രചയിതാവ്:പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്
ശ്രീ മഹാഭാഗവതം ദശമം — കേരള ഭാഷഗാനം ഹരി: ശ്രീ ഗണപതയേ നമ: അവിഘ്നമസ്തു !! പുറയന്നൂർ പരമേശ്വരൻ നമ്പൂതിരിപ്പാട്
ഒന്നാം അദ്ധ്യായം
ശാരികാ-കുല-മണി-മൌലിയിൽ വിളങ്ങുന്ന/ ചാരു-രത്നമേ, കിളിപ്പൈതലേ, വരിക നീ./ സാരമായുള്ള മധു പഞ്ചസാരയും പാലും / പാരമായ് പ്പഴുത്തോരു കദളിപ്പഴങ്ങളും / പാരാതേ ഭുജിച്ചു നിന്നാലസ്യം കളഞ്ഞു നീ/ സാരമായുള്ള കഥ ചൊല്ലുക മടിയാതെ./ ആദി-നായകൻ ജഗന്നായകൻ പരമാത്മാ/ വേദ-വേദാന്ത-വേദ്യനാകിയ നാരായണൻ / യാദവാന്വയത്തിങ്കൽ കൃഷ്ണനായവതരി--/ ച്ചാദരവോടുമോരോ ലീലകൾ ചെയ്തതെല്ലാം/ 10 വ്യക്തമായ് ഞങ്ങളോടു ചൊല്ലേണമതുകേട്ടാൽ/ മുക്തിയും ലഭിച്ചീടും എന്നല്ലോ ശാസ്ത്രങ്ങളും./
മങ്കമാരുടെ വാക്യം ഇങ്ങിനെ കേട്ടനേരം / പൈങ്കിളിപ്പൈതൽതാനും അവരോടുരചെയ്താൾ :--/ “കൃഷ്ണലീലകൾ കേൾപ്പാൻ നിങ്ങൾക്കു മനതാരിൽ/ തൃഷ്ണയുണ്ടായതോർത്താൽ ഭാഗ്യമെന്നതേയുള്ളൂ./
ഐഹികസുഖങ്ങളും മോക്ഷവും വന്നീടുവാൻ / ദേഹികൾക്കിതുപോലെ മറ്റൊന്നില്ലറിഞ്ഞാലും./ ഇന്നിതു വിസ്തരിച്ചു ചൊല്ലുവാൻ ഓർത്തുകണ്ടാൽ/ പന്നഗാധീശൻ പോലും ആളല്ലെന്നതു നൂനം./ 20 എങ്കിലും ചുരുക്കി ഞാൻ ചൊല്ലുവൻ കേട്ടപോലെ / പങ്കജ-മിഴിമാരേ, കേട്ടുകൊള്ളുവിൻ നിങ്ങൾ./ വാരണ-വദനനും വാണിയും വിരിഞ്ചനും / മാര-നാശനൻ താനും ഇന്ദ്രാദി-ദേവന്മാരും / നാരദനാദി-മുനിശ്രേഷ്ഠരും ദ്വിജന്മാരും / പാരാതെ അനുഗ്രഹം നൽകേണം നമുക്കിപ്പോൾ. / സാരസേക്ഷണ ജയ മാധവ ജയ ജയ / സാരസോദ്ഭവ-മുഖ-ദേവ-വന്ദിത ജയ/ ഭക്തന്മാരുടെ ചിത്തേ വാഴും നിൻ പദാംബുജം/ ഭക്തവത്സല പോറ്റീ സന്തതം വണങ്ങുന്നേൻ./ 30 നിന്തിരുവടിയുടെ ലീലകൾ ചൊല്ലീടുവാൻ/ അന്തർ-മോഹേന തുടങ്ങീടുന്നോരടിയനെ/ വാക്കിനു വേണ്ടും ഗുണം ഒക്കെയും വരുത്തുവാൻ/ പാൽക്കടൽ-വർണ്ണൻ കനിവോടനുഗ്രഹിയ് ക്കേണം./ എങ്കിലോ വഴിപോലെ കേട്ടുകൊള്ളുവിൻ നിങ്ങൾ / പങ്കജ-നേത്രൻ-തന്റെ ലീലകൾ ചൊല്ലീടുന്നേൻ.”/ ശ്രീശുക-മഹാമുനി ശ്രീപരീക്ഷിത്തിനോടു / കേശവ-ചരിതങ്ങൾ ഓരോന്നേ ചൊന്ന ശേഷം/ ആശയം തെളിഞ്ഞുടൻ ഭൂപതി-പ്രവരനും / പേശല-വാചാ മുനി-ശ്രേഷ്ഠനോടരുൾ ചെയ്താൻ:-- 40/ "നിന്തിരുവടി അരുൾ ചെയ്തൊരു കഥകൾ കേ--/ ട്ടന്തരങ് ഗത്തിൽ നമുക്കജ്ഞാനം എല്ലാം തീർന്നു./ ചിൽപ്പുരുഷന്റെ കഥ കേൾപ്പതിന്നഭിലാഷം / ഉൾപ്പൂവിൽ വർദ്ധിയ് ക്കയാൽ ഒന്നു ഞാൻ ചോദിയ്ക്കുന്നൂ :--/ സോമ-വംശവും സൂര്യ-വംശവും വിസ്തരിച്ചു/ സാമോദം ഭവാനരുൾ ചെയ്തു ഞാൻ കേട്ടുവല്ലോ./ പുണ്യവാനായ യദുതന്നുടെ വംശം തന്നിൽ / പുണ്ഡരീകാക്ഷനായ മാധവൻ ജഗന്നാഥൻ / വന്നവതരിച്ചോരോ ലീലകൾ ചെയ്തതെല്ലാം / ഇന്നരുൾ ചെയ്കവേണം എന്നോടു ദയാനിധേ. /50 യാതൊരു ദേവൻ-തന്റെ കാരുണ്യം കൊണ്ടു മമ / താതന്റെ താതന്മാരാം ധർമ്മജാദികൾ മുന്നം / വിക്രമം ഏറെയുള്ള ഭീഷ്മ-ദ്രോണാദി ഘോര--/ നക്ര-സങ് കുലമായ കൌരവ-സേനാബ്ധിയെ / ഗോഷ്പദ-പ്രായമായി വേഗേന കടന്നുടൻ / പ്രാപ്ത-രാജ്യന്മാരായി സുഖിച്ചു വസിച്ചതും / ദ്രൌണി തന്നസ്ത്രാഗ്നിനാ ദഗ്ദ്ധമാം മമദേഹം/ ക്ഷീണതയെന്ന്യേ പരിപാലിച്ചു പൂരുവംശം / സന്തതിനാശം വന്നു പോകാതെ പാലിച്ചതും/ ഹന്ത ചിന്തിയ് ക്കിൽ കൃഷ്ണൻ തന്നുടെ കൃപയല്ലോ. /60 അങ്ങിനെയുള്ള ദേവൻതന്നുടെ കഥ കേട്ടാ-/ ലെങ്ങിനെ തൃപ്തി ഭവിച്ചീടുന്നു മഹാമുനേ ?/ ത്വന്മുഖാംബുജ-ച്യുത--മാധവ-കഥാമൃതം/ നന്മയിലനുദിനം പാനം ചെയ്തതുമൂലം / നല്ലൊരു ജല-പാന-മാത്രവുമില്ലെങ്കിലും / ഇല്ലൊരു താപം എനിയ് ക്കേറ്റമെന്നറിഞ്ഞാലും."/
ഇത്തരം നൃപൻതന്റെ വാക്കുകൾ കേട്ടനേരം / ചിത്ത-മോദേന മുനിശ്രേഷ്ഠനും അരുൾചെയ്തു:--/
"ഉത്തമ-പുരുഷന്റെ ലീലകൾ കേൾപ്പാൻ തവ / ചിത്തത്തിൽ അഭിലാഷം വർദ്ധിച്ചു വരികയാൽ / 70 ഉത്തമാന്മാരിലേറ്റം ഉത്തമനല്ലോ ഭവാൻ / മുക്തിയും ലഭിച്ചീടും--ഇല്ല സംശയമേതും./ നല്ലൊരു ഹരികഥ കേൾക്കുന്ന ജനങ്ങൾക്കും/ ചൊല്ലുന്ന ജനങ്ങൾക്കും ചൊല്ലുവാൻ ചൊല്ലുന്നോർക്കും/ കല്യാണങ്ങളും വരും മോക്ഷവും ലഭിച്ചീടും / ചൊല്ലുവനതുകൊണ്ടു കേട്ടുകൊണ്ടാലും ഭവാൻ./ ദേവദാനവയുദ്ധേ മരിച്ചോരസുരന്മാർ / കേവലം മനുഷ്യരായൂഴിയിൽ പിറക്കയാൽ/ ഭാരത്തെസ്സഹിയാഞ്ഞു ഭൂമിയുമൊരുദിനം / സാരസോദ് ഭവനോടു സങ് കടം ഉണർത്തിച്ചാൾ./ 80 അന്നേരം വിരിഞ്ചനും ചന്ദ്രശേഖരൻതാനു--/ മിന്ദ്രാദി ദേവകളും മാമുനിജനങ്ങളും / ഒന്നിച്ചു നിരൂപിച്ചു ഭൂമിയോടോരുമിച്ചു/ ചെന്നുടൻ ക്ഷീരാംബുധിതന്നുടെ തീരം പുക്കു / ആശയശുദ്ധിയോടും പൂരുഷസൂക്തം കൊണ്ടു / കേശവൻ തന്നെ സ്തുതി ചെയ്തങ്ങു നിൽക്കുന്നേരം/ സാരമായോരു വാക്കു പത്മജൻ മാത്രം കേട്ടു / പാരാതേയതു മറ്റുള്ളവരോടുര ചെയ്താൻ:/ "ദേവദേവന്റെ വാക്യം കേൾപ്പിനിന്നെല്ലാവരും / 'കേവലം ഭൂമിഭാരം തീർപ്പ'നെന്നരുൾ ചെയ്തു/ 90 ധന്യനാം വസുദേവനാകിയ യാദവന്റെ / നന്ദനനായവതരിയ് ക്കും നാരായണൻ. / തന്നുടെ പൂർവജനായ് ശ്ശേഷനും ജനിച്ചീടും;/ കന്യകാ-രൂപത്തോടു മായയും പിറന്നീടും./ ദേവകളെല്ലാവരും യാദവാന്വയത്തിങ്കൽ / ദേവദേവനെപ്പൂജിച്ചീടുവാൻ ജനിയ്ക്കേണം./ മാനുഷ-നാരിമാരായ് ജ്ജനിച്ചു സുരസ്ത്രീകൾ/ ദാനവ-വൈരിതന്നെശ്ശുശ്രൂഷ ചെയ്തീടേണം."