തപ്തരാഗം

മഞ്ജുസായന്തനാഭയിൽ സ്വയം
മുങ്ങി മുങ്ങിയപ്പൂവനം
എത്തിടുകയാണിപ്പൊഴും മമ
തപ്തരാഗ സ്മരണയിൽ
കണ്ണുനീരിന്റെ ഭാഷയിലതിൻ
വർണ്ണനങ്ങളെഴുതുവാൻ
എന്തിനോ വൃഥാ വെമ്പുകയാണെൻ
വെന്തുനീറുന്ന ചിന്തകൾ.
ജൃംഭിതോദ്വേഗവീചികൾ വീശും
സംഭ്രമങ്ങൾക്കിടയിലായ്
സന്തതം നുരിയിട്ടു പൊങ്ങുന്നു
ഹന്ത മൽപ്രാണ ഗദ്ഗദം.
ശബ്ദഹീനമാ ദീനരോദന-
ബുദ്ബുദങ്ങളിലൊക്കെയും
തിങ്ങിവിങ്ങുന്നുണ്ടെങ്കിലുമൊരു
സംഗീതസ്മിതകന്ദളം.
മൂകമാകിലുമൂഢമാകിലും
ശോകസങ്കുലമാകിലും
ശുദ്ധരാഗത്തിനുണ്ടൊരുതരം
മുഗ്ദ്ധമന്ദസ്മിതാങ്കുരം.
ആഗതാശ്രുകണങ്ങളെക്കൊണ്ടു-
മാകയില്ലതു മായ്ക്കുവാൻ.
മൃത്യുവാലതിരിട്ടതാകു, മീ
മർത്യജീവിതസൈകതം.
വെച്ചുപൂജിക്കുമെന്നുമായതിൻ
കൊച്ചുകാലടിപ്പാടുകൾ
സുന്ദരസ്മൃതി വന്നവകളെ-
യെന്നുമെന്നും പുതുക്കിടും.

പൂത്തിലഞ്ഞികൾ പൂത്തുനിൽക്കുമീ
പ്പുഷ്പവാടികയിപ്പൊഴും
ഓമനസ്മിതം തൂകുന്നു, കഷ്ടം
മാമകാഗമവേളയിൽ.
എന്തറിഞ്ഞു നീയെൻ കഥകളെൻ
സുന്ദരാരാമരംഗമേ?
ഇന്നിതാ പൂത്തുപൂത്തു നിൽക്കയാ-
ണന്നവൾ നട്ട മുല്ലകൾ.
സദ്രസമിവകാട്ടിടുന്നെതോ
സ്വപ്നലോകമെൻ മുന്നിലായ്.
മന്മനം തുടിക്കുന്നു; കണ്ണു നീർ
വന്നിടുന്നീ മിഴികളിൽ.
ഫുല്ലയൗവനലോർണ്ണമായവ-
ളുല്ലസിച്ചു നികുഞ്ജകം.
അങ്ങതാ കാണ്മൂ പൈങ്കിളിപോയ
പഞ്ജരത്തിന്റെ മാതിരി
ജീവചൈതന്യകേന്ദ്രമായന്നി-
പ്പൂവനത്തണലൊക്കെയും.
മൽപ്രതീക്ഷകൾക്കുന്മദോത്സവ-
മർപ്പണം ചെയ്തകാരണം.
അന്നൊരുലേശമോർത്തതില്ല ഞാ-
നിന്നിലയ്ക്കുള്ളൊരന്തരം
എന്തുചെയ്യും?-വിധിക്കു കീഴ്പ്പെടാ-
തെന്തുചെയ്തിടും മാനുഷൻ?
അർത്ഥശൂന്യമാണശ്രു, വെങ്കിലു-
മത്തലിൻ ഘോരമുഷ്ടിയിൽ,
എത്രനേരമടങ്ങിനിൽക്കുമൊ-
രത്യവശമാം മാനസം!
പ്രേമജന്യമെൻ ദീനരോദന-
മോമനേ, നീ പൊറുക്കണേ!

"https://ml.wikisource.org/w/index.php?title=രാഗപരാഗം/തപ്തരാഗം&oldid=52439" എന്ന താളിൽനിന്ന് ശേഖരിച്ചത്