രമണൻ/ഭാഗം ഒന്ന്/രംഗം മൂന്ന്

(രമണൻ, രംഗം മൂന്ന് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

(ചന്ദ്രികയുടെ മനോഹരഹർമ്മ്യത്തിന്റെ രണ്ടാമത്തെ നിലയിലുള്ള ഒരു മണിയറ. ചന്ദ്രിക പുഷ്പശയ്യാലംകൃതമായ ഒരു സോഫയിൽ കിടക്കുന്നു. അവളോടു ചേർന്നു സോഫയിൽത്തന്നെ ഭാനുമതിയും ഇരിക്കുന്നു. നിരയോടു ചേർന്ന് അനവധി നിലക്കണ്ണാടികൾ. മുറിയുടെ നടുവിലായി പ്രകാശപൂരിതമായ ഒരു വിളക്കു തൂക്കിയിട്ടിരിക്കുന്നു. അതിനു ചുവട്ടിൽ ഒരു വട്ടമേശയും ചുറ്റും കസേരകളും. സമയം രാത്രി പത്തരമണി. ഭാനുമതി ചന്ദ്രികയെ വീശിക്കൊണ്ടിരിക്കുന്നു. ഒടുവിൽ ഒരു ദീർഘനിശ്വാസത്തോടെ ഒരു വശത്തേക്കു ചരിഞ്ഞ്, ഇടതുകൈമുട്ട് ഉപധാനത്തിൽ കുത്തി, ശിരസ്സു താങ്ങിക്കൊണ്ട് ഭാനുമതിയോട് പറയുന്നു)


  • ചന്ദ്രിക

കണ്ടിട്ടില്ല ഞാനീവിധം മലർ-
ച്ചെണ്ടുപോലൊരു മാനസം,
എന്തൊരദ്ഭുതപ്രേമസൗഭഗം!
എന്തൊരാദർശസൗരഭം!
ആ നിധി നേടാനായാൽ, സഖി,
ഞാനൊരു ഭാഗ്യശാലിനി!
സിദ്ധിയാണവൻ ശുദ്ധിയാണവൻ
സത്യസന്ധതയാണവൻ!
വിത്തമെന്തിനു, വിദ്യയെന്തിനാ
വിദ്യുതാംഗനു വേറിനി?
ആടുമേയ്ക്കലും കാടകങ്ങളിൽ-
പ്പാടിയാടി നടക്കലും
ഒറ്റ ഞെട്ടിൽ വിടർന്നു സൗരഭം
മുറ്റിടും രണ്ട് പൂക്കൾപോൽ,
പ്രാണസോദരനായിടുമൊരു
ഗാനലോലനാം തോഴനും
വിശ്രമിക്കാൻ തണലേഴുമൊരാ
പച്ചക്കുന്നും വനങ്ങളും
നിത്യശാന്തിയും തൃപ്തിയും രാഗ-
സക്തിയും മനശ്ശുദ്ധിയും-
ചിന്തതൻ നിഴൽപ്പാടു വീഴാത്തൊ-
രെന്തു മോഹനജീവിതം!

  • ഭാനുമതി

അസ്വതന്ത്രയേശിടാത്തൊരെ-
ന്തത്യനഘമാം ജീവിതം!

  • ചന്ദ്രിക

സ്വർഗ്ഗശാന്തി തുളുമ്പിടും ലസൽ-
സ്വപ്നസാന്ദ്രമാം ജീവിതം!

  • ഭാനുമതി

കാട്ടുപൂങ്കളിർച്ചോലയെപ്പോലെ
പാട്ടുപാടുന്ന ജീവിതം!

  • ചന്ദ്രിക

വെണ്ണിലാവിലും വെണ്മ താവിടും
പുണ്യപൂർണ്ണമാം ജീവിതം!
ഒട്ടധികം കൊതിപ്പൂ ഞാനതി-
ലൊട്ടിയൊട്ടിപ്പിടിക്കുവാൻ.

  • ഭാനുമതി

അദ്ഭുതമാ,ണാ വേഴ്ചമൂലമൊ-
രപ്സരസ്സായിത്തീർന്നു നീ!

  • ചന്ദ്രിക

മാമകാശാഖയൂഖചുംബിത-
രോമഹർഷകമണ്ഡലം.
കർമ്മഭീരുതകാരണ,മൊരു
കന്മതിലാൽ മറയ്ക്കുവാൻ
എത്രമാത്രം ശ്രമിച്ചുനോക്കിയാ
നിസ്തുലാമലമാനസൻ!
മാമകാർദ്രനയോക്തിയാലൊരു
മാനസാന്തരമേകി ഞാൻ;
മാറിമാറിയണഞ്ഞ രശ്മിയെ
മാറോടു ചേർത്തണച്ചു ഞാൻ!

  • ഭാനുമതി

 അത്രമാത്രം വിജയമായി നിൻ
സ്തുത്യരാഗാത്മകോദ്യമം!

