സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

മർത്യരിൽ പ്രിയമണച്ചിടുന്ന സൽ
കൃത്യമുണ്ടു പലതെന്നിരിക്കിലും
നിത്യവും കുശലമേകിടുന്നതാം
സത്യമാണു സകലത്തിലും വരം.


വിത്തമല്ല,കുലമല്ല,കാന്തിയോ-
ടൊത്ത രൂപഗണമല്ല പാരിതിൽ
സത്തുകൾക്കു വിജയത്തെ നേടുവാൻ
സത്യമാണു വലുതായ സാധനം.

പാരിലൊക്കെ വിളികൊണ്ടിടുന്ന നൽ-
പ്പേരു ചേരുമതിനിദ്ധരിത്രിയിൽ
നേരുതന്നെ ഗതിയെന്നു നാം സദാ
നേരമൊർക്കണമതാണു ശോഭനം.

സത്യമൊന്നിനെ മറച്ചു നാം മഹാ
കൃത്യമിന്നു തുടരുന്നതാകിലും
പൂർത്തിയായ് ഫലമുദിച്ചിടാവളം
ചേർത്തിടാത്ത മരമെന്ന മാതിരി.

ശങ്കയെന്തിനിഹ സത്യമാം ധനം
തങ്കരത്തിലിയലുന്ന പൂരുഷൻ
സങ്കടം ചെറുതുമേറ്റിടാതെ നൽ-
ത്തിങ്കളൊത്ത പുകൾ പൂണ്ടുവാണിടും.

തുല്യരാകിയൊരു കൂട്ടരൊത്തു ചേർ-
ന്നുല്ലസിച്ചു കളിയാടിടുമ്പൊഴും
തെല്ലുമേ കളവു ചൊല്ലിടാത്തവൻ
നല്ല പോലറിക യോഗ്യനായ് വരും.

നേരു കെട്ടവനു മറ്റുസൽഗുണം
ചേരുമെങ്കിലുമുയർച്ച വന്നിടാ
വേരുപൊട്ടിയ മരത്തിനെപ്പൊഴും
നീരുവീഴ്ത്തുകിലെന്തുവാൻ ഫലം?

സത്യമാണു ബഹുമാന കാരണം
സത്യമാണു വിജയൈക സാധനം
സത്യമൊന്നു വെടിയാത്ത പൂരുഷൻ
സ്ത്യുത്യനായി വരുമില്ല സംശയം.