(രമണൻ ഒരു മരച്ചോട്ടിൽ കിടക്കുന്നു. അവനോടു തൊട്ട് മദനൻ കൊടുകൈയും കുത്തി ഇരിക്കുന്നു. രമണന് ഇരുപത്തിയേഴു വയസ്സു പ്രായം. മദനന് ഇരുപത്തിമൂന്നു വയസ്സു പ്രായം. രണ്ടുപേരും ഇടയന്മാരുടെ സാധാരണവേഷത്തിൽ. നീണ്ടു കൃശമായ ശരീരം. ശാന്തസുന്ദരമായ മുഖം. സമയം മദ്ധ്യാഹ്നം)

  • മദനൻ

  രമണ, നീയെന്നിൽനിന്നാ രഹസ്യ-
മിനിയും മറച്ചുപിടിക്കയാണോ?
ഇരുമെയ്യാണെങ്കിലും നമ്മളൊറ്റ-
ക്കരളല്ലേ, നീയെന്റെ ജീവനല്ലേ?
ഒരു തുള്ളി രക്തത്തിൻ രേഖപോലും
കുറെ നാളായ് നിന്മുഖത്തില്ലയല്ലോ!
കരളുന്നതുണ്ടൊരു ചിന്ത നിന്റെ
കരളിനെ നിത്യ,മെനിക്കറിയാം.
പറയൂ, തുറന്ന,തതിന്നുവേണ്ടി-
പ്പണയപ്പെടുത്താമെൻ ജീവനും ഞാൻ!
വദനം യഥാർത്ഥത്തിൽ മാനവന്റെ
ഹൃദയത്തിൻ കണ്ണാടിതന്നെയെങ്കിൽ,
ലവലേശം സംശയമില്ല, ചിന്താ-
വിവശമാണിന്നു നിന്നന്തരംഗം!
അതിനുള്ള കാരണ,മെന്തുതാനാ,-
ട്ടഖിലം തുറന്നെന്നോടോതണം നീ.
ബലമെൻ മനസ്സിലില്ലല്പവും നിൻ
വിളറിയൊരീ മുഖം നോക്കി നില്ക്കാൻ
കനിവെന്നിലുണ്ടെങ്കിലാ രഹസ്യ-
മിനിയും മറച്ചു നീ വയ്ക്കരുതേ!
മുഖമൊന്നുയർത്തു, നിൻസങ്കടങ്ങ-
ളഖിലവുമെന്നെ മനസ്സിലാക്കൂ!

(തളിർമരക്കൊമ്പത്തു രണ്ടു മഞ്ഞ-
ക്കിളികൾ ചിലച്ചു പറന്നുപോയി;
കുറെ വെള്ളിപ്പൂക്കളക്കൂട്ടുകാർതൻ-
നിറുകയിൽ ഞെട്ടറ്റടർന്നുവീണു;
അരുവിയിൽ വെള്ളം കുടിച്ചുപോകാ-
നൊരു കൊച്ചു മാൻപേട വന്നുചേർന്നു;
ഒരു കൊച്ചുമീനിനെ കൊക്കിലാക്കി-
യൊരു നീലപ്പൊന്മാൻ പകച്ചുപൊങ്ങി.)

  • രമണൻ

  മമ മനം നീറുന്നു-കഷ്ട,മെന്റെ
മദന, നീയിങ്ങനെ ചൊല്ലരുതേ!
പറയൂ പരസ്പരം നാമറിയാ-
തൊരു രഹസ്യം‌പോലും നമ്മിലുണ്ടോ?
പരിഭവിക്കായ്കെന്നോടിപ്രകാരം;
പറയാം ഞാനെല്ലാം, നീ കേട്ടുകൊള്ളൂ:

  ശരദഭ്രവീഥിയിലുല്ലസിക്കു-
മൊരു വെള്ളിനക്ഷത്ര,മെന്തുകൊണ്ടോ
അനുരക്തയായിപോൽപൂഴിമണ്ണി-
ലമരും വെറുമൊരു പുല്ക്കൊടിയിൽ;
ഉയരണം പുല്ക്കൊടിയൊന്നുകിലാ
വിയദങ്കകത്തിലേക്ക,ല്ലെന്നാകിൽ
സുരപഥം വിട്ടസ്സുരമ്യതാരം
വരണമിത്താഴത്തെപ്പൂഴിമണ്ണിൽ!
ഇതു രണ്ടും സാധ്യവുമല്ല-പിന്നാ-
പ്പുതുനിഴലാട്ടംകൊണ്ടെന്തു കാര്യം?
അനുചിതവ്യാമോഹംമാത്രമാകു-
മതു ലോകമെമ്മട്ടനുവദിക്കും?
പറയട്ടെ, ഞാനാണപ്പുല്ക്കൊടി;യാ
നിരവദ്യനക്ഷത്രം ‘ചന്ദ്രിക’യും.

