രാഗപരാഗം/അപേക്ഷ
< രാഗപരാഗം
അപേക്ഷ
വിണ്മലർത്തോപ്പിലെക്കൽപകപ്പൂമൊട്ടൊ-
ന്നെന്മലർത്തട്ടിലടർന്നു വീണു.
നാണിച്ചു, നാണിച്ചു ഞാനറിയാതതെൻ
പ്രാണനിൽ പറ്റിപ്പിടിച്ചുനിന്നു.
സന്തതമായതിൻ സംഗമം മൂല,മെൻ
സങ്കൽപം പോലും നിറംപിടിച്ചൂ.
അത്യന്ത ദുഖ:ത്തിൻ കാർമുകിൽമാലയാ-
ലത്രയ്ക്കിരുണ്ടൊരെന്നന്തരീക്ഷം.
വെള്ളിവെളിച്ചത്തിൽ മുങ്ങിയച്ചൈതന്യ-
കല്ലോലത്തിന്റെ നവോദയത്തിൽ
പ്രാണഹർഷപ്രദമായൊരാ വേളയിൽ
ഞാനൊരു സംഗീതമായി മാറി!
എന്മനസ്പന്ദനം താരങ്ങളാഞ്ഞെടു-
ത്തുമ്മവെയ്ക്കുംപോലെനിക്കുതോന്നി.
ലോകത്തിലെങ്ങും ഞാൻ കണ്ടീ,ലതൃപ്തിതൻ
കാകോളത്തിന്റെ കണികപോലും.
ഒക്കെസ്സമൃദ്ധിയും പുഷ്കലശാന്തിയും
സ്വർഗ്ഗപ്രകാശവുമായിരുന്നു!
ജീവിതം തന്നെയെനിക്കൊരു മല്ലിക-
പ്പൂവിൻ പരിമളമായിരുന്നു!
എന്നെങ്കിലുമൊരുകാലത്തനാദ്യന്ത-
സൗന്ദര്യസത്തയിൽ ചേർന്നലിയാം!
നിൻ നിഴൽ മാഞ്ഞാലും നിർമ്മലേ, നീ തനി-
ച്ചെന്നെപ്പിരിഞ്ഞിനിപ്പോകരുതേ!