*രംഗം നാല്
 (ചന്ദ്രികയുടെ മണിയറ. അവൾ ഒരു ചാരുകസേരയിൽ ഒരു
പുസ്തകവും വായിച്ചുകൊണ്ട് കിടക്കുന്നു. തൊട്ടുവലത്തുവശത്ത് ഒരു
വട്ടമേശ. അരികിൽ കൈയുള്ള ഒരിരുപ്പുകസേര. അതിൽ ഭാണുമതി
ഇരുക്കുന്നു. സമയം വൈകുന്നേരം മൂന്നുമണി. ഒരു ഭൃത്യ പ്രവേശിച്ച്
മേശപ്പുറത്തുനിന്ന് ഒഴിഞ്ഞ കാപ്പിപ്പാത്രങ്ങൾ എടുത്തുകൊണ്ടു പോകുന്നു.)

  • ഭാനുമതി

      എന്തു നീയിനി ചൊൽകിലും ഘോരമാം
      വഞ്ചനയാണിച്ചെയ്തതു, ചന്ദ്രികേ!
      കഷ്ടമൊന്നു നീ യോർത്തുനോക്കീടുക-
      ക്കൊച്ചിടയന്റെ മേലിലെജ്ജീവിതം!
      നിന്നെയോർത്തൊർത്തൊരുത്കടസങ്കടം
      വിങ്ങിമാഴ്കുമപ്പിഞ്ചുമനസ്സിനെ,
      നിഷ്ഠൂരമായ് നിനക്കിപ്പോളീവിധം
      ചുട്ടെരിക്കുവാൻ തോന്നിയതെങ്ങനെ?

  • ചന്ദ്രിക

      അല്ല, തോഴി, നീ ചിന്തിച്ചിടും വിധ-
      മല്ലണഞ്ഞ തിച്ചിത്തരൂപാന്തരം.
      അറ്റകുറ്റങ്ങളെന്തു നീ ചൊല്ലിലും
      തെറ്റുകാരിയല്ലൊട്ടുമതിങ്കൽ ഞാൻ.
      തീയെരിയുകയാണകക്കാമ്പില-
      ഗ്ഗായകനെ ത്യജിച്ചതോർക്കുമ്പോൾ മേ!
      എങ്കിലും പ്രിയമാതാപിതാക്കളോ-
      ടെൻ കടമയെന്തെന്നു ചിന്തിക്ക നീ.
      പുത്രിവത്സലരാമഗ്ഗുരുക്കളെ-
      ദ്ധിക്കരിക്കുകിലാ മഹാപാതകം
      എന്നു തീരുവാൻ-ഇല്ലതിന്നെന്തൊക്കെ
      വന്നിടുകിലും ചെയ്യുകയില്ല ഞാൻ
      ഹാ,വിധിയാണിതാകട്ടെ-സർവ്വവും
      ജീവിതത്തിൽ സഹിച്ചുകൊള്ളാമിവൾ.

  • ഭാനുമതി

      എന്നിരിക്കിലുംപാതകംതന്നെയാ-
      ണിന്നു നീയിദം ചെയ്വതും, ചന്ദ്രികേ!
      ആദ്യമൊക്കെ നിൻ പ്രേരണയിങ്കൽനി-
      ന്നാത്തധീരമൊഴിഞ്ഞവനാണവൻ;
      പിന്നെ നീതന്നെയാണവനെ സ്വയം
      നിന്നിലേക്കു ബന്ധിക്കുവാൻ കാരണം.
      ദൂരദൂരത്തൊഴിഞ്ഞുപൊയ്പ്പോയൊരു
      ചാരുവാകും സുവർണ്ണമരീചിയെ
      മന്ദമന്ദമടുപ്പിച്ചൊ,ടുവിലീ
      വൻതിമിരത്തിലാഴ്ത്തുകല്ലല്ലി നീ?
      അന്നു നാനാശപഥവചസ്സുകൾ
      ചൊന്നുനീ നിൻദൃഢത കാണിക്കവേ,
      ഓതിയില്ലയോ കാലക്രമത്തില-
      സ്ഫീതരാഗവും മാഞ്ഞീടുമെന്നു ഞാൻ?
      അന്നു നീ വിശ്വസിച്ചില്ലതൊന്നുമേ-
      മന്നിലെന്നാൽപ്പതിവാണിതു, സഖീ!

  • ചന്ദ്രിക

      എന്തു ചെയ്യാം?-മനുഷ്യരല്ലേ-പല
      ബന്ധമല്ലേ-വിധിയൊഴിക്കാവതോ?

