രമണൻ/ഭാഗം ഒന്ന്/രംഗം അഞ്ച്
(സമയം പ്രഭാതം. ഗ്രാമത്തിന്റെ പൂർവ്വഭാഗത്തുള്ള കുന്നുകൾ ചെങ്കതിരുകൾ തട്ടി മിന്നിത്തിളങ്ങുന്നു. നേരിയ ഒരു മൂടൽമഞ്ഞ്. ചന്ദ്രികയുടെ മനോഹരഹർമ്മ്യത്തിന്റെ മുൻവശത്തുള്ള നടപ്പാതയിലൂടെ രമണൻ ആടുകളേയും തെളിച്ചുകൊണ്ട് വരുന്നു. ചന്ദ്രിക ഉദ്യാനത്തിൽ പൂ പറിച്ചുകൊണ്ടു നിൽക്കുന്നു. രമണനെ കണ്ടമാത്രയിൽ അവളുടെ മുഖം മന്ദാക്ഷമധുരമായ ഒരു മന്ദഹാസത്തിൽ വികസിക്കുന്നു. അവൾ ഉദ്യാനത്തിനു ചുറ്റും കെട്ടിയിട്ടുള്ള അരമതിലിന്റെ സമീപത്തേക്ക് ഓടിച്ചെന്ന്, ഒരു പനിനീർപുഷ്പം രമണനു സമ്മാനിക്കുന്നു.)
- ചന്ദ്രിക
എന്താണിന്നീവിധമേകനാവാൻ?
എങ്ങുപോയെ,ങ്ങുപോയ്‌ക്കൂട്ടുകാരൻ?
- രമണൻ
ഇന്നവൻ മറ്റേതോ ജോലിമൂലം
വന്നില്ല; ഞാനിങ്ങു പോന്നു വേഗം.
- ചന്ദ്രിക
കാനനച്ഛായയിലാടുമേയ്ക്കാൻ
ഞാനും വരട്ടെയോ നിന്റെകൂടെ?
ആ വനവീഥികളീ വസന്ത-
ശ്രീവിലാസത്തിൽത്തെളിഞ്ഞിരിക്കും;
ഇപ്പോളവിടത്തെ മാമരങ്ങൾ
പുഷ്പങ്ങൾകൊണ്ടു നിറഞ്ഞിരിക്കും;
അങ്ങിപ്പോളാമൽക്കുയിലിണകൾ
സംഗീതംപെയ്യുകയായിരിക്കും;
പുഷ്പനികുഞ്ജങ്ങളാകമാനം
തല്പതലങ്ങൾ വിരിച്ചിരിക്കും;
കൊച്ചുപൂഞ്ചോലകൾ വെൺനുരയാൽ-
പ്പൊട്ടിച്ചിരിക്കുകയായിരിക്കും-
ഇന്നാവനത്തിലെക്കാഴ്ച കാണാ-
നെന്നെയുംകൂടോന്നു കൊണ്ടുപോകൂ!
- രമണൻ
ആരണ്യച്ചാർത്തിലേക്കെന്റെകൂടെ-
പ്പോരേണ്ട, പോരേണ്ട ചന്ദ്രികേ, നീ;
നിൻകഴൽപ്പൂമ്പൊടി പൂശിനിൽക്കാൻ,
ശങ്കയി,ല്ലാ വനമർഹമല്ലേ!
എന്നെപ്പോൽ തുച്ഛരാമാട്ടിടയർ
ചെന്നിടാനുള്ളതാണാപ്രദേശം.
വെണ്ണക്കുളിർക്കൽവിരിപ്പുകളാൽ
കണ്ണാടിയിട്ട നിലത്തു നീളെ,
ചെമ്പനിനീരലർ ചിന്നിച്ചിന്നി-
സ്സഞ്ചരിക്കുന്ന നിൻ ചേവടികൾ
കല്ലിലും മുള്ളിലും വിന്ന്യസിക്കാ-
നില്ല, ഞാൻ സമ്മതമേകുകില്ല!
ഈ മണിമേടയിൽ വിശ്വഭാഗ്യ-
സീമ വന്നോളംതുളുമ്പിനിൽക്കേ,
ആഡംബരങ്ങൾ നിനക്കു നിത്യ-
മാനന്ദമഞ്ചമലങ്കരിക്കേ,
നിർവൃതിപ്പൂക്കൾ നിനക്കു ചുറ്റും
ഭവ്യപരിമളം വീശിനിൽക്കേ,
ആസ്വാദനങ്ങൾ നിൻ വാതിലിങ്ക-
ലാശ്രയിച്ചെപ്പോഴും കാവൽനിൽക്കേ,
പോരുന്നതെന്തിനു, ചന്ദ്രികേ, നീ
പാറകൾ ചൂഴുമക്കാനനത്തിൽ?
- ചന്ദ്രിക
ഈ മണിമേടയിലെൻവിപുല-
പ്രേമസമുദ്രമൊതുങ്ങുകില്ല;
ഇക്കിളിക്കൂട്ടിലെൻ ഭാവനതൻ-
സ്വർഗ്ഗസാമ്രാജ്യമടങ്ങുകില്ല;
നമ്മൾക്കാ വിശ്വപ്രകൃതിമാതിൻ
രമ്യവിശാലമാം മാറിടത്തിൽ,
ഒന്നിച്ചിരുന്നു കുറച്ചുനേരം
നർമ്മസല്ലാപങ്ങൾ നിർവ്വഹിക്കാം!