/ എന്നെല്ലാം നിയോഗിച്ചു പത്മജൻ ഭൂമീ-ദേവി- / തന്നെയും ആശ്വസിപ്പിച്ചാത്മലോകവും പുക്കാൻ./ 100 വന്ന സന്തോഷത്തോടും മറ്റുള്ള ജനങ്ങളും / നന്ദിച്ചു ചെന്നു നിജ-മന്ദിരേ മേവീടിനാർ./ മുഖ്യയാം കാളിന്ദിതൻ തീരത്തു മഥുരയെ--/ ന്നാഖ്യയാം രാജധാനിതന്നിലങ്ങതുകാലം/ യാദവ-വൃഷ് ണ്യന്ധക-ഭോജാദികളെയെല്ലാം/ മോദേന ശൂര-സേനൻ പാലിച്ചു വാഴുംകാലം / ദേവക-തനൂജയാം ദേവകിതന്നെ വസു--/ ദേവനാം ശൂര-പുത്രൻ ഭാഗ്യവാൻ വേട്ടീടിനാൻ./ പൊന്നണിഞ്ഞാനകളും അശ്വങ്ങൾ രഥങ്ങളും / സുന്ദരിമാരാം ദാസിവൃന്ദവും ധനങ്ങളും / 110 എന്നിവയനവധി നൽകിനാൻ ദേവകനും / കന്യകതന്നിലുള്ള വാത്സല്യം പെരുക്കയാൽ./ ദേവക-ഭ്രാതാവാകും ഉഗ്ര-സേനന്റെ സുതൻ / കേവലമുഗ്രനാകും കംസനും അതുനേരം / നല്ലൊരു രഥംതന്നിൽ സോദരീ-സ്യാലന്മാരെ/ മെല്ലവേ കരയേറ്റിക്കൊണ്ടുടൻ പുറപ്പെട്ടു./ സോദരീ-സ്നേഹംകൊണ്ടു താൻതന്നെ തേരും തെളി--/ ച്ചാദരവോടു ഘോഷയാത്രയും തുടങ്ങിനാൻ./ കേൾക്കായിതശരീരിവാക്യവും അതുനേരം:/ "മൂർഖനായോരു കംസ ! കേൾക്ക നീ വഴിപോലെ;/ 120 ദേവകിയ് ക്കെട്ടുപുത്രന്മാരുണ്ടാ, മതിൽ / കേവലം എട്ടാമൻ നിന്നെയും വധിച്ചീടും!"/ എന്നതു കേട്ടനേരമെത്രയും ഭയത്തോടും / വന്നൊരു കോപത്തോടും കംസനുമെഴുന്നേറ്റു/ നല്ലൊരു വാളെടുത്തു ചെന്നു തൻഭഗിനിയെ--/ ക്കൊല്ലുവാനായിപ്പിടിപ്പെട്ടിതു കേശത്തിൻമേൽ ./ ഹാഹാകാരേണ പരിപൂർണ്ണമായ്ജ്ജഗത്തെല്ലാം;/ മോഹിച്ചു ദേവകിയും ഭൂമിയിൽ വീണീടിനാൾ./ എന്നതു കണ്ടു ചെറ്റു ചിന്തിച്ചു വസുദേവൻ / മന്ദഹാസവും ചെയ്തു കംസനോടുരചെയ്താൻ:--/ 130 "ഭോജ-വംശാമൃതാബ്ധി-ശീതാംശോ, മഹാമതേ,/ പൂജിത-ഗുണനിധേ! കേൾക്ക മേ വാക്യം ഭവാൻ./ "സാഹസമരുത, രു, താർക്കും എന്നറിഞ്ഞാലു--/ മാഹന്ത ധർമ്മാധർമ്മമൊക്കെയും മറന്നല്ലോ./ കന്യകാ-ഹത്യയോടു തുല്യമായൊരു പാപം / മന്നിലില്ലൊരുവർക്കും എന്നല്ലോ ശാസ്ത്രങ്ങളും./ "എന്നതിൽ വിശേഷിച്ചു സോദരിയല്ലോ ഇവൾ / ഒന്നുമില്ലപരാധമിവൾക്കു നിരൂപിച്ചാൽ./ "കന്യകാവധം കൊണ്ടു നിന്നുടെ കീർത്തിയ് ക്കിന്നു/ വന്നിടും കളങ്കവും എന്നതു ധരിച്ചാലും! / 140 "വീരരായുള്ളവർക്കു ദുഷ് കീർത്തി വരുന്നതിൽ / പാരാതെ മരിപ്പതു നല്ലതെന്നറിഞ്ഞാലും,/ "ത്വൽക്കീർത്തി സഹിയാഞ്ഞു ദേവകൾ ഭവാനൊരു/ ദുഷ് ക്കീർത്തിയുണ്ടാക്കുവാൻ ഇന്നിതു ചൊൽകയല്ലീ ?/ എന്നിയേ ദേവ-വാക്യം സത്യമെന്നിരിയ് ക്കിലോ / മന്നവ, നീക്കീടുവാൻ ആവതല്ലല്ലോ പാർത്താൽ./ മർത്ത്യൻമാർ ജനിയ് ക്കുമ്പോൾ കൂടവേ ജനിച്ചീടും / മൃത്യുവും, ഒരുമിച്ചു നിത്യവും വസിച്ചീടും./ കാലവും വരുന്നേരം മൃത്യുവും ഗ്രഹിച്ചീടും / കാലകാലനുമതു നീക്കുവാൻ പണിയത്രേ ! /150 ഇന്നിവൾതന്നെക്കൊന്നാൽ നിനക്കു മൃതിയെന്ന-/ തെന്നുമില്ലെന്നതുണ്ടോ നിന്നുടെ മനക്കാന്പിൽ ?/ ഇത്തരമോരോതരം വിസ്തരിച്ചുരചെയ്തു / ചിത്തത്തിലവനേതുമേൽക്കാഞ്ഞു വസുദേവൻ / പിന്നെയും വിചാരിച്ചു ചൊല്ലിനാ,"നെങ്കിൽ കേൾ നീ / ഇന്നിവൾതങ്കൽനിന്നു മൃത്യുവില്ലല്ലോ തവ./ പുത്രന്മാരിവൾ പെറ്റിട്ടുണ്ടാകുന്നവരെല്ലാം / എത്രയും വൈകാതെ ഞാൻ നിനക്കു തന്നീടുവൻ;/ വിശ്വൈകസാക്ഷിയാകും ആദിത്യൻ തന്നാണതു/ വിശ്വസിച്ചാലും മമ ഭാഷിതം സത്യമത്രേ !" / 160 എന്നതു കേട്ടനേരം കംസനും വസുദേവൻ തന്നുടെ സത്യമോർത്തിട്ടങ്ങിനെ തന്നെയെന്നാൻ./ സോദരി തന്നെപ്പറഞ്ഞയച്ചു പുരി പുക്കു / മോദേന വസിച്ചതു, ശൌരിയും ഗേഹം പുക്കാൻ./ ഓരാണ്ടു കഴിഞ്ഞപ്പോൾ ദേവകി പെറ്റീടിനാൾ/ ചാരു-തേജോമയനാം നല്ലൊരു കുമാരനെ./ സഹിച്ചു കൂടാതൊരു ദു:ഖമുണ്ടെന്നാകിലും / മഹത്വമുണ്ടാകയാൽ അസത്യ-ഭയത്തിനാൽ / ഉത്തമൻ വസുദേവൻ പുത്രനെയെടുത്തുടൻ / സത്വരം കംസൻ തന്റെ കരത്തിൽ നൽകീടിനാൻ. / 170 ഉത്തമനായ ശൌരിതന്നുടെ സത്യം കണ്ടു / ചിത്ത-മോദേന കംസനിത്തരം ചൊല്ലീടിനാൻ:/ " ഉത്തമൻ ഭവാനത്രേ പക്കൽനിന്നു / മൃത്യുഭീതിയുമെനിയ്ക്കില്ലല്ലോ മഹാമതേ!/ ആകയാലഷ്ടമനാം പുത്രനെത്തന്നാൽ പോരും / ശോകവും കളഞ്ഞിനി വാഴ് ക നീ പുത്രനോടും."/ എന്നുരചെയ് തു പുത്രൻ തന്നെയും നൽകീടിനാൻ നന്ദിച്ചു വാങ്ങിക്കൊണ്ടു ശൌരിയും ഗൃഹം പുക്കാൻ./ ദുഷ്ടന്മാരുടെ ചിത്തം ചഞ്ചലമാകകൊണ്ടു / തുഷ്ടിയും വസുദേവനൊട്ടുമേ വന്നീലല്ലോ. /180 ബ്രഹ്മ-നന്ദനനായ നാരദൻ അതുകാലം / ദുർമ്മതിയായുള്ളൊരു കംസനോടരുൾ ചെയ് തു:- / "നന്ദഗോപാദികളായുള്ളൊരു ഗോപന്മാരും / മന്നവ, യശോദാദി-ഗോപികാജനങ്ങളും / പിന്നെയും വസുദേവനാദിയാം യദുക്കളും/ സുന്ദരി ദേവക്യാദിയാകിയ നാരിമാരും / എന്നിവരെല്ലാം ദേവവംശമെന്നറിഞ്ഞാലും / ഇന്നു നീ കാലനേമിയായ ദാനവനല്ലോ./