  • ഭാനുമതി

      നന്നു-ഞാനും പറഞ്ഞതിതൊക്കെയാ-
      ണന്നു-സുസ്ഥിരപ്രേമമില്ലൂഴിയിൽ!
      കേവലമൊരു താത്കാലികഭ്രമം-
      പൂവുപോലുള്ളൊരോമനക്കൗതുകം-
      മാനസത്തെ മധുരീകരിപ്പൊരു
      ഗാനസാന്ദ്രപ്രചോദനാമേളനം-
      നാമതിനെ പ്രണയമെന്നായ്ഗ്ഗണി-
      ച്ചോമനിപ്പാനൊരുങ്ങുകമാത്രമാം!
      തെല്ലുനാളുകഴിയുകിലാ മഴ-
      വില്ലുമങ്ങനെ മങ്ങിമറഞ്ഞുപോം!
      ചുറ്റുപാടും നാം കണ്ടുവരുന്നൊരു
      സത്യമാണിതു സംശയിക്കേണ്ട നീ.
      മന്നിലുള്ള മറ്റേവരെപ്പോലെയും-
      തന്നെയാണയേ നീയും, സഹോദരി!
      അദ്ഭുതമില്ലെനിക്കു, നിൻചിത്തത്തി-
      നിത്തരം വ്യതിയാനമുണ്ടായതിൽ.
      എങ്കിലുമെന്തുകൊണ്ടോ,സ്വയമൊരു
      ശങ്കയെപ്പുലർത്തുന്നു മന്മാനസം.
      കേവലം മറ്റു മർത്ത്യരെപ്പോലൊരു
      ജീവിയാണെന്നു തോന്നുന്നതില്ലവൻ;
      ഇപ്പരിണാമദുഃഖം സഹിക്കുവാ-
      നുൾക്കരുത്തു കാണില്ലവനേതുമേ!
      സംഭവങ്ങൾ വരുവതെന്തൊക്കെയോ!
      സംഭ്രമിപ്പൂ,ഹാ,മന്മനം ഭീതിയാൽ!

  • ചന്ദ്രിക

      എന്തു വന്നിടാൻ?-എന്നെയൊരു നീച-
      ജന്തുവെപ്പോൽ വെറുക്കുമഗ്ഗായകൻ.

  • ഭാനുമതി

      എങ്കിൽ നന്നായിരുന്നു-പക്ഷേ, ലവം
      പങ്കിലമാവുകില്ലയാ മാനസം.
     ഘോരസന്താപവഹ്നിയിൽപ്പെട്ടതു
      നീറി നീറിയാ സ്പന്ദനം നിലയ്ക്കിലോ?

  • ചന്ദ്രിക

      എന്തിനാണീ യശുഭപ്രതീക്ഷയും
      ശങ്കയും?-വരില്ലൊന്നുമപകടം!
      എന്നെ മേലിലൊരു പൊന്നനുജത്തി-
      യെന്നപോലവൻ സ്നേഹിച്ചിടുമിനി!

  • ഭാനുമതി

      ആർക്കറിയാം?-മനുഷ്യരല്ലേ-മനം
      തീക്കനലിനെപ്പുൽകിടുമെത്രനാൾ?
      കഷ്ട,മൊന്നും വരാതിരിക്കട്ടെ-ഞാ-
      നത്രയല്ലാതിതിലെന്തു ചൊല്ലുവാൻ?
      കനലൊളി ചൊരിഞ്ഞൊരാ വേനൽ പോയിക്കൊടും-

  • ഗായകസംഘം

      കരിമുകിലിനാലതാ,മൂടുന്നു വാനിടം !
      പ്രണയമയസുന്ദരസ്വപ്നങ്ങൾ മാഞ്ഞതാ,
      വ്രണിതഹൃദയത്തിൽപ്പൊടിപ്പൂ നിരാശകൾ!
      പരിമൃദുലസുസ്മിതപ്പൂക്കൾ കൊഴിഞ്ഞതാ,
      പരവശത നിർമ്മിപ്പു ബാഷ്പകുടീരകം!
      ഒരു ഭയദരൂപന്തരാഗമ, മാർത്തിത-
      ന്നിരുളടയുമാറതാ, മൂടുന്നു ജീവിതം!
      ഭുവനമിതു മായികം, ചഞ്ചലം; വ്യർത്ഥമാ-
      ണിവിടെയൊരു സുസ്ഥിരാത്മാനുരാഗവ്രതം!
      അയി രമണ, വഞ്ചിതനായി നീ; താവക-
      പ്രിയരജതതാരകം നിന്നെപ്പിരികയായ്!
      ഉലകിതിൽ നിരാശയ്ക്കു പാത്രമായ് ത്തീർന്നു നീ
      ഫലരഹിതമായി നിന്നാദർശ ജീവിതം.