- രമണൻ
പാടില്ല, പാടില്ല, നമ്മെ നമ്മൾ
പാടേ മറന്നൊന്നും ചെയ്തുകൂടാ!
- ചന്ദ്രിക
ആലോലവല്ലികളെത്രയിന്നാ
നീലമലകളിൽ പൂത്തുകാണും!
- രമണൻ
ഇക്കളിത്തോപ്പിൽ നീ കണ്ടിടാത്തോ-
രൊറ്റപ്പൂപോലുമില്ലാ വനത്തിൽ.
- ചന്ദ്രിക
അങ്ങിപ്പോൾപ്പാടിപ്പറന്നീടുന്ന-
തെന്തെല്ലാം പക്ഷികളായിരിക്കും!
- രമണൻ
ഇപ്പുഷ്പവാടിയിലെത്തിടാത്തൊ-
രൊറ്റക്കിളിയുമില്ലാ വനത്തിൽ.
- ചന്ദ്രിക
എന്നെ വർണ്ണിച്ചൊരു പാട്ടുപാടാ-
നൊന്നാ മുരളിയെസ്സമ്മതിക്കൂ!
- രമണൻ
നിന്നെക്കുറിച്ചുള്ള ഗാനമല്ലാ-
തിന്നീ മുരളിയിലൊന്നുമില്ല.
- ചന്ദ്രിക
എന്നാലിന്നാ നല്ല പാട്ടു കേൾക്കാൻ
നിന്നോടുകൂടി വരുന്നു ഞാനും!
- രമണൻ
എന്നുമതെന്നിലിരിപ്പതല്ലേ?
എന്നു വേണെങ്കിലും കേൾക്കരുതേ!
- ചന്ദ്രിക
എന്നാലതിന്നീ വിളംബമെന്തി;-
നെന്നെയുംകൂടിന്നു കൊണ്ടുപോകൂ!
- രമണൻ
നിന്നെയൊരിക്കൽ ഞാൻ കൊണ്ടുപോകാ,-
മിന്നുവേണ്ടിന്നുവേണ്ടോമലാളേ!
- ചന്ദ്രിക
എന്തപേക്ഷിക്കിലു,മപ്പോഴെല്ലാ-
മെന്തിനെന്നോടിത്തടസ്സമെല്ലാം?
- രമണൻ
കുറ്റങ്ങളൊക്കെ ഞാനേറ്റുകൊള്ളാം;
തെറ്റിധരിക്കരുതെങ്കിലും നീ.
നിന്നിലുപരിയായില്ലയൊന്നും
മന്നിലെനിക്കെന്റെ ജീവിതത്തിൽ!
- ചന്ദ്രിക
നമ്മളിൽ പ്രേമം കിളർന്നതിൽപ്പി-
ന്നിന്നൊരു വർഷം തികച്ചുമായി,
അത്രയ്ക്കനഘമാണീ ദിവസം!
തുഷ്ടി മൊട്ടിട്ടതാണീ ദിവസം!
ഇന്നെന്നപേക്ഷയെകൈവെടിയാ-
തൊന്നെന്നെക്കൂടങ്ങു കൊണ്ടുപോകൂ!
- രമണൻ
ഇന്നു മുഴുവൻ ഞാനേകനായ-
ക്കുന്നിഞ്ചെരുവിലിരുന്നു പാടും;
ഉച്ചയ്ക്കു പച്ചമരത്തണലിൽ
സ്വപ്നവും കണ്ടു കിടന്നുറങ്ങും;
ഇന്നു ഞാൻ കാണും കിനാക്കളെല്ലാം
പൊന്നിൽക്കുളിച്ചുള്ളതായിരിക്കും;
നിർബ്ബാധം ഞാനിന്നാ നിർവൃതിയിൽ-
പ്പറ്റിപ്പിടിക്കുവാൻ സമ്മതിക്കൂ!
ഏകനായ്ത്തന്നിന്നാക്കാട്ടിലേക്കു
പോകട്ടെ, പോകട്ടെ, ചന്ദ്രികേ, ഞാൻ!
- ചന്ദ്രിക
ജീവേശ, നിൻവഴിത്താരകളിൽ-
പ്പൂവിരിക്കട്ടെ തരുനിരകൾ
ഉച്ചത്തണലിലെ നിന്നുറക്കം
സ്വപ്നങ്ങൾകൊണ്ടു മിനുങ്ങിടട്ടെ.
ഇന്നു നിൻ ചിന്തകളാകമാനം
സംഗീതസാന്ദ്രങ്ങളായിടട്ടെ!
ഭാവനാലോലനായേകനായ് നീ
പോവുക, പോവുക, ജീവനാഥ!
(രമണൻ പോകുന്നു. ദൃഷ്ടിപഥത്തിൽനിന്നു മറയുന്നതുവരെ ചന്ദ്രിക അവെനെത്തന്നെ നോക്കിക്കൊണ്ടു നിൽക്കുന്നു. അകലെ പച്ചപ്പടർപ്പുകൾക്കിടയിൽ, ആ സുകുമാരരൂപം അപ്രത്യക്ഷമായതോടു കൂടി അവളുടെ കണ്ണുകളിൽനിന്നു രണ്ടു കണ്ണീർക്കണങ്ങൾ അടർന്നു നിലംപതിക്കുന്നു)
- (അണിയറയിൽ)
“ചന്ദ്രികേ!....ചന്ദ്രികേ!...”