നിന്നുടെ സചിവന്മാരാകിയ ദേവാദികൾ മന്നിൽ വന്നുദ് ഭവിച്ച ദാനവരവരല്ലോ. /189 ആദിതേയന്മാർ അപേക്ഷിയ് ക്കയാൽ നാരായണൻ / യാദവാന്വയത്തിങ്കൽ ദേവകീ-തനയനായ് / വന്നവതരിച്ചുടൻ നിന്നെയും വധിച്ചീടും / മന്ദനായിരിയ് ക്ക നീ, ഞാനിതാ ഗമിയ്ക്കുന്നേൻ."/ എന്നരുൾ ചെയ് തു മുനി പോയോരുശേഷം കംസൻ/ നന്നു നന്നെന്നു പറഞ്ഞെത്രയും കോപത്തോടേ / ദേവകിയ് ക്കുളവായ പുത്രനെക്കൊന്നീടിനാൻ;/ ദൈവ-കൽപ്പിതം ആർക്കും തടുക്കാൻ അരുതല്ലോ./ ആറു വത്സരം കൊണ്ടങ്ങാറു പുത്രന്മാരുണ്ടായ് / നാരിമാർ മണിയാകും ദേവകി; യ് ക്കവരെല്ലാം / അന്നന്നു തന്നേ കംസൻ ചെന്നങ്ങു വധിച്ചിതു; / 200 ഖിന്നത പൂണ്ടു വസുദേവനും വാണീടിനാൻ./ പിന്നെത്തൻ ഭഗിനിയാം ദേവകീ-ദേവിയേയും/ ഖിന്നനാം വസുദേവൻതന്നെയും മഹാശഠൻ / തന്നുടെ താതനേയും ശൂരനാം യദു-പതി-/ തന്നെയും ബന്ധിച്ചിതു ചങ്ങലകൊണ്ടുതന്നെ./
രാജ-ഭോഗങ്ങളനുഭവിച്ചു ദുഷ്ടന്മാരാൽ / പൂജിതനായ കംസൻ വാണിതു സുഖത്തോടും./ അദ്ധ്യായം ഒന്നു പറഞ്ഞീടിനേൻ ഇനി നിങ്ങൾ--/ ക്കത്യാശ ഉണ്ടെന്നാകിൽച്ചൊല്ലുവൻ കേട്ടുകൊൾവിൻ ! / 210
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം അദ്ധ്യായം 2
(പുറയന്നൂർ ദശമം) ബ്രഹ്മശ്രീ പുറയന്നൂർ പരമേശ്വരൻ നന്പൂതിരിപ്പാട്
അക്കാലം കംസൻതന്റെ ഭൃത്യനാം ബകൻതാനും മുഷ് ക്കരൻ പ്രലംബനും ശക്തനാം തൃണാവർത്തൻ മുഷ്ടികൻ അരിഷ്ടനും ചാണൂരൻ മഹാ-ശഠൻ ദുഷ്ടനാം വിവിദനും പൂതനാ-പിശാചിയും എന്നിവരെല്ലാവരുമൊന്നിച്ചു കംസൻതാനും മന്നവന്മാരാം ജരാസന്ധ-സാല്വാദികളും ഒന്നിച്ചു യദുക്കളെ ദ്വേഷിച്ചു തുടങ്ങിനാർ;
ഖിന്നതപൂണ്ടു വാങ്ങിപ്പോന്നിതു യദുക്കളും കേകയ-കുരു-വിദർഭാദിയാം രാജ്യങ്ങളിൽ ശോകേന വസിച്ചിതു നിത്യവും ഭയത്തോടും. 10
അക്കാലം ദേവകിയ് ക്കു സപ്തമമായ ഗർഭം വ്യക്തമായ് വന്നൂ ശേഷ-തേജസാ സമന്വിതം.
അന്നേരം നാരായണൻ മായയോടരുൾചെയ്തു:-- നന്ദിച്ചു യദു-കുലം തന്നിൽ നീ ചെന്നീടേണം.
ദേവകീ-ഗർഭത്തിങ്കലുള്ളൊരു ശേഷ-തേജ-- സ്സാവോളം വൈകീടാതെ തത്ര നിന്നെടുത്തു നീ രോഹിണിയുടെ ഗർഭം തന്നിലങ്ങാക്കീടേണം മോഹന-ശീലേ, വസുദേവന്റെ പത്നിയവൾ.
"അന്പാടിതന്നിലവൾ വാഴുന്നു നന്ദഗേഹേ വന്പനാം കംസൻതന്നെപ്പേടിച്ചു ദു:ഖത്തോടും 20 ഗർഭത്തിൽനിന്നു നീയുമാകർഷിയ് ക്കുന്നമൂല-- മർഭകൻതനിയ് ക്കു സങ്കർഷണനെന്നു പേരാം.
ആമോദമെല്ലാവർക്കുമുണ്ടാക്കിച്ചമയ് ക്കയാൽ രാമനെന്നൊരു നാമം കൂടിയുണ്ടാകുമല്ലോ.
തുല്യമില്ലാത്ത ബലമുണ്ടായി വരികയാൽ ചൊല്ലീടും ബലഭദ്രനെന്നൊരു പേരും പിന്നെ.
പിന്നെ നീ യശോദതൻ പുത്രിയായ് പ്പിറന്നാലും മന്നിടംതന്നിൽ നിന്നെപ്പൂജിയ് ക്കുമെല്ലാവരും.
വൈഷ്ണവീ, കന്യാ ,ദുർഗ്ഗാ, ചണ്ഡികയെന്നും പിന്നെ കൃഷ്ണ, മാധവിയെന്നും അംബികാ-ദേവിയെന്നും 30 നാമങ്ങൾ നിനക്കുണ്ടായ് വന്നീടും, ഭക്തന്മാർക്കു-- ള്ളാമയങ്ങളും തീർത്തു ഭൂതലേ വസിച്ചാലും !"
മായയുമതു കേട്ടു ഭൂതലംതന്നിൽച്ചെന്നു
മായാ-മാനുഷൻ നിയോഗിച്ചതുപോലെ ചെയ് താൾ .
ദേവകിയുടെ ഗർഭം പോയതുകൊണ്ടു പരി-- ദേവനംചെയ് തു വസുദേവനും ബന്ധുക്കളും.
ഭൂമി-ഭാരത്തെത്തീർപ്പാൻ അക്കാലം നാരായണൻ സാമോദം വസുദേവൻതന്നുടെ മനസ്സിങ്കൽ സത്വരം പ്രവേശിച്ചാൻ മായയാ നിജാംശത്താൽ; എത്രയും തേജോമയനായിതു വസുദേവൻ. 40
ഗർഭവും ഉണ്ടായ് വന്നു ദേവകി, യ് ക്കതുകാലം അത്ഭുത-ഗാത്രിതാനും ഉജ്ജ്വലിച്ചിതു പാരം.
നോക്കരുതാതെയുള്ള തേജസ്സു കാൺകമൂലം ഉൾക്കാന്പിൽ നിനച്ചിതു കംസനും ഭയത്തോടെ:--
"ദേവകിയുടെ ഗർഭം തന്നിലുള്ളൊരു ബാലൻ
കേവലം നാരായണൻ എന്നതു നിർണ്ണയിച്ചേൻ.
"ഇന്നു ഞാനിവൾതന്നെക്കൊന്നീടുന്നാകിലതു നന്നല്ല, ദുഷ് ക്കീർത്തിയും പാപവും ഉണ്ടാമല്ലോ!”
ഇത്തരം ചിന്തിച്ചവനെല്ലാനേരവും നിജ- ശത്രുവാം വിഷ്ണുതന്നെച്ചിന്തിച്ചു വസിയ് ക്കയാൽ 50 ലോകവും വിഷ്ണു-മയമായ് ത്തന്നേ കണ്ടാനവൻ ആകുലം പൂണ്ടു പാരം പേടിച്ചു മരുവിനാൻ.
അക്കാലം ബ്രഹ്മാദികളാകിയ ദേവകളും മുക്കണ്ണൻ താനും മുനി-വൃന്ദവും ഒരുമിച്ച് ആകാശ-മാർഗ്ഗേ നിന്നു ദേവകീ-ഗർഭസ്ഥനാം ലോകേശൻതന്നെ സ്തുതിചെയ് തിതു പലതരം.
ദേവകിയോടു പിന്നെച്ചൊല്ലിനാരവർകളും:--
"ദേവ-ദേവേശൻ തവ നന്ദനനായമൂലം എത്രയും ഭാഗ്യം നിനക്കുണ്ടെന്നേ പറയാവൂ. പുത്രനെക്കംസൻ വധിച്ചീടുകയില്ല നൂനം." 60
ഇത്തരം ഉരചെയ് തു പോയാരങ്ങവർകളും ഉത്തമമായ രണ്ടാം അദ്ധ്യായം ഉരചെയ് തേൻ . 62 ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം
അദ്ധ്യായം 3
ബ്രഹ്മശ്രീ പുറയന്നൂർ പരമേശ്വരൻ നന്പൂതിരിപ്പാട്
അക്കാലം ദേവകിയ് ക്കു പൂർണ്ണമായിതു ഗർഭം മുഖ്യമായിരിപ്പോരു ചിങ്ങമാസവും വന്നു.