  കനകശൈലാഗ്രത്തിലാവിലാസം
കതിർ‌വീശി നില്പോരമൂല്യഭാഗ്യം!-
ഒരു പൊന്മുകിലുമായൊത്തുചേർന്നു
പരിലസിക്കേണ്ടും മയൂഖകേന്ദ്രം!-
അതു വന്നിപ്പുൽത്തുമ്പിലൂർന്നുവീണാ-
ലതു മഹാസാഹസമായിരിക്കും,
നിരസിച്ചുനോക്കി പലപ്പോഴുമാ
നിരഘാനുരാഗസമർപ്പണം ഞാൻ;
ഫലമില്ല,പ്പൊൻ‌കതിർ മാറുകില്ല;
കലഹിക്കാൻ ശക്തി വരുന്നുമില്ല.

(ഒരു നെടുവീർപ്പിൻ തിരകളിലാ
സ്വരസുധ പെട്ടെന്നലിഞ്ഞുപോയി.)

  • മദനൻ

  മഹിയിൽ നീയക്കാമ്യമായൊരോമ-
ന്മഹിമതൻ മുന്നിൽ നമസ്കരിക്കൂ!
അവളെന്തു ദേവത, ദിവ്യയാമൊ-
രവതാരചാരുത, രാഗപൂത!
അവളുടെ രാഗത്തിന്നർഹനാവാൻ
കഴിവതുതന്നെന്തു ഭാഗധേയം!
നിരഘമായുള്ളൊരിപ്രേമദാനം
നിരസിച്ചിടുന്നതൊരുഗ്രപാപം!
അതിനെ നീയെന്നെന്നുമാദരിക്കൂ!
അതിനെ നീ സസ്‌പൃഹം സ്വീകരിക്കു!

  • രമണൻ

  ശരിതന്നെ-പക്ഷെ, മദന, നീയെൻ
പരമാർത്ഥവസ്തുതയോർത്തുനോക്കൂ;
അവനിയിൽ ഞാനാരൊരാട്ടിടയൻ
അവഗണിതൈകാന്തജീവിതാപ്തൻ!
പുഴകളും കാടും മലയുമായി-
ക്കഴിയും വെറുമൊരധഃപതിതൻ!
അവളോ-വിശാലഭാഗ്യാതിരേക-
പ്പവിഴപ്പൂങ്കാവിലെ രത്നവല്ലി!
കനകവസന്തത്തോടൊത്തുകൂടി-
ക്കതിരിട്ടുനില്ക്കേണ്ടും കല്പവല്ലി!
അവളെയാശിക്കുവാൻപോലുമിന്നൊ-
രവകാശമില്ലെനിക്കെന്തുകൊണ്ടും.
ഇതുവിധം നിർബ്ബാധമീവനത്തി-
ലിടയനായ്‌ത്തന്നെ ഞാൻ വാണിടട്ടെ,
ചപലവ്യാമോഹങ്ങളാനയിക്കും
ചതിയിൽപ്പെടാൻ ഞാനൊരുക്കമില്ല.

  • മദനൻ

  രമണ, നിൻ‌ ചിന്തകൾക്കർത്ഥമില്ല;
ഭ്രമവും പ്രണയവുമേകമല്ല;
പണവും പ്രതാപവുമറ്റിടത്തും
പ്രണയം മുളച്ചുകൂടായ്കയില്ല.
സമുദായനീതികളല്ലതിന്റെ
വിമലസാമ്രാജ്യത്തിൻ മാനദണ്ഡം
അതിലിശ്ശരീരം ശരീരമല്ല;
ഹൃദയം ഹൃദയത്തെയാണു കാണ്മൂ!
അറിവൂ ഞാൻ; ചന്ദ്രിക നിഷ്കളങ്ക,
പരിശുദ്ധസ്നേഹത്തിൻ സ്വർഗ്ഗഗംഗ.
കഴിയുമവൾക്ക,തിലുല്ലസിക്കും
കനകസോപാനത്തെ കൈവെടിയാൻ;
ഇടയന്റെ ചിത്തവിശുദ്ധിവിങ്ങും
കുടിലിലെപ്പൊൻ‌വിളക്കായി മാറാൻ!
അതുമിനിസ്സാദ്ധ്യമല്ലെങ്കിൽ വേണ്ടാ,
ക്ഷിതിയിലവൾക്കിതു സാദ്ധ്യമല്ലേ-
ഇടയനെ‌പ്പാ‌ഴ്‌ക്കുടിലിങ്കൽനിന്നും
മടുമലർമേടയിലേക്കുയർത്താൻ?
അവളിലുണ്ടത്രയ്ക്കനഘമാകു-
മനുരാഗമോലും ഹൃദയമേകം;
അതിനെ നീയെന്നെന്നുമാദരിക്കൂ!
അതിനെ നീ കൈകൂപ്പി സ്വീകരിക്കൂ!

