കുന്ന ജനത്തിനെങ്ങും
മുഖംകരിഞ്ഞീടുമശങ്കമെന്നായ്
മഹത്ത്വമേറുന്നൊരു മാന്യവാക്കു
മനസ്സിലാക്കേണ്ടതുതന്നെയല്ലോ.


ശരിക്കെഴും താഴ്ചകലർന്നിടാതെ-
യൊരിക്കലും നാമുയരുന്നതല്ലാ
ധരിത്രിയിൽ താഴ്ചപെടുന്നവർക്കേ
സ്ഫുരിക്കുമത്യുൽഗതിവന്നുചേരൂ.


പെരുത്തിടും ഗർവമനർഥമാർക്കും
വരുത്തുമെന്നുളളതു തീർച്ചതന്നെ
ഗുരുത്വമേറുന്ന വിനീതി ചേരു-
മൊരുത്തരും ദൂഷിതരാകയില്ല.