അഷ്ടമീ-രോഹിണി-നാളർദ്ധരാത്രിയ് ക്കുതന്നെ പുഷ്ട-മോദത്തോടവതാരവും ചെയ് തു നാഥൻ.
അപ്പൊഴേ പുഷ്പ-വൃഷ്ടി ചെയ് തിതു ദേവാദിക, -- ളപ്സര-സ്ത്രീകളെല്ലാം നൃത്തവും തുടങ്ങിനാർ.
പാരം ആനന്ദം പൂണ്ടു ഗന്ധർവ-സമൂഹവും നാരദൻതാനും പല പാട്ടുകൾ പാടീടിനാർ.
ദിക്കുകളുജ്ജ്വലിച്ചു, വഹ്നിയും പ്രകാശിച്ചൂ തസ് ക്കരന്മാരുമൊക്കെപ്പുക്കിതു വനാന്തരം. 10
മന്ദമായ് പ്പവനനും വീശിനാൻ, ജലങ്ങളും നന്നായിത്തെളിഞ്ഞേറ്റം വർദ്ധിച്ചു ചമഞ്ഞുതേ.
നക്ഷത്ര-ഗ്രഹാദികളെത്രയും പ്രകാശിച്ചു തൽക്ഷണേ മന്ദംമന്ദം ശബ്ദിച്ചു മേഘങ്ങളും.
ശിഷ്ടന്മാരുടെ ചിത്തമേറ്റവും തെളിഞ്ഞുതേ ദുഷ്ടരാം കംസാദികൾ പേടിച്ചങ്ങുറങ്ങിനാർ.
ഇത്തരം അതുനേരം ഉണ്ടായ ഘോഷമെല്ലാം വിസ്തരിച്ചുരചെയ് വാനാവതല്ലനന്തനും.
സൂതികാ-ഗൃഹമേറ്റം ഉജ്ജ്വലിച്ചതു കണ്ടു കൗതുകത്തോടും വസുദേവൻതാൻ നോക്കുന്നേരം 20 കണ്ടാനങ്ങൊരു ബാലൻതന്നുടെ രൂപാമൃതം പണ്ടാരും ഇതുപോലെ കണ്ടതില്ലെന്നേ വേണ്ടൂ.
പൊന്മയ-കിരീടവും അംബുജ-നയനവും നന്മയേറീടും മകരാകൃതി-കുണ്ഡലവും മന്ദ-ഹാസവും ചന്ദ്ര-തുല്യമാം വദനവും സുന്ദര-ഗള-തലേ കൌസ്തുഭ-രത്നാഭയും ശ്രീവത്സാങ്കവും വന-മാലയും പൊന്മാലയും ദേവ-ദുർല്ലഭങ്ങളാം ഹാരങ്ങൾ പതക്കങ്ങൾ എന്നിവകൊണ്ടു ശോഭിച്ചീടുന്ന വക്ഷ-സ്ഥലം തന്നിലുള്ളോരു തുളസീ-ദള-സൌരഭ്യവും 30 കങ്കണ-ദീപ്തങ്ങളായുള്ളൊരു കരം നാലിൽ ശങ് ഖ-ചക്രാബ്ജ-ഗദ ധരിച്ച ശോഭയോടും അഞ്ചിത-പീതാംബര ശോഭിത-കടിതടേ കാഞ്ചന-കാഞ്ചീഗുണം അഞ്ചിത-ശോഭയോടും പങ് കജ-ശോഭതന്നെ നിന്ദിയ് ക്കും പദ-ദ്വയേ തങ്കത്തെക്കാളും നിറമേറുന്ന മഞ്ജീരവും കായാമ്പൂ-നിറം നാണിച്ചീടിന നിറത്തോടും മായാ-ബാലകൻതന്നെക്കണ്ടൊരു വസുദേവൻ നേത്രങ്ങളനക്കാതെ നോക്കി-നിന്നരക്ഷണം ചീർത്ത കൌതുകത്തോടും ചിത്തത്തിൽ നിരൂപിച്ചാൻ :-- 40
"മാമുനിമാരും മറ്റു ശാസ്ത്രജ്ഞന്മാരും വന്നു സാമോദം പറഞ്ഞു ഞാൻ കേട്ടതുപോലെതന്നെ മുൻപിലാമ്മാറു വിഷ്ണു-രൂപത്തെക്കാൺകമൂലം ഇന്നിതു നാരായണനെന്നതുമുറച്ചു ഞാൻ.
ദുഷ്ടനാകിയ കംസൻതന്നെക്കൊന്നവനിയിൽ ശിഷ്ടരായുള്ളവരെപ്പാലിച്ചുകൊണ്ടീടുവാൻ
എന്നുടെ തനയനായ് വന്നവതരിച്ചിതു പന്നഗ-ശയനനാം മാധവനെന്നു നൂനം."
ഇത്തരം ഉറച്ചവൻ ബാലകൻപദങ്ങളിൽ ഭക്തി-കൈക്കൊണ്ടു വീണു നമസ്കാരവും ചെയ്തു. 50
പിന്നെയങ്ങെഴുന്നേറ്റു കൈകളും കൂപ്പി നിന്നു മുന്നിലാമ്മാറു നിൽക്കും ദേവനെ സ്തുതിചെയ് താൻ:--
"ദേവ-ദേവേശ ജയ! മാധവ ജയ ജയ ! കേവലാനന്ദ ജയ! ലോക-നായക ജയ !
നിന്നുടെ മായതന്നിൽ മുഴുകിക്കിടക്കുന്നോ-- രെന്നെയും പരിപാലിച്ചീടേണം ദയാ-നിധേ !
എന്നുമേ ജന്മ-മരണാദികൾ ഇല്ലാത്ത നീ എന്നുടെ സുതനായി വന്നവതരിച്ചതും എന്നുടെ ഭാഗ്യമെന്നുതന്നെ ഞാൻ കരുതുന്നേൻ എന്നതിൻ കാരണങ്ങളെന്തറിയാവൂ നാഥ ? 60
കംസനാൽ ക്ലിഷ്ടന്മാരാം ഞങ്ങളെക്കൃപയാലേ സംസാര-വിനാശനാ ! രക്ഷിച്ചുകൊള്ളേണമേ !
ഇന്നു നിന്നവതാരം കേൾക്കിലോ കംസൻ താനും വന്നീടും ഉപായം എന്തതിനു ദയാനിധേ ?"
ഇത്തരം സ്തുതിച്ചവൻ അയുതം പശുക്കളെ ചിത്ത-മോദേന ദാനം ചെയ് തിതു മനസ്സിനാൽ.
ദേവകീ-ദേവിതാനും ഏറ്റവും സ്തുതിച്ചുടൻ ദേവ-ദേവേശൻ തന്നോടീവണ്ണം ഉരചെയ് താൾ.
"നിന്തിരുവടി മമ നന്ദനനായി വന്ന-- തെന്തൊരു ഭാഗ്യമെന്നു മറ്റാർക്കിന്നറിയാവൂ ? 70
ലോക-നായക! ഭവദ്രൂപത്തെ മറച്ചിനി ലൌകികമായ ബാല-രൂപത്തെദ്ധരിയ് ക്കേണം !
ദുഷ്ടനാം കംസൻ എന്തു ചെയ് യുന്നിതറിഞ്ഞീല ദുഷ്ട-നാശന, പരിപാലിച്ചുകൊള്ളേണമേ !'
ദേവകിയുടെ വാക്യം കേട്ടു സന്തോഷത്തോടു ദേവ-ദേവേശൻ മന്ദ-ഹാസമോടരുൾ ചെയ് തു:--
"പണ്ടു നീ സ്വായംഭുവമാകിയ മന്വന്തരേ വണ്ടാർപൂങ്കുഴലാളാം പൃഷ്ണിയായതു ഭദ്രേ !
സുതപസ്സെന്നു കീർത്തി പൊങ്ങിടും പ്രജാപതി-- സുതനോ തവ ഭർത്താവെന്നിവനറിഞ്ഞാലും ! 80 എത്രയും തപം ചെയ് തു നിങ്ങളന്നെന്നെ, ഞാനും പുത്രനായ് പിറന്നതും പൃഷ്ണി-ഗർഭാഖ്യയോടും പിന്നെയങ്ങദിതിയായ് വന്നു നീ പിറന്നിതു നിന്നുടെ ഭർത്താവിവനന്നു കാശ്യപനല്ലോ.
വാമനനെന്നു പേരായന്നു നിൻ തനയനായ് വാമ-ലോചനേ ! ഞാനും വന്നവതാരം ചെയ് തേൻ.
ഇന്നു നിൻ തനയനായ് കൃഷ്ണനെന്നാഖ്യയോടും വന്നവതാരം ചെയ് തേൻ എന്നതു ധരിച്ചാലും !
പ്രാഗ് ജന്മ സ്മരണത്തിനായ് ക്കൊണ്ടു മമ-രൂപം ഊർജ്ജിതം നിങ്ങൾക്കിന്നു കാട്ടിയതറിഞ്ഞാലും ! 90
ഈശ്വര-ഭാവത്തോടും നന്ദന-ഭാവത്തോടും ശാശ്വതമെന്നെ നിങ്ങൾ ചിന്തിയ് ക്കും ഇജ്ജന്മത്തിൽ .
അന്ത്യകാലത്തു മമ സായുജ്യം വരും നിങ്ങൾ-- ക്കെന്തിനിദ്ദു:ഖിയ് ക്കുന്നൂ ബന്ധുവായുണ്ടല്ലോ ഞാൻ ?
ഉത്തമ-ഭക്തന്മാർക്കു മുക്തിയും നൽകീടും ഞാൻ അത്രയും അ, ല്ലവർക്കു ദാസനെന്നറിഞ്ഞാലും ! “
എന്നരുൾ ചെയ്തു വസുദേവനെ നോക്കിപ്പിന്നെ മന്ദഹാസവും ചെയ്തു മന്ദമായുരചെയ്തു:
"സുന്ദരീ യശോദയാം നന്ദന്റെ പത്നിയ് ക്കൊരു നന്ദിനിയുണ്ടായ് വന്നു ഞാൻ പിറന്നോരു നേരം. 100
എന്നെയും തത്ര കൊണ്ടുചെന്നു നീ ശയിപ്പിച്ചു കന്യക-തന്നെക്കൊണ്ടുപോരിക മടിയാതെ.
ഉണ്ടതുകൊണ്ടു കാര്യം, മാർഗ്ഗത്തിലൊരു വിഘ്നം ഉണ്ടാകയില്ല തവ, നല്ലതു വരും മേലിൽ.”
എന്നരുൾചെയ്തു നിജ-രൂപവും മറച്ചുടൻ പിന്നെയങ്ങൊരു മർത്ത്യ-ബാലനായ് ക്കിടന്നപ്പോൾ എത്രയും വേഗത്തോടു ദേവകിചെന്നു നിജ- പുത്രനെയെടുത്തുടൻ മുലയും നൽകീടിനാൾ.
അന്നേരം വസുദേവൻ പുത്രനെയെടുത്തതി-- ഖിന്നതയോടും പുറപ്പെട്ടൊരു നേരംതന്നെ 110 ബന്ധിച്ചു കിടന്നോരു ചങ്ങലയതും പൊട്ടി-- ബ്ബന്ധമെന്നിയേ കവാടങ്ങളും തുറന്നുപോയ് !
മുറ്റത്തിങ്ങിറങ്ങിയ നേരത്തു മഴയുമു-- ണ്ടറ്റമില്ലാതെയുള്ള കൂരിരുട്ടതുമുണ്ട്.
അന്നേരം അനന്തനും വന്നു തൻ ഫണംകൊണ്ടു പിന്നിലാമ്മാറു നിന്നു കുടയും പിടിച്ചൂ തേ.
മിന്നുന്ന ഫണ-രത്ന-ശോഭകൾകൊണ്ടുതന്നെ ധന്യനാം ശൌരിയ് ക്കപ്പോൾ മാർഗ്ഗവും കാണായ് വന്നൂ.
തീരദേശവും കവിഞ്ഞൊഴുകും കാളിന്ദിയിൽ ശൌരിതൻ മുഴങ്കാൽക്കു വെള്ളമായ് വന്നിതപ്പോൾ. 120
ആശ്ചര്യം പൂണ്ടാൻ ഇവ കണ്ടൊരു വസുദേവൻ ഈശ്വര-വിലാസങ്ങൾക്കെന്തരുതാതെയുള്ളൂ ?
നന്ദ-വേശ്മനി ചെന്നു ശൌരിയും യശോദയാം സുന്ദരീ-സമീപത്തു കിടത്തീ കുമാരനെ.
കന്യകാ-രത്നത്തേയും കൊണ്ടിങ്ങു പോന്നൂ നിജ-- തന്വങ് ഗിയുടെ കയ് യിൽ കൊടുത്തൂ മോദത്തോടും.
മുന്നമെന്നതുപോലെ ബന്ധിച്ചു നിജ-പാദം അന്നേരം കവാടങ്ങൾ അടഞ്ഞൂ താനേ തന്നെ.
ദേവകിതാനും വസുദേവനും നിജഹൃദി ദേവ-ദേവേശൻതന്നെ ധ്യാനിച്ചു മരുവിനാർ. 130
ഇങ്ങിനെ മൂന്നദ്ധ്യായം ചൊല്ലിനേൻ ഇനിയും ഞാൻ മങ് ഗളമായ കഥ ചൊല്ലുവൻ കേട്ടുകൊൾവിൻ. 132
ശ്രീമദ് ഭാഗവതം ദശമം -- ഭാഷാഗാനം
നാലാം അദ്ധ്യായം
കന്യകാ-രോദനത്തെക്കേട്ടൊരു രക്ഷിവൃന്ദം വന്നൊരു ഭയത്തോടും കംസനോടറിയിച്ചാർ.
എത്രയും ഭീതിപൂണ്ടു കംസനും വേഗത്തോടും ഗാത്രവും വിറച്ചതിദീനനായോടിച്ചെന്നു കന്യക-തന്നെപ്പിടിച്ചീടിനാനനതുനേരം; തന്നുള്ളിൽ ഭയത്തോടും ദേവകിതാനും ചൊന്നാൾ:-
"ഭ്രാതാവേ ! മഹാമതേ ! സാഹസം എന്തിതയ് യോ ! ചേതസി നിനയ് ക്ക നീ, സോദരിയല്ലോ ഞാനും ?
സുന്ദരന്മാരാം ആറു പുത്രരെ വധിച്ചു നീ കന്യക-തന്നെ മമ നൽകുക കൃപയാലേ ! 10
കന്യകാ-വധത്തിനു പാപവും ഇല്ലേ പാർത്താൽ ? പിന്നെയിന്നിവൾ നിന്നെക്കൊല്ലുവാൻ ആളാകുമോ ?”
ഇത്തരം ഓരോതരം പറഞ്ഞു കരയുന്നോ-- രുത്തമ-സ്ത്രീരത്നത്തെബ് ഭർത്സിച്ചു മഹാ-ഖലൻ.
കന്യക-തന്റെ പാദം പിടിച്ചങ്ങുയർത്തിക്കൊ-- ണ്ടുന്നത-ശിലതന്മേൽ അടിപ്പാൻ തുടർന്നപ്പോൾ കന്യക-താനും കയ് യിൽ നിന്നുടൻ ഉൽപ്പതിച്ചു തന്നുടെ രൂപത്തോടും അംബരേ വിളങ്ങിനാൾ എട്ടു തൃക്കൈകളിലും ആയുധ-ജാലത്തോടും എട്ടു ദിക്കിലും നിറഞ്ഞുള്ളൊരു തേജസ്സോടും 20 സർവാംഗമലങ്കരിച്ചുള്ളൊരു ശോഭയോടും സ്വർവ്വധൂജനത്തോടും ദേവതാ-വൃന്ദത്തോടും ഇങ്ങിനെ കണ്ടനേരം കംസനും ഭയപ്പെട്ടു; തിങ്ങിന കോപത്തോടും ദേവിയും അരുൾ ചെയ്തു:--
"നിർമ്മരിയാദത്തിനു മുമ്പനാകിയ കംസ ! ദുർമ്മതേ ! ജള-പ്രഭോ ! കേൾക്ക നീ മമ വാക്യം!
കൊല്ലുവാനെന്നാകിലും കാൽ പിടിച്ചതുമൂലം കൊല്ലുകയില്ല നിന്നെ ഞാനിന്നു, പേടിയ് ക്കേണ്ടാ.
നിന്നുടെ കാലനിന്നു ഭൂമിയിൽ ഉളവായി;
സന്നാഹം ഉണ്ടെന്നാകിൽ തിരഞ്ഞു കൊണ്ടാലും നീ !” 30
എന്നരുൾചെയ് തശേഷം ദേവിയും മറഞ്ഞിതു വന്ന സന്താപമെന്തു ചൊല്ലുന്നു കംസനപ്പോൾ!
ദേവകീ-വസുദേവന്മാരെയും അഴിച്ചുടൻ കേവലം ഭീതിയോടും നമസ്കാരവും ചെയ് തു വന്ദിച്ചു ചൊന്നാൻ:-- "മഹാപാപിയാം എന്നിലിന്നു നിന്ദയും ഉണ്ടാകൊല്ലാ, കോപവും അരുതേതും !
ആരുടെ ദോഷം കൊണ്ടും വന്നതല്ലിവയൊന്നും ആരാലും തടുക്കാമോ ദൈവ-കൽപ്പിതം ഓർത്താൽ?
പൂർവ-ജന്മത്തിൽ ചെയ്ത പുണ്യ-പാപങ്ങളല്ലോ
സർവ്വവും ഇജ്ജന്മത്തും എല്ലാർക്കും അനുഭവം. 40
സന്തതി-നാശത്തിനു പൂർവജന്മത്തിൽ നിങ്ങൾ
എന്തൊരു കർമ്മം ചെയ് തതെന്നതും അറിഞ്ഞീല.
കർമ്മ-ബന്ധത്താൽ ഏവം വന്നതിനെന്നോടേതും നിർമ്മലന്മാരേ, കോപം ഉണ്ടാകാതിരിയ് ക്കേണം!
ജ്ഞാനികളായ നിങ്ങൾ ശോകവും കളഞ്ഞിനി ദീനനാം എനിയ് ക്കിന്നു നൽകേണം അനുഗ്രഹം."
എന്നിവ പലതരം പറഞ്ഞങ്ങവരേയും വന്ദിച്ചു പാദ-യുഗ്മം പിടിച്ചു ലജ്ജയോടും.
ജ്ഞാനികളാകമൂലം കോപവും ക്ഷമിച്ചവർ മാനിച്ചു കംസൻതന്നെപ്പോകയെന്നയച്ചുതേ. 50
യാത്രയും ചൊല്ലിപ്പോകും നേരത്തു കംസൻ നിജ-- ചിത്തത്തിൽ പലതരം ചിന്തിച്ചു തുടങ്ങിനാൻ :--
"കേവലം മാനുഷന്മാർ എന്നതു പോലെത്തന്നെ ദൈവവും അസത്യത്തെച്ചൊല്ലുമെന്നതും വന്നു.
ഇന്നു ഞാൻ അശരീരി-വാക്കിനെ വിശ്വസിച്ചു കൊന്നിതു ഭഗിനിതൻ നന്ദനന്മാരെ വൃഥാ.
ദേവകളുടെ ചതി തന്നെയല്ലല്ലീ, വസു-- ദേവനും മുന്നേ തന്നെ ചൊന്നപ്പോൾ ഓർത്തീല ഞാൻ.
എന്നുടെ ജീവനത്തെ രക്ഷിപ്പാൻ ഇവ ചെയ് തേൻ വന്നതില്ലൊരു ഫലം പാപമെന്നിയേ പാർത്താൽ." 60
ഇത്തരം പലതരം ചിന്തിച്ചു കംസൻതാനും രാത്രിയും കഴിച്ചുടൻ പിറ്റന്നാൾ ഉഷസ്സിങ്കൽ സേവകന്മാരാം ബക-ചാണൂരാദികളോടും ദേവിതാൻ അരുൾ ചെയ് ത വൃത്താന്തം ചൊല്ലീടിനാൻ.
അന്നേരം അവർകളും ചൊല്ലിനാർ:-- "ഇതുകൊണ്ടു മന്നവ, ഭവാനെന്തു ഖേദിപ്പാൻ ? ഇതുമൂലം ഇന്നുള്ള ബാലന്മാരെയൊക്കവേ കൊന്നീടുവാൻ കന്യകാ-വേഷംപൂണ്ടു പൂതന ഗമിയ് ക്കേണം.
ദേവ-പാക്ഷികന്മാരെയൊക്കെയും വധിയ് ക്ക നാം ദേവകൾ നമ്മോടെന്തു ചെയ് യുന്നു, ദുർബ്ബലന്മാർ ? 70
രാജസ-ഭാവം കാട്ടി നടക്കും ദേവേന്ദ്രനോ തേജോ-വാരിധേ നിന്നെക്കാണുമ്പോൾ ഓടുമല്ലോ !
സാധുവാം ജനങ്ങളെ വ്യാജേന വധിയ് ക്കുന്ന മാധവൻതന്നെ വധിച്ചീടുവൻ മായത്താലേ.
കാടതിൽക്കിടക്കുന്ന ശങ്കരൻ എന്തുചെയ് യും ? മൂഢനായ് ത്തപം ചെയ് യും നാന്മുഖനെന്തു ചെയ് യും ?
എങ്കിലുമിന്നു ദേവ-മൂലത്തെച്ഛേദിയ് ക്കേണം ശങ്കയില്ലവരുടെ മൂലവും വിഷ്ണുവല്ലോ.
മൂലമില്ലാത്ത വൃക്ഷ-ശാഖകളെന്നപോലെ ചാലവേ പിന്നെ നാശം വന്നീടും ദേവകൾക്കും. 80
ഗോക്കളും ദ്വിജ-യജ്ഞ-താപസന്മാരും ഇവ പാർക്കിലോ ഹരിയ് ക്കുള്ളോരങ് ഗങ്ങളെന്നു കേൾപ്പൂ.
ആകയാൽ അവയെല്ലാം ഇന്നു നാം ഒടുക്കേണം വൈകാതെ കൽപ്പിയ് ക്കേണം ഞങ്ങളെയതിനിപ്പോൾ.
അങ് ഗങ്ങൾ നശിയ് ക്കുമ്പോൾ അങ് ഗിയും നശിച്ചീടും മങ് ഗളം വന്നുകൂടും അന്നേരം നമുക്കെല്ലാം."
ദുർമ്മതി-ജനത്തിന്റെ വാക്കുകൾ ഏവം കേട്ടു ദുർമ്മതിയായ കംസൻ ഏറ്റവും സന്തോഷിച്ചാൻ.
സമ്മാനിച്ചവർകളെക്കൽപ്പിച്ചങ്ങയച്ചുടൻ അമ്മഹാപാപിതാനും തന്നുടെ ഗൃഹം പുക്കാൻ. 90
പാപികളായ ബക-ധേനുകാദികളെല്ലാം താപസ-ദ്വിജാദികളാകിയ സാധുക്കളെ നിത്യവും ഉപദ്രവം തുടർന്നാർ ഓരോതരം ഇത്തരം നാലദ്ധ്യായം ചൊല്ലിനേൻ ചുരുക്കമായ്. 94
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം അദ്ധ്യായം 5
അമ്പാടി തന്നിലന്നു നന്ദ-ഗോപനും മറ്റു ദമ്പതീജനങ്ങളും രോഹിണീ-ദേവിതാനും പെറ്റിതു യശോദയെന്നാരുമേയറിഞ്ഞീല കുറ്റമ, ല്ലവൾതന്നേ ചെറ്ററിഞ്ഞതേയുള്ളൂ.
പിറ്റന്നാൾ പുലർകാലേ ബാലക-ശബ്ദം കേട്ടു തെറ്റെന്നു നന്ദ-ഗോപൻ ചെന്നങ്ങു നോക്കുന്നേരം കോമളനായിട്ടൊരു പുത്രനെക്കണ്ടമൂലം ആമോദം ഉണ്ടായതും എന്തു ഞാൻ പറയുന്നു !
നന്ദന-മുഖം കണ്ടു നന്ദനും സ്നാനം ചെയ് തു നന്ദിച്ചു വിപ്രന്മാർക്കു ദാനവും തുടങ്ങിനാൻ. 10
ശിൽപ്പമായലങ്കരിച്ചുള്ളൊരു പശുക്കളെ വിപ്രന്മാർക്കിരുന്നൂറു സഹസ്രം നൽകീടിനാൻ.
പിന്നെയും ഏഴു തില-പർവ്വത-ദാനം ചെയ് തു പൊന്നുകൾ പണങ്ങളും പട്ടുകൾ വസ്ത്രങ്ങളും എന്നിവ തൃപ്തി-വരുവോളവും നൽകീടിനാൻ നന്ദനന്നാശീർവാദം ചെയ് തിതു വിപ്രന്മാരും.
ജാത-മോദേന ജാത-കർമ്മവും ചെയ് യിപ്പിച്ചു കൌതുകത്തോടും വന്നാർ കേട്ടവരെല്ലാവരും.
ഗോപന്മാരലങ്കരിച്ചോരോരോ കാഴ്ചയും കൊ-- ണ്ടാബാല-വൃദ്ധം വന്നു ബാലനെക്കണ്ടീടിനാർ. 20
ഗോപസ്ത്രീ-ജനങ്ങളും എത്രയും മോദത്തോടും ആപാദ-ചൂഡം അലങ്കരിച്ചു പുറപ്പെട്ടു.
ചെന്നുടൻ ബാലൻതന്നെക്കണ്ടു കൌതുകത്തോടു നന്ദിച്ചങ്ങെടുത്തോരോ പാട്ടുകൾ പാടീടിനാർ.
ഗോപന്മാർ ദധി-ക്ഷീരം ഊക്കുന്നു പരസ്പരം ഗോപ-ബാലകന്മാരും വെണ്ണ-കൊണ്ടെറിയുന്നു.
നന്ദി-ഗായക-സ്തുതി-പാഠകന്മാരുമെല്ലാം ഒന്നിച്ചു നിജ-നിജ-കൃത്യങ്ങൾ ഘോഷിയ് ക്കുന്നു.
മന്ദിരങ്ങളും എല്ലാം എത്രയും അലങ്കരി-- ച്ചുന്നത രത്ന-ദീപ-പങ് ക്തി കൾ വെച്ചീടിനാർ. 30
എന്നിവ ഘോഷമെല്ലാം എങ്ങിനെ പറയുന്നു ? നന്ദനും അവർക്കെല്ലാം വേണ്ടതു നൽകീടിനാൻ.
നന്ദ-ഗോപനു പുത്രൻ ഉണ്ടാകുന്നതിൻമുന്പേ സുന്ദരീ രോഹിണിയും പെറ്റിതു കുമാരനെ.
തന്നുടെ പുത്രനോടു തുല്യമായ് വഴിപോലെ നന്ദനും ലാളിച്ചിതു രോഹിണീ-പുത്രനേയും .
ഇന്ദിരാ-പതി വന്നു ഗോകുലേ വസിയ് ക്കയാൽ അന്നുതൊട്ടിവിടെയായ് വന്നിതു ലക്ഷ്മീ-വാസം.
അന്നൊരു ദിനം നന്ദ-ഗോപനും ഗോപന്മാരെ നന്ദനൻതന്നെപ്പാലിച്ചീടുവാൻ ആക്കിക്കൊണ്ടു 40 കപ്പമുള്ളതു കംസ-ദുഷ്ടനു നൽകീടുവാൻ തൽപ്പുരം പ്രാപിച്ചതു കൊടുത്തു പോന്നൂ പിന്നെ-- ച്ചെന്നിതു വസുദേവൻതന്നുടെ ഗൃഹത്തിങ്കൽ; നന്ദിച്ചു വസുദേവനാശ്ലേഷം ചെയ് തീടിനാൻ.
വന്ന കാരണമതും കുശല-പ്രശ്നങ്ങളും ധന്യനാം വസുദേവൻ ചോദിച്ചോരനന്തരം വൃത്താന്തമെല്ലാം ഉരചെയ് തിതു നന്ദൻതാനും:-- "എത്രയും കഷ്ടം ഓർത്താൽ നിന്നുടെ പുത്രൻമാരെ കൊന്നിതു കംസനെന്നു കേട്ടിതു സഖേ ഞാനും; ധന്യനാം ഭവാനിതു വരുവാനെന്തുമൂലം ? 50 ദൈവ-കൽപ്പിതം എന്നേ ചൊല്ലുവാനുള്ളൂ പാർത്താൽ ദൈവത്തിൻ നിയോഗങ്ങൾ ആർക്കാനും ഒഴിയ് ക്കാമോ ?"
എന്നുള്ള നന്ദവാക്യം കേട്ടു ശൌരിയും ചൊന്നാൻ :-- "ഇന്നു നീ മഹാ-ഭാഗ്യ-ശാലിയായ് വന്നൂ നൂനം. വൃദ്ധനായ്, അപുത്രനായ് വാഴുന്ന ഭവാനിന്നു വൃദ്ധിയും കുലത്തിന്നു വന്നിതു വിധിവശാൽ.
ത്വൽപ്പുത്രൻ മമ പുത്രനെന്നതു ധരിച്ചാലും മൽപ്പ്രാണൻതാനും ഭവൽപ്പ്രാണനും ഒന്നല്ലയോ ?
ധന്യനാകിയ നിന്നെത്താതനെന്നോർത്തീടുന്നോ-- രെന്നുടെ തനയനെപ്പാലിച്ചുകൊൾക ഭവാൻ. 60
അൽപ്പവും ഇവിടെ നീ താമസിയ് ക്കരു, തിപ്പോൾ ഉൽപ്പാതങ്ങളുമുണ്ടു ഗോകുലേ കാണാകുന്നൂ.
തമ്മിലൊന്നിച്ചു സുഖിച്ചെപ്പോഴും വസിപ്പാനും കർമ്മമില്ലതുകൊണ്ടു പോയാലും ഭവാനിപ്പോൾ."
എന്നിവ പലതരം തങ്ങളിലുരചെയ് തു നന്ദ-ഗോപനും യാത്രപറഞ്ഞു പോയീടിനാൻ.
അദ്ധ്യായം അഞ്ചു പറഞ്ഞീടിനേൻ ഇനിയും ഞാൻ മുഗ്ദ്ധ-ലോചനമാരേ, ചൊല്ലുവൻ കേട്ടുകൊൾവിൻ. 68
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം
അദ്ധ്യായം 6
നന്ദ-ഗോപനും പഥി ചിന്തിച്ചീടിനാൻ:-- "മഹാ-- ധന്യനാം വസുദേവൻ ചൊല്ലിയാലൊക്കുമല്ലൊ.
എന്തുവാൻ മമ പുത്രനാപത്തു വരുന്നതു ? ഹന്ത ദൈവമേ, മമ മാനസം ഉരുകുന്നു."
എന്നെല്ലാം നിരൂപിച്ചു പന്നഗ-ശയനനെ-- ത്തന്നുള്ളിൽ ഉറപ്പിച്ചു വേഗേന നടകൊണ്ടാൻ.
അക്കാലം പിശാചിയാം പൂതന ബാലന്മാരെ ഒക്കവേ കൊന്നീടുവാൻ, കംസന്റെ നിയോഗത്താൽ
ഓരോരോ ദിക്കിൽച്ചെന്നു കണ്ട ബാലകന്മാരെ-- പ്പാരാതെ കൊന്നുകൊന്നു നന്ദ-ഗോകുലം പുക്കാൾ. 10
സുന്ദരീ-വേഷം പൂണ്ടു മന്ദമായ് നടന്നവൾ നന്ദ-ഗോപന്റെ പുരം പുക്കിതു യദൃച്ഛയായ്.
സുന്ദരിയുടെ രൂപ-ശോഭ-കണ്ടൊരു ഗോപ-- തന്വിമാരെല്ലാവരും സ്തബ്ധരായ് നിന്നുപോയി.
മന്ദഹാസവും തൂകിപ്പൂതനതാനും നന്ദ--
നന്ദനൻതന്നെയെടുത്തങ് കത്തിൽ കിടത്തിനാൾ.
തന്നുടെ കാലൻതന്നെ നന്ദിച്ചു മടിയിൽ വെ-- ച്ചുന്നത-സ്തനങ്ങളും കൊടുത്താൾ കൃശോദരി.
"പാപിയാം ഇവളെ ഞാൻ കൊല്ലുവ"നെന്നുറച്ചു കോപേന മുകുന്ദനും മുലയും കുടിച്ചുതേ. 20
മോദമോടവൾ ചെറ്റു വസിച്ചോരനന്തരം വേദന സഹിയാഞ്ഞു ബാലനോടുരചെയ്താൾ:—
"അയ്യയ്യോ കുമാരക! നീയെന്നെച്ചതിച്ചിതോ ?
മെയ്യെല്ലാം വിറയ് ക്കുന്നൂ, വേദന പെരുകുന്നൂ.
മുഞ്ച ! മുഞ്ച ! മേ കുചം ! ചഞ്ചല-വിലോചന പഞ്ചത്വം വരാനുള്ള കാലവും മമ വന്നൂ!"
ഇത്തരം പറഞ്ഞിട്ടും വിട്ടീല കുമാരകൻ; സത്വരം ബാലൻതന്നെത്താഡിച്ചാൾ തെരുതെരെ.
ഹസ്തങ്ങൾ തകർന്നിതു, ബാലനു കൊണ്ടീലേതും ചിത്രമെന്നോർത്തവളും വാവിട്ടങ്ങലറിനാൾ. 30
പൂതനയുടെ മുലപ്പാലോടുകൂടെത്തന്നെ ചേതനകൂടിപ്പാനം ചെയ് തിതു നാരായണൻ.
അന്നേരം അവൾതാനും തന്നുടെ രൂപംപൂണ്ടു നിന്നുടൻ ഒന്നലറിച്ചത്തങ്ങു വീണീടിനാൾ.
എന്തൊരു ശബ്ദമെന്നു ചിന്തിച്ചു ജനങ്ങളും അന്ധരായോരോ ദിശി മണ്ടിനാർ ഭയത്തോടും.
ഘോരയാം പിശാചിതൻ ദേഹവും അതുനേരം നേരോടെ പതിനഞ്ചു നാഴികയുണ്ടു നീളം.
വണ്ണവും അവളുടലഞ്ചു നാഴികയല്ലോ വർണ്ണവും കാളമേഘം തന്നോടു തുല്യമത്രേ. 40
ഘോരമാം അവളുടെ ദേഹം വീണൊരു ദിക്കിൽ പാറകൾ വൃക്ഷങ്ങളും ഒക്കവേ പൊടിഞ്ഞുപോയ്.
പൂതനാ-ദേഹത്തിന്മേൽ ക്രീഡിച്ചു കിടക്കുന്ന കൈതവ-ബാലൻതന്നെക്കണ്ടോരു ഗോപിമാരും മണ്ടിച്ചെന്നെടുത്തുകൊണ്ടിങ്ങു പോന്നിതു മോദാൽ; കണ്ടവരെല്ലാവരും ഒന്നിച്ചു തഴുകിനാർ.
ഗോമൂത്രംകൊണ്ടു കുളിപ്പിച്ചിതു കുമാരനെ ഗോമയ-ചൂർണ്ണംകൊണ്ടു ധൂളനമതും ചെയ് തു.
ഗോപുച്ഛം കൊണ്ടുതന്നെ മേലെല്ലാം ഉഴിഞ്ഞിതു; ദീപവും ഉഴിഞ്ഞിതു ബകുള-പത്രത്തോടും. 50
രക്ഷയും ചെയ് തു പിന്നെ വിഷ്ണു-പഞ്ജരംകൊണ്ടു തൽക്ഷണം യശോദതൻ മുലയും നൽ കീടിനാൾ.
അന്നേരം നന്ദ-ഗോപൻ വന്നിതു കണ്ടനേരം
തന്നുള്ളിൽ നിനച്ചിതു ശൌരിതന്നുടെ വാക്യം.
പിന്നെയും നിരൂപിച്ചാൻ:-- "എന്നുടെ സുതനിവൻ ധന്യരാം ദേവന്മാരിലേകനായ് വരുമവൻ.
അല്ലായ് കിലിവൾതന്നെക്കൊന്നതു ചേരുന്നില്ല വല്ലതെന്നാലും പരിപാലിയ് ക്കും നാരായണൻ. '
ഇത്തരം വിചാരിച്ചു പൂതനയുടെ ദേഹം ശസ്ത്രങ്ങൾകൊണ്ടു ഖണ്ഡിച്ചെത്രയും ചെറുതാക്കി 60 വഹ്നിയിൽ ദഹിപ്പിച്ചാരന്നേരം നല്ലോരകിൽ-- തന്നുടെ ഗന്ധംപോലെ ധൂമ-ഗന്ധവും വന്നൂ.
കൊല്ലുവാനെന്നാകിലും മെല്ലവേ മടിയിൽ വെ-- ച്ചുല്ലാസമോടു മുലകൊടുത്ത നിമിത്തമായ് ദുഷ്ടയാം പിശാചിയായുള്ളൊരു പൂതനയ് ക്കു പെട്ടെന്നു ലഭിച്ചിതു സൽഗ്ഗതിയറിഞ്ഞാലും.
സ്നേഹേന മുല കൊടുത്തീടിന ഗോപിമാർക്കു-- മാഹന്ത ദേവകിയ് ക്കുമെന്തു ചൊൽവതു പിന്നെ ?
പൂതനാ-മോക്ഷമിതു പാടുന്ന ജനങ്ങൾക്കും പ്രീതിയോടിതു കേട്ടീടുന്നോരു ജനങ്ങൾക്കും 70 ചേതസി വിഷ്ണു-ഭക്തി വർദ്ധിച്ചു വരുമല്ലോ; പൂതനാമോക്ഷം ആറാം അദ്ധ്യായം ഉരചെയ് തേൻ.
ശ്രീമഹാഭാഗവതം ദശമം കേരളഭാഷാഗാനം
അദ്ധ്യായം 7
ഇങ്ങിനെ നന്ദ-ഗോപൻതന്നുടെ ഗൃഹംതന്നിൽ മങ് ഗളം നൽകീടുന്ന ഭഗവാൻ നാരായണൻ ബാലക-വേഷം പൂണ്ടു വാണോരു കാലത്തിങ്കൽ മാലോകർക്കെല്ലാം ഉള്ളിൽ ആനന്ദം വളർന്നൂതേ.
ഗോകുലത്തിങ്കൽ പശു-വൃന്ദവും വൃക്ഷങ്ങളും ചാകയുമില്ല, നാളിൽ നാളിലങ്ങുണ്ടായീടും.
ക്ഷീരവും ഓരോ ഗോക്കൾക്കോരോരോ കുടമുണ്ടു പാരാതെ മൂന്നുനേരം നിത്യവും കറന്നീടും.
ദുർഭിക്ഷം, ദുർമ്മരണം എന്നിവ കേൾപ്പാനില്ലാ ദുർഭഗമായ രൂപം എങ്ങുമേ കാണ്മാനില്ലാ. 10
അക്കാലം വാതിൽപ്പുറപ്പാടതു കഴിയ് ക്കാനായ് ഒക്കെയും ഒരുക്കിനാർ നന്ദനുമെശോദയും.
വാതിലും പുറപ്പെട്ടു ഗോദാനങ്ങളും ചെയ്തു പ്രീതിയോടകത്തങ്ങു വന്നപ്പോൾ യശോദയും നല്ലൊരു മെത്തതന്മേൽ കിടത്തി കുമാരനെ മെല്ലവേ മുലകൊടുത്തുറക്കിപ്പോന്നൂ; പിന്നെ വന്നൊരു ജനങ്ങളെസ്സൽക്കരിപ്പതിനായി-- സ്സന്നാഹത്തോടുമോരോ കോപ്പുകൾ കൂട്ടുന്നേരം
ദുഷ്ടനായുള്ള ശകടാസുരൻ കംസൻ ചൊല്ലാൽ പെട്ടെന്നങ്ങൊരു ചാടായ് വന്നിതു മായത്താലേ. 20
ബാലകനുടെ മീതേ വന്നങ്ങു നിന്നീടിനാൻ; കാലുടൻ കുടഞ്ഞൊന്നു കരഞ്ഞൂ കുമാരനും.
ബാലകൻ കരഞ്ഞതു കേട്ടീല യശോദയും നാലഞ്ചു ബാലകന്മാർ അന്നേരം തത്ര ചെന്നാർ.
പാടല-വർണ്ണമാകും ബാലന്റെ പദം തട്ടി ചാടൊരു നൂറായിരം നുറുങ്ങി വീണൂ ഭുവി.
ദുഷ്ടനാം അസുരനു സൽഗ്ഗതിയതും വന്നു; കേട്ടിതങ്ങോരു ശബ്ദം ഘോരമായെല്ലാവരും.
എന്തിതെന്നോർത്തു ഭയം പൂണ്ടുടനെല്ലാവരും അന്ധരായ് കുമാരന്റെ സന്നിധൗ ചെന്നനേരം 30 ഛിന്നമായ് ക്കിടക്കുന്ന ശകടമതും കണ്ടു മന്ദഹാസവും പൂണ്ട ബാലകനെയും കണ്ടാർ.
എന്തൊരത്ഭുതമെന്നെല്ലാരും പറഞ്ഞപ്പോൾ ബന്ധമുണ്ടായതെല്ലാം ബാലന്മാരുരചെയ് താർ.
ചേർച്ചയില്ലിതു പാർത്താൽ എന്നുറച്ചെല്ലാവരും ഈശ്വരനറിഞ്ഞീടാം എന്നങ്ങു പോയീടിനാർ.
ബാലനെച്ചെന്നു വേഗാൽ എടുത്തു യശോദയും കാലുകൾ തലോടിത്തൻമുലയും നൽകീടിനാൾ.
രക്ഷിയ് ക്ക നാരായണൻ എന്നുരചെയ് തു പല രക്ഷകൾ ചെയ് യിപ്പിച്ചു വിപ്രേന്ദ്രന്മാരെക്കൊണ്ടും. 40
അങ്ങിനെ ചെറ്റുകാലം കഴിഞ്ഞോരനന്തരം അന്നൊരു ദിനം നന്ദ-പത്നിയാം യശോദയും തന്നുടെ ശയ്യതന്മേലിരുത്തിക്കുമാരനെ തന്നുടെ മടിതന്നിൽക്കിടത്തി മുല നൽകി; ചന്ദ്രബിംബാഭിരാമമാകിയ വദനവും മന്ദഹാസവും കണ്ടങ്ങാദരിച്ചിരിയ് ക്കുമ്പോൾ ബാലകൻതന്റെ ഘനം സഹിച്ചുകൂടായ് കയാൽ ബാലയാം അവൾ തത്ര കിടത്തിപ്പതുക്കവേ.
അന്നേരം തൃണാവർത്തനാകിയ മഹാസുരൻ വന്നിതു ചക്ര-വാത-രൂപമായ് കംസൻചൊല്ലാൽ. 50
വൃക്ഷങ്ങൾ ശിലകളും ഗജങ്ങൾ ഗൃഹങ്ങളും തൽക്ഷണേ ചുഴന്നുടൻ ആകാശേ ഗമിയ് ക്കുന്നു.
അന്ധകാരവും വന്നു നിറഞ്ഞു ജനങ്ങളും അന്ധരായ് വന്നൂ ചരക്കല്ലുകൾ വർഷിയ് ക്കുന്നൂ.
മായകൊണ്ടിവയെല്ലാം ഉണ്ടാക്കി മഹാസുരൻ മായാ-ബാലകനെയും എടുത്തു വേഗത്തോടെ ആകാശേ പോകുന്നേരം ബാലനും ഗളംതന്നിൽ കൈകൊണ്ടു പിടിച്ചിതു പേടിച്ചിട്ടെന്ന പോലെ.
നീലമാമല കയ്യിലെടുക്കുമസുരനു ബാലകൻതന്റെ ഭാരം സഹിച്ചുകൂടായ് കയാൽ 60
കുണ് ഠനായ് പ്പാറതന്മേൽ അടിപ്പാൻ തുടർന്നപ്പോൾ
കണ് ഠത്തിൽപ്പിടിച്ചോരു ബാലകൻ വിടായ് കയാൽ വീർപ്പുകൾമുട്ടിക്കണ്ണു തുറിച്ചു വശംകെട്ടു വായ് പ്പോടങ്ങലറിക്കൊണ്ടവനും വീണീടിനാൻ.
നല്ലൊരു പാറതന്മേൽ വീണവൻ തകർന്നുപോയ് -- ത്തെല്ലുമേ കുമാരനു കേടുകൾ പിണഞ്ഞീല.
ചത്തുവീണൊരു ദൈത്യൻതന്നുടെ മാറിടത്തിൽ സ്വസ്ഥനായ് ക്കിടക്കുന്ന ബാലനെക്കണ്ടനേരം വല്ലവിമാരും ചെന്നങ്ങെടുത്തു വേഗത്തോടും മെല്ലവേ യശോദതൻ കരത്തിൽ നൽകീടിനാർ. 70
മുലയും കൊടുത്തവൾ നന്ദഗോപനു നൽകീ പലതുമാശീർവാദം ചെയ് തിതു നന്ദൻ താനും.
"എന്തൊരു സുകൃതം ഞാൻ ചെയ് തതെന്നറിഞ്ഞീല ബന്ധുര-ഗാത്രനാകും എന്നുടെ പുത്രനിപ്പോൾ എന്തെല്ലാം ആപത്തുകൾ വന്നതിന്നവയെല്ലാം എന്തൊരു ഭാഗ്യംകൊണ്ടു നീങ്ങിയതറിഞ്ഞീല!
മായമെന്നിയേ സേവിച്ചീടുന്ന നമ്മെയെല്ലാം മായാ-മോചനൻ പരിപാലിയ് ക്കും നാരായണൻ."
എന്നെല്ലാം ഉരചെയ് തു നന്ദനും വസുദേവൻ- തന്നുടെ വാക്കുകളെ മാനിച്ചു മരുവിനാൻ. 80
പിന്നെയങ്ങൊരുദിനം പുത്രനെ മടിയിൽവെ--
ച്ചുന്നത-സ്തനങ്ങളും കൊടുത്തു യശോദയും
നന്ദന-മുഖം പാർത്തു നന്ദിച്ചങ്ങിരിയ് ക്കുമ്പോൾ
മന്ദം വാപിളർന്നൊന്നു ജൃംഭിച്ചു കുമാരനും.
ചോരിവാതന്നിലതു നേരത്തു യശോദയും നേരോടേ പതിന്നാലു ലോകവും കണ്ടീടിനാൾ.
ദേവ-ഗന്ധർവ-യക്ഷ-കിന്നരാദികളേയും ദേവസ്ത്രീ-ജനത്തേയും അപ്സര-സ്ത്രീകളേയും ഇന്ദ്രാദി-ലോക-പാലന്മാരെയും കണ്ടാൾ, പിന്നെ ചന്ദ്ര-സൂര്യന്മാരെയും മൂർത്തികൾ മൂവരെയും 90 രാക്ഷസ-പിശാച-ഭൂതാസുര-ഗണത്തേയും ദക്ഷ-നാരദനാദി-മാമുനി-ജനത്തെയും പർവത-നദീ-സമുദ്രാദികളേയും കണ്ടാൾ. സർവ-മാനുഷ-നാരീ-ജന്തുവൃന്ദവും കണ്ടാൾ
എന്നല്ല ചരാചരമൊക്കെയും കണ്ടശേഷം തന്നെയും കണ്ടനേരം വിസ്മയം പൂണ്ടീടിനാൾ.
അന്നേരം മുലകുടിച്ചീടിനാൻ കുമാരക, -- നൊന്നുമേ കണ്ടീലവൾ പിന്നെയെന്നതേയുള്ളൂ.
ഉത്തമമാകും ഏഴാം അദ്ധ്യായം ചൊന്നേൻ, ഇനി ചിത്തമോദേന കേട്ടുകൊള്ളുവിനെല്ലാവരും! 100