സന്മാർഗമാല എന്ന കവിതാസമാഹാരത്തിൽ നിന്ന്

സൗശീല്യം

തിരുത്തുക
(ഒരു കൃഷ്ണഗാഥാ രീതി)
തിരുത്തുക

നന്മയ്ക്കഹേതുപലതെന്നിരിക്കിലും
നമ്മൾക്കു സൗശീല്യമൊന്നുപോരും
നിർമ്മലമാകിയ ശീലത്താലേവർക്കും
സമ്മതമുണ്ടാക്കിത്തപ്തി നേടാ.

ശീലം പിഴയ്ക്കാതെ സൂക്ഷിച്ചിരിച്ചോർക്കു
ശ്രീലക്ഷ്മീദേവി ചപലയല്ലാ
കാലം പിഴച്ചെന്നു ഘോഷിച്ചുദുർമ്മാർഗ-
മാലംബിച്ചീടുന്നതജ്ഞരല്ലോ.

ചൊല്ലാളീടുന്നൊരു സൽ സ്വഭാവത്തിനാ-
ലെല്ലാജ്ജനങ്ങളും വശ്യരാകും
നല്ലവനെന്നൊരു നാമവിശേഷവു-
മുല്ലാസസ്ഫൂർത്തിയുമുണ്ടായീടും.

ദുശ്ശാഠ്യം, ദുർബുദ്ധി, ദുർവാക്കുതൊട്ടുള്ള
ദുശ്ശീലം ചേരുന്ന മാനവന്മാർ
നിശ്ശേഷലോകർക്കും നിന്ദ്യരായ്‌ത്തീരുന്നു
ദുശ്ശാസനാദികളെന്നപോലെ.

മദ്യത്തെ സേവിച്ചും സജ്ജനദ്രോഹത്തി
ലുദ്യുക്തരായി ബ്ഭവിച്ചുമേറ്റം
വർത്തിക്കും മർത്യന്മാർ ഘോരസർപ്പത്തേക്കാൾ
വർജ്യന്മാരെന്നു കരുതീടേണം.

സജ്ജനസംസർഗംകൊണ്ടുനാം വേണ്ടതിൽ
സജ്ജരായ് തീരുന്നപോലെതന്നെ
ദുർജ്ജനത്തോടൊത്തു വാഴുകിലെന്നുമേ
വർജ്യരായ് വന്നു പോമില്ല വാദം.

സത്യം ജയിക്കട്ടെ സൗശീല്യമാരിലു-
മത്യന്തം പൂർത്തിയായ് വർത്തിക്കട്ടെ
സത്തായിശ്ശോഭിക്കും സാധ്യസ്വഭാവത്താൽ
സത്തുക്കളെങ്ങും വിളങ്ങിടട്ടെ.