  • ചന്ദ്രിക

(എഴുന്നേറ്റിരുന്നിട്ട്)
 പൊട്ടുകില്ലിനി ഞങ്ങളിലുള്ളൊ-
രിപ്രണയത്തിൻ ശൃംഖല-
നിർവൃതിതന്നപാരതയുടെ
നിർമ്മലസ്വപ്നമേഖല-
കാലദേശങ്ങൾക്കപ്പുറം പൂത്തു
ലാലസിക്കുന്ന പൂങ്കുല-
ദുഃഖജീവിതം ഗാനശീകര-
മഗ്നമാക്കുന്ന പൊന്നല!
ഇല്ലിനി,സ്സഖി, കൈവെടിയുക-
യില്ലിതു ഞാനൊരിക്കലും!

  • ഭാനുമതി

 ആ മുരളീധരന്റെയുജ്ജ്വല-
പ്രേമവൃന്ദാവനികയിൽ
സ്വപ്നവും കാത്തിരുന്നിടുമൊരു
കൊച്ചുരാധയായ്ത്തീർന്നു നീ!

  • ചന്ദ്രിക

 ഞങ്ങളാദ്യമായ്ക്കണ്ടുമുട്ടിയ
മംഗളാനന്ദവാസരം
ഒറ്റവത്സരമായിടാറാവു-
മൊട്ടുനാൾകൂടിപ്പോവുകിൽ!

  • ഭാനുമതി

 അന്നതിൻ ദിവ്യവാർഷികോത്സവം
ഭംഗിയായിക്കഴിക്കണം!

  • ചന്ദ്രിക

 ഭംഗിയായ്-അതേ ഭംഗിയായ്-അതി-
ഭംഗിയായിക്കഴിക്കണം!

  • ഭാനുമതി

 മംഗളത്തിൻ മാറ്റുകൂട്ടണം!
മന്ദതയൊക്കെ മാറണം!

  • ചന്ദ്രിക

 മുഗ്ദ്ധരാഗമെൻ ജീവനേകിയ
മുത്തുമാലയുമായി ഞാൻ,
അന്നു, മൽപ്രേമദൈവതത്തിനെ-
ച്ചെന്നുകൂപ്പി വണങ്ങിടും!

  • ഭാനുമതി

 തന്നിടും നിനക്കെ,ങ്കിൽ നൂനമാ-
ദ്ധന്യനന്നൊരനുഗ്രഹം!

  • ചന്ദ്രിക

 ഉൾപ്പുളകാംഗിയാകയാണു ഞാ-
നപ്രതീക്ഷയിൽപ്പോലുമേ!

  • ഭാനുമതി

 അപ്രതീക്ഷയും ശക്തമാണിന്നൊ-
രദ്ഭുതോന്മദമേകുവാൻ!

  • ചന്ദ്രിക

 ഇന്നതിന്നൊരു മാറ്റുകൂടുവാൻ
വന്നുചേർന്നു വസന്തവും!

  • ഭാനുമതി

 മന്ദമാരുതൻ വീശിടുന്നിതാ
ചമ്പകത്തിൻ പരിമളം!

  • ചന്ദ്രിക

 ചേലിലെന്നിൽ ത്രസിപ്പൂ, സങ്കല്പ-
ലോലസായൂജ്യവീചികൾ!

  • ഭാനുമതി

 പ്രാണഹർഷവിശാലസാമ്രാജ്യ-
റാണിതന്നെ നീ ചന്ദ്രികേ!

  • ചന്ദ്രിക

(എഴുന്നേറ്റിരുന്ന് ഭാനുമതിയുടെ കൈക്കുപിടിച്ചുകൊണ്ട്)
 എന്നെയുംകൂടി വിസ്മരിച്ചിതാ
വിണ്ണിലേക്കുയരുന്നു ഞാൻ!
 

  • ഭാനുമതി

 വിസ്മയനീയംതന്നെയാണാത്മ-
വിസ്മൃതിതൻ കിനാവുകൾ.

  • ചന്ദ്രിക

(മതിമറന്ന് ഭാനുമതിയുടെ കൈകോർത്ത് നൃത്തംചെയ്തുകൊണ്ട്)
 എങ്ങെ,വിടെ നീ മാമകപ്രേമ-
രംഗസംഗീതസാരമേ?
എങ്ങു, ഹാ! മന്മനം കവർന്ന നീ-
യെങ്ങു ഗന്ധർവ്വരത്നമേ?
ദേഹമല്ല മജ്ജീവനുംകൂടി,
ദേവ, നിൻ തൃപ്പദങ്ങളിൽ
ഉൾപ്പുളകമാർന്നർപ്പണംചെയ്‌വൂ
സസ്പൃഹം ഭക്തദാസി ഞാൻ!

(അണിയറയിൽ)
 മണി പതിനൊന്നു കഴിഞ്ഞുവല്ലോ;
മകളേ, നിനക്കിന്നുറക്കമില്ലേ?

  • ചന്ദ്രിക

<poem>

ഞാനുറങ്ങുവാൻ പോകയാണമ്മേ,

ഭാനൂ, ദീപമണച്ചേക്കൂ!