രചയിതാവ്:പന്തളം കേരളവർമ്മ/വിവേകം
സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്
വിവേകം
തിരുത്തുകആശുകാരിതജനത്തിനു പാർത്താൽ
മോശമാണതിനെ നാം തുടരൊല്ല.
ആശയത്തിനു വിവേകമുയർന്നാൽ
ക്ലേശമേതുമവനേൽക്കുകയില്ല.
കേട്ടപാതിയതിലേക്കു ശിരസ്സും
കാട്ടിനാമുടനെയേറ്റു പിടിച്ചാൽ
ഗോഷ്ടിയായി വരുമേതിനുമേമുൻ
കൂട്ടിയോർക്കണമതാണു വിവേകം.
നന്മതിന്മകളെ വേണ്ടവിധത്തിൽ
തന്മനസ്സിൽ നിരുപിച്ചൊരുശേഷം
സമ്മതം വരികിലേ ഭുവിചെയ്യും
കർമമൊക്കെയൊരുപോലെ ഫലിക്കൂ.
ഒന്നു കേട്ടു ജവമൊന്നു തുടർന്നാ-
ലെന്നുമായതു ഫലത്തിൽ വരില്ല
വന്നുചേരുമൊരു പോലവിവേകി
ക്കിന്നു ഹന്തവിപരീത ഫലങ്ങൾ.
ചോടുതൊട്ടഖിലവും നിരുപിച്ചും
കേടിനുള്ള വഴിമാറ്റിയുറച്ചും
ആടലെന്നിയെ മനുഷ്യർ വിവേക-
ത്തോടു ചെയ്‌വതു മുറയ്ക്കു ഫലിക്കും.
കാമകോപമദമോഹഗണത്തിൻ
ഭീമബാധയെയകറ്റുവതിന്നും
ക്ഷേമദംഹൃദി വിവേകമിയന്നാ
ലാമനുഷ്യനൊരു യത്നവുമില്ല.
ഹൃത്തിലമ്പൊടു വിവേകമുദിച്ചേ-
സ്വസ്തിസർവജനതയ്ക്കുമുദിക്കൂ
അസ്ഥിതിക്കു സുകൃതത്തറ കെട്ടാ-
നസ്തിവാരമതുതാനറിയേണം.
ശങ്കയെന്തിനു വിവേകമെവർക്കും
സങ്കടത്തിനു മഹൗഷധമല്ലോ
പങ്കമറ്റൊരു വിവേകിയെ നൽപ്പു-
മങ്കയും പ്രണയമോടു വരിക്കും.