  • രമണൻ

  അറിവതില്ലിപ്രേമനാടകത്തിൻ
പരിണാമമെമ്മട്ടിലായിരിക്കും.
ഇനി ഞാൻ പറയട്ടെ, തോഴ, ഞാനാ
പ്രണയത്തിടമ്പിലലിഞ്ഞുപോയി.
ശരിയാണതെന്നാലുമിക്കഥയി-
ദ്ധരയൊരുനാളുമറിഞ്ഞുകൂടാ!
അറിയിക്കാതാവോളം കാത്തുനോക്കു-
മവളെയുംകൂടി ഞാനീ രഹസ്യം;
ഒരുനാളും കാണിക്കയില്ല ഞാനാ-
ക്കിരണത്തെയെന്റെ യഥാർത്ഥവർണ്ണം.
കഴിവോളമീ മായാമണ്ഡലംവി-
ട്ടൊഴിയുവാൻ മാത്രമേ നോക്കിടൂ ഞാൻ!

  • മദനൻ

  സഹകരിക്കട്ടെ സഹജ നിന്നെ-
സ്സകലസൗഭാഗ്യവും മേല്ക്കുമേലേ!
ഒരുപുഷ്പകല്യാണമണ്ഡപത്തി-
ലൊരുദിനം നിങ്ങളെ രണ്ടുപേരെ
ഒരുമിച്ചു കണ്ടു കൃതാർത്ഥനാകും
പരിചിലീയോമനക്കൊച്ചനുജൻ!
ദ്രുതമാ മുഹൂർത്തം പറന്നണയാൻ
സതതം ഞാൻ പ്രാർത്ഥിച്ചുകൊണ്ടിരിക്കും!

(രമണനും മദനനും എഴുന്നേറ്റു വനത്തിന്റെ മറ്റൊരു ഭാഗത്തേക്കു പോകുന്നു)

  • ഗായകസംഘം

  അരുണൻ പടിഞ്ഞാറെക്കൊച്ചു കുന്നിൻ-
ചെരുവിലല്പാല്പമായ്ത്താണിരുന്നു.
പതിവുപോലാലയിലേക്കു പോകാൻ
പുഴവക്കത്താടുകൾ വന്നുചേർന്നു.
മദനനും തോഴനും തോളുരുമ്മി
മരതകക്കുന്നുകൾ വിട്ടിറങ്ങി;
അഴകുകണ്ടാനന്ദമാളിയാളി,
വഴിനീളെപ്പാട്ടുകൾ മൂളിമൂളി,
ഇടവഴിത്താരയിൽക്കൂടിയാ ര-
ണ്ടിടയത്തിരകളൊലിച്ചുപോയി!

  • മറ്റൊരു ഗായകസംഘം

<poem>

 അരികത്തരികത്താ ലോലഗാന-

മൊരുസുഖസ്വപ്നംപോലാഗമിക്കേ, വഴിവക്കിലുള്ളൊരക്കോമളമാ- മെഴുനിലപ്പൂമണിമാളികയിൽ, അതിനെയും കാത്തൊരു നിർവൃതിതൻ- ഹൃദയമിരുന്നു മിടിച്ചിരുന്നു. വിഭവപ്രഭാവമേ, നിൻ പരുത്ത വിരിമാറിലിമ്മട്ടൊരോമലത്തം എളിമയെപ്പുല്കുവാൻ കാത്തിരിപ്പൂ- വെളിപാടുകൊള്ളുകയില്ലയോ നീ? സമയമായ്; വേഗം നീ കെട്ടഴിക്കൂ, സമുദായമേ നിന്റെ നീതിശാസ്ത്രം! തിരതല്ലിയാർക്കും സ്ഥിതിസമുദ്രം വെറുമൊരെറുമ്പുചാലാകയെന്നോ! നിയമാനുസാരം നിൻ കൃത്യമെല്ലാം സ്വയമൊന്നു വേഗം നീ ചെയ്തുതീർക്